കൊച്ചി: നടി അൻസിബ ഹസനും നടനും താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ടിനി ടോമും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. തനിക്കെതിരെ അപകീർത്തികരമായ സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ച് അൻസിബ കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തി വിശദമായ മൊഴി നൽകി. കേസ് രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായാൽ നിയമനടപടികളുമായി കോടതിയെ സമീപിക്കുമെന്ന് നടി വ്യക്തമാക്കി.
തനിക്കെതിരെ അയച്ച അപകീർത്തികരമായ സന്ദേശങ്ങളുടെ വ്യക്തമായ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് അൻസിബ മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയുടെ ഔദ്യോഗിക എക്സിക്യൂട്ടീവ് കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പിലാണ് ഇത്തരമൊരു സന്ദേശം വന്നതെന്ന ഗുരുതരമായ ആരോപണമാണ് നടി ഉന്നയിക്കുന്നത്. ഈ വിഷയത്തിൽ പൊലീസിൽ പരാതി നൽകിയെങ്കിലും, കേസ് അപകീർത്തിപ്പെടുത്തലിന്റെ പരിധിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നാണ് പൊലീസിന്റെ നിലപാട്.
കേസിൽ ടിനി ടോമിന് രാഷ്ട്രീയമായി വലിയ സ്വാധീനമുണ്ടെന്നും അൻസിബ ആരോപിക്കുന്നു. എങ്കിലും സർക്കാരിലും നിയമസംവിധാനങ്ങളിലും തനിക്ക് പരിപൂർണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും നടി കൂട്ടിച്ചേർത്തു.

