ദമയന്തിയുടെ സ്വയംവരം. ദേവന്മാരും അസുരന്മാരും കലിദ്വാപരന്മാരും സ്വയംവരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. ദമയന്തി ആരുടെ കഴുത്തിലാവും വരണമാല്യം ചാര്‍ത്തും എന്ന ആശങ്കമാത്രമേ ശേഷിക്കുന്നത്. ദേവേന്ദ്രാദ്രാദികള്‍ വരണത്തിന് കഴുത്ത് പാകമാക്കി അങ്ങനെ മുന്‍നിരയിലുണ്ട്. നന്നായി മുടി ഒതുക്കി രാജത്വത്തിന്റെതായ പ്രൗഡിയില്‍ വിവിധ രാജാക്കന്മാര്‍ കൊതിയോടെ കഴുത്ത് നീട്ടി ഇരിപ്പുണ്ട്.പോകുന്നവഴിക്ക് അറിയാതെ മാല തന്റെ കഴുത്തില്‍ വന്നു വീണാലോ? വിഷു ബംബര്‍ പോലെ! വരും ഇപ്പോള്‍ വരും വരാതിരിക്കുമോ പ്രതീക്ഷയാണ് ആശ്രയം! ദമയന്തി മാത്രം ഒന്നും മിണ്ടുന്നില്ല. ദൂതന്മാരും പ്രവാചകന്മാരും രാവിലെയും വൈകിട്ടും ഉച്ചയ്ക്ക് ഒക്കെ ഇരുന്ന് വലിയ ചര്‍ച്ചയിലാണ്. വരണം വരന്‍ മാത്രം.?!
വരന്‍ ആരായിരിക്കും? വലിയ ആശങ്കയാണ്. വരും ഇപ്പോള്‍ വരും ...വരാതിരിക്കുമോ ...?പ്രതീക്ഷയാണ് ആശ്രയം! ദമയന്തിക്ക് ഇപ്പോള്‍ നളനോട് ഒരു ഇഷ്ടമുണ്ടെന്ന് പരക്കെ സംസാരമുണ്ട്. കഷ്ടകാലത്തിന് കഴുത്തിൽ ആ പെണ്ണ് മാല വച്ചാലോ? ആശങ്കയോടെ ഇരിക്കുകയാണ് എല്ലാവരും. സ്വയംവരമുഹൂര്‍ത്തം അടുക്കുംതോറും ഭൈമികാമുകന്മാരുടെ ചങ്കിടിപ്പും ആശയും ഒക്കെ തെളിഞ്ഞും ആളിയും കത്തുകയാണ്. 'എനിക്ക് കിട്ടണം എനിക്ക് കിട്ടണം ഞാന്‍ കെട്ടും'' എന്ന ഒരേവാശിയിലാണ് സര്‍വ്വകാമുകന്മാരും. ദമയന്തി ആകട്ടെ സര്‍ക്കാര്‍ ചെലവില്‍ സ്‌ട്രോങ്ങ് റൂമില്‍ വളരെ ബന്ധവസായി ഒരു ന്യൂക്ലീയര്‍ ബോംബുപോലെ സുഖിക്കുയാണ്. പുറത്തോട്ട് ഇറങ്ങുവാന്‍ സമ്മതിക്കാതെ കാത്തുവെച്ചിരിക്കുകയാണ്. ബട്ടണില്‍ തൊട്ടാല്‍ ബോംബ് ആരുടെയെല്ലാം തലയ്ക്കടിക്കും... അയ്യോ!
ഈ ദമയന്തിയുടെ ഇപ്പോഴത്തെ സംരക്ഷകര്‍ ഇലക്ഷന്‍ കമ്മീഷന്‍ ആണ്. പുതിയകഥയാണ് കേട്ടോ. മഹാഭാരതത്തില്‍ ഇലക്ഷന്‍ കമ്മീഷന് ജമയന്തിയുടെമേല്‍ അവകാശമേ ഉണ്ടായിരുന്നില്ല. എന്നല്ല അക്കാലത്ത് ദമയന്തിക്ക് ഒരു ഇലക്ഷന്‍ കമ്മീഷന്റെയും ആവശ്യമില്ലായിരുന്നു. നടന്നുപോവുക.. മുന്‍കൂട്ടി കണ്ടുവച്ചിരിക്കുന്നവരെ കെട്ടുക. പക്ഷേ ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ പുറകെ ഇടതും വലതും നടുവും അങ്ങനെ മൂന്ന് വിഭാഗങ്ങളാണ്. ഈവിഭാഗങ്ങളില്‍ കോവിലകം നാട്ടുരാജാക്കന്മാരുടെ സംഘടന മത്സരത്തിന് വന്നിരിക്കുന്നത് യുണൈറ്റഡ് എന്ന പേരിലാണ്. പക്ഷേ കൂട്ടത്തില്‍; ഒറ്റക്കെട്ടിനുള്ളിലും തെറ്റിത്തെറ്റി നേതാക്കന്മാരും ഉണ്ട്. എല്ലാവര്‍ക്കും ദമയന്തിയെ വരിക്കണമെന്ന് വിശാലമായ മനസ്സുളളവരും എന്നെ ഭരിക്കണം എന്നെ ഭരിക്കണം എനിക്ക് വേണം എന്ന മട്ടിലുള്ളവരാണ്.
ഇലക്ഷന്‍ കമ്മീഷന്റെകീഴില്‍ ഇരിക്കുന്ന ദമയന്തി പുതിയ പേരാണ് വോട്ടുകള്‍. അപ്പോള്‍ ഭൈമീകാമുകര്‍ ആരെന്ന് പറയേണ്ടല്ലോ. വോട്ട് പെട്ടികള്‍ തുറക്കുന്നതിന് ഇനിയും കാത്തിരിക്കണം. പക്ഷേ വരന്റെ സ്ഥാനത്തിന് വേണ്ടി മത്സരവും തമ്മിലടിയും കുതികാൽവെട്ടും നിഴല്‍ യുദ്ധവും ദൂതന്മാരെ അയക്കലും ഒക്കെ തകൃതിയായി നടക്കുന്നു. അത് ഒഴിവാക്കാന്‍ പാടില്ല. വെട്ടിപ്പിടിക്കുന്നവനാണ് ക്ഷത്രിയന്‍. അവനാണ് രാജ്യാധികാരം.
ദേവേന്ദ്രനും കലിയും ദ്വാപരനും ഊക്കോട് മുന്നിലുണ്ട്. കിട്ടിയാല്‍ അപ്പൊ തട്ടിക്കൊണ്ടു പോകാം എന്ന മട്ടില്‍. മറ്റും മറ്റുപലരും വേറെയും ഉണ്ട്. പാപം ' ദമയേന്തിക്ക്' ഉള്ളുതുറക്കാന്‍ ഇനിയും മെയ് 4 വരെ കാത്തിരിക്കണം. അതിനുള്ളില്‍ ആരൊക്കെ ആരെയൊക്കെ ഇല്ലാതാക്കും എന്നും ഏത് കുഴിയില്‍ ചാടിക്കുമെന്നും പറയാന്‍ പറ്റില്ല. 'അയ്യോ ഒരു മോഹവും എനിക്കില്ല' എന്ന് പാടിയ ഗോപൻ ദേവേന്ദ്രന്റെ അനുഗ്രഹത്തോടെ മോഹിയായി മുന്നിലുണ്ട്. കണ്ണ് ചിമ്മാത്ത ദേവന്മാരും കണ്ണുചിമ്മുന്ന മനുഷ്യന്മാരും തമ്മിലാണ് പ്രധാനപ്രധാന മത്സരം. വാടാത്ത പൂ ചൂടിയ ദേവന്മാരെ ദമയന്തിക്ക് തിരിച്ചറിയാനും ശരിയായ നടനെ സ്വീകരിക്കാനും അറിയാമെന്ന് വിഡ്ഢികള്‍ക്ക് അറിഞ്ഞുകൂടാ.
കേരളത്തിലെ വരാന്‍പോകുന്ന തെരഞ്ഞെടുപ്പ് ഫലവും അതിനുമുമ്പുള്ള തമ്മിലടിയും ഒന്ന് ഇതിഹാസത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍ത്തു പോയതാണ്. ഈ തെരഞ്ഞെടുപ്പില്‍ ദമയന്തിക്കുവേണ്ടി ഓടിയത് സതീശനളനാണ്. ഹംസമായ മുസ്ലിം ലീഗും പിന്നെക്കുറെ അഭ്യുദയകാംക്ഷികളും കൂടെയുണ്ടായിരുന്നു. അതിനിടയ്ക്ക് എല്ലാം ശരിയാക്കുന്നവര്‍ ശരിയായ ദമയന്തി മുസ്ലിം ലീഗ് ആണെന്ന് കരുതി ഒരു ചെമ്പനീര്‍പ്പൂ നീട്ടിയതാണ്. ലീഗുദമയന്തിക്ക് സതീശന്‍നളനെ മാത്രം മതിയെന്നു പറയുന്നു. പെരുന്നയിലെ ഋതുപര്‍ണ്ണനാകട്ടെ ഈ നളനോടത്ര കമ്പമില്ലെന്നു പറഞ്ഞുകേള്‍ക്കുന്നു. കലിദ്വാപരന്മാരായ ഇടതന്മാര്‍ നളനെയും ദമയന്തിയെയും തെറ്റിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. പക്ഷേ എല്ലാം കഴിഞ്ഞപ്പോള്‍ ഇതാ പാളയത്തില്‍നിന്ന് പുഷ്‌കരന്മാര്‍ സമരവുമായി ഇറങ്ങിയിരിക്കുന്നു. കള്ളച്ചൂതും വെല്ലുവിളിയും എന്ന് വേണ്ട എന്തിനും പുഷ്‌കരന്മാര്‍ വാര്‍ത്തയാണ്. പുഷ്‌കരന്മാരില്‍ കേമന്‍ സാക്ഷാല്‍ ഗോപാലനാണ്. കണ്ണൂരുള്ള പുഷ്‌കരനും നളനെ വെല്ലുവിളിച്ച് മുന്നോട്ടുവന്നിരിക്കുകയാണ്. ദമയന്തി വരിക്കുമോ തള്ളുമോ എന്നൊന്നും തീര്‍ച്ചയായിട്ടില്ല. പക്ഷേ പുഷ്‌ക്കര-നള വെല്ലുവിളി മത്സരങ്ങള്‍ നടക്കുകയാണ്.
ഒരു പരിണയസ്വയംവരഭാവനയിലെ നെല്ലും കല്ലും പതിരും!
പാവം രമേശനും ദമയന്തിയെ ഓര്‍ത്ത് അങ്ങനെ കഴിയുകയാണ്. ഇലക്ഷന്‍
കമ്മീഷന്‍ തടവറയില്‍ നോക്കി വട്ടമിടുന്ന ഹംസങ്ങള്‍ക്ക് കുറവില്ല. സാമ്യമകന്നോരുദ്യാനമല്ലേ... പ്രേമ ദൂതുമായി എങ്ങും പാറിപറക്കുന്നുണ്ട്.
വാര്യരുടെ ഹംസത്തിന് നളദമയന്തി ബാന്ധവം മാത്രമേ ലക്ഷ്യമുണ്ടായിരുന്നു. കീശയില്‍ എന്തെങ്കിലും ആശിച്ചിട്ടില്ല. പക്ഷേ ഇവിടെ ഹംസങ്ങള്‍ പറക്കുന്നത് സ്വയമേവ പോരുന്ന കഷണങ്ങള്‍ക്ക് വേണ്ടിയാണ്. എന്തായാലും മെയ് 4 പരിണയ ദിവസംവരെ നളദമയന്തിപുഷ്‌ക്കരകലിദ്വാപരസംവാദങ്ങളും വെല്ലുവിളിനിഴല്‍നാടകകള്ളച്ചൂതുകളും അരങ്ങേറും. ഒടുവില്‍ തടവിലായ ദമയന്തി പുറത്തുവന്ന് ചിരിക്കുമ്പോള്‍ ആര്‍ക്കൊക്കെ അത് ഹൃദ്യമാകും ആരൊക്കെ ചിരിക്കും എന്നറിയാം.
ഉടുപ്പുകള്‍ ഒത്തിരി അധികം വരും. ഇരിക്കുന്ന കൊമ്പുകള്‍പലതുമ മുറിച്ചെന്നു വരും. എന്നാലെന്ത് ആങ്ങള ചാവുമല്ലോ നാത്തൂന്‍ കരയുമല്ലോ.
സാമൂഹ്യപാഠം:
പെട്ടിക്കകത്തെ താമരപ്പെണ്ണിനെ കൈപ്പത്തിയും അരുവാള്‍ത്തുമ്പും ആരും കാണാതെ തോണ്ടുന്നുണ്ടാകും! അവളാകട്ടെ ക്ലോക്കിലെ പെൻഡുലംപോലെ ആടിച്ചിരിക്കുന്നുണ്ടാവും.

അനിൽ പെണ്ണുക്കര
വര:ഋഷി ശങ്കർ

