സിപിഎം നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് സൂചന. പാർട്ടിയുമായുള്ള അകൽച്ച വർധിക്കുന്നതിനിടെ ആണ് ഇപ്പോൾ ഇത്തരത്തിലൊരു സൂചന പുറത്തുവന്നിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷമാകും അന്തിമ തീരുമാനമുണ്ടാവുക.
മത്സരിക്കാൻ തയ്യാറായാൽ യുഡിഎഫ് പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. സുധാകരനുമായി കോൺഗ്രസിലെ ചില പ്രമുഖ നേതാക്കൾ ആശയവിനിമയം നടത്തിയതായും വിവരങ്ങളുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന ഘട്ടത്തിലാണ് ആലപ്പുഴയിലും സംസ്ഥാനത്തും ആറ് പതിറ്റാണ്ടോളം സിപിഎമ്മിന്റെ നേതാവായിരുന്ന സുധാകരൻ പാർട്ടിയിൽ നിന്ന് നേരിട്ട അവഗണനയുടെ പേരിൽ മെമ്പർഷിപ് പുതുക്കാതെ പാർട്ടിയുമായി കലഹിച്ചുനിൽക്കുന്നത്.
അതേസമയം, സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം പാർട്ടി ഇതിനകം തുടങ്ങി കഴിഞ്ഞു. സുധാകരനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഫോണിൽ വിളിച്ച് സംസാരിച്ചു. വാർത്ത സമ്മേളനത്തിൽ താൻ പരിഹസിച്ചതല്ലെന്ന് എം.വി ഗോവിന്ദൻ ജി.സുധാകരനോട് പറഞ്ഞു. ചിരിച്ചത് മാധ്യമ പ്രവർത്തകരുടെ ചോദ്യം കേട്ടെന്നാണ് വിശദീകരണം. പാർട്ടി മെമ്പർഷിപ് പുതുക്കണം എന്നും സംസ്ഥാന സെക്രട്ടറി സുധാകരനോട് ആവശ്യപ്പെട്ടു.

