PRAVASI

കാർത്ത്യായനിയിലെ ബിയറും, മാള അരവിന്ദൻ ചേട്ടനും

Blog Image

മലയാള സിനിമാ പൂർണ്ണമായി ഉപയോഗിക്കാത്ത മഹാനടനായിരുന്നു, പ്രിയങ്കരനായ മാളച്ചേട്ടൻ. നെല്ലിയാമ്പതിയിൽ ഞാനെഴുതിയ ഒരു സിനിമയിൽ കൊല്ലൻ നാരായണ നാകാനെത്തിയപ്പോഴാണ് അരവിന്ദേട്ടനെ ഞാൻ പരിചയപ്പെടുന്നത്. സംഭാഷണങ്ങളിൽ (ഡയലോഗ്സ്) സന്ദർഭത്തിനനുസരിച്ച് നർമ്മം ചേർത്ത് മാറ്റങ്ങൾ വരുത്തിയിരുന്ന അദ്ദേഹം ,ഒരു തുടക്കാരനെന്ന് കരുതി അവഗണിക്കാതെ എന്നെ അതറിയിച്ച് അനുമതി വാങ്ങിയിരുന്നു. ഒടുവിൽ പകുതിയിൽ നിന്ന സിനിമയിൽ നിന്ന് തിരികെ പ്പോകുമ്പോൾ തൃശൂർ വരെ ചേട്ടനെന്നെ ഒപ്പം കൂട്ടി. ഇടക്കു വിളിക്കാം എന്ന് പറഞ്ഞ് പിരിഞ്ഞപ്പോൾ പതിവു സിനിമാ ജാഡയായി മാത്രമാണ് ഞാൻ കണ്ടത്. പക്ഷെ അതു വെറുതെ ആയിരുന്നില്ല എന്ന രണ്ടാഴ്ചകൾക്കകത്ത് തന്നെ മനസിലായി.
        ചേർത്തലയിൽ വർക്ക് നടന്ന വിജയ് പി.നായരുടെ കാക്കി നക്ഷത്രം സിനിമയിലഭിനയിക്കാനെത്തിയ ചേട്ടൻ എത്തിയ ഉടൻ എന്നെ വിളിച്ചു. താമസിക്കുന്ന കാർത്ത്യായനീ ബാർ ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്തു. സഹ എഴുത്തുകാരനും ,കട്ട ചങ്കുമായ ഷഫീഖ് കുട്ടിക്കലും ഒത്താണ് ഞാനദ്ദേഹത്തെ കാണാൻ പോയത്. സന്തത സഹചാരിയായ ഇക്കയും മാളച്ചേട്ടനൊപ്പം റൂമിലുണ്ടായിരുന്നു. വിശദമായ കുശലം പറച്ചിലുകൾക്കു ശേഷം ഇന്നു വർക്കില്ലേ എന്ന് ഞാൻ അദ്ദേഹത്തോടു ചോദിച്ചു. " ഇന്ന് വർക്കല്ലടാ ,വറക്കലാ" എന്നാണ് അദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ മറുപടി പറഞ്ഞത്. പൈസ പെൻ്റിംഗുള്ളത് തരാതെ സോപ്പിടാൻ വരുന്ന പ്രൊഡക്ഷൻ എകസിക്യൂട്ടീവ് ശിവനെ വറുക്കണ്ട കാര്യമായിരുന്നു ചേട്ടൻ ഉദ്ദേശിച്ചത്. ഞങ്ങളോട് താഴെ ബാറിലിരുന്ന് റൂമിൻറ് നമ്പർ പറഞ്ഞ് ഓരോ ബിയറടിക്കാൻ പറഞ്ഞു വിട്ടു. മദ്യപാനം തീരെ വഴങ്ങാത്ത കാലത്ത് ( ഷഫീഖിനിപ്പോഴും ഇല്ല ) മാളച്ചേട്ടൻ്റെ വാക്കുകൾ അനുസരിക്കാനും ,ബാറിനകം കാണാനുള്ള കൗതുകം കൊണ്ടും ഞങ്ങൾ ഉടലാസകലം വിറച്ചുകൊണ്ട് അകത്ത് കടന്നിരുന്നു.( കാർത്യായനി ആ കന്നിക്കാരൻറ് അങ്കം കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു) ശങ്കയോടെ തന്നെ രണ്ട് ബിയർ പറഞ്ഞു. വളരെ സ്നേഹത്തോടെ ബെയറർ പാനീയം തുളുമ്പി പോകാതെ ഗ്ലാസുകളിലേക്ക് പകർന്നു. ധൈര്യം സംഭരിച്ച് ഞാനത് ചുണ്ടോടു ചേർത്ത് കുടിക്കാൻ ശ്രമിച്ചു. തണുപ്പും' ചവർപ്പും ചേർന്ന് പാക്കഴുകിയ വെള്ളം കുടിക്കുന്ന പോലെ., തൊണ്ടയിൽ നിന്നിറങ്ങുന്നില്ല .ഷഫീഖിൻ്റെ മുഖത്തേക്ക് നോക്കുമ്പോൾ അവിടെ അതിനെക്കാലും കഷ്ടമാണ് കാര്യങ്ങൾ.


       ടേബിളിൽ ഇരുന്നു. കഴിക്കുന്നവരും, നടന്ന് വന്ന് നിൽപ്പനടിച്ച് ചിറി തുടച്ചു പോകുന്നവരുമായി പലതരം കുടിയന്മാർ. ടേബിളുകൾക്കിടയിലൂടെ പാടുപെട്ട് വന്ന ഒരു തടിയനെ പുശ്ചത്തോടെ നോക്കി ,അതിലിരട്ടി തടിയനായ കൗണ്ടർ മാൻ മൂന്നു പെഗ്ഗൊഴിച്ചു.സോഡ പൊട്ടിച്ചു നീക്കി വച്ചു കൊടുത്തു '.കുടിയൻ മൂന്നു പെഗ്ഗും ഒന്നിച്ചാക്കി  പേരിന് വെള്ളം തളിച്ച് ഒറ്റ വലിക്കിറക്കി സ്റ്റെഡിയായി നടന്നു പോയി, ഇപ്പോൾ വളിച്ചത് കൗണ്ടറിലെ തടിയൻ്റ് മുഖമായിരുന്നു.
          ഞങ്ങൾ ബിയറു കുപ്പിയും പൊട്ടിച്ചിരിക്കാൻ തുടങ്ങിയിട്ട് അര മണിക്കൂർ കഴിഞ്ഞു ഇതുവരെ ഒരു ഗ്ലാസു പോലും കാലിയാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല.
" ഞാനെന്തെങ്കിലും പറയണോ?"
 ഡയലോഗുമായി മുന്നിൽ വന്നയാളെ കണ്ട് ഞാൻ നിലത്തു വീണ ചില്ലുകുപ്പിയെപ്പോലെ ചിതറി.അച്ഛൻ്റ് കുട്ടുകാരൻ പ്രൊഫസർ.മാളച്ചേട്ടനെ കാണാൻ വന്നതും ,ബാറിലിരിക്കണ്ട സാഹചര്യവുമെല്ലാം മൂപ്പര്  ചോദിക്കാതെ തന്നെ വിളമ്പി. ഷഫീഖ് സീൻ മനസിലാകാതെ വായും പിളർന്നിരിക്കുകയാണ്. ഞങ്ങളുടെ സങ്കടം പറയാതെ തന്നെ മനസിലാക്കിയ പ്രൊഫസർ നിമിഷ നേരം കൊണ്ട് ബിയർ കുപ്പികൾ കാലിയാക്കി.ഇതിനിടെ മാളച്ചേട്ടൻറ് സഹായി ഇക്ക ഞങ്ങളെ തിരക്കി വന്നു. അപ്പോൾ മാളയെ കാണാൻ ഞാനും വന്നാലോ എന്നായി പ്രൊഫസർ.നല്ല പിമ്പിരിയായ മുപ്പരെ ഒഴിവാക്കാർ നന്നെ പാടുപെടേണ്ടി വന്നു.
            ഒടുവിൽ വീട്ടിലെത്തിയപ്പോഴാണ് സംഗതി ക്ലൈമാക്സ് വേറെ ലെവലാണന്ന് മനസിലായത്.മാളയെ കാണാനൊക്കാത്ത കലിപ്പിൽ പ്രൊഫസർ നേരെ പോയത് എൻ്റ് വീട്ടിലേക്കായിരുന്നു മകൻറ് ബാറിലെ പരാക്രമങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് അയാൾ അച്ഛനുമമ്മ ക്കും മുന്നിൽ വിളമ്പി. അമ്മയുടെ കൈയ്യിൽ നിന്നും ഭേഷായി കിട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ. പക്ഷെ ബാറിൽ കയറാനുള്ള ലൈസൻസായി ഞാൻ പിന്നെ അത് മാറ്റി എടുത്തു.
           മാളച്ചേട്ടൻ എൻ്റെ ഹോം സിനിമയിലഭിനയിച്ചു.അദ്ദേഹത്തിൻ്റ്' സംവിധാനത്തിൽ മണിയും, അദ്ദേഹവും അച്ഛനും മകനുമാകുന്ന ചാമുണ്ഡി എന്ന സിനിമ (എൻറ് തിരക്കഥയിൽ ) ഞങ്ങൾ സ്വപ്നം കണ്ടിരുന്നു. ഇന്ന് മാളച്ചേട്ടനില്ല. ഞാനിന്നും ആദ്യ സ്വപ്നം കണ്ടിരിക്കുകയാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.