കേരള നിയമസഭയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് സ്പീക്കർ പദവിയിൽ നിന്ന് ഇന്ന് പടിയിറങ്ങുന്നു. രാഷ്ട്രീയ വത്യാസങ്ങൾക്കപ്പുറം സഭയിലെ ഓരോ അംഗത്തിന്റെയും ബഹുമാനവും വിശ്വാസവും പിടിച്ചുപറ്റാൻ കഴിഞ്ഞു എന്നതാണ് ഒരു സ്പീക്കർ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം.
ഒരു നിയമസഭാംഗമെന്ന നിലയിലുള്ള തന്റെ പാർലമെന്ററി പരിചയസമ്പത്ത് സ്പീക്കർ പദവിയിലിരിക്കുമ്പോൾ അദ്ദേഹത്തിന് വലിയൊരു കരുത്തായി മാറി. സഭയിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാവർക്കും തുല്യമായ നീതി ഉറപ്പാക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധാലുവായിരുന്നു.
വാഗ്വാദങ്ങളും ബഹളങ്ങളും കൊണ്ട് സഭ അശാന്തമാകുന്ന വേളകളിൽ, തികഞ്ഞ ആത്മസംയമനത്തോടെയും സൗമ്യതയോടെയും സഭയെ ശാന്തമാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്.
കലുഷിതമായ അന്തരീക്ഷത്തെപ്പോലും തന്റെ തനതായ നർമ്മബോധം കൊണ്ട് ലഘൂകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
നിയമസഭാ ചട്ടങ്ങളെക്കുറിച്ചുള്ള അഗാധമായ ജ്ഞാനം, സങ്കീർണ്ണമായ പല പ്രതിസന്ധികളെയും നിഷ്പ്രയാസം മറികടക്കാൻ അദ്ദേഹത്തെ സഹായിച്ചു.
സഭയിലെ പുതുമുഖങ്ങളായ ജനപ്രതിനിധികൾക്ക് തങ്ങളുടെ മണ്ഡലങ്ങളിലെ വിഷയങ്ങൾ അവതരിപ്പിക്കാൻ അദ്ദേഹം എപ്പോഴും പ്രത്യേക പരിഗണനയും പ്രോത്സാഹനവും നൽകി. സഭയിലെ സീനിയർ നേതാക്കന്മാർക്കും പ്രത്യേകം പരിഗണന നൽകി.
"നിയമസഭ എന്നത് കേവലം നിയമനിർമ്മാണത്തിനുള്ള വേദി മാത്രമല്ല, അത് ജനങ്ങളുടെ ശബ്ദം പ്രതിഫലിക്കേണ്ട ജനാധിപത്യത്തിന്റെ ശ്രീകോവിൽ കൂടിയാണ്."
തന്റെ വാക്കുകളിലും പ്രവർത്തികളിലും ഈ ഒരു മൂല്യം ഉയർത്തിപ്പിടിക്കാൻ ഷംസീർ എന്ന ജനപ്രിയ സ്പീക്കർക്ക് സാധിച്ചു. സഭയിലെ ഓരോ ചർച്ചകളും അർത്ഥവത്താക്കാനും, ജനകീയ പ്രശ്നങ്ങൾക്ക് പരമാവധി പ്രാധാന്യം നൽകാനും അദ്ദേഹം മുൻകൈ എടുത്തു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി, സഭയുടെ നാഥൻ എന്ന പദവിയോട് നീതി പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും സജീവവും ക്രിയാത്മകവുമായ ഒരു കാലഘട്ടത്തിനാണ് ഇന്ന് തിരശ്ശീല വീഴുന്നത്.
ഔദ്യോഗിക പദവിയിൽ നിന്ന് പടിയിറങ്ങുമ്പോഴും, മികച്ചൊരു പാർലമെന്റേറിയൻ എന്ന നിലയിൽ എ എൻ . ഷംസീർ കാഴ്ച്ചവെച്ച മാതൃക വരുംതലമുറയ്ക്ക് ഒരു വഴികാട്ടിയായിരിക്കും.


ബെൻസൺ തെങ്ങുംപള്ളിൽ

