PRAVASI

സി.ജെ.പി. സമരം; വേഗതയും ദൃശ്യതീവ്രതയും പകർന്നത് താരങ്ങൾ

Blog Image

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർഥി പ്രക്ഷോഭത്തിന് ഒടുവിൽ വലിയ രാഷ്ട്രീയ വിജയത്തിന്റെ നിറവ്. മാസങ്ങൾനീണ്ട ശക്തമായ സമരത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതോടെ ചരിത്രപരമായ വഴിതിരിവിലാണ് പ്രക്ഷോഭം എത്തിനിൽക്കുന്നത്. ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)യുടെ നേതൃത്വത്തിൽ ആരംഭിച്ച സമരം രാജ്യവ്യാപകമായി ആളിക്കത്തുമ്പോൾ, അതിന് വേഗതയും ദൃശ്യതീവ്രതയും പകർന്നത് സിനിമാ മേഖലയിൽനിന്നുള്ള താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും ശക്തമായ ഇടപെടലുകളാണ്. എന്നാൽ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ താരങ്ങൾ എടുത്ത നിലപാടുകൾ സിനിമാറ്റിക് രംഗങ്ങളെപ്പോലെ തന്നെ വലിയ വിവാദങ്ങൾക്കും സോഷ്യൽ മീഡിയ പോരാട്ടങ്ങൾക്കും വേദിയായി മാറുകയായിരുന്നു.

സമരത്തിന്റെ തുടക്കം മുതൽ യുവത്വത്തിനൊപ്പം ഉറച്ചുനിന്ന ഷബാന ആസ്മി, പ്രകാശ് രാജ് തുടങ്ങിയ ദേശീയ താരങ്ങൾക്കൊപ്പം മലയാളിയായ റാപ്പർ ഹനുമാൻകൈൻഡ്, രഞ്ജിനി ഹരിദാസ്, നോയല ഫ്രാൻസിസ് എന്നിവർ നേരിട്ടെത്തി പിന്തുണയേകി. പോലീസ് അതിക്രമങ്ങളെ വകവെയ്ക്കാതെ പ്രകാശ് രാജ് വിദ്യാർഥികൾക്കൊപ്പം നിലയുറപ്പിച്ചത് വൻ തരംഗമായി. പിന്നാലെ മമ്മൂട്ടി, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ആസിഫ് ലികൂട്ടി, മഞ്ജു വാര്യർ തുടങ്ങിയ പ്രമുഖർ ഓൺലൈനിലും ജോജു ജോർജ്, ആഷിഖ് അബു, മാത്യു തോമസ്, റാപ്പർ വേടൻ തുടങ്ങിയവർ തെരുവിലും പിന്തുണയുമായി സജീവമായി.

എന്നാൽ, മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ജനാധിപത്യ രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ച് ചോദിച്ചുകൊണ്ട് രംഗത്തെത്തിയത് വലിയ സൈബർ ആക്രമണങ്ങൾക്ക് വഴിവെച്ചു. വിസ്മയയ്ക്ക് രാഷ്ട്രീയമറിയില്ലെന്ന മേജർ രവിയുടെ പരാമർശം സിനിമാസാംസ്കാരിക രംഗത്ത് വലിയ വാദപ്രതിവാദങ്ങൾക്ക് ഇടയാക്കി. ഇതിനിടയിലാണ് ഇൻഫ്ലുവൻസറും നടിയായ പേളി മാണി സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളോട് ജീവൻ സംരക്ഷിക്കാൻ ഓർമ്മിപ്പിച്ച് വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടത്. പേളിയുടെ ഈ കുറിപ്പിനെ സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ എതിർത്തതും, പേളി നൽകിയ ‘പരാജയപ്പെട്ട സിനിമാക്കാരൻ’ എന്ന മറുപടിയും വലിയ സൈബർ പ്രതിഷേധത്തിന് കാരണമായി. ഒടുവിൽ കടുത്ത വിമർശനങ്ങളെ തുടർന്ന് പേളി തന്റെ കുറിപ്പ് പിൻവലിച്ചു.

മറ്റൊരു വിവാദത്തിൽ, പ്രക്ഷോഭത്തിന് പിന്നിൽ വിദേശ ഗൂഢാലോചനയുണ്ടെന്നും സോറോസ് ഫണ്ടിംഗ് ലഭിക്കുന്നുണ്ടെന്നും സംവിധായകൻ മേജർ രവി ആരോപിക്കുകയുണ്ടായി. ഇതിനെതിരെ സമരത്തിൽ പങ്കെടുത്ത ഒരു വിദ്യാർഥിനി വക്കീൽ നോട്ടീസ് അയച്ചതും വാർത്തയായി. രാഷ്ട്രീയ നിലപാടുകളുടെ പേരിൽ കുടുംബത്തിനുള്ളിലെ ഭിന്നതയും ഇവിടെ ദൃശ്യമായി. ബി.ജെ.പി. നേതാവായ കൃഷ്ണകുമാർ പോലീസിന്റെ നടപടിയെ ന്യായീകരിച്ചപ്പോൾ, മകൾ അഹാന കൃഷ്ണ അച്ഛന്റെ നിലപാടിനെ പരസ്യമായി തള്ളി വിദ്യാർഥികൾക്ക് പിന്തുണയുമായി എത്തി.

മുംബൈയിൽ ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പോലീസ് വാൻ ഒറ്റയ്ക്ക് തടഞ്ഞ യുവമോഡൽ റിയ ആഹിറിന്റെ ദൃശ്യം സമരത്തിന്റെ മുഖമുദ്രയായി മാറി. റിയയെ അനുകരിച്ച് നടി നവ്യ നായർ പങ്കുവെച്ച ചിത്രം പിന്നീട് പിൻവലിച്ചതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. അവസാന ഘട്ടത്തിൽ ബോൾഡ് ആയ നിലപാടുമായി നടി ജ്യോതിക രംഗത്തെത്തുകയും, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി പരസ്യമായി ആവശ്യപ്പെടുകയും ചെയ്തത് സിനിമാ ലോകത്തിന്റെ കയ്യടി നേടി. ഒടുവിൽ വിദ്യാർഥികളുടെ ജീവനും അവകാശങ്ങൾക്കുമായുള്ള ഈ പോരാട്ടം മന്ത്രിയുടെ രാജിയിൽ എത്തുമ്പോൾ, സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ഒരിക്കൽക്കൂടി വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.