VAZHITHARAKAL

വരൂ ഞങ്ങൾ കൈപിടിക്കാം...റോസാ മിസ്റ്റിക്ക കെയർ ഹോം ( വഴിത്താരകൾ )

Blog Image

അനുഭവത്തിന്റെ നരച്ച മുടി പഴയതിന്റെ മഹത്വമാണ് 
സദൃശ്യവാക്യങ്ങൾ 20 :29 

നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് പ്രായമായവര്‍ ജ്ഞാനത്തിന്‍റെയും അനുഭവത്തിന്‍റെയും സ്ഥിരതയുടെയും  ഉറവിടമാണ്. പ്രായമായവരുമായി സൗഹൃദം വളര്‍ത്തിയെടുക്കാത്ത ഒരാള്‍ വേരുകളില്ലാത്ത ഒരു വൃക്ഷം പോലെയാണ് എന്ന  ആഫ്രിക്കന്‍ ചൊല്ല് നിങ്ങള്‍ കേട്ടിട്ടുണ്ടോ? മുതിര്‍ന്നവരെ ബഹുമാനിക്കുമ്പോള്‍, നിങ്ങള്‍ ബഹുമാനത്തിലേക്കും സമൃദ്ധിയിലേക്കും  ഒരു പാത ഒരുക്കുകയാണ്. നമ്മുടെ ജീവിതത്തിലെ ആദ്യ സീസണുകള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ 'അവസാന ജീവിതം'  ആസ്വദിക്കുന്നതിനാണ് സൃഷ്ടിച്ചതെന്ന് പ്രഖ്യാപിക്കുകയും, വാര്‍ദ്ധക്യകാലം പരസഹായം ആവശ്യമായി വരുന്ന ജീവിത  സാഹചര്യത്തിന് വഴിതെളിക്കുമ്പോള്‍ വെട്ടവും വെളിച്ചവും ഉള്ളിടത്തേക്ക് ഒരു കുടുംബം നിങ്ങളെ ക്ഷണിക്കുകയാണ്. 
ഫ്രാന്‍സിസ് എന്ന കോട്ടയംകാരനും അദ്ദേഹത്തിന്‍റെ  ഭാര്യ ലൂസിയും നേതൃത്വം നല്‍കുന്ന  റോസാ മിസ്റ്റിക്ക  കെയര്‍ ഹോം. കോട്ടയം  കാരിത്താസ് ആശുപത്രിക്ക് സമീപം നൂറ്റൊന്നു കവലയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം കുറച്ചുകാലത്തേക്കോ സ്ഥിരമായിട്ടോ  വിശ്രമജീവിതം ആഗ്രഹിക്കുന്നവര്‍ക്കായി ആരോഗ്യവും സന്തോഷവും സമാധാനവും നിറഞ്ഞ ഭവനാന്തരീക്ഷം ഒരുക്കുന്നതില്‍ ഒരു  തികഞ്ഞ മാതൃകയായി മാറിക്കഴിഞ്ഞു. 


റോസാ മിസ്റ്റിക്ക കെയര്‍ ഹോം
ജീവിതത്തിന്‍റെ നല്ല കാലങ്ങള്‍ കുടുംബത്തിനുവേണ്ടി ചിലവഴിച്ച്, വിദേശരാജ്യങ്ങളിലും മറ്റും പ്രവാസജീവിതം പേറി, പിന്നീട്  വാര്‍ദ്ധക്യത്തില്‍ വീട്ടില്‍ ഒറ്റപ്പെടുന്നവര്‍ക്ക് പ്രായം വിജയത്തിന് ഒരു തടസ്സമല്ല, അത് ജ്ഞാനത്തിലേക്കുള്ള ഒരു ഗോവണിയാണ് എന്ന്  കാണിച്ചുകൊണ്ട് റോസാ മിസ്റ്റിക്ക  വാതില്‍ തുറക്കുന്നു. വരൂ ഞങ്ങള്‍ കൈ പിടിക്കാം എന്ന് പറയാന്‍, തുണയായി അരികില്‍  നില്‍ക്കാന്‍ മക്കള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്തവരുണ്ടോ. മക്കള്‍ ആകട്ടെ അച്ഛനമ്മമാരെ സ്നേഹത്തോടെ  പരിചരിക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ പോലും ജോലിഭാരവും കുടുംബജീവിതവും അവരെ നിസ്സഹായരാക്കുന്നു.  ഇത്തരം സാഹചര്യത്തിലാണ് റോസാ മിസ്റ്റിക്ക കെയര്‍ ഹോമിന്‍റെ പ്രാധാന്യത്തെ പറ്റി നമ്മള്‍ ചിന്തിക്കേണ്ടത്.  
അധ്വാനിക്കാന്‍ കഴിയാതെ ആവുന്ന സമയത്ത് താന്‍ മക്കള്‍ക്ക് ഭാരമാവുമെന്ന  ആവലാതിയില്‍ രാവും പകലും തള്ളിനീക്കുന്ന  എത്രയോ വയോജനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഒരു സാധാരണ പ്രയോഗം പോലെ ഇട്ടുമൂടാന്‍ ആവുന്നത്രയും പണം ഉണ്ടായിട്ടും  സ്നേഹിക്കാനും പരിചരിക്കാനും ആരുമില്ലാതെ കഴിയുന്നവര്‍ക്കാണ് ഈ സ്ഥാപനം തണലൊരുക്കുന്നത്.
പ്രായഭേദമന്യേ അസുഖങ്ങള്‍ ബാധിച്ചവര്‍ക്കും കിടപ്പ് രോഗികള്‍ക്കും വീടുകളില്‍ ഒറ്റയ്ക്കായവര്‍ക്കും ധൈര്യമായി റോസ   മിസ്റ്റിക്കയുടെ വാതിലില്‍ മുട്ടാം. ഏതൊരു വ്യക്തിയെയും മുഖം നോക്കാതെ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഈ  ഭവനം ദൈവത്തിന്‍റെ മറ്റൊരു കയ്യൊപ്പാണെന്ന് ഞാന്‍ പറയും. അച്ഛനമ്മമാരെ വേണ്ടത്രയും പരിചരിക്കാനാകാതെ  ആധിപിടിച്ചോടുന്ന  മക്കളോട് 'ധൈര്യമായിരിക്കൂ ഞങ്ങള്‍ നോക്കിക്കോളാം' എന്ന് പറഞ്ഞ വാക്കിന്‍റെ വിജയ മാതൃകയായി  കോട്ടയത്ത് ഇപ്പോള്‍  റോസ മിസ്റ്റിക്കയുടെ രണ്ടാമത്തെ ഭവനം തുറക്കുകയാണ്. 


സേവനങ്ങള്‍
റോസാ മിസ്റ്റിക്ക  കെയര്‍ ഹോം സ്ഥാപിതമായിട്ട് ഏഴു വര്‍ഷത്തോളമായിരിക്കുന്നു. 40-ഓളം അംഗങ്ങളാണ് റോസാമിസ്റ്റിക്ക കെയര്‍  ഹോമില്‍ ഉള്ളത്. സ്ഥിരമായും താല്‍ക്കാലികമായും താമസിക്കാന്‍ എത്തിയവരും, അസുഖങ്ങള്‍ ബാധിച്ച് പരസഹായത്തിനായി   ഭേദമാവുന്നിടത്തോളം  താമസിക്കാനായി എത്തുന്നവരും ധാരാളമുണ്ട്. എപ്പോള്‍ വേണമെങ്കിലും ഡോക്ടര്‍മാരുടെ സേവനവും  ലഭ്യമാണ്.  ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവയില്‍ തുടങ്ങി ട്രക്കിയോസ്റ്റമി കെയര്‍, സക്ഷന്‍, ബെഡ് റിടന്‍ വിത്ത് ബെഡ്  സോര്‍ കെയര്‍ എന്നിങ്ങനെ ഒരു ഹോസ്പിറ്റലില്‍ കൊടുക്കുന്ന എല്ലാവിധ നഴ്സിംഗ് കെയറും ഇവിടെ ലഭ്യമാണ്. വിദഗ്ധ പാലിയേറ്റീവ്  കെയര്‍ വിഭാഗവും, ആംബുലന്‍സ് സൗകര്യവും, ഹോംലി ഫുഡും മുന്‍ഗണനയില്‍ തന്നെ. 
സ്വയം ചലിക്കാന്‍ സാധിക്കാത്തവര്‍ക്ക് പോലും പ്രകൃതിയുടെ ഭംഗി ആസ്വദിക്കുവാന്‍ ഇവിടെ അവസരം ഒരുക്കപ്പെടുന്നു. എസി,  നോണ്‍ എ.സി. മുറികള്‍ ലഭ്യമാണ്. കൗണ്‍സിലിങ്ങും മാനസിക ഉല്ലാസം നല്‍കുന്ന പ്രോഗ്രാമുകളും സംഘടിപ്പിക്കാറുണ്ട്.  കിടപ്പുരോഗികളില്‍ ഭാരം കൂടിയവരെ ലിഫ്റ്റ് ചെയ്യുവാന്‍ ആധുനിക ഉപകരണങ്ങള്‍ ഉണ്ടെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഹോസ്പിറ്റല്‍ വാസം ആവശ്യമെങ്കില്‍ രോഗികള്‍ക്കൊപ്പം ബൈസ്റ്റാന്‍ഡര്‍ ഉണ്ടാകും. എല്ലാ ദിവസവും റോസാ മിസ്റ്റിക്കയിലെ സ്റ്റാഫ്  നേഴ്സ് ഡോക്ടര്‍മാരെ നേരിട്ട് കണ്ട് അഡ്മിറ്റ് ആയിരിക്കുന്ന അച്ഛനമ്മമാരുടെ രോഗാവസ്ഥയെക്കുറിച്ചും, ചികിത്സാ രീതിയെക്കുറിച്ചും  സംസാരിച്ച് ഉത്തരവാദിത്തപ്പെട്ടവരെ അപ്പപ്പോള്‍ അറിയിക്കുകയും അവിടെനിന്ന് ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ടുവരുന്ന ഉത്തരവാദിത്വം  ഏറ്റെടുക്കുകയും ചെയ്യുന്നു. 
ആരെങ്കിലും മരണപ്പെടുകയോ വീടുകളിലേക്ക് തിരികെ പോവുകയോ ചെയ്യുമ്പോള്‍ മാത്രമേ പുതിയ അംഗങ്ങളെ കെയര്‍ ഹോമിന്  എടുക്കാനാകൂ. പലരും അഡ്മിഷനുവേണ്ടി വന്നെങ്കിലും സങ്കടത്തോടെ നോ പറയേണ്ടി വന്നതിനാല്‍ കോട്ടയത്ത് സിഎംഎസ്  കോളേജിന്‍റെ പുറകിലായി റോസാ മിസ്റ്റിക്ക കെയര്‍ ഹോമിന്‍റെ രണ്ടാമത്തെ ഭവനം ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിച്ചു. റോസാ മിസ്റ്റിക്ക  കെയറിനോടുള്ള ജനങ്ങളുടെ വിശ്വാസവും സ്നേഹവുമാണ് പുതിയ സ്ഥാപനത്തിലേക്ക് വഴിതെളിച്ചത്. 


വ്യത്യസ്തവും വ്യത്യസ്തരും!
മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന സമയങ്ങളില്‍ പൊതുവേ വയോജനങ്ങള്‍ ചിന്തിക്കുന്നത് എപ്പോഴും താന്‍ മക്കള്‍ക്ക്  ഭാരമായിരിക്കരുതെന്നാണ്. അതുകൊണ്ടുതന്നെ അസൗകര്യങ്ങളിലും 'ഇതുമതി 'എന്ന മട്ടില്‍ ഒതുങ്ങി കൂടുന്നവരാണ് മിക്കവരും.  ചിലര്‍ കൈകാലുകള്‍ ചലിപ്പിക്കാന്‍ ആകാതെ കിടക്കയില്‍ മുകളിലേക്കും നോക്കി കാലം കഴിക്കും. മറ്റു ചിലര്‍ ശരീരത്തിന്  സ്വാധീനം ഉണ്ടെങ്കിലും അസുഖങ്ങള്‍ ദിനചര്യകള്‍ പോലും ചെയ്യാന്‍ അനുവദിക്കാത്ത രീതിയില്‍ ബുദ്ധിമുട്ടി കഴിയും. ഓരോ  അച്ഛനമ്മമാരും മക്കളുടെ ജീവിതം സുരക്ഷിതമാക്കാന്‍ ലോകത്തിന്‍റെ പലയിടത്തായി കഠിനാധ്വാനം ചെയ്തു നിറയെ സമ്പാദിച്ചു  തിരികെ വരുമ്പോള്‍ അവരെ കാത്തിരിക്കുന്ന ഭാവികാലമാണിത്. ഇവിടെയാണ് റോസാ മിസ്റ്റിക്ക കെയര്‍ ഹോമിന്‍റെ  സഹായഹസ്തങ്ങള്‍ എത്രത്തോളം വലുതാണെന്ന് നമുക്ക് മനസ്സിലാകുന്നത്. വൃദ്ധസദനങ്ങളിലും മറ്റും പൊതുവേ ഹോം നേഴ്സുമാരാണ്  വയോജനങ്ങളെ പരിപാലിക്കുന്നത്. അവര്‍ ഒരുപക്ഷേ ബിപി,ഷുഗര്‍ പോലുള്ള രോഗങ്ങളെ പരിശോധിക്കാനോ, വേണ്ട മെഡിക്കല്‍  ട്രീറ്റ്മെന്‍റ് കൊടുക്കുവാനോ ഉള്ള അറിവില്ലാത്തവരായിരിക്കും. എന്നാല്‍ റോസ മിസ്റ്റിക്ക ക്വാളിറ്റിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  നമ്മള്‍ ഓരോരുത്തരെയും വളര്‍ത്തി വലുതാക്കിയ  മാതാപിതാക്കളെ എത്രത്തോളം ക്വാളിറ്റിയില്‍ പരിപാലിക്കാന്‍ ആകും എന്ന്  തെളിയിക്കുകയാണ് ഈ സ്ഥാപനം. മറ്റൊരാളുടെ നിസ്സഹായ അവസ്ഥയില്‍ കണ്ടറിഞ്ഞു ചെയ്യുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍ എന്ന്  നമ്മെ ബോധ്യപ്പെടുത്തുകയാണിവര്‍. ഒപ്പം പ്രായമായവര്‍ക്കായി സ്നേഹത്തിന്‍റെ ഒരു വാക്കും. "സുന്ദരമായി വാര്‍ദ്ധക്യം പ്രാപിക്കുക  എന്നതിനര്‍ത്ഥം വഴക്കമുള്ളവരായിരിക്കുക, തുറന്ന മനസ്സുള്ളവരായിരിക്കുക, മാറ്റം അനുവദിക്കുക, മാറ്റം ആസ്വദിക്കുക, സ്വയം  സ്നേഹിക്കുക എന്നാണ്."


ജീവനക്കാര്‍, സ്ഥാപനത്തിന്‍റെ ശക്തി
40 പേരെ പരിപാലിക്കാന്‍ 45 ജീവനക്കാരാണ് ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. കേട്ടപ്പോള്‍ എനിക്കും അത്ഭുതം തോന്നിയ ഒരു  കാര്യമാണിത്. പക്ഷേ, വളരെ  പോസിറ്റീവ് എനര്‍ജി തരുന്ന ദിനചര്യ കൂടി കേട്ടപ്പോള്‍ റോസാ മിസ്റ്റിക്ക കെയര്‍ ഹോം   വ്യത്യസ്തമാവുന്നതില്‍ അത്ഭുതപ്പെടാനില്ല. പ്രഭാത ഭക്ഷണത്തിനുശേഷം 40 പേരെയും കുളിപ്പിച്ച്, വസ്ത്രം മാറി പുറത്തേക്ക്  കൊണ്ടുവരും. വീല്‍ചെയറില്‍ ഉള്ളവരായാലും മറ്റുള്ളവരും പുറംലോകത്തെ ശുദ്ധ വായുവില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടും.  ചിത്രരചന, പെയിന്‍റിംഗ്, കാരംസ് പോലുള്ള കളികളില്‍ സഹായത്തിനായി എംഎസ് ഡബ്ലിയു കഴിഞ്ഞ ജീവനക്കാര്‍ ആയിരിക്കും  ഉണ്ടാവുക. ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍ പോലും ശുദ്ധമായ,തുറന്ന അന്തരീക്ഷത്തില്‍ കുറച്ചുസമയം ചിലവഴിക്കണം എന്നാണ്  ഇവരുടെ രീതി. 10.30 ആകുമ്പോഴേക്കും ജ്യൂസോ സൂപ്പോ നല്‍കും. 12 മണി ആവുന്ന സമയത്ത് അന്നത്തെ ന്യൂസ് വായിച്ചു  കേള്‍പ്പിക്കും. പലര്‍ക്കും  കാഴ്ച ശക്തി കുറവുണ്ടെങ്കിലും ആനുകാലികമായ വാര്‍ത്തകള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ആയിരിക്കും.  ശേഷം 12.30-ന് ഉച്ചഭക്ഷണം. ചോറ്, കറി, നോണ്‍വെജ്, അച്ചാര്‍, തോരന്‍ അടങ്ങുന്നതാണ് ഇവിടുത്തെ ഭക്ഷണം. ചോറ്  കഴിക്കാത്തവര്‍ക്കായി ഓട്സ്, സൂചി ഗോതമ്പ് കഞ്ഞി, പൊടിയരി കഞ്ഞി പോലുള്ള ഭക്ഷണവും ലഭ്യമാണ്. ഇതില്‍ ഏതു വേണം  എന്നത് കഴിക്കുന്നയാളുടെ ഇഷ്ടം, എന്നാല്‍ അതിനോടൊപ്പം തന്നെ കറികളും കഴിക്കേണ്ടതുണ്ട്. ഭക്ഷണം കഴിക്കുന്നതും തുറസ്സായ  ഒരു കോമണ്‍ ഏരിയയില്‍ തന്നെയാണ്. ഭക്ഷണം ശരിയായി കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഇങ്ങനെ ഒരു സംവിധാനം   ഒരുക്കിയത്. ചിലര്‍ക്ക് സ്പൂണില്‍ കൊടുക്കേണ്ടിവരും, മറ്റു ചിലര്‍ക്ക് ചെറുതാക്കി കൊടുത്താല്‍ മതിയാവും. എന്തിനും ജീവനക്കാര്‍  സജ്ജരാണ്. പിന്നീട് വിശ്രമ സമയമാണ്. നാലുമണിക്കാണ് എല്ലാവരെയും വിളിച്ചുണര്‍ത്തുന്നത്. അതില്‍ ഡയപ്പര്‍ മാറ്റി   കൊടുക്കേണ്ടവര്‍ക്ക് അതെല്ലാം ചെയ്തു കൊടുക്കാന്‍ സമയത്ത് തന്നെ ഓരോ സ്റ്റാഫും വന്നെത്തും. വീണ്ടും തുറന്നിട്ട ഒരു  ഉദ്യാനത്തില്‍  എല്ലാവരും ഒത്തുചേരും. കോഫിയും ചെറുകടികളും കഴിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരുമിച്ചുള്ള കളിചിരികളുടെ  സമയമാണ്. വട്ടത്തില്‍ ഇരുന്ന് ബോള്‍ പാസ് കളിക്കുക, വ്യായാമം ചെയ്യിപ്പിക്കുക, പാട്ട് പാടിപ്പിക്കുക അങ്ങനെ.. കുട്ടികളുടെ  ഇടയിലേക്ക് ചെന്ന ഒരു അന്തരീക്ഷം ആയിരിക്കും അവിടം. നാനാ ജാതി മതസ്ഥരുണ്ട്. എന്നിരുന്നാലും ഒരു കാത്തലിക്ക്   കമ്മ്യൂണിറ്റിയായി പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ 5.30 ആകുമ്പോഴേക്കും എല്ലാവരും കൂടി കൊന്ത ചൊല്ലി 6.15-ന് ബൈബിള്‍  വായിച്ച്, സ്തുതി ചൊല്ലി എല്ലാവരെയും അവരവരുടെ റൂമുകളിലേക്ക് തിരികെ കൊണ്ടുപോകും. 6.45 ആകുമ്പോഴേക്കും അത്താഴം  കഴിപ്പിച്ച് കിടത്തി ഉറക്കുന്നത് വരെയാണ് ഓരോരുത്തരുടെയും ഒരു ദിവസത്തിന്‍റെ ഒഴുക്ക്.  
ഇവരുടെ മെഡിക്കല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എപ്പോഴും നഴ്സുമാര്‍ ആണെന്നതും മറ്റൊരു ശ്രദ്ധിക്കപ്പെട്ട കാര്യമാണ്. 45  ഓളം ജീവനക്കാരില്‍ 20 പേര്‍ തന്നെ നഴ്സുമാരാണ്. ബാക്കിയുള്ളവര്‍ ക്ലീനിങ്, കിച്ചന്‍, അഡ്മിനിസ്ട്രേറ്റീവ്, പിആര്‍ ഓ,  എം.എസ്.ഡബ്ലിയു കഴിഞ്ഞവര്‍ അങ്ങനെയങ്ങനെ... മൂന്ന് ഷിഫ്റ്റ് ആയിട്ടാണ് ഇവരെ ഡ്യൂട്ടികള്‍ ഏല്‍പ്പിച്ചിരിക്കുന്നത് - മോണിംഗ്,  ഈവനിംഗ്, നൈറ്റ്. ജോലിഭാരം തോന്നാതിരിക്കാനും ജോലി ചെയ്യുന്നവര്‍ക്ക് മടുപ്പ് തോന്നാതിരിക്കാനുമാണ് ഇത്തരത്തില്‍ ഷിഫ്റ്റ്  ഏര്‍പ്പെടുത്തിയിട്ടുള്ളത്. നഴ്സിംഗ് കെയറില്‍ ഉള്ളവര്‍ക്ക് പ്രധാനമായും അവരുടെ ബിപി, ഷുഗര്‍, സോഡിയം, പൊട്ടാസ്യം, എച്ച്  ബി,ഇന്‍ഫെക്ഷന്‍ എന്നിങ്ങനെ വേരിയേഷന്‍ സംഭവിക്കാന്‍ സാധ്യതയുള്ള രോഗാവസ്ഥകളെ മോണിറ്റര്‍ ചെയ്യുക എന്ന വലിയ  ദൗത്യമാണ് ചെയ്യേണ്ടതായിട്ടുള്ളത്. ഓരോരുത്തര്‍ക്കും രോഗങ്ങളും രോഗാവസ്ഥയും രേഖപ്പെടുത്തിയ ഫയലുകള്‍ ഉണ്ട്. അതില്‍  ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് എല്ലാം ചെക്ക് ചെയ്യുന്നത്. യൂറിനില്‍ എന്തെങ്കിലും നിറവ്യത്യാസം ഉണ്ടെങ്കില്‍ തന്നെ നേഴ്സുമാര്‍ക്ക്  അവരുടെ രോഗാവസ്ഥയെ അറിയാനും പെട്ടെന്ന് തന്നെ ആന്‍റിബയോട്ടിക്കുകള്‍ ഡോക്ടറുടെ ചികിത്സയിലൂടെ നല്‍കാനും  സാധിക്കും. രാത്രിയില്‍ ശരിയായി ഉറങ്ങുന്നുണ്ടോ എന്നുവരെ ശ്രദ്ധയോടെ നിരീക്ഷിക്കാറുണ്ട് ഇവിടെയുള്ളവര്‍.  ഉറക്കമില്ലാത്തവരുടെ സ്ഥിതിയെപ്പറ്റി കുടുംബാംഗങ്ങളെ അറിയിച്ച്, ഉറങ്ങാനുള്ള മെഡിസിന്‍, അത് ന്യൂറോ ആയാലും  സൈക്യാട്രിക് ആയാലും കുടുംബാംഗങ്ങളുടെ അറിവോടും സമ്മതത്തോടും മാത്രമാണ് നല്‍കുന്നത്. എന്തിനും ഒരു  സുതാര്യതയുണ്ട്. പരിചരണത്തിലും ഹോസ്പിറ്റലില്‍ കൊണ്ടുപോകുമ്പോഴും സ്വന്തം അച്ഛനമ്മമാരെന്ന വികാരത്തോട് കൂടിയാണ്  എല്ലാവരും പെരുമാറുന്നത്.
സ്ഥിരമായും താല്‍ക്കാലികമായും താമസിക്കാന്‍ എത്തുന്നവര്‍ ഉണ്ട് ഇവിടെ. ഫ്രാക്ചര്‍, ആക്സിഡന്‍റ് കേസുകള്‍, ഓപ്പറേഷന്‍  കഴിഞ്ഞവര്‍  എന്നി വിഭാഗങ്ങള്‍ റോസാ മിസ്റ്റിക്കയില്‍ താല്‍ക്കാലികമായി എത്തുന്നവരാണ്. ഇവിടുത്തെ ഫിസിയോതെറാപ്പിയും   നഴ്സിംഗ് കെയറും കഴിഞ്ഞ് ഒന്നോ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ആരോഗ്യനില മെച്ചപ്പെട്ട അവര്‍ തിരികെ പോകും. മറ്റൊരു  വിഭാഗം ജീവിതത്തിന്‍റെ ശിഷ്ടകാലം സമാധാന അന്തരീക്ഷത്തില്‍ കഴിയണം എന്ന് ആഗ്രഹിച്ച് വരുന്നവരാണ്. വിദേശങ്ങളില്‍ സ്ഥിര  താമസമാക്കിയവര്‍ പോലും വാര്‍ദ്ധക്യ കാലമാകുമ്പോള്‍ റോസാ മിസ്റ്റിക്കയില്‍ എത്താറുണ്ട്. ഉയര്‍ന്ന ചികിത്സാ ചിലവും മക്കളുടെ  തിരക്കും കൊണ്ട് അവിടെ പരിപാലിക്കാന്‍ ആരെയെങ്കിലും ഏല്‍പ്പിച്ചാല്‍ തന്നെ മാതാപിതാക്കള്‍ക്ക് ഭാഷയറിയാത്ത പ്രശ്നവും  കുഴപ്പം തന്നെ. ജീവിത തിരക്കുകള്‍ കൊണ്ട് അച്ഛനമ്മമാരുടെ കാര്യത്തില്‍ എന്ത് ചെയ്യണം എന്ന് അറിയാതെ പരിഭ്രാന്തരാവുന്ന  മക്കള്‍ക്ക് ആശ്വാസവും വിശ്വാസവും ഉറപ്പു നല്‍കുകയാണ് റോസാ മിസ്റ്റിക്ക  കെയര്‍ ഹോം. വയോജനങ്ങളെ സംബന്ധിച്ചിടത്തോളം  ഭക്ഷണം, വെള്ളം, മരുന്നുകള്‍, ശുചിത്വം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ കൃത്യമായ സമയങ്ങളില്‍ ലഭ്യമാക്കുക എന്നതാണ്  അവര്‍ക്ക് വേണ്ടി ചെയ്യാനാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. അവരുടെ ആ നിസ്സഹായ അവസ്ഥയില്‍ ഹൃദയം തൊട്ട്  കൈകാലുകളായി പ്രവര്‍ത്തിക്കാന്‍ റോസാ മിസ്റ്റിക്ക എന്നും എപ്പോഴും മുന്നില്‍ തന്നെയുണ്ട്. 


റോസാ മിസ്റ്റിക്കയുടെ ജനനത്തിലൂടെ..
ഫ്രാന്‍സിസ് എന്ന ഒരു  സാധാരണക്കാരനിലൂടെയാണ് റോസാമിസ്റ്റിക്ക എന്ന സ്ഥാപനം ജന്മം എടുത്തത്. കൈപ്പുഴയില്‍ ഇടുക്കുതറ  കുടുംബത്തിലെ കര്‍ഷക ദമ്പതികളുടെ പത്ത്  മക്കളില്‍ ഇളയ മകനാണ് ഫ്രാന്‍സിസ്. ഡിഗ്രിയും നേഴ്സിംഗ് പഠനവും  പൂര്‍ത്തിയാക്കിയശേഷം സ്വിറ്റ്സര്‍ലണ്ടില്‍ നേഴ്സായി ജോലി ചെയ്യുന്ന പുന്നത്തുറ നന്ദികുന്നേല്‍ കുടുംബാംഗമായ ലൂസിയെ വിവാഹം  കഴിച്ചു. ഏതാണ്ട് പതിനേഴു വര്‍ഷത്തോളം യൂറോപ്യന്‍ ജീവിതത്തിന്‍റെ തിരക്കിലായിരുന്നു. ഒരു മകനും ഒരു മകളുമാണ് ഈ  ദമ്പതികള്‍ക്ക് ഉള്ളത്. ലോകത്തിലെ ഏറ്റവും ക്വാളിറ്റി നഴ്സിംഗ് കെയര്‍ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്സര്‍ലന്‍ഡ്. 17  വര്‍ഷത്തോളമുള്ള അവിടുത്തെ നേഴ്സിംഗ് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ അതേ ക്വാളിറ്റിയെ നമ്മുടെ നാട്ടില്‍ പുനഃസൃഷ്ടിക്കാന്‍  ശ്രമിച്ചതിന്‍റെ ഫലമായാണ് റോസാ മിസ്റ്റിക്ക ജന്മം കൊണ്ടത്. പ്രായമായ മാതാപിതാക്കന്‍മാരെ ശുശ്രൂഷിക്കുമ്പോള്‍ ലഭിക്കുന്ന  ദൈവാനുഗ്രഹങ്ങളെക്കുറിച്ച് ഫ്രാന്‍സിസിന്‍റെ പ്രിയ മാതാവും ആന്‍റിയും (കോട്ടയം സെന്‍റ് ആന്‍സ് സ്കൂളില്‍ സേവനമനുഷ്ഠിച്ച ഇ.റ്റി.  ഏലിയാമ്മ ടീച്ചര്‍) ബാല്യം മുതല്‍ക്കേ അദ്ദേഹത്തിന് നല്‍കിയ ഉപദേശവും റോസാ മിസ്റ്റിക്കയുടെ തുടക്കത്തിന് ഒരു പ്രധാന കാരണം  കൂടിയാണ്.


മലയാളികളുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് മക്കളുടെ പഠനം. എത്രത്തോളം കഷ്ടപ്പാട് അനുഭവിച്ചാലും മക്കളുടെ ഭാവി  സുരക്ഷിതമാക്കണമെന്ന ചിന്തയില്‍ നാടുകടന്ന് അന്യരാജ്യങ്ങളില്‍ പണിയെടുത്ത് കാലം കഴിക്കും. ഒടുവില്‍ മക്കള്‍  വിദേശരാജ്യങ്ങളില്‍ അവരവരുടെ ജീവിത തിരക്കുകള്‍കൊണ്ട് പെടാപ്പാട് പെടുമ്പോള്‍ അരികില്‍ ആരുമില്ലാതെ വീടിന്‍റെ നാല്   ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടും. സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ഇറങ്ങി വരാന്‍ ഒരു കൈ സഹായത്തിനായി വെമ്പല്‍   കൊള്ളുന്ന അച്ഛനമ്മമാരുടെ മനസ്സറിയാന്‍ എന്തുകൊണ്ടോ മക്കള്‍ക്ക് ചിലപ്പോള്‍ ആകുന്നില്ല. റോസാ മിസ്റ്റിക്ക ആ വിളി കേട്ടു.   അവരുടെ മനസ്സിനെ അവര്‍ പോലും അറിയാതെ വായിച്ചെടുത്തു. ജീവന്‍റെ അവസാനശ്വാസം നിലയ്ക്കുന്നതുവരേയ്ക്കും ഒരു   പുഞ്ചിരിയോടെ ഇരിക്കാന്‍ അവര്‍ക്ക് അവസരം നല്‍കി. വലിയ സാമ്പത്തിക ലാഭം കണക്കാക്കാതെ ലോകത്തിന്‍റെ നാനാഭാഗത്ത്   നിന്നുള്ള പച്ചയായ മനുഷ്യന്‍റെ വികാരവിചാരങ്ങളെ പുറത്തുകൊണ്ടുവരാന്‍, അവര്‍ക്ക് ജീവിതമാസ്വദിക്കാന്‍ അഹോരാത്രം   പ്രയത്നിക്കുന്ന ഫ്രാന്‍സിസിനും അദ്ദേഹത്തിന്‍റെ റോസാ മിസ്റ്റിക്ക കുടുംബാംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരു ബിഗ് സല്യൂട്ട്!  
"നമ്മുടെ മുതിര്‍ന്നവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ബഹുമാനവും അന്തസ്സും നാം നല്‍കണം, കാരണം അവരാണ് നമ്മുടെ ജീവിതം   സാധ്യമാക്കിയത്." 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.