VAZHITHARAKAL

സംഗീതമീ ജീവിതം: സാധക അലക്‌സാണ്ടർ

Blog Image

"സംഗീതം ദൈവ പ്രീതിക്കും  ആത്മാവിന്‍റെ ആനന്ദത്തിനും വഴിയൊരുക്കുന്നു"


സംഗീതത്തിന്‍റെ യഥാര്‍ത്ഥ സന്ദേശം അത് മനുഷ്യരെ തമ്മില്‍ ബന്ധിപ്പിക്കുന്നു എന്നുള്ളതാണ്. അതിന്‍റെ സന്ദേശവാഹകരാണ് യഥാര്‍ത്ഥത്തില്‍ സംഗീതജ്ഞര്‍. ഒരു സംഗീതജ്ഞനുമായി നമ്മള്‍ സംസാരിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദം നിര്‍വ്വചനങ്ങള്‍ക്കുമപ്പുറത്താണ്. കാരണം ഒരു സംഗീതജ്ഞന് നമ്മുടെ ഹൃദയത്തിലേക്ക് നുഴഞ്ഞുകയറാനുള്ള കഴിവുണ്ട്. സംഗീതം മാത്രം മനസ്സിലുള്ള ഒരാള്‍, സംഗീതത്തിന് വേണ്ടി ജീവിതത്തിന്‍റെ ഏതറ്റം വരെ സഞ്ചരിക്കുവാന്‍ തയ്യാറെടുത്ത ഒരു വ്യക്തിത്വത്തെ ഈ വഴിത്താരയില്‍ പരിചയപ്പെടാം.
ഏത് പ്രതിസന്ധികളിലും ആത്മവിശ്വാസം നമുക്ക് കരുത്താകുമെന്നും ജീവിതംകൊണ്ട് പഠിപ്പിക്കുന്ന ഒരു ചെറുപ്പക്കാരന്‍ അമേരിക്കന്‍ മണ്ണിലുണ്ട്. സാധക അലക്സാണ്ടര്‍.
സംഗീതത്തിന് നമ്മുടെ ജീവിതത്തെയും, അഭിലാഷങ്ങളെയും ഉണര്‍ത്താന്‍ കഴിയുമെന്ന് അപ്രതീക്ഷിതമായി അമേരിക്കയിലെത്തിയ സാധക അലക്സാണ്ടറുടെ ചെറിയ യാത്ര സാക്ഷ്യപ്പെടുത്തുന്നു.
പത്തുവര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ കുട്ടികള്‍ക്ക് കര്‍ണ്ണാടക സംഗീതം അഭ്യസിപ്പിക്കുകയും വ്യത്യസ്തമായ ആലാപനത്തിലൂടെ ശ്രദ്ധ നേടുകയും ചെയ്യുന്ന അലക്സാണ്ടര്‍ 'സാധക' അലക്സാണ്ടര്‍ ആയ കഥയ്ക്ക് പിന്നില്‍ കണ്ണുനീരിന്‍റേയും, സഹനത്തിന്‍റേയും കഥയുണ്ട്.


പാട്ടില്ലാത്ത ബാല്യകാലം
തൃശ്ശൂര്‍ അരിമ്പൂര്‍ കണ്ണങ്ങത്ത് ഈനാശുവിന്‍റേയും മറിയത്തിന്‍റേയും നാലുമക്കളില്‍ ഇളയ പുത്രനാണ് കെ.എ. അലക്സാണ്ടര്‍. പരമ്പരാഗത കത്തോലിക്ക കുടുംബം. പള്ളിയില്‍ പാടുന്ന പാട്ടുകള്‍ അല്ലാതെ കര്‍ണ്ണാടക സംഗീതമോ, സിനിമാപാട്ടോ ഒരു മൂളിപ്പാട്ടായി പോലും പാടാന്‍ അവസരമില്ലാത്ത കുടുംബാന്തരീക്ഷം. മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അയല്‍വാസിയുടെ വീട്ടില്‍ നിന്ന് ടേപ്പ് റിക്കാര്‍ഡറില്‍ പാട്ട് കേള്‍ക്കുന്നു. ഒറ്റയോട്ടത്തിന് അവിടെയെത്തിയ കുഞ്ഞലക്സാണ്ടറോട് വീട്ടുകാരന്‍ ഒരു പാട്ടുപാടാന്‍ പറയുന്നു.
'നീലവാന ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ' എന്ന പ്രേമാഭിഷേകത്തിലെ പാട്ട് ഒറ്റശ്വാസത്തില്‍ പാടി. പാടിയ പാട്ട് റിക്കാര്‍ഡ് ചെയ്ത് കേട്ടപ്പോഴുള്ള സന്തോഷം ഇപ്പോഴും അലക്സാണ്ടറിന്‍റെ മുഖത്തുണ്ട്. നന്നായി പാടുന്നുണ്ടല്ലോ എന്ന അഭിനന്ദനത്തില്‍ നിന്ന് സ്കൂള്‍ സാഹിത്യ സമാജത്തില്‍ 'കൊഞ്ചും ചിലങ്കേ' എന്ന പാട്ട് പാടി കൂട്ടുകാരുടെ കൈയ്യടി നേടിയപ്പോള്‍ ആത്മ വിശ്വാസം കൂടി. അക്കാലത്ത് സ്കൂളില്‍ നിന്ന് പാട്ട് മത്സരങ്ങള്‍ക്ക് സമൂഹ ഗാനത്തിന് പങ്കെടുത്തു.  സംഗീതം  ശാസ്ത്രീയമായി പഠിക്കണം എന്നായിരുന്നു ആഗ്രഹം. പത്താം ക്ലാസ് എത്തിയപ്പോള്‍ ഒരു ദിവസം പാടാന്‍ ഒരവസരം കിട്ടുന്നു. അലക്സാണ്ടര്‍ക്ക് പാട്ട് വരണമെങ്കില്‍ താളം പിടിക്കണം. ഡസ്കില്‍ താളം പിടിച്ച് 'മാമാ... പൊണ്ണെ കൊട്' എന്ന പാട്ടുപാടി. പാട്ടിന് കൈയ്യടിയൊക്കെ കിട്ടിയെങ്കിലും സ്കൂളിലെ പാട്ട്  ക്ലാസുകള്‍ പെണ്‍കുട്ടികള്‍ക്ക് പ്രാമുഖ്യം കൊടുക്കുകയും ആണ്‍കുട്ടികളെ കളിക്കാന്‍ വിടുന്ന രീതിയുമായിരുന്നു.
വീട്ടിലും സംഗീതം പഠിപ്പിക്കാനുള്ള സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നുമില്ല. അതുകൊണ്ട് ഒന്നു മുതല്‍ പത്തുവരെയുള്ള സ്കൂള്‍ കാലം പാട്ടുകള്‍ റേഡിയോയില്‍നിന്ന് കേട്ട് മനസിലാക്കലായി മാറി. റേഡിയോയില്‍നിന്നും കേട്ട യേശുദാസിന്‍റെയും ജയചന്ദ്രന്‍റെയും ഗാനങ്ങളാണ് അലക്സാണ്ടറെ  കൂടുതല്‍ സംഗീതത്തിലേക്ക് പ്രചോദനം നല്‍കിയത്.


പാട്ട് വഴികള്‍ തുറന്നിട്ട കാലം
പത്താം ക്ലാസ് പാസ്സായപ്പോള്‍ വീട്ടിലെ പ്രാരാബ്ധം ജോലിയന്വേഷിക്കുവാന്‍ കാരണമായി. പല പ്രൈവറ്റ് മേഖലകളിലും ജോലിനോക്കി. ഇതിനിടയില്‍ പ്രീഡിഗ്രി പ്രൈവറ്റായി പഠിക്കുവാനും സമയം കണ്ടെത്തി.അപ്പോഴെല്ലാം സംഗീതമായിരുന്നു മനസ്സില്‍. എങ്ങനെയെങ്കിലും കര്‍ണ്ണാടക സംഗീതം പഠിക്കണം. നല്ല ഒരു ഗുരുവിനെ കണ്ടെത്തണം. അങ്ങനെ ഒരാളെ കണ്ടെത്തി. അരിമ്പൂരില്‍ താമസിച്ചിരുന്ന തൃശൂര്‍ പത്മനാഭന്‍  മാഷ്. മാഷിന്‍റെ സംഗീത് ഭവന്‍റെ പ്രോഗ്രാമുകള്‍ പലയിടത്തും നടക്കാറുണ്ട്. പത്മനാഭന്‍ മാഷ് ആദ്യമൊക്കെ ബുദ്ധിമുട്ടുകള്‍ പറഞ്ഞ് ഒഴിവാക്കാന്‍ നോക്കി. സംഗീതത്തോട്  എത്രത്തോളം താല്പര്യമുണ്ട് എന്ന് പരീക്ഷിക്കലായിരുന്നു മാഷിന്‍റെ ഉദ്ദേശ്യം. ഒടുവില്‍ മാഷ് പാട്ട് പഠിപ്പിക്കാമെന്ന് സമ്മതിച്ചു. ദക്ഷിണവെച്ച് സംഗീത പഠനം തുടങ്ങി. സ്വരങ്ങള്‍ ഒക്കെ പഠിച്ചു തുടങ്ങി. ഈ സമയത്ത് പത്മനാഭന്‍ മാഷിന് ഗള്‍ഫിലേക്ക് പോകാന്‍ അവസരം ലഭിച്ചു. മാഷ് പോയി. അലക്സാണ്ടറിന്‍റെ സംഗീത പഠനം താല്‍ക്കാലികമായി നിലച്ചു. പുരാതന കത്തോലിക്ക വീട്ടിലിരുന്ന് കര്‍ണ്ണാടക സംഗീത പഠനം പ്രായോഗികമാവില്ല എന്നറിയാവുന്നതുകൊണ്ട് കൂട്ടുകാരന്‍ ന്യാസ് സതീശന്‍റെ അരിമ്പൂരിലുള്ള സ്ഥാപനത്തിലേക്ക് അതിരാവിലെ മൂന്നര മണിക്ക് സാധകം ചെയ്യാന്‍ പോകുമായിരുന്നു. മറ്റൊരു സുഹൃത്തായ സി.സി. ജോസ് മാഷിന്‍റെ ഹാര്‍മോണിയമായിരുന്നു പലപ്പോഴും പാടുവാനായി ഉപയോഗിച്ചിരുന്നത്. പാട്ടിന് പുറമെ സംഗീത ഉപകരണങ്ങള്‍ കൂടി വായിക്കാന്‍ പഠിക്കണമെന്ന് ആഗ്രഹം തോന്നി. കീ ബോര്‍ഡ്, മൃദംഗം എന്നിവ ചില മാഷന്മാരുടെ സഹായത്തോടെ പഠിക്കാന്‍ തുടങ്ങി. ഇടയ്ക്ക് ജോലിക്ക് പോയി പണമുണ്ടാക്കാനും തുടങ്ങി. മുടങ്ങിയ സംഗീത പഠനം കുന്നത്തൂര്‍ മോഹനകൃഷ്ണന്‍ മാഷിന്‍റെ കീഴില്‍ തുടര്‍ന്നു.


ഗാനഭൂഷണം അലക്സാണ്ടര്‍
ജീവിതത്തിന്‍റെ കനല്‍ വഴികളില്‍ തന്‍റെ ആഗ്രഹങ്ങളും അലക്സാണ്ടര്‍ രാകിമിനുക്കി ഒപ്പം കൂട്ടിയിരുന്നു. പ്രീഡിഗ്രി കഴിഞ്ഞു പാലക്കാട് ചെമ്പൈ സംഗീത കോളജില്‍ ഗാനഭൂഷണത്തിന്  പഠിക്കണമെന്ന മോഹമുണ്ടായി. കോളജിലെ വയലിന്‍ പ്രൊഫസര്‍ ആയിരുന്ന അബ്ദുള്‍ അസ്സീസ് സാര്‍ വഴി അപേക്ഷ സമര്‍പ്പിച്ചു. കോളേജില്‍ ചേരേണ്ട പ്രായപരിധിയുടെ സാങ്കേതിക തടസം നീക്കുന്നതിനായി ആന്‍റണി അച്ചിങ്ങാടന്‍, ലോന വക്കീല്‍ എന്നിവരുടെ സഹായത്തോടെ അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായ കെ. ജയകുമാര്‍ സാറിനെ നേരിട്ടു കണ്ടു. ഡോക്യുമെന്‍റുകള്‍ ഹാജരാക്കി. വളരെ വേഗം കാര്യങ്ങള്‍ നടന്നു. പാലക്കാട് ചെമ്പൈ സംഗീത കോളജില്‍ അഡ്മിഷന്‍ ലഭിച്ചു. ജീവിതത്തിലെ പ്രധാന വഴിത്തിരിവായി അവിടുത്തെ പഠനം. ഗായിക ലതിക ടീച്ചര്‍ മുതല്‍ പ്രഗത്ഭരായ അദ്ധ്യാപകരുടെ കീഴില്‍ വിശാലമായ സംഗീത പഠനം. തൃശ്ശൂര്‍ പാലക്കാട് ദിവസയാത്ര. ഇടയ്ക്ക് ചില കുട്ടികള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ സംഗീത  ക്ലാസ്സെടുത്തും, ചെറിയ ജോലികള്‍ ചെയ്തും യാത്രയ്ക്കും പഠനത്തിനുമുള്ള പണം കണ്ടെത്തി. 2002-ല്‍ ഗാനഭൂഷണം കഴിഞ്ഞ്  സംഗീത രംഗത്തേക്ക്.


സ്റ്റേജ് പ്രോഗ്രാമുകള്‍
ഗാനഭൂഷണം കഴിഞ്ഞ്  കോളേജില്‍ നിന്നിറങ്ങുമ്പോള്‍ സംഗീതത്തെ കൂടുതല്‍ അറിയുക, പ്രോഗ്രാമുകള്‍ ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ആ സമയത്താണ് ഗള്‍ഫില്‍ പോയ പത്മനാഭന്‍ മാഷ് തിരികെയെത്തിയത്. അങ്ങനെ മാഷിനോടൊപ്പം സജീവമായി. തൃപ്രയാര്‍, ഗുരുവായൂര്‍ തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ സംഗീത പ്രോഗ്രാമുകള്‍. ഭക്തിഗാനമേളകളും, ഗാനമേളകളുമായി സജീവമായി. ഈ സമയത്ത്  നാട്ടുകാരില്‍ നിന്നുമൊക്കെ 'ഇവനാര് യേശുദാസോ' എന്നൊരു പുച്ഛഭാവവും കണ്ടിരുന്നു. അരിമ്പൂരിലേക്കുള്ള രാവിലത്തെ ബസ്കാത്ത് പാതിരാത്രി മുതല്‍ തൃശൂര്‍ ബസ്സ്റ്റാന്‍റില്‍ കുത്തിയിരുന്ന് ഉറങ്ങിയ കാലം അലക്സാണ്ടര്‍ക്ക് മറക്കാന്‍ പറ്റില്ല. പക്ഷെ ഏതോ ഒരു ശക്തി കൈവിടാതെ ഒപ്പമുണ്ടായിരുന്നു എന്നതാണ് സത്യം. അല്ലെങ്കിലും വഴിത്തിരിവുകള്‍ക്ക് അധികം സമയം വേണ്ടല്ലോ.


ജ്യോത്സനയുടേയും, ആശ ജി. മേനോന്‍റെയും
ഗുരുനാഥന്‍

തൃശ്ശൂര്‍ കാസിനോ ഹോട്ടലില്‍ നടന്ന ഒരു സംഗീതപരിപാടി മറ്റൊരു വഴിത്തിരിവിന് വഴിതെളിച്ചു. അന്ന് ഒരു കുട്ടി ആ പരിപാടിയില്‍  പാടാനായി എത്തി. നാട്ടിലേക്ക് പറിച്ചുനടപ്പെട്ട ഒരു ഗള്‍ഫ് കുടുംബത്തിലെ കുട്ടിയായിരുന്നു അത്. നന്നായി പാടും. പ്രോഗ്രാം കഴിഞ്ഞപ്പോള്‍ ആ കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ സംഗീത അദ്ധ്യാപകന്‍ ആണെന്നറിഞ്ഞ  അലക്സാണ്ടര്‍ക്ക് മുന്‍പില്‍ ഒരു അഭ്യര്‍ത്ഥന നടത്തി. മകളെ പാട്ട് പഠിപ്പിക്കണം. അലക്സാണ്ടര്‍ ആ ദൗത്യം സന്തോഷപൂര്‍വ്വം ഏറ്റെടുത്തു. അങ്ങനെ മലയാള സിനിമയിലേക്ക് ഒരു ഗായിക കടന്നുവന്നു. അതാണ് ജ്യോത്സന. പിന്നീട് നമ്മള്‍ എന്ന സിനിമയില്‍ തുടങ്ങി ജോത്സനയുടെ യാത്ര റിയാലിറ്റി ഷോകളിലെ വിധികര്‍ത്താവിലേക്കും സമ്പൂര്‍ണ്ണ ഗായികാപദവിയിലേക്കും വളര്‍ന്നു എന്ന് കേള്‍ക്കുമ്പോള്‍ അലക്സാണ്ടര്‍ക്ക് അഭിമാനിക്കാം. തുടര്‍ന്ന് ആശ ജി. മേനോനെ പാട്ട് പഠനത്തിനായി ലഭിച്ചു. മഴ എന്ന സിനിമയിലൂടെ ആശ. ജി. മേനോന് മികച്ച ഗായികയ്ക്കുള്ള  സംസ്ഥാന പുരസ്കാരം ലഭിച്ചു. ജീവിതത്തിലെ മറക്കാനാവാത്തതും ഒരു സംഗീതജ്ഞന്‍ എന്ന നിലയില്‍ ലഭിച്ച സുന്ദരനിമിഷങ്ങളുമായിരുന്നു അത്.


കപ്പല്‍ പള്ളി നല്‍കിയ സൗഭാഗ്യം
1992 മുതല്‍ തൃശൂര്‍ എറവ് കപ്പല്‍ പള്ളി തന്‍റെ സംഗീത വളര്‍ച്ചയില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നതായി അദ്ദേഹം പറയുന്നു. പള്ളിയിലെ ഇടവകാംഗങ്ങളുടെ പിന്തുണ വലിയ പ്രചോദനമായിരുന്നു നല്‍കിയത്. പള്ളി ക്വയറിലെ സ്ഥിരം പാട്ടുകാരനും, മറ്റുള്ളവരെ ക്വയര്‍ ഗാനങ്ങള്‍ പഠിപ്പിക്കാനുമുള്ള അവസരവും  ക്രിസ്തുമസ്, പെരുന്നാള്‍, കല്യാണ പരിപാടികള്‍ ഒക്കെയായി തൃശൂരിലെ പല പള്ളികളിലും ഇരുപത്  വര്‍ഷത്തോളം ഉണ്ടായിരുന്നു.


അമേരിക്കയിലേക്ക്
തന്‍റെ വിവാഹശേഷം അമേരിക്കയിലേക്ക് വരാനായത് മറ്റൊരു വഴിത്തിരിവായി. പുതിയ നാട് പുതിയ ജീവിതം. നിര്‍ഭാഗ്യവശാല്‍ വ്യത്യസ്ത ജീവിതവീക്ഷണം ആയതുകൊണ്ട്  ഇരുവര്‍ക്കും പൊരുത്തപ്പെടുവാന്‍ കഴിയാതെ  വിവാഹ ജീവിതത്തോട്  വിട പറഞ്ഞു. 'സംഗീതം പഠിച്ചവനെ ഈശ്വരന്‍ കൈവിടില്ല' എന്ന് വാക്ക് മനസില്‍ കയറി. ഇവിടെ വരെ എത്തിച്ചത് സംഗീതമാണെങ്കില്‍ തുടര്‍ന്നും സംഗീതം കൊണ്ടു തന്നെ മുന്നോട്ടു പോകാന്‍ തീരുമാനിച്ചു.  2013 മുതല്‍  ന്യൂജേഴ്സിയിലും ഫിലാഡല്‍ഫിയയിലും കുട്ടികള്‍ക്കായി സംഗീത ക്ലാസുകള്‍ സംഘടിപ്പിച്ചു. മക്കളെ ശാസ്ത്രീയ സംഗീതം പഠിപ്പിക്കുവാന്‍ താല്പര്യമുള്ള ചില രക്ഷകര്‍ത്താക്കളെ ലഭിച്ചത് നേട്ടമായി. കുട്ടികള്‍ കൂടുതല്‍ വന്നു തുടങ്ങിയത് അനുഗ്രഹമായി. അമേരിക്കയിലും തനിക്ക് ശിഷ്യഗണങ്ങളെ കിട്ടിയതില്‍ സന്തോഷത്തോടെ അലക്സാണ്ടര്‍ കൂടുതല്‍ സജീവമാകുവാന്‍ തുടങ്ങി.


സാധക സ്കൂള്‍ ഓഫ് മ്യൂസിക്
സംഗീതം ജീവിതം തന്നെയാണ് എന്ന് പറയുന്നത് എത്ര ശരിയാണെന്ന്  അലക്സാണ്ടറുടെ ജീവിതകഥകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിലാകും. സംഗീതത്തിന് വേണ്ടി ജീവിച്ച ഒരു മനുഷ്യനെ അമേരിക്കന്‍ മണ്ണും കൈവിട്ടില്ല. 2013-ല്‍ ആരംഭിച്ച സാധക സ്കൂള്‍ ഓഫ് മ്യൂസിക് എന്ന സ്ഥാപനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം 2016-ല്‍ ന്യൂയോര്‍ക്ക് റോക്ക്ലാന്‍ഡ് കൗണ്ടിയില്‍ ക്ളാര്‍ക്ക്സ്ടൗണ്‍ സ്കൂളില്‍ പ്രശസ്ത ഗായകന്‍ എം.ജി. ശ്രീകുമാര്‍ നിര്‍വഹിച്ചു. തന്‍റെ ശിഷ്യഗണങ്ങളുടെ സ്റ്റേജ് പെര്‍ഫോമന്‍സുകള്‍ കൂടി അവിടെ അരങ്ങേറി. സംഗീതാദ്ധ്യാപകന്‍ എന്ന നിലയില്‍ ലഭിച്ച അംഗീകാരം കൂടിയായി ആ പ്രോഗ്രാം. അങ്ങനെ കെ.ഐ. അലക്സാണ്ടര്‍ 'സാധക അലക്സാണ്ടര്‍' ആയി മാറിയതും മറ്റൊരു നിയോഗം.


സംഗീത പ്രതിഭകള്‍ക്കൊപ്പം
2016-ല്‍ ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് രമേശ് നാരായണന്‍ അമേരിക്കയിലെത്തിയപ്പോള്‍ കാണാന്‍ പോയി. സംഗീതത്തില്‍ ഒരു ഗുരുനാഥനെക്കൂടി ലഭിച്ച നിമിഷമായി അത്. സാധകയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഫിലാഡല്‍ഫിയായിലും സംഗീത പ്രേമികള്‍ക്കായി അദ്ദേഹത്തിന്‍റെ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. ഇവിടെയെല്ലാം തന്‍റെ വിദ്യാര്‍ത്ഥികളേയും  വേദിയില്‍ അവതരിപ്പിക്കുവാന്‍ സാധിച്ചത് അദ്ധ്യാപകന്‍ എന്ന നിലയില്‍ ലഭിച്ച സൗഭാഗ്യം. 2017-ല്‍ ഗായകന്‍ പി. ഉണ്ണികൃഷ്ണനും, മകള്‍ ഉത്തര ഉണ്ണികൃഷ്ണനുമൊപ്പം വേദി പങ്കിട്ടു. ട്രൈസ്റ്റേറ്റ് ഏരിയായില്‍ വരുന്ന എല്ലാ സംഗീതജ്ഞരേയും സാധകയുടെ പ്രോഗ്രാമിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കാറുണ്ട്.
പുല്‍വാമ ധീരജവാന്മാര്‍ക്ക് സാധകയുടെ
ശ്രദ്ധാജ്ഞലി

2018-ല്‍ ന്യൂജേഴ്സി എഡിസണ്‍ ഹോട്ടലില്‍ വെച്ച് പുല്‍വാമയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ധീര ജവാന്മാര്‍ക്ക് സാധക സ്കൂള്‍ ഓഫ് മ്യൂസിക്ക് സംഗീതത്തിലൂടെ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. സാധകയുടെ ഗായക സംഘം പരിശീലിച്ച ആറ് ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു. ഈ പരിപാടികള്‍ക്ക് രമേശ് നാരായണന്‍, കെ. ജയകുമാര്‍ ഐ.എ.എസ്, എന്നിവര്‍ ആശംസകള്‍ അറിയിച്ചിരുന്നു. അമേരിക്കയിലെ പ്രശസ്തരായ മലയാളികള്‍ പങ്കെടുത്ത പരിപാടി വന്‍ വിജയമായിരുന്നു.
സാധക സംഗീത പുരസ്കാരം
ജീവിതം ഗംഭീരവും മധുരമുള്ളതുമായ ഒരു ഗാനമാണ്. അതിനാല്‍ സംഗീതത്തെ സ്നേഹിക്കാം, ആദരിക്കാം എന്ന സങ്കല്പമാണ് അലക്സാണ്ടര്‍ക്ക് ഉള്ളത്. മരുന്നിന് പോലും തൊടാന്‍ കഴിയാത്ത മുറിവുകള്‍ സുഖപ്പെടുത്താന്‍ സംഗീതത്തിന് കഴിയുമെന്ന തിരിച്ചറിവില്‍ നിന്ന് മികച്ച സംഗീതജ്ഞര്‍ക്ക് സാധക സ്കൂള്‍ ഓഫ് മ്യൂസിക് പുരസ്കാരങ്ങള്‍ നല്‍കുവാന്‍ തീരുമാനിച്ചു. 2017-ല്‍ ഏര്‍പ്പെടുത്തിയ ആദ്യ പുരസ്കാരം പണ്ഡിറ്റ് രമേശ് നാരായണന് നല്‍കി.
ഗുരുക്കന്മാര്‍
പാട്ടിനെക്കുറിച്ച് പറഞ്ഞു തന്നവരെല്ലാം തനിക്ക് ഗുരുക്കന്മാരാണെന്ന് അദ്ദേഹം പറയുന്നു. എങ്കിലും ചില മുഖങ്ങള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കും. തൃശൂര്‍ പത്മനാഭന്‍ മാഷ്, കുത്തന്നൂര്‍  മോഹനകൃഷ്ണന്‍ മാഷ്, പാലക്കാട് മണി മാഷ്, അറയ്ക്കല്‍ നന്ദകുമാര്‍, വിജേഷ് ഗോപാല്‍, മണികണ്ഠന്‍ തായ്പ്പിള്ളി, ആലപ്പുഴ ശ്രീകുമാര്‍, ലതിക ടീച്ചര്‍, നിലവിലെ അധ്യാപകരായ കെ.എസ്. അജിത്ത് കുമാര്‍, അബ്ദുള്‍ അസ്സീസ് (വയലിന്‍), എന്നിവരെ ഈ യാത്രയില്‍ തനിക്ക് മറക്കാനാവില്ല. ശ്രീ. പണ്ഡിറ്റ് രമേഷ് നാരായണ്‍ജിയുടെ അനുഗ്രഹവും പിന്തുണയും എന്നും സാധകയ്ക്ക് ഒരു കരുത്താണെന്ന് അലക്സാണ്ടര്‍ പറയുന്നു.
സാധകയുടെ വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍
സാധക സ്കൂള്‍ ഓഫ് മ്യൂസിക്കിന്‍റെ ശക്തി വിദ്യാര്‍ത്ഥികളാണ്. അഞ്ഞൂറിലധികം കുട്ടികളാണ് തന്‍റെ ശിഷ്യസമ്പത്ത്. അമേരിക്കന്‍ സമൂഹത്തില്‍ നിന്നുകൊണ്ട് പുതിയ തലമുറയിലെ കുട്ടികള്‍ സംഗീത അഭിരുചികള്‍ പ്രകടിപ്പിക്കുകയും അവര്‍ക്കായി രക്ഷകര്‍ത്താക്കള്‍ അവസരങ്ങള്‍ ഒരുക്കിയതും കൊണ്ടാണ് സാധക സ്കൂള്‍ ഓഫ് മ്യൂസിക് നിലനില്‍ക്കുന്നത്. സംഗീതത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ മനസിലാക്കാന്‍, ലളിത സംഗീതവും, ശുദ്ധ സംഗീതവും അറിയാന്‍ ഇവിടെയും നമ്മുടെ കുട്ടികള്‍ എത്തുന്നതില്‍ എപ്പോഴും അഭിമാനമുണ്ട്. സാധകയില്‍ നിന്ന് ഭാവിയില്‍ ഒരു ജ്യോത്സനയോ ആശയൊ വരുമെന്ന് ഉറപ്പുണ്ട്. കാരണം അലക്സാണ്ടര്‍ ഈശ്വര സ്പര്‍ശമുള്ള ഒരു ഗായകനും, അദ്ധ്യാപകനും കൂടിയാണ്.
സിനിമ പിന്നണി ഗായകന്‍
മനുഷ്യനെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന കല സംഗീതം തന്നെയാണ്. അങ്ങേയറ്റം സന്തോഷം പ്രകടിപ്പിക്കുവാനും ആനന്ദത്തില്‍ ആറാടുവാനും സംഗീതത്തിന്‍റെ വിവിധ രാഗതാളങ്ങള്‍ക്ക് കഴിയും. ഇത് സമര്‍ത്ഥമായി ഉപയോഗിക്കുന്നത് സിനിമയാണ്. അതുകൊണ്ടു തന്നെ സിനിമയിലേക്കുള്ള പ്രവേശവും അലക്സാണ്ടര്‍ നടത്തിക്കഴിഞ്ഞു. അമ്പാടി ദിനില്‍ സംവിധാനം ചെയ്യുന്ന 'ഓടിച്ചിട്ടൊരു കല്യാണം' എന്ന സിനിമയില്‍ പാട്ടുപാടിയാണ് സിനിമയിലേക്കുള്ള തുടക്കം. ലെജിന്‍ ചെമ്മണി എഴുതിയ വരികള്‍ക്ക് മുരളി അപ്പാടത്താണ് സംഗീതം നല്‍കിയത്. മനോഹരമായ അടിപൊളി  ഗാനത്തിന് വലിയ സ്വീകാര്യതയാണ്  ലഭിക്കുന്നത്. ചിത്രം റിലീസാകുന്നതോടെ മലയാള സിനിമയില്‍ നിന്നും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സാധക അലക്സാണ്ടര്‍.
സംഗീത മേഖലയില്‍ സാധക അലക്സാണ്ടറിന്‍റെ പ്രവര്‍ത്തന മികവിന് ന്യൂയോര്‍ക്ക് സെനറ്റര്‍ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ഇപ്പോള്‍ റോക്ക്ലാന്‍ഡ് കൗണ്ടിയിലെ ആര്‍. പി.സിയില്‍ ജോലി ചെയ്യുന്നു.
സംഗീതം മനുഷ്യനെ അവന്‍റെ എല്ലാ പ്രശ്നങ്ങളില്‍നിന്നും അകറ്റി നിര്‍ത്തുമെന്നും ആര്‍ക്കും എടുത്തുകളയാന്‍ സാധിക്കാത്ത ഒരു സമാധാനം നല്‍കുമെന്നും പറഞ്ഞുകേട്ടത് എത്രയോ ശരിയാണ്. അരിമ്പൂരില്‍നിന്നും അമേരിക്കന്‍ മണ്ണിലെത്തി ജീവിത പ്രശ്നങ്ങളില്‍പ്പെട്ട് വലഞ്ഞപ്പോഴും അലക്സാണ്ടര്‍ക്ക് തുണയായത് 'സംഗീതം' എന്ന മൂന്നക്ഷരവും നല്ല കുറച്ചു സുഹൃത്തുക്കളുടെ പിന്‍ബലവുമാണ്. പക്ഷെ സാധക അലക്സാണ്ടറുടെ ശബ്ദ മാധുര്യത്തെ വേണ്ടരീതിയില്‍ അമേരിക്കന്‍ മലയാളി സമൂഹം വിനിയോഗിച്ചിട്ടുണ്ടോ എന്നത് സംശയമാണ്.
സംഗീതം ജീവിതത്തിന്‍റെ ശബ്ദ ട്രാക്കാണ് എന്ന് തിരിച്ചറിഞ്ഞ അലക്സാണ്ടര്‍ സാധക അലക്സാണ്ടറിലേക്ക് വളര്‍ന്നതും സംഗീതം എന്ന മൂന്നക്ഷരത്തിന്‍റെ ശക്തികൊണ്ടാണ്. അദ്ദേഹം ഇനി വളരുന്നതും സംഗീതാക്ഷരങ്ങള്‍ കൊണ്ടു തന്നെയാണെന്ന് നിസ്സംശയം പറയാം. കാരണം സംഗീതത്തിനുവേണ്ടി ജീവിക്കുന്ന ഒരു പച്ച മനുഷ്യനാണ് സാധക അലക്സാണ്ടര്‍. അദ്ദേഹത്തിന്‍റെ വഴിത്താരയില്‍ ഇനിയും സപ്തസ്വരങ്ങള്‍ തുണയാവട്ടെ.. തണലാവട്ടെ. പ്രാര്‍ത്ഥനകള്‍.
 

Related Posts