VAZHITHARAKAL

ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു: രമേശ് ചെന്നിത്തല (അഭിമുഖം )

Blog Image

ഒരു പൊതുപ്രവർത്തകനെ ലോകം വാഴ്ത്തിപ്പാടുന്നത് അദ്ദേഹം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുമ്പോഴാണ്. സാധാരണക്കാരായ മനുഷ്യർ നേരിടുന്ന ദുരിതങ്ങളും, മറ്റ് ബുദ്ധിമുട്ടുകളും മനസ്സിലാക്കിക്കൊണ്ട് സന്ധിയില്ലാത്ത സമരങ്ങൾക്ക് നേതൃത്വം കൊടുക്കുമ്പോഴാണ്. നാടിന്റെ പുരോഗതി മാത്രം മുന്നിൽ കണ്ടു കൊണ്ട് അഹോരാത്രം പ്രവർത്തിക്കുമ്പോഴാണ്.

കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും മികച്ച ഒരു നേതാവാണ് രമേശ് ചെന്നിത്തല. ജനഹൃദയങ്ങളിൽ അദ്ദേഹം സമാനതകൾ ഇല്ലാതെ തുടരുമ്പോൾ, കടന്നുവന്ന വഴികളും ജീവിതം മാറ്റിമറിച്ച നിമിഷങ്ങളും, രാഷ്ട്രീയ രാത്രി പകലുകളും എവിടെയെങ്കിലും ഒക്കെ അടയാളപ്പെടണമെന്ന് തോന്നിയിട്ടുണ്ട്. അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ അദ്ദേഹം കേരളാ എക്സ്പ്രസ്സിന് നൽകിയ അഭിമുഖം, ജനങ്ങളുടെ നായകന്, ശ്രീ രമേശ്‌ ചെന്നിത്തലയ്ക്ക് അദ്ദേഹത്തിന്റെ വേരുകൾ ജനങ്ങളുടെ ഹൃദയത്തിലേക്ക് ചലിപ്പിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംസ്ഥാന തലത്തിലുള്ള ശക്തമായ മുഖമാണ് രമേശ്‌ ചെന്നിത്തല. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം തന്റെ പൊതു പ്രവർത്തനത്തിന് തുടക്കമിട്ടത്. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല ഗ്രാമത്തിൽ 1956-ൽ ജനിച്ച രമേശ്‌ ചെന്നിത്തല, ചെറുപ്പം മുതൽ തന്നെ സാമൂഹിക വിഷയങ്ങളിൽ സജീവമായിരുന്നു. കേരള സ്റ്റുഡന്റ്സ് യൂണിയൻ വഴിയാണ് അദ്ദേഹം പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിച്ചത്.

പിന്നീട് ദേശീയ വിദ്യാർത്ഥി യൂണിയന്റെ (NSUI) ദേശീയ പ്രസിഡന്റായ രമേശ് ചെന്നിത്തല, കോൺഗ്രസ് പാർട്ടിയിൽ ഉന്നത നിലകളിലേക്ക് ഉയരുകയും ചെയ്തു. 1982-ൽ അദ്ദേഹം ആദ്യമായി ഹരിപ്പാട് നിയോജകമണ്ഡലത്തിൽ നിന്നു നിയമസഭയിലെത്തി. 1986-ൽ അദ്ദേഹം കേരളത്തിലെ ഏറ്റവും ചെറുപ്പക്കാരനായ കാബിനറ്റ് മന്ത്രിയായി ചരിത്രത്തിൽ ഇടം നേടിയിരുന്നു. രാഷ്ട്രീയ വീക്ഷണത്തിലും തീവ്രതയിലും വ്യക്തതയും കൃത്യതയുമുള്ള  നേതാവായി അദ്ദേഹം അംഗീകരിക്കപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ ഭരണപരിചയം അദ്ദേഹത്തെ പാർട്ടിയുടെ വിവിധ നിലകളിലേക്ക് നയിച്ചു. 1999-ൽ മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള എംപിയായി അദ്ദേഹം പ്രവർത്തിച്ചു.പിന്നീട് കോട്ടയത്തു നിന്നും മൂന്നു തവണ പാർലമെന്റിലേക്ക് വിജയിച്ചു .ഹരിപ്പാട് നിയോജകമണ്ഡലത്തിൽ നിന്ന് അഞ്ചു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, പിന്നീട് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും, തുടർന്ന് പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. സഭയിൽ ഉചിതമായ പ്രതികരണങ്ങളും വിമർശനങ്ങളും ഉന്നയിച്ച് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.2005 മുതൽ 2014  വരെ കെ പി സി സി പ്രസിഡന്റായും സേവനമനുഷ്ഠിച്ചു .

പ്രതിസന്ധികൾ നേരിടുമ്പോഴും, പാർട്ടിയുടെ ശക്തിയും ഐക്യവും നിലനിർത്താൻ രമേശ് ചെന്നിത്തല  ശ്രമിച്ചു എന്നതാണ് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത . കുടുംബജീവിതത്തിൽ ഭാര്യ അനിതയും രണ്ട് മക്കളും അവരുടെ കുടുംബവുമാണ് അദ്ദേഹത്തിന്റെ ശക്തിജാലകങ്ങൾ. 

ചോദ്യം: രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പ്പ്, എങ്ങനെയായിരുന്നു? കോൺഗ്രസ്‌ ആശയം എങ്ങനെ സ്വാധീനിച്ചു ?

ഉത്തരം: സത്യത്തിൽ രാഷ്ട്രീയത്തിൽ തീരെ താല്പര്യമില്ലാത്ത ഒരാളായിരുന്നു ഞാൻ, എന്നാൽ വിധി മറ്റൊന്നായിരുന്നു. മനുഷ്യർക്കുവേണ്ടി അവർക്കൊപ്പം ജീവിക്കുക എന്നതായിരുന്നു ദൈവം എനിക്ക് നൽകിയ ദൗത്യം. അത് ഞാൻ വേണ്ടെന്നു വച്ചാലും എന്നെ തിരഞ്ഞു വരുമല്ലോ. രാഷ്ട്രീയത്തിന് എതിരായി നിൽക്കുന്ന അല്ലെങ്കിൽ അതിനെ അനുകൂലിക്കാതെ നിൽക്കുന്ന എന്റെ തലവര മാറ്റിയ അല്ലെങ്കിൽ എന്നെ മാറ്റി ചിന്തിപ്പിച്ച ഒരു സംഭവം ഉണ്ടായത് ഓണത്തിന് ഒരു പറ നെല്ലായിരുന്നു.

'കെഎസ്‌യുവിൽ ചേരണമെന്ന് എന്നോട് പലരും പലതവണ പറയുമായിരുന്നു. എന്നാൽ അന്നൊക്കെ ഞാൻ രാഷ്ട്രീയത്തോട് അധികം താല്പര്യം ഇല്ലാത്ത ഒരാളായിരുന്നു പഠനമായിരുന്നു എന്റെ പ്രധാന ലക്ഷ്യം.അതുകൊണ്ട് തന്നെ വരുന്നവരോടൊക്കെ പഠിക്കാനുണ്ട് എന്ന ഒരു കാരണമാണ് ഞാൻ പറഞ്ഞു കൊണ്ടിരുന്നത്. അന്ന് ഉമ്മൻചാണ്ടി കെഎസ്‌യു പ്രസിഡന്റ് ആയിരുന്ന കാലമായിരുന്നു അത്. 'ഓണത്തിന് ഒരു പറ നെല്ല്' എന്ന ഒരു പദ്ധതി അന്ന് അദ്ദേഹം നമ്മുടെ സ്കൂളിൽ കൊണ്ടുവന്നു. രാഷ്ട്രീയം ആ പദ്ധതിയിൽ ഇല്ലായിരുന്നു, അതുകൊണ്ടുതന്നെ ഞാനും ആ പദ്ധതിയുടെ ഭാഗമാവുകയും, തുടർന്ന് അതൊരു രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിലേക്ക് വളരുകയും ചെയ്തു. അതായത് പാർട്ടി കണ്ടല്ല ഞാൻ രാഷ്ട്രീയക്കാരൻ ആയത് , മനുഷ്യരുടെ  ആശയങ്ങളോടുള്ള  സ്നേഹവും കരുതലും കണ്ടിട്ടാണ്. രാഷ്ട്രീയത്തിൽ എനിക്ക് ഗോഡ് ഫാദർ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ കെ കരുണാകരൻ എന്ന വലിയ മനുഷ്യൻ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഓരോ നിമിഷങ്ങളിലും അദ്ദേഹം തരുന്ന കരുത്ത് വളരെ വലുതായിരുന്നു. രാജീവ് ഗാന്ധിയും അത്തരത്തിൽ എന്നെ വല്ലാതെ സ്വാധീനിച്ച വ്യക്തിയായിരുന്നു. 

ചോദ്യം: കേരളത്തില്‍ കോൺഗ്രസിന്റെ ഇന്നത്തെ  സാഹചര്യത്തെ  എങ്ങനെ വിലയിരുത്തുന്നു?  

ഉത്തരം: നിലവിലെ സാഹചര്യത്തിൽ പുതുതായി കോൺഗ്രസ് കൈക്കൊണ്ടിട്ടുള്ള നേതൃത്വം മാറ്റുക എന്ന നടപടി സ്വാഗതാർഹമാണ്. പുതിയ കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് സമർത്ഥനായ ഒരു നല്ല വ്യക്തിയാണ്. അതോടൊപ്പം തന്നെ അദ്ദേഹം നല്ലൊരു അഭിഭാഷകനും, പ്രാസംഗികനും, ആളുകളോട് സൗമ്യമായി ഇടപെടുന്ന വ്യക്തിയും കൂടിയാണ്. ഒരു യഥാർത്ഥ നേതാവിന് വേണ്ട എല്ലാ ഗുണഗണങ്ങളും സണ്ണിയ്ക്കുണ്ട്. അതുകൊണ്ടുതന്നെ പുതിയ മാറ്റം വലിയ രീതിയിൽ തന്നെ കോൺഗ്രസിൽ പ്രതിഫലിക്കും എന്ന് തന്നെയാണ് കരുതുന്നത്. കോൺഗ്രസിൻ്റെ ഓരോ നേതൃമാറ്റത്തേയും ജനാധിപത്യ വിശ്വാസികൾ ഹൃദയം കൊണ്ടാണ് സ്വീകരിച്ചിട്ടുള്ളത് എന്നത് ചരിത്രം നോക്കിയാൽ അറിയാവുന്നതാണ്.

ചോദ്യം:  കേരളത്തിലെ മത നേതാക്കൾ കോൺഗ്രസിന് മൂക്കുകയറിയിടുന്നു എന്ന ഒരു വിമർശനം ഉണ്ട് .ഇതിനോട് യോജിക്കുന്നുണ്ടോ?

ഉത്തരം: കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലുള്ള ഒരേയൊരു വ്യത്യാസം തന്നെ ജോസ് ചോദിച്ച ചോദ്യത്തിലുണ്ട്. അതായത്, എൽഡിഎഫിൽ പാർട്ടി എടുക്കുന്ന തീരുമാനങ്ങൾ തന്നെയാണ് അന്തിമമായത് .അതിൽ മറ്റാർക്കും കൈകടത്താൻ കഴിയില്ല മാറ്റങ്ങൾ വരുത്താനും സാധിക്കില്ല. എന്നാൽ യുഡിഎഫിലേക്ക് വരുമ്പോൾ കാര്യങ്ങൾ നേരെ തിരിച്ചാണ്. അവിടെ എല്ലാവർക്കും പറയാനും ഇടപെടാനുമുള്ള സ്വാതന്ത്ര്യമുണ്ട്. പുരോഹിതന്മാർക്കും, മെത്രാന്മാർക്കും  മറ്റു മത നേതാക്കൾക്കും തുടങ്ങി ആർക്ക് വേണമെങ്കിലും ഇവിടെ അഭിപ്രായങ്ങൾ ഉന്നയിക്കാൻ കഴിയും . അത് കണക്കിലെടുക്കണോ വേണ്ടയോ എന്നത് പാർട്ടിയുടെ തീരുമാനമാണ്.പക്ഷേ ഒരാളുടെയും അഭിപ്രായസ്വാതന്ത്ര്യത്തെ യുഡിഎഫ് ചോദ്യം ചെയ്യുന്നില്ല എന്നതാണ് ഞങ്ങളുടെ വിജയം.

കേരളത്തിലെ നിലവിലെ അവസ്ഥ ഒന്നു നോക്കുക, അത് ഞാനിപ്പോൾ പറയുന്നത് അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ച് ചോദിച്ചത് കൊണ്ട് മാത്രമാണ്. യഥാർത്ഥത്തിൽ ഇവിടെ ദുരിതമനുഭവിക്കുന്നത് കർഷകരാണ്. അല്ലെങ്കിൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരാണ്. എന്ത് സുരക്ഷയാണ് അവരുടെ ജീവന് ഇവിടെയുള്ളത്? പുലി കടിച്ചു കൊല്ലുന്നു, ആന ചവിട്ടി കൊല്ലുന്നു, പന്നി ആക്രമിക്കുന്നു എന്നിങ്ങനെ ഓരോ ദിവസവും എത്രയെത്ര കർഷകരുടെ ദുരിതമാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. കർഷകരുടെ പാർട്ടിയായ കേരള കോൺഗ്രസ് എൽഡിഎഫിനൊപ്പം ഉണ്ടായിട്ടും മേൽപ്പറഞ്ഞ പ്രശ്നങ്ങളെക്കുറിച്ചൊന്നും ചോദിക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് അവിടെയില്ല. അതാണ് യുഡിഎഫിൽ ഉണ്ട് എന്ന് നിങ്ങളും ഞാനും അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കിൽ ഈ പറഞ്ഞ അഭിപ്രായസ്വാതന്ത്ര്യം നല്ലതാണെന്ന് തന്നെയല്ലേ വിശ്വസിക്കേണ്ടത്? 

ചോദ്യം: കേരളത്തിൽ മനുഷ്യനെക്കാൾ വില മൃഗങ്ങൾക്കാണ് എന്ന് പലപ്പോഴും തോന്നാറുണ്ട്, ഉദാഹരണത്തിന് ഉപദ്രവിക്കാൻ വരുന്ന പന്നിയെ കൊല്ലേണ്ടി വന്നാൽ അത് പിന്നീട് വർഷങ്ങൾ നീണ്ടുനിൽക്കുന്ന കേസിലേക്ക് വരെ പോകുന്ന ഒരു അവസ്ഥ, ഇത് പരിഹരിക്കാൻ എന്തെങ്കിലും മാർഗം കോൺഗ്രസ് എന്ന പാർട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടോ?

ഉത്തരം: അനധികൃതമായി വനങ്ങൾ കയ്യേറുകയും അതുവഴി, കാടുകളെ അവിടെയുള്ള വന്യജീവികളെ, മറ്റു വനവിഭവങ്ങളെ എല്ലാം വലിയ രീതിയിൽ ചൂഷണം ചെയ്യുകയും, ഗുണ്ടാ സംഘങ്ങളുടെ ഒരു താവളമായി അവിടെ മാറുകയും ചെയ്ത സാഹചര്യത്തിൽ ഇന്ദിരാഗാന്ധിയാണ് 1975 ലെ ഇന്ത്യൻ ഫോറസ്ററ്  ആക്റ്റ് കൊണ്ടുവരുന്നത്. ഇത് വളരെയധികം ഉപകാരപ്രദമായ ഒരു നിയമമാണ്. പക്ഷേ അതുപോലെ തന്നെ ഇരുതലയുള്ള  മൂർച്ചയേറിയ ഒരായുധം പോലെയാണ്. 

ചില വിദേശ രാജ്യങ്ങളിൽ മൃഗ വേട്ടയുണ്ട്. അതായത് മൃഗങ്ങളുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് മൃഗവേട്ട അതിനെ നിയന്ത്രിക്കുന്നു. ഇവിടെ അതിനുള്ള ഒരു അവസരം ഇല്ലാത്തതു കൊണ്ടുതന്നെ, വരൾച്ചയും മറ്റു ഭക്ഷണം കിട്ടാത്ത അവസ്ഥയും ഉണ്ടാകുമ്പോൾ കാടുകളിൽ നിന്ന് മൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് വരുന്നു. ഇവ പിന്നീട് മനുഷ്യരെ ആക്രമിക്കുന്നു അതുപോലെതന്നെ മനുഷ്യർ വളർത്തുന്ന മറ്റു മൃഗങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നു എന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുന്നു. 

കേന്ദ്രത്തിന്റെ നിയമമാണ് ഇവിടെ മാറ്റേണ്ടത്. കേന്ദ്രം തന്നെയാണ് കൃത്യമായ ഇടപെടൽ ഈ വിഷയത്തിൽ നടത്തേണ്ടത്. അവരത് ചെയ്യുന്നില്ല. ഇത്തരത്തിൽ ഒരു നിലപാട് ഉണ്ടാകുന്ന സമയത്ത് തന്നെ സംസ്ഥാനം അതിനെ മറികടക്കാൻ വേണ്ടി കാടുകളിൽ മൃഗങ്ങൾക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കണം. ഉദാഹരണത്തിന് കർണാടകയിലും തമിഴ്നാടിലുമൊക്കെ ശ്രദ്ധിച്ചാൽ മനസ്സിലാകും. അവർ വേനൽക്കാലങ്ങളിൽ കാടുകളിൽ ജലം എത്തിക്കുകയും അതുപോലെ തന്നെ ഭക്ഷണം  എത്തിക്കുകയും ചെയ്യുന്നു. ഇത് വലിയ രീതിയിൽ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതിനെ  തടയുകയും ജനങ്ങളുടെ ജീവിതം ഭംഗിയാക്കി നിലനിർത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു 

ചോദ്യം: നെഗറ്റീവുകളെ പോസിറ്റീവ് ആക്കി മാറ്റുകയാണ് പിണറായി സർക്കാർ, മൂന്നാം തവണയും എൽ ഡി എഫ് വരുമോ? അതോ അതിനെ മറികടക്കാൻ കോൺഗ്രസിന് കഴിയുമോ?

ഉത്തരം: ഒന്നിച്ചു നിൽക്കാത്തതാണ് കോൺഗ്രസിന്റെ എല്ലാക്കാലത്തെയും പ്രശ്നം. അത് പരിഹരിച്ചാൽ ജനങ്ങൾ കൂടെ നിൽക്കാൻ തയ്യാറാണ്.  രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഒരു മീറ്റിംഗ് വിളിച്ചിരുന്നു, കോൺഗ്രസ്‌ ഇനി അധികാരത്തിൽ വരണം, അതിന് എല്ലാവരും ഒന്നിച്ചു നിൽക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട് ഒരു ഭരണമാറ്റം, അതുകൊണ്ട് ഞങ്ങൾ ഒന്നിച്ചു നിന്ന് ജനങ്ങൾക്ക് വേണ്ടി അത് നേടിക്കൊടുക്കാനാണ് ശ്രമിക്കുന്നത്. 

ജനങ്ങൾ ആകെ പൊറുതിമുട്ടിയിരിക്കുകയാണ്. അവർക്ക് അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം എവിടെയുമില്ല. പിണറായി ഭരണത്തിൽ കേരളം സ്റ്റാലിൻ ഭരണത്തിന് കീഴിലെന്ന പോലെ ശ്വാസം മുട്ടിക്കൊണ്ടിരിക്കുകയാണ്, ഇതിന് അറുതി വരുത്തണം. യുഡിഎഫിലെ തമ്മിലടികൾ എല്ലാം അവസാനിപ്പിക്കാൻ ഞാനും വി ഡി സതീശനും തീരുമാനമെടുത്തിട്ടുണ്ട്. പരസ്പരം പോരടിക്കുകയല്ല ഒന്നിച്ചു നിന്ന് ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുക എന്നതാണ് ഇപ്പോൾ ഞങ്ങളുടെ മനസ്സിലുള്ള ഒരേ ഒരു ലക്ഷ്യം.  ഒരു വർഷം കോൺഗ്രസ് നേതാക്കൾ ഒന്നിച്ച് പ്രവർത്തിച്ചാൽ തീർച്ചയായും അടുത്ത തവണ യുഡിഎഫ് അധികാരത്തിൽ വരും. അതിൽ സംശയം വേണ്ട.

ചോദ്യം: ശശി തരൂർ എം പിയുടെ സാന്നിദ്ധ്യം എങ്ങനെ കോൺഗ്രസ്‌ പാർട്ടിയെ സ്വാധീനിക്കുന്നു? അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം പുതിയ ദിശകളിലേക്ക് നമ്മളെ കൊണ്ട് പോകുമോ?

ഉത്തരം: നാല് തവണ കോൺഗ്രസിന്റെ എം പി യായ വ്യക്തിയാണ് ശശി തരൂർ. കമ്മ്യൂണിസ്റ്റ് പാർട്ടിയിലായിരുന്നുവെങ്കിൽ  എപ്പോഴേ അദ്ദേഹത്തെ പുറത്താക്കിയിരുന്നേനെ. കോൺഗ്രസ് ഒരു ലിബറൽ ജനാധിപത്യ പാർട്ടി ആയതുകൊണ്ട് തന്നെ, അഭിപ്രായം പറയാം, തീരുമാനങ്ങൾ എടുക്കാം. എല്ലാ അംഗീകാരങ്ങളും പാർട്ടി അദ്ദേഹത്തിന് കൊടുക്കുന്നുണ്ട്. അദ്ദേഹത്തെ വേണ്ടവിധത്തിൽ ഉപയോഗിക്കാനും കോൺഗ്രസ്‌ ശ്രമിക്കുന്നുണ്ട്. തരൂർ കോൺഗ്രസ്‌ പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങി പ്രവർത്തിക്കണമെന്നാണ് എന്റെ ആഗ്രഹം .

ചോദ്യം: ഇന്ത്യ സഖ്യം നരേന്ദ്രമോദി സർക്കാരിനെയും ബിജെപിയെയും വരുംകാലങ്ങളിൽ അട്ടിമറിക്കുമോ?

ഉത്തരം: കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരേണ്ടതായിരുന്നു. ചെറിയ ചില വ്യത്യാസങ്ങൾ കൊണ്ട് മാത്രമാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. നരേന്ദ്രമോദി പറഞ്ഞ 400 എന്ന സംഖ്യ തൊടാൻ പോലും ബിജെപിക്ക് കഴിയാഞ്ഞത് ഇന്ത്യാ സഖ്യത്തിന്റെ ഒത്തൊരുമ കൊണ്ടാണ്. ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട് അതുകൊണ്ടാണ് 40 സീറ്റുകളുടെ മാത്രം വ്യത്യാസത്തിൽ ബിജെപി അധികാരത്തിലേറുന്നത്. ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ  എന്നിവർ ഇല്ലായിരുന്നെങ്കിൽ കഥ മറ്റൊന്നായേനേ. 

ഇന്ത്യ സഖ്യം കുറച്ചു കൂടി ശ്രദ്ധ കാണിച്ചിരുന്നെങ്കിൽ  ഭരണം പിടിക്കാമായിരുന്നു. കർണാടകയിലും മറ്റും കുറച്ചുകൂടി ശ്രദ്ധ കൊടുക്കേണ്ടതായിരുന്നു. ഇന്ത്യ മുന്നണി ഒരിക്കലും മോദി ഭരണത്തിന് മുമ്പിൽ അല്ലെങ്കിൽ മോദി പ്രഭാവത്തിനു മുമ്പിൽ തോറ്റുപോകുന്ന ഒന്നല്ല. അതിന് ശക്തമായ കെട്ടുറപ്പുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പാർട്ടികളുടെ ഒരു കൂട്ടായ്മയാണ്. മികച്ച ധാരാളം നേതാക്കൾ അതിലുണ്ട് അതുകൊണ്ടുതന്നെ 2029 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ  അട്ടിമറിച്ചുകൊണ്ട് ഇന്ത്യ മുന്നണി അധികാരത്തിൽ വരും എന്ന് തന്നെയാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്.

ചോദ്യം: കേരള കോൺഗ്രസിനെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന ചില അഭ്യൂഹങ്ങൾ ഉണ്ട്? ഇത് ശരിയാണോ?

ഉത്തരം: ഒരു ജനാധിപത്യ പാർട്ടിയായ കേരള കോൺഗ്രസിന് എത്രകാലം സിപിഐഎമ്മിനൊപ്പം നിൽക്കാൻ കഴിയും? അധികകാലം തുടരാൻ കഴിയില്ല മാണി സാറിന് പോലും രണ്ടുവർഷമേ അവരോടൊപ്പം നിൽക്കാൻ കഴിഞ്ഞുള്ളൂ. അതായത് അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത ഒരിടത്ത് എങ്ങനെ കേരള കോൺഗ്രസിനെ പോലുള്ള ഒരു പാർട്ടി നിലനിൽക്കും. അവർ ഇറങ്ങിവന്നാൽ തന്നെ, സുരക്ഷിതമായ ഒരിടം ഒരുക്കുന്നത് എപ്പോഴും യുഡിഎഫ് തന്നെയായിരിക്കും. എന്നാൽ മുന്നണി വിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജോസ് കെ മാണിയും അദ്ദേഹത്തിന്റെ പാർട്ടിയുമാണ് .ജനം ആഗ്രഹിക്കുന്നത് അവർ യു ഡി എഫിന്റെ ഭാഗമാകണമെന്നാണ് .
 കേരള കോൺഗ്രസിനെ തിരികെ എത്തിക്കാനുള്ള ചർച്ചകൾ ഉണ്ടായിട്ടില്ല, പക്ഷെ, തിരികെ വന്നാൽ അത് കേരളത്തെ രക്ഷിക്കാനുള്ള ഒരു നല്ല നീക്കം ആയി തന്നെ ഞാൻ കാണുന്നു.അതിനാൽ അവർ യു ഡി എഫിലേക്ക് വരണം എന്നുതന്നെയാണ് എന്റെ അഭിപ്രായം .

ചോദ്യം: പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പ്രഭാവം കൂടുതൽ ഉപയോഗിക്കാൻ കഴിഞ്ഞാൽ കേരളത്തിൽ കുറേക്കൂടി നേട്ടങ്ങൾ ഉണ്ടാക്കാൻ കോൺഗ്രസിന് കഴിയില്ലേ?

ഉത്തരം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അത്തരം ഒരു സാധ്യതയെക്കുറിച്ച് തന്നെ കോൺഗ്രസ് ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ട്. പ്രിയങ്കയേയും രാഹുലിനെയും കുറേക്കൂടി കേരള രാഷ്ട്രീയത്തിന്റെ ഭാഗമാക്കി മാറ്റാനും അതുവഴി കോൺഗ്രസിന്റെ ആശയങ്ങൾ നടപ്പിലാക്കാനും കേരളത്തിലെ ജനങ്ങളുടെ ജീവിതം കുറേക്കൂടി ഭംഗിയാക്കാനും ശ്രമിക്കുന്നുണ്ട്. എല്ലാം ഓരോ ശ്രമങ്ങൾ അല്ലേ..

ചോദ്യം:കെ പി സി സി  പ്രസിഡന്റിനെ  തിരഞ്ഞെടുക്കുന്ന സമയത്ത് ആന്റോ ആന്റണിയെ തഴഞ്ഞു എന്ന ചില അഭിപ്രായങ്ങൾ പലരും പങ്കുവെച്ചിരുന്നു, ഇതിനേക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഉത്തരം: ആരെയും തഴയുക എന്നത് കോൺഗ്രസ് പാർട്ടിയുടെ ഉദ്ദേശമല്ല. ആന്റോ ആന്റണിക്ക് നേരെ ഇപ്പോഴുണ്ടായത് ഒരു വലിയ സൈബർ ആക്രമണമാണ്, അദ്ദേഹത്തിനോ അദ്ദേഹവുമായി ബന്ധപ്പെട്ടവർക്കൊ അല്ല പരാതി.അത് സോഷ്യൽ മീഡിയകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആളുകളുടേതാണ്. സണ്ണി ജോസഫിനെ തിരഞ്ഞെടുത്തത് തന്നെ അദ്ദേഹം മലബാറുകാരനാണ്, കെ സുധാകരനുമായി അടുത്ത ബന്ധമുള്ള ആളാണ് എന്ന കാരണം കൊണ്ടും അദ്ദേഹത്തിന്റെ നേതൃപാടവം കൊണ്ടുമാണ്. തർക്കങ്ങൾ എല്ലാകാലത്തും നടക്കും ഇപ്പോൾ സോഷ്യൽ മീഡിയ സജീവമായതുകൊണ്ട് അവിടെയാകുന്നു എന്ന് മാത്രം. 

ചോദ്യം: കോൺഗ്രസിന്റെ സൈബർ വിങ്ങ് വളരെ വീക്കാണെന്ന് പലപ്പോഴും തോന്നാറുണ്ട് അത് ശക്തിപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിൽ ആവശ്യമല്ലേ?

ഉത്തരം: നിലവിലെ സാഹചര്യത്തിൽ നാട്ടിൽ നടക്കുന്ന ചർച്ചകളെക്കാളും നാട്ടിൽ നടക്കുന്ന വാഗ്വാദങ്ങളെക്കാളും കൂടുതൽ നടക്കുന്നത് സൈബർ ഇടങ്ങളിൽ ആണ്. അതുകൊണ്ടുതന്നെ കോൺഗ്രസിന്റെ സൈബർ വിങ്ങിനെ കുറേക്കൂടി ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ കൂടി ആവശ്യമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ രീതിയിലുള്ള ഒരു സൈബർ വിങ്ങുണ്ട് .എന്ത് കാര്യം നടന്നാലും അതിനെ വളച്ചൊടിക്കാനും ക്യാപ്സൂളുകൾ ഇറക്കാനും അവർക്ക് ഒരു വലിയ ടീം തന്നെയുണ്ട്. നമ്മൾ അത്തരത്തിൽ ഒരു സാധ്യതയെക്കുറിച്ച് കൂടുതലായി  ചിന്തിക്കുന്നുണ്ട് .

കേരള രാഷ്ട്രീയത്തിൽ പ്രവർത്തനം കൊണ്ടും ജനസമ്മതി കൊണ്ടും പകരക്കാരനില്ലാത്ത നേതാവാണ് രമേശ് ചെന്നിത്തല. തിരക്കിട്ട അമേരിക്കൻ മലയാളി പരിപാടികൾക്കിടയിൽ ചില ചോദ്യങ്ങൾക്ക് തന്ന മറുപടികൾക്കും, വിശദീകരണങ്ങൾക്കും പ്രിയപ്പെട്ട സുഹൃത്ത് കൂടിയായ നേതാവിന് നന്ദി.ഒപ്പം വരാനിരിക്കുന്ന എല്ലാ പദവികൾക്കും ആശംസകൾ.

ചിക്കാഗോയിലെ  കേരളാ എക്സ് പ്രസ്സ് ഓഫിസിലെത്തിയ  രമേശ്  ചെന്നിത്തലയെ  ചീഫ്  എഡിറ്റർ കെ.എം  ഈപ്പൻ  ,എക്സികുട്ടീവ്  എഡിറ്റർ  ജോസ് കണിയാലി ,മാനേജിംഗ്  എഡിറ്റർമാരായ  ഡോ..ടൈറ്റസ്  ഈപ്പൻ ,അനീഷ്  ഈപ്പൻ ,എഡിറ്റർ  കുര്യൻ  ഫിലിപ്പ്‌  എന്നിവർ ചേർന്ന്  സ്വീകരിച്ചു .ഫെലിക്സ്  മുണ്ടപ്ലാക്കലും  രമേശ്  ചെന്നിത്തലയ്‌ക്കൊപ്പം  സന്നിഹിതനായിരുന്നു .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.