PRAVASI

2.39 മിനിറ്റിൽ സ്വന്തം കഥ പറഞ്ഞ് മമ്മൂട്ടി

Blog Image

രാജ്യം പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചതിന്റെ പശ്ചാത്തലത്തിൽ, മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിനിമാ ജീവിതം പറയുന്ന പ്രത്യേക വീഡിയോയുമായി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം. വെറും 2.39 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെ തന്റെ കുട്ടിക്കാലത്തെ മോഹം മുതൽ ഇന്നത്തെ പത്മഭൂഷൺ നേട്ടം വരെയുള്ള സംഭവബഹുലമായ യാത്ര മമ്മൂട്ടി തന്നെ നേരിട്ട് വിവരിക്കുകയാണ്. സിനിമയോടുള്ള തന്റെ അടങ്ങാത്ത ആഗ്രഹത്തെയും കടന്നുവന്ന വഴികളെയും കുറിച്ച് താരം തുറന്നുപറയുന്നു.

എന്റെ അച്ഛന് ഞാൻ ഒരു ഡോക്ടർ ആകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ യാദൃശ്ചികമായി ഞാൻ ഒരു അഭിഭാഷകനും പിന്നീട് ഒരു നടനുമായി മാറി. ആദ്യമായി അഭിനയിച്ച ചിത്രം വെള്ളിത്തിരയിൽ കണ്ട നിമിഷം മുതൽ ഒരു സിനിമാ നടനാകണമെന്ന് ഞാൻ ഉറപ്പിച്ചു. അതിനായുള്ള ശ്രമങ്ങൾക്കും ബുദ്ധിമുട്ടുകൾക്കുമിടയിലും സിനിമയോട് എനിക്ക് ഒരുതരം ആർത്തിയായിരുന്നു. തുടക്കത്തിൽ വളരെ ചെറിയ റോളുകളാണ് ലഭിച്ചത്. വക്കീലായി പ്രാക്ടീസ് ചെയ്യുന്നതിനിടയിലായിരുന്നു വിവാഹം. അതിനുശേഷമാണ് ഒരു വലിയ വേഷം ലഭിക്കുന്നത്, എന്നാൽ ഭാഗ്യക്കേട് കൊണ്ട് ആ ചിത്രം പൂർത്തിയായില്ല. നാടകങ്ങളിലും മിമിക്രിയിലുമൊക്കെ സജീവമായിരുന്നെങ്കിലും എന്റെ ലക്ഷ്യം സിനിമ മാത്രമായിരുന്നു.

അവസരങ്ങൾക്കായി അലഞ്ഞ കാലത്തെക്കുറിച്ചും പിന്നീട് മലയാള സിനിമയുടെ ചരിത്രമായി മാറിയ കരിയർ ഗ്രാഫിനെക്കുറിച്ചും മമ്മൂട്ടി മനസ്സ് തുറന്നു. അവസരങ്ങൾക്കായി ഒട്ടനവധി സംവിധായകരെ അന്ന് സമീപിച്ചിരുന്നു. എന്നാൽ അവരെല്ലാം എന്നിൽ എന്തെങ്കിലും കുറ്റങ്ങൾ കണ്ടെത്തി എന്നെ തഴയുമായിരുന്നു. കടുത്ത സങ്കടം തോന്നിയ നാളുകളായിരുന്നു അത്. ഒടുവിൽ ഞാൻ തിരക്കഥാകൃത്ത് എം.ടിയെ കണ്ടുമുട്ടി. അദ്ദേഹത്തിന് എന്നിൽ ആത്മവിശ്വാസം തോന്നുകയും എനിക്കൊരു വലിയ വേഷം നൽകുകയും ചെയ്തു. അവിടെ നിന്നങ്ങോട്ട് ഒരു വലിയ പോരാട്ടമായിരുന്നു. സിനിമ എന്ന മാധ്യമത്തെയും അതിന്റെ സാങ്കേതികതയെയും ഞാൻ പഠിച്ചെടുത്തു. ഒരു സാധാരണ നടനാകാൻ തന്നെ ഏറെ കാലമെടുത്തു. പിന്നീട് ഒരു മികച്ച നടനാകാൻ വീണ്ടും വർഷങ്ങൾ വേണ്ടി വന്നു. ഒരു കഥാപാത്രത്തിനും എന്നെ വെല്ലുവിളിക്കാൻ ആകില്ല, കാരണം എനിക്ക് അഭിനയത്തോട് അത്രയും ആവേശവും അർപ്പണബോധവും സത്യസന്ധതയുമുണ്ട്. താരം എന്നതിലുപരി ഒരു മികച്ച നടനാകാനാണ് ഞാൻ എന്നും ആഗ്രഹിച്ചത്. ഇപ്പോഴും എപ്പോഴും ഞാൻ ഒരു നടൻ മാത്രമാണ്.

തന്റെ വിജയങ്ങൾക്ക് പിന്നിലെ കുടുംബത്തിന്റെ പങ്കിനെക്കുറിച്ചും പുതിയ തലമുറയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചും പറഞ്ഞാണ് മമ്മൂട്ടി വീഡിയോ അവസാനിപ്പിക്കുന്നത്. എനിക്ക് ഒരു മകനും മകളുമാണുള്ളത്. മകൻ എന്നെപ്പോലെ തന്നെ ഒരു നടനാണ്. മകൾ ഒരു പെയിന്ററും ഭാര്യ ഒരു വീട്ടമ്മയുമാണ്. എന്റെ കുടുംബം എനിക്ക് നൽകിയ പിന്തുണയും പ്രോത്സാഹനവും വലുതാണ്. ഒട്ടനവധി പുതിയ സംവിധായകരെ ഞാൻ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയിട്ടുണ്ട്. ഇന്നത്തെ ചെറുപ്പക്കാർക്ക് എന്നെ വെച്ചുകൊണ്ട് പുതുതായി എന്തെങ്കിലും ചെയ്യാനുണ്ടാകും. അത് ഒട്ടും മിസ്സ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല മമ്മൂട്ടി പറഞ്ഞവസാനിപ്പിക്കുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.