VAZHITHARAKAL

മലയാള ഭാഷയെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ജെ മാത്യു സാർ

Blog Image

ഹൃദയശുദ്ധിയുള്ള ഒരാള്‍ സത്യം സംസാരിക്കും, സത്യത്തോടൊപ്പം പ്രവര്‍ത്തിക്കും,
സത്യത്തിനായി നിലകൊള്ളും, ഹൃദയത്തില്‍ നിന്ന് ചിന്തിക്കും


ഒരു നല്ല വ്യക്തിയായിരിക്കുക എന്നത് ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അവര്‍ ലോകത്തിനായി നല്ലത് നല്‍കുമ്പോള്‍ അത് അവര്‍ക്ക് തിരികെ ലഭിക്കുന്നു. എല്ലാക്കാലവും തനിക്ക് ചുറ്റുമുള്ള എല്ലാവരുടേയും പ്രിയപ്പെട്ട ഒരാളായി മാറണമെങ്കില്‍ കടന്നുവന്ന വഴികളില്‍ നന്മയുടേയും, സ്നേഹത്തിന്‍റേയും, കരുതലിന്‍റേയും പച്ചപ്പിന്‍റെയും അധിപനായിരിക്കണം. അങ്ങനെ ഒരാളെ ഈ വഴിത്താരയില്‍ കണ്ടുമുട്ടുന്നു.


ജെ. മാത്യൂസ് സാര്‍. അദ്ധ്യാപകന്‍, വാഗ്മി, സംഘാടകന്‍, നാടകകൃത്ത്, സംവിധായകന്‍, എഴുത്തുകാരന്‍ അതിലുപരി മലയാള ഭാഷയുടെ വളര്‍ച്ചയ്ക്കായി ജീവിതം തന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ മാറ്റിവെച്ച അപൂര്‍വ്വ വ്യക്തിത്വം. ജെ. മാത്യൂസ് സാറിനെ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ അവരുടെ ഓര്‍മ്മച്ചെപ്പില്‍  അദ്ദേഹത്തെ സൂക്ഷിച്ചു വെക്കുന്നതിന്‍റെ കാരണമെന്താവാം. താന്‍ പരിചയപ്പെടുന്ന ഓരോ വ്യക്തികള്‍ക്കും അദ്ദേഹം നല്‍കിയ കരുതലും സ്നേഹിവും അത്രമേല്‍ ഹൃദ്യമായിരുന്നു എന്നതുതന്നെ.
 ജെ. മാത്യൂസ് സാര്‍ കടന്നുവന്ന വഴികളുടെ കഥയ്ക്ക് ഒരു അടുക്കും ചിട്ടയുമുണ്ട്. അമേരിക്കന്‍ മലയാളി സമൂഹത്തിന് ഒരു ബഹുമുഖ പ്രതിഭയെ ലഭിച്ചപ്പോള്‍ കേരളത്തിന് നഷ്ടപ്പെട്ടത് മികച്ച ഒരു അദ്ധ്യാപകനെ ആയിരുന്നു എന്ന് അദ്ദേഹത്തിന്‍റെ നാട്ടിലെ ശിഷ്യന്‍മാര്‍ തന്നെ അടയാളപ്പെടുത്തുന്നു.

കുട്ടി കര്‍ഷകന്‍റെ ജീവിതം
കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ വയല കരയില്‍ തടത്തില്‍ വീട്ടില്‍ സമ്പൂര്‍ണ്ണ കര്‍ഷകരായ ജോസഫിന്‍റേയും ഏലിക്കുട്ടിയുടേയും മൂത്ത മകന്‍ മാത്യൂസ് ജനിച്ചത് മണ്ണിന്‍റേയും ചാണകത്തിന്‍റെയും മണങ്ങള്‍ക്ക് നടുവിലാണ്. അതുകൊണ്ടു തന്നെ ലോകത്തിന്‍റെ ഏതു കോണില്‍ പോയാലും നെഞ്ച് വിരിച്ച് ജെ. മാത്യൂസ് സാര്‍ പറയും ഞാന്‍ ഒന്നാം തരമൊരു കര്‍ഷകനാണെന്ന്. വയല പബ്ലിക് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും, മരങ്ങാട്ടു പള്ളി ഹൈസ്കൂളില്‍നിന്ന് പത്താം ക്ലാസും പാസ്സാകുന്നത് 1957-ല്‍. സ്കൂള്‍ കാലഘട്ടം പഠനത്തോടൊപ്പം അപ്പനെ സഹായിക്കാന്‍ കൃഷിയിടവുമായി ഇണങ്ങിയ ജീവിതമായിരുന്നു കുട്ടിയായിരുന്ന മാത്യൂസിന്‍റേത്. അമ്മയും അപ്പനും മണ്ണിനോട് പടപൊരുതുന്നത് ഞങ്ങള്‍ ആറ് മക്കള്‍ക്ക് വേണ്ടിയാണെന്ന് ഓര്‍ക്കുമ്പോള്‍ മാത്യൂസിന്‍റെ കണ്ണ് നിറയും. രാവിലെയും വൈകിട്ടും വയലിലിറങ്ങും. കാളപൂട്ട്, പറമ്പില്‍ കിളയ്ക്കല്‍, ഇഞ്ചിക്കണ്ടം ഒരുക്കല്‍ ഒക്കെയായി ഒരു കാലം. അപ്പോഴെല്ലാം ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. പഠിച്ച് ഉന്നതിയിലെത്തുക. പാലാ സെന്‍റ് തോമസ് കോളേജില്‍  നിന്ന് ബി.എസ്.സി. രസതന്ത്രം ബിരുദം നേടിയത് വിമോചന സമരകാലത്ത്. 1957 - 61 കാലം. തീവ്ര വിമോചന സമരം ഒരു വശത്ത് നടക്കുമ്പോഴും മാത്യൂസിന് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. ജീവിത വിജയം അറിവിലൂടെ മാത്രം. നാം നേടുന്ന അറിവാണ്  ഏറ്റവും നല്ല കൂട്ടുകാരന്‍ എന്നതായിരുന്നു മാത്യൂസിന്‍റെ പക്ഷം.


ഫാ. ഇസിഡോര്‍ എം. വടക്കന്‍, ആദരണീയനായ
ഗുരുശ്രേഷ്ഠന്‍

ബിരുദ പഠനം കഴിഞ്ഞപ്പോള്‍ തന്നെ മാത്യൂസ് കുറവിലങ്ങാട് സെന്‍റ് മേരീസ് ട്യൂട്ടോറിയല്‍ കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി. അപ്പോഴാണ് മാന്നാനം സെന്‍റ് ജോസഫ് കോളേജില്‍ ബി.എഡിന് അപേക്ഷിക്കുന്നത്. ജീവിതത്തിന്‍റെ വഴിത്തിരിവായ തീരുമാനമായിരുന്നു അത്. ബി.എഡിന് അഭിമുഖം നടത്തിയത് ഫാ. ഇസിഡോര്‍ എം. വടക്കന്‍. തന്‍റെ ജീവിതകഥ അദ്ദേഹം ശ്രദ്ധയോടെ കേട്ടു. മാനേജ്മെന്‍റ് ക്വോട്ടയില്‍ ഒരു കര്‍ഷക പുത്രന് അഡ്മിഷന്‍ കിട്ടുക അസാധ്യം. നിരവധി ശുപാര്‍ശകള്‍ ഉണ്ടെന്ന് ഫാ. ഇസിഡോര്‍ പറഞ്ഞതോടെ ആ പ്രതീക്ഷയും മങ്ങി. ഒരു ദിവസം വയലായില്‍ നിന്ന് ബി.എഡിന് പോയ ഒരു സുഹൃത്ത് പറഞ്ഞു 'എന്തേ നീ ക്ലാസിന് വരുന്നില്ല. നിന്‍റെ പേര് ക്ലാസില്‍ വിളിക്കുന്നുണ്ടല്ലോ' എന്ന്. സങ്കടവും സന്തോഷവും ഒത്തു ചേര്‍ന്ന നിമിഷത്തില്‍ മാത്യൂസ് ഫാ. ഇസിഡോറിനെ ഓര്‍മ്മിച്ചു. ജീവിത വഴിയിലെ ഒരു നിര്‍ണ്ണായക നിമിഷം സമ്മാനിച്ച ഗുരു ശ്രേഷ്ഠന്‍റെ കാല്‍പാദങ്ങളില്‍ നമസ്കരിച്ച് ബി എഡ് പഠനം. ഫസ്റ്റ് ക്ലാസില്‍ വിജയം. 1964-ല്‍ പരിപ്പ് ഹൈസ്കൂളിന്‍റെ വാര്‍ഷിക പരിപാടികള്‍ക്ക് എത്തിയ ഫാ. ഇസിഡോര്‍ അച്ചനോട് സ്കൂള്‍ മാനേജ്മെന്‍റ് പഠിപ്പിക്കാന്‍ കഴിവുള്ള അദ്ധ്യാപകരെ വേണം എന്ന് പറയുന്നു. അച്ചന്‍ മാത്യൂസ് എന്ന തന്‍റെ വിദ്യാര്‍ത്ഥിയുടെ പേര് നിര്‍ദ്ദേശിക്കുന്നു. എന്‍.എസ്.എസിന്‍റെ കീഴില്‍ ഉള്ള പൊതു മാനേജ്മെന്‍റ് സ്കൂളില്‍ അഭിമുഖം നടന്നു. 1964-ല്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി  പരിപ്പ് ഹൈസ്കൂളില്‍ ഔദ്യോഗികമായി അദ്ധ്യാപക ജീവിതത്തിന് തുടക്കം. അവിടെയും വഴികാട്ടിയായി ഫാ. ഇസിഡോര്‍. ഇങ്ങനെയുള്ള മനുഷ്യര്‍ കൂടി ലോകത്ത് ഉള്ളതുകൊണ്ടാണ് ലോകം ഇത്ര മനോഹരമായി നമുക്ക് തോന്നുന്നത് എന്ന് ജെ. മാത്യൂസ് സാര്‍ പറയുമ്പോള്‍ സാറിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ശബ്ദം ഇടറിയിരുന്നു.

കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്‍
പരിപ്പ് ഹൈസ്കൂളില്‍ ജോയിന്‍ ചെയ്ത ദിവസം മുതല്‍ കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്‍ ആയിരുന്നു ജെ. മാത്യൂസ് സാര്‍. ക്ലാസ് മുറികളെ കഥാമയമാക്കുന്ന അദ്ധ്യാപകന്‍. അതിലുപരി കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന അദ്ധ്യാപകന്‍. സ്കൂള്‍ നാടകങ്ങള്‍ എഴുതി യുവജനോത്സവങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് സമ്മാനങ്ങള്‍ നേടിക്കൊടുക്കുന്ന അദ്ധ്യാപകന്‍. അദ്ദേഹം നല്ലൊരു നടന്‍ കൂടിയാണെന്ന് കുട്ടികളും, അദ്ധ്യാപകരും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. വെള്ളമുണ്ടും, വെള്ള ഷര്‍ട്ടും ധരിച്ച് ചുറുചുറുക്കോടെ സ്കൂളില്‍ ഓടിനടക്കുന്ന കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്‍ പത്ത് വര്‍ഷം പരിപ്പ് ഹൈസ്കൂളില്‍ തുടര്‍ന്നു. 1973-ല്‍ അമേരിക്കയില്‍ നേഴ്സ് ആയ തൊടുപുഴ സ്വദേശി ട്രീസയുമായി വിവാഹം. 1974-ല്‍ ജോലി രാജിവെച്ച് അമേരിക്കയിലേക്ക്. ജെ. മാത്യൂസ് എന്ന അദ്ധ്യാപകന്‍ സ്കൂളില്‍ നിന്നും പോയത് നിരവധി കുട്ടികള്‍ക്ക് അന്ന് സങ്കടമായിരുന്നു. പക്ഷെ ജീവിതവഴിയില്‍ സാറിനെ അമേരിക്കയില്‍ വെച്ച് പല ശിഷ്യരും കണ്ടുമുട്ടിയ കഥ പലപ്പോഴായി കേട്ടത് ഈ വഴിത്താരയുടെ മറ്റൊരു നിയോഗം.


ഗ്രോസറി ജീവനക്കാരില്‍ നിന്ന് ഇംഗ്ലീഷ് അദ്ധ്യാപകനിലേക്ക്
അമേരിക്കയിലേക്ക് 1974-ല്‍ വരുമ്പോഴും ഇന്ത്യന്‍ ഇംഗ്ലീഷ് തന്നെ തുണയ്ക്കുമെന്ന് മാത്യൂസ് കരുതിയെങ്കിലും അതത്ര എളുപ്പമല്ല എന്ന് മനസിലായി. അമേരിക്കന്‍ ഇംഗ്ലീഷ് പഠിക്കാന്‍ ഒരു വഴി എന്ന നിലയ്ക്ക് ഒരു ഗ്രോസറി കടയില്‍ ജോലിക്ക് കയറി. സിക്സ്റ്റി നയന്‍ സെന്‍റ് സ്റ്റോര്‍. പിന്നീട് കളര്‍ മാച്ചിംഗ് ജോലിയെക്കുറിച്ച് അറിഞ്ഞു. അത് പഠിച്ച് പുതിയ ജോലിക്ക് കയറി. അപ്പോഴും അദ്ധ്യാപകനാകുവാനുള്ള സ്കൂള്‍ ലൈസന്‍സ് പരീക്ഷയ്ക്കായുള്ള ശ്രമവും തുടര്‍ന്നു. 1976-ല്‍ ആ കടമ്പയും കടന്ന് സബ്സ്റ്റിറ്റ്യൂട്ട് ടീച്ചര്‍ ആയി ജോലി കിട്ടി. ഒരുവര്‍ഷം കഴിഞ്ഞ് ജോലി സ്ഥിരമായി. ഇരുപത് വര്‍ഷം ടീച്ചര്‍ ആയും ഏഴ് വര്‍ഷം അസി. പ്രിന്‍സിപ്പാള്‍ ആയും സേവനം. 2007 - 2008 കാലയളവില്‍ അദ്ധ്യാപക ജോലിയില്‍നിന്ന് വിടപറഞ്ഞു. അദ്ധ്യാപക ജീവിതത്തോളം മഹത്തരമായ ഒരു കാലം വേറെ ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം പറയുമ്പോഴും അദ്ദേഹത്തെ പൊതുസമൂഹം ഇഷ്ടപ്പെടുന്ന ജീവിതത്തിലേക്ക് കടക്കുകയായിരുന്നു അദ്ദേഹം.

വിജയം മാത്രം കണ്ട സംഘടനാ നേതാവ്
തൊട്ടതെല്ലാം പൊന്നാക്കിയതെന്ന് ചിലരെക്കുറിച്ചെങ്കിലും നമ്മള്‍ ചിന്തിക്കുമ്പോള്‍ ആ കൂട്ടത്തില്‍ ഒട്ടും സംശയം ഇല്ലാതെ ജെ. മാത്യൂസ് സാറിനേയും നമുക്ക് ഉള്‍പ്പെടുത്താം. കാരണം അദ്ദേഹം  കൈവെച്ച മേഖലകള്‍ എല്ലാം വിജയത്തിന്‍റേതായിരുന്നു. അമേരിക്കയിലെത്തിയ നാള്‍ മുതല്‍ പ്രാദേശിക മലയാളി സംഘടനകളുടെ സജീവ പ്രവര്‍ത്തകനായ ജെ. മാത്യൂസ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ കമ്മറ്റി മെമ്പര്‍, ജോ. ട്രഷറര്‍, സെക്രട്ടറി, പ്രസിഡന്‍റ് തുടങ്ങി എല്ലാ പദവികളും വഹിച്ചു. ഏത് പദവി ആയാലും അത് ഒരു തവണ മാത്രമെ ഏറ്റെടുക്കു എന്ന നയമാണ് അദ്ദേഹത്തിനുള്ളത്.
1986-ല്‍ ഫൊക്കാനയിലേക്ക്. 1994-ല്‍ കാനഡ കണ്‍വന്‍ഷനില്‍ ഫൊക്കാന വൈസ് പ്രസിഡന്‍റ്, 1996-ല്‍ ഡാളസ് കണ്‍വന്‍ഷനില്‍ ഫൊക്കാന പ്രസിഡന്‍റ് ആയി. ഡോ. മാമ്മന്‍ സി. ജേക്കബ് സെക്രട്ടറി. ഉണ്ണികൃഷ്ണന്‍ നായര്‍ ട്രഷറര്‍.


റോച്ചസ്റ്ററ്റര്‍ ഫൊക്കാന കണ്‍വന്‍ഷന്‍: 
ഇതുവരെ മറികടക്കാത്ത പങ്കാളിത്തം.

1996 - 1998 ഫൊക്കാനയുടെ സുവര്‍ണ്ണകാലം എന്ന് വിശേഷിപ്പിക്കാവുന്ന സമയം. ജെ. മാത്യൂസ് പ്രസിഡന്‍റായി ഒരു മികച്ച സംഘാടനം കാഴ്ചവെച്ച സമയം. റോച്ചസ്റ്ററില്‍ നടന്ന ഫൊക്കാന ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ (തുഞ്ചന്‍ പറമ്പ്) ഏറെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. 8000 ഡെലിഗേറ്റുകള്‍ രജിസ്റ്റര്‍ ചെയ്ത കണ്‍വന്‍ഷന്‍റെ പങ്കാളിത്തം പതിനായിരം കടന്നിരുന്നു. കണ്‍വന്‍ഷന് 6 മാസം മുന്‍പേ തുടങ്ങിയ പ്രാഥമിക ജോലികളില്‍ ഒപ്പം നിന്ന് സഹായിക്കാന്‍ മൂന്ന് പേര്‍. ഫിലിപ്പ് വെമ്പേനില്‍, പുരുഷോത്തമന്‍ പണിക്കര്‍, ജോണ്‍. പി. ചാക്കോ എന്നിവര്‍. ഫിലിപ്പിന്‍റെ വീട് കണ്‍വന്‍ഷന്‍ ഓഫീസായി പ്രവര്‍ത്തിച്ചു. ചിട്ടയായ പ്രവര്‍ത്തനമായിരുന്നു റോച്ചസ്റ്റര്‍ കണ്‍വന്‍ഷന്‍റെ വിജയത്തിന്‍റെ പ്രത്യേകത. നര്‍ത്തകിമാരായ ബീനാ മേനോന്‍ 120 കുട്ടികളുമായി നടത്തിയ ഓപ്പണിംഗ് ഡാന്‍സ്. ചന്ദ്രിക കുറുപ്പിന്‍റെ നേതൃത്വത്തില്‍ നൂപുരയുടെ നൃത്തം, തിരുവല്ല ബേബിയുടെ നേതൃത്വത്തില്‍ രണ്ട് നാടകം, പി.റ്റി. ചാക്കോയുടെ പ്രമാണി നാടകം തുടങ്ങി വൈവിദ്ധ്യം നിറഞ്ഞ പരിപാടികള്‍. അന്നത്തെ സാംസ്കാരിക മന്ത്രി ടി.കെ രാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, സാഹിത്യകാരന്മാരായ ബാലചന്ദ്രന്‍ ചുള്ളിക്കാട്, പുതുശ്ശേരി രാമചന്ദ്രന്‍, ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി, ശോഭന, ഗായകന്‍ യേശുദാസ് എന്നിവരുടെ നിറസാന്നിദ്ധ്യം. ഉമ്മന്‍ ചാണ്ടിക്കൊപ്പം മകന്‍ ചാണ്ടി ഉമ്മനും ആ കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു എന്ന് ഈയിടെ ന്യൂയോര്‍ക്കില്‍ എത്തിയ ചാണ്ടി ഉമ്മനും പരാമര്‍ശിച്ചിരുന്നു.
അമേരിക്കയില്‍ വിവിധ സ്കൂളുകളില്‍ മലയാളം പഠിക്കുന്ന കുട്ടികളും അദ്ധ്യാപകരും പങ്കെടുത്ത മാര്‍ച്ചോടെ തുടങ്ങിയ പരിപാടികളിലെ ഒരു കൗതുകം ഗായകന്‍ യേശുദാസ് ന്യൂയോര്‍ക്ക് ഗുരുകുലത്തിലെ സംഗീതജ്ഞന്‍ കാര്‍ത്തികേയന്‍ മാഷിന്‍റെ 120 കുട്ടികള്‍ക്ക് പാട്ട് പാടി കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്ത നിമിഷങ്ങള്‍ മറക്കാവുന്നതല്ല. വളരെ ചിട്ടയായ പരിപാടികള്‍. പതിനായിരത്തിലധികം ആളുകള്‍. മൂന്ന് ഹോട്ടല്‍ തികയാതെ വന്നു. കണ്‍വന്‍ഷന്‍ വിജയിക്കാനുണ്ടായ പ്രധാന കാരണം ജാതി മത സമവാക്യങ്ങള്‍ ഇല്ലാതെ മലയാളി എന്ന ഒറ്റവികാരത്തോടെയുള്ള പ്രവര്‍ത്തനം. നേതൃത്വം ആരുടേത് എന്നതല്ല മറിച്ച് നമ്മുടേത് എന്ന് ചിന്താഗതിയായിരുന്നു ഓരോ മനസുകള്‍ക്കും. ആദ്യന്തം ഒപ്പം നിന്ന മൂന്മ്പേര്‍, ഫൊക്കാന പ്രവര്‍ത്തകര്‍ എല്ലാവരുടെയും സഹകരണത്തോടെ നടന്ന റോച്ചസ്റ്റര്‍ കണ്‍വെന്‍ഷന്‍ ചരിത്രത്തിലേക്ക് നടന്നു കയറിയ കണ്‍വന്‍ഷനായി.

ലാനയും ജെ. മാത്യൂസ് സാറും
1996-ല്‍ ഫൊക്കാന ഡാളസ് കണ്‍വന്‍ഷനില്‍ എത്തിയ അമേരിക്കയിലെ എഴുത്തുകാര്‍ ഒരു സാഹിത്യ സംഘടനാ കൂട്ടായ്മ രൂപീകരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചതിന്‍റെ ഫലമായിട്ടാണ് ലാന എന്ന അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ കൂട്ടായ്മ ഉണ്ടാകുന്നത്. 1997-ല്‍ ലാനയ്ക്ക് തുടക്കമായി. 1998-ലെ ഫൊക്കാനയുടെ സാഹിത്യ സമ്മേളനത്തിന്‍റെ മുഴുവന്‍ ചുമതലയും മനോഹര്‍ തോമസിന്‍റെ നേതൃത്വത്തില്‍ ലാനയ്ക്ക് നല്‍കി. ബാലചന്ദ്രന്‍ ചുള്ളിക്കാട്, പുതുശ്ശേരി രാമചന്ദ്രന്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച സാഹിത്യ സമ്മേളനം വളരെ മികവുറ്റതായിരുന്നു. ലാനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ജെ. മാത്യൂസ് സജീവമാണ്. ലാന സെക്രട്ടറിയായി ജെ. മാത്യൂസ് 2017-ല്‍ ന്യൂയോര്‍ക്കില്‍ നടന്ന കണ്‍വന്‍ഷനില്‍  എം.എസ്.റ്റി. നമ്പൂതിരി, സേതു നരിക്കോട് (മലയാളം അദ്ധ്യാപകന്‍), എ.കെ.ബി. പിള്ള, പി.റ്റി. ചാക്കോ എന്നീ മുന്‍ തലമുറകളിലെ എഴുത്തുകാരെ ആദരിച്ചു. 2023-ലെ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ജയന്ത് കാമിച്ചേരിലിന് ആദ്യ അവാര്‍ഡ് നല്‍കിയതും ലാന ആയിരുന്നു. ലാനയിലൂടെ നിരവധി എഴുത്തുകാര്‍ വളര്‍ന്നു. നാട്ടില്‍നിന്നും നിരവധി എഴുത്തുകാര്‍ അമേരിക്കയിലെത്തിയതും നല്ല നിമിഷങ്ങളെന്ന് അദ്ദേഹം വിലയിരുത്തുന്നു. നാഷ്വിലില്‍ നടന്ന ലാന 2023-ലെ സമ്മേളനത്തില്‍ ജെ. മാത്യൂസ് സാറിനെ ലാന ആദരിക്കുകയും ചെയ്തിരുന്നു.

ജനനി
അമേരിക്കന്‍ മലയാളികള്‍ക്ക് സാഹിത്യ അഭിരുചിയുടെ വാതായനങ്ങള്‍ തുറന്നിട്ട ജനനി മാസികയുടെ തുടക്കത്തിലും ജെ. മാത്യൂസ് സാറിനു പങ്കുണ്ടായിരുന്നു. പ്രൊഫ. എം.എന്‍. കാരശ്ശേരി മാഷ്, ഡോ. എം.എം. ബഷീര്‍, കെ.എം. റോയ് എന്നിവര്‍ അമേരിക്കയില്‍ നിന്നും ഒരു സാഹിത്യ മാസിക എന്ന ആശയം മുന്നോട്ടുവെച്ചു. സുഹൃത്തുക്കളായ ഡോ. സാറാ ഈശോ, സണ്ണി പൗലോസ് എന്നിവരോടൊപ്പം ചേര്‍ന്ന് ജനനി സാഹിത്യ മാസികയ്ക്ക് തുടക്കമിട്ടു. 22 വര്‍ഷം മുടങ്ങാതെ അച്ചടിച്ച് ജനനി പ്രസിദ്ധീകരിച്ചു. കോവിഡ് കാലത്ത് പ്രസാധനം നിര്‍ത്തിയെങ്കിലും ഇപ്പോള്‍ ഓണ്‍ലൈനായി പ്രസിദ്ധീകരിക്കുന്നുണ്ട്. കേരളത്തിലും, അമേരിക്കയിലുമായി എഴുത്തുകാരും, വായനക്കാരുമായി ഒരു വലിയ സൗഹൃദം ഉണ്ടാക്കുവാന്‍ ജനനി കൊണ്ട് സാധിച്ചിട്ടുണ്ട്. ജെ. മാത്യു സാര്‍ ചീഫ് എഡിറ്ററും, സണ്ണി പൗലോസ് മാനേജിംഗ് എഡിറ്ററും ഡോ.സാറാ ഈശോ ലിറ്റററി എഡിറ്ററുമായി മുന്നോട്ട് പോകുന്ന ജനനിയുടെ കേരളാ ലിറ്റററി എഡിറ്റര്‍ പ്രമുഖ കഥാകൃത്ത് ജോര്‍ജ് ജോസഫ് കെ. ആണ്. കേരളാ സെന്‍ററിന്‍റെ മാധ്യമ പ്രവത്തനത്തിനുള്ള അവാര്‍ഡ് 2007-ല്‍ ജനനി മാസികയ്ക്ക് നല്‍കി ആദരിച്ചിട്ടുണ്ട്.
നാടക നടന്‍
സ്കൂള്‍ കാലയളവില്‍ തുടങ്ങിയ നാടകപ്രേമം മാത്യൂസ് എന്ന കുട്ടിയില്‍ നിന്ന് ജെ.മാത്യൂസ് എന്ന അദ്ധ്യാപകനിലേക്ക് വളര്‍ന്നപ്പോഴും നാടകം ഒരു ഹരമായിരുന്നു അദ്ദേഹത്തിന്. നാട്ടില്‍ ആദ്യമായി അഭിനയിച്ചത് കാനം ഇ.ജെ.യുടെ 'എന്നിട്ടും നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു' എന്ന നാടകത്തില്‍ ആയിരുന്നു. അതില്‍ സ്ത്രീ വേഷം ആയിരുന്നു മാത്യൂസ് സാറിന്‍റേത്. വയല വായന ശാലയുടെ കീഴില്‍ 'സബര്‍മതി ദൂരെയാണ്' എന്ന നാടകത്തില്‍ മികച്ച വേഷം ചെയ്തിരുന്നു. ഓള്‍ കേരള നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ഈ നാടകത്തിന്‍റെ വിധി കര്‍ത്താവായ മാത്യു തെക്കേടത്തിനെ അമേരിക്കയില്‍ വെച്ച് കണ്ടുമുട്ടിയത് ഒരു നാടകക്കാലത്തിന്‍റെ മറക്കാത്ത ഓര്‍മ്മയായി.
ദര്‍പ്പണം
മലയാളത്തിനൊപ്പം എക്കാലവും സഞ്ചരിക്കുമ്പോള്‍ ഒരു പുസ്തകം പുറത്തിറക്കിയ ഓര്‍മ്മ അദ്ദേഹം പങ്കുവെച്ചു. 1957 മുതലുള്ള വിവിധ വിഷയങ്ങള്‍ സ്പര്‍ശിച്ച ലേഖനങ്ങളുടെ സമാഹാരം 'ദര്‍പ്പണം' എന്നപേരില്‍ പുസ്തകമാക്കി. ഡോ. എം.വി. പിള്ളയാണ് അവതാരിക എഴുതിയത്. 2015-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഒരു കാലഘട്ടത്തിന്‍റെ പുനരാവിഷ്കരണം കൂടിയാണ് എന്നതില്‍ തര്‍ക്കമില്ല. എഴുതുകയും എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് എഴുത്തിനോട് ഒരു അക്ഷര പ്രേമി കാട്ടുന്ന കടപ്പാട് ആണെന്നാണ് ജെ. മാത്യൂസ് സാറിന്‍റെ പക്ഷം.
മാധ്യമ പ്രവര്‍ത്തനം
അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തനം കേരളത്തിലേതില്‍ നിന്ന് വളരെയധികം വ്യത്യസ്തകള്‍ നിറഞ്ഞതാണ്. ആഴ്ച തോറും കേരളത്തിലെ വാര്‍ത്തകളും, അമേരിക്കയിലെ വാര്‍ത്തകളും ചേര്‍ത്ത പത്രം മുതല്‍ ഓണ്‍ലൈനുകള്‍ വരെ സജീവമായ ഈ കാലത്ത് അമേരിക്കന്‍ മലയാളി പത്രപ്രവര്‍ത്തകരുടെ സംഘടനയായ  ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്ഥാപക വൈസ് പ്രസിഡന്‍റ് കൂടിയാണ് ജെ. മാത്യൂസ്. അച്ചോയി മാത്യുവിന്‍റെ ചലനം, രാജു മൈലപ്ര എഡിറ്റര്‍ ആയ അശ്വമേധം, കേരളാ എക്സ്പ്രസ്, ഇ-മലയാളി തുടങ്ങി നിരവധി പത്രമാധ്യമങ്ങള്‍  ഉണ്ടെങ്കിലും ജെ. മാത്യു സാര്‍ വളരെ ബഹുമാനിക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകനാണ് ചാക്കോ ശങ്കരത്തില്‍. 10 വര്‍ഷം ഒറ്റയ്ക്ക് രജനി എന്ന മാഗസിന്‍ നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ന് മാധ്യമ പ്രവര്‍ത്തനം ലോകത്തെമ്പാടും പുതിയ മാനങ്ങള്‍ തേടുന്നതില്‍ മാത്യൂസ് സാറിനും എതിരഭിപ്രായമില്ല. കാലത്തിന്‍റെ മാറ്റത്തിനൊപ്പം മാധ്യമങ്ങളും മാറുന്നു എന്ന താകുന്നു സത്യം.
മലയാളത്തെ ഹൃദയത്തിലേറ്റി ഗുരുകുലം
മലയാളി ലോകത്തിന്‍റെ ഏതുകോണിലെത്തിയാലും മലയാളത്തെമാത്രമാകും മുറുകെ പിടിക്കുക. അമേരിക്കയിലെ പുതുതലമുറയ്ക്ക് മലയാളം പഠിക്കുന്നതിനായി ഗുരുകുലം മലയാളം സ്കൂള്‍ 1993 ഫെബ്രുവരി മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗുരുകുലം സ്കൂളിന്‍റെ മുഖ്യ സംഘാടകരില്‍ ഒരാളാണ് ജെ. മാത്യൂസ് സാര്‍. ഇപ്പോള്‍ പ്രിന്‍സിപ്പല്‍ ആയി സേവനം അനുഷ്ഠിക്കുന്നു.
ഫിലിപ്പ് വെമ്പേനില്‍, പുരുഷോത്തമന്‍ പണിക്കര്‍, ജോണ്‍ പി. ചാക്കോ, ഡയാന ചെറിയാന്‍ പി. കെ. രാമന്‍കുട്ടി തുടങ്ങിയവരാണ് മറ്റു സജീവ പ്രവര്‍ത്തകര്‍. രണ്ടര വയസ്സുമുതല്‍ പ്രായമുള്ള കുട്ടികളെ മലയാളം പഠിപ്പിക്കുന്നു. വെള്ളിയാഴ്ചകളില്‍ വൈകിട്ട് 7 മുതല്‍ 9 വരെയാണ് പഠനസമയം. കേരളത്തിലും അമേരിക്കയിലും അദ്ധ്യാപന പരിശീലനം നേടിയിട്ടുള്ളവര്‍ ക്ലാസ്സെടുക്കുന്നു. ശരാശരി 80 മുതല്‍ 100 വരെ കുട്ടികള്‍ ഓരോ വര്‍ഷവും പഠിക്കുന്നുണ്ട്. ഇപ്പോള്‍ മുപ്പത്തൊന്നാം വര്‍ഷമാണ്. ക്ലാസുകള്‍ ഒരിക്കലും മുടങ്ങിയിട്ടില്ല. കോവിഡ് കാലത്തും ഓണ്‍ലൈന്‍ ആയി ക്ലാസുകള്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ആറ് ഗ്രൂപ്പുകളുണ്ട്. അദ്ധ്യാപകര്‍ വോളന്‍റീയേര്‍സ് ആണ്. ഓരോ വീടും ഓരോ ഗുരുകുലം എന്നതാണ് ലക്ഷ്യം. അയ്യായിരത്തില്‍ അധികം മലയാളം പുസ്തകങ്ങള്‍ അതിവിശാലമായ ഗുരുകുലം ലൈബ്രറിക്കുണ്ട്. ന്യൂയോര്‍ക്കിലുള്ള കേരള സെന്‍റര്‍ 2013-ല്‍, ഭാഷാപ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് നല്‍കി ഗുരുകുലത്തെ ആദരിച്ചിട്ടുണ്ട്.
കുടുംബം  എന്ന സമ്പത്ത്
ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നല്‍കിയ പിന്തുണ മാത്യൂസിന് വീട്ടില്‍ സഹോദരങ്ങളും പിന്നീട് ഭാര്യയും മക്കളും നല്‍കിയതാണ് ഈ ജീവിത വഴിയിലെ വെളിച്ചത്തിന് പിന്നിലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. മറ്റൊരു കൗതുകം അദ്ദേഹത്തിന്‍റെ കുടുംബം ഒരു ടീച്ചേഴ്സ് കുടുംബം ആണെന്നുള്ളതാണ്. സഹോദരി സഹോദരന്‍മാരായ മേരി, ലീലാമ്മ, ജോര്‍ജ് ജോസഫ്, മകള്‍ ഗാഞ്ചസ്, അനുജന്‍റെ മകള്‍ സോണിയ ജോര്‍ജ്, പെങ്ങളുടെ മകള്‍ ജൂലിയ സെബാസ്റ്റ്യന്‍ എന്നിവരും ടീച്ചര്‍മാരായതും മറ്റൊരു കൗതുകം. മറ്റൊരു സഹോദരന്‍ ജോസ് നാട്ടിലുണ്ട്. എഴുത്തുകാരി മാലിനി സഹോദരിയാണ്.
ഭാര്യ ട്രീസ രജിസ്ട്രേര്‍ഡ് നേഴ്സായി റിട്ടയര്‍ ചെയ്തു. ജീവിതത്തിലേക്ക് കടന്നുവന്ന കാലം മുതല്‍ ജെ. മാത്യൂസ് എന്ന ഭര്‍ത്താവിന് ട്രീസ നല്‍കിയ പിന്തുണ ചെറുതല്ല. തന്‍റെ വിജയത്തിന്‍റെ കല്പടവുകളില്‍ ഇപ്പോഴും താങ്ങും തണലുമായി  ട്രീസ ഒപ്പമുണ്ട്. മകന്‍ ജെസ്റ്റിന്‍ (അഗ്നിശമന സേനയില്‍ ജോലി), മകള്‍ ഗാഞ്ചസ് (ടീച്ചര്‍) കൊച്ചുമക്കളായ കിരണ്‍, എലൈജ, റൈലി, ടിജെ എന്നിവര്‍ കളിയും ചിരിയുമായി ഒപ്പമുണ്ട്.
റിട്ടയര്‍മെന്‍റിന് ശേഷം ന്യൂയോര്‍ക്കിലേയും, ന്യൂജേഴ്സിയിലേയും എല്ലാ സംഘടനാ വേദികളിലും, സാഹിത്യ സദസുകളിലും സജീവമായ ജെ. മാത്യൂസ് സാര്‍ അമേരിക്കന്‍ മലയാളികള്‍ക്ക് സര്‍വ്വ സമ്മതനാകുന്നത് അദ്ദേഹത്തിന്‍റെ എളിമയുളള ജീവിത ശൈലി കൊണ്ടും കരുതലും, വിട്ടുവീഴ്ചയുള്ള മനസും കൊണ്ടാണ്. ഒരാളെയും മനസു കൊണ്ടു പോലും നോവിക്കാതെ അദ്ദേഹം മുന്നോട്ട് നീങ്ങുമ്പോള്‍ അമേരിക്കന്‍ മലയാളി സമൂഹം ജെ. മാത്യൂസ് സാറിനെ പോലെ ഹൃദയത്തോട് ചേര്‍ക്കുന്ന മറ്റൊരാള്‍ ഉണ്ടോ എന്നത് സംശയമാണ്.
ജെ. മാത്യൂസ് സാര്‍ ഹൃദയം തുറന്ന് ഇനിയും ഏറെ നാള്‍ എല്ലാവരേയും സ്നേഹിക്കട്ടെ. പുതിയ തലമുറയ്ക്കും തണലായി ഈ വടവൃക്ഷം നന്മ  ചൊരിയട്ടെ. പ്രാര്‍ത്ഥനകള്‍


 

Related Posts