ഇന്റർനെറ്റിൽ തരംഗമായി മാറിയ പ്രണയകഥയിലെ നായികയും കേരളത്തിൽ വിവാഹിതയുമായ വൈറൽ കുംഭമേള പെൺകുട്ടിയുടെ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തു. പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ മുത്തുമാലകൾ വിൽക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ വൈറലായ കുട്ടി സിനിമയിൽ അഭിയിക്കുകയായിരുന്നു. ഇവർക്ക് പ്രായപൂർത്തിയായില്ല എന്ന് കണ്ടെത്തിയതോടെയാണ് ഭർത്താവ് ഫർമാൻ ഖാനെതിരെ ഗുരുതരമായ നിയമനടപടികൾ ആരംഭിച്ചത്.
നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് (NCST) നടത്തിയ അന്വേഷണത്തിലാണ് വിവാഹസമയത്ത് പ്രായപൂർത്തിയായിരുന്നില്ല എന്ന വിവരം പുറത്തുവന്നത്. ഇതിനെത്തുടർന്ന് മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ മഹേശ്വർ പോലീസ് സ്റ്റേഷനിൽ ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
കുട്ടിയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം പ്രണയവിവാഹമായാണ് സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടത്. എന്നാൽ പെൺകുട്ടിയുടെ പ്രായത്തെക്കുറിച്ച് പരാതി ഉയർന്നതോടെ എൻ സി എസ് ടി കേരളത്തിലും മധ്യപ്രദേശിലുമായി വിശദമായ അന്വേഷണം നടത്തി.
അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ
യഥാർത്ഥ പ്രായം: കുട്ടി മധ്യപ്രദേശിലെ പാർധി ഗോത്ര വിഭാഗത്തിൽപ്പെട്ടതാണെന്നും മഹേശ്വർ ഹോസ്പിറ്റൽ റെക്കോർഡുകൾ പ്രകാരം 2009 ഡിസംബർ 30നാണ് ജനിച്ചതെന്നും കണ്ടെത്തി. 2026 മാർച്ച് 11ന് കേരളത്തിൽ വിവാഹം നടക്കുമ്പോൾ 16 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.
വ്യാജരേഖകൾ: വിവാഹം നടന്നത് കേരളത്തിലാണെന്നും, പ്രായപൂർത്തിയായെന്ന് കാണിക്കാൻ വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ വ്യാജരേഖ റദ്ദാക്കാൻ അധികൃതർ ഉത്തരവിട്ടു.
വിവാഹ രജിസ്ട്രേഷൻ: കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് വ്യാജരേഖകൾ ഉപയോഗിച്ച് വിവാഹം രജിസ്റ്റർ ചെയ്തത്. വിവാഹം നടന്ന ക്ഷേത്ര അധികൃതർ ദമ്പതികൾ നൽകിയ ആധാർ വിവരങ്ങളെയാണ് ആശ്രയിച്ചതെന്നും റിപ്പോർട്ട് പറയുന്നു.
ഈ സംഭവത്തിന് പിന്നിൽ ചില സംഘടനകൾക്കോ വ്യക്തികൾക്കോ പങ്കുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാരോട് ഏപ്രിൽ 22ന് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദേശിച്ചു. ഓരോ മൂന്ന് ദിവസത്തിലും കേസിലെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

