ജി. സുധാകരൻ, കമ്മ്യൂണിസ്റ്റ് നേതാവും കവിയും. കെ. സുധാകൻ കണ്ണൂർ ബ്രാൻഡ് കോൺഗ്രസ് നേതാവ് . ജി. സുധാകരൻ ചെറിയ നേതാവല്ല. അഴിമതിക്കാരനല്ല.
നാക്കിന് നിയന്ത്രണം കുറവ്. നായരാണെങ്കിലും ഈഴവരാദി പിന്നാക്കക്കാർക്കും സ്വീകാര്യൻ. പാർട്ടിക്ക് വേണ്ടി ആരെയും പുലഭ്യം പറയും. അതുകൊണ്ടാണ് ശബരിമല പ്രക്ഷോഭകാലത്ത് ശാന്തിക്കാർ അടിവസ്ത്രം ധരിക്കാറില്ല
എന്നു വെച്ച് കാച്ചിയത്. ഇംഗ്ലീഷ് ഭാഷാസാഹിത്യത്തിൽ
മാസ്റ്റർ ബിരുദം. ഇംഗ്ലീഷിൽ പ്രസംഗിക്കുന്നവരോട് വിശേഷാൽ ആദരവും സൂക്ഷിക്കുന്നു. കവിത എന്ന പേരിൽ ചിലതെല്ലാം എഴുതും എന്നതാണ് പ്രധാന ദോഷം. ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റുകാർക്ക് സർവ്വസ്വീകാര്യനായിരുന്നു. എൻ എസ് എന്ന പേരിൽ അറിയപ്പെടുന്ന എൻ. ശ്രീധരൻ്റെ അരുമ ശിഷ്യൻ. വി എസ് അച്യുതാനന്ദൻ കത്തിനിന്ന കാലത്ത് അദ്ദേഹത്തിൻ്റെ പോരാളിയായിരുന്നു. കണ്ണൂർ പാർട്ടിക്കാർക്ക് അച്ചുതാനന്ദൻ അനഭിമതനായപ്പോൾ കളം മാറി ചിന്തിക്കാൻ തുടങ്ങി. ഒടുവിൽ പിണറായിക്ക് പിൻതുണ പ്രഖ്യാപിച്ചു പാർട്ടിക്ക് ഒപ്പം നിന്നു. നിയമസഭയിലേക്ക് ആറ് പ്രാവശ്യം മത്സരിച്ചു. നാല് തവണ ജയിച്ചു. രണ്ട് വട്ടം മന്ത്രിയായി. ഒരു തവണ കൂടി മത്സരിക്കണം
എന്നാണ് ആഗ്രഹം. പാർട്ടി സമ്മതിച്ചില്ല. അതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടു. സ്വതന്ത്ര കമ്മ്യൂണിസ്റ്റായി തുടരുന്നു. സ്വതന്ത്രനായി അമ്പലപ്പുഴ നിന്ന് മത്സരിക്കാനും
തയ്യാറെടുക്കുന്നു. ശേഷം വെള്ളിത്തിരയിൽ കാണാം. ക്ലൈമാക്സിൽ എന്തും സംഭവിക്കാം.
കുമ്പാക്കുടി സുധാകരൻ എന്ന കെ സുധാകരൻ ജനിച്ചത് തന്നെ പ്രമാണിയായിട്ടാണ്. നിയമസഭയിലേക്ക് ഏഴ് തവണ മത്സരിച്ചു. നാല് വട്ടം ജയിച്ചു. ഒരു പ്രാവശ്യം മന്ത്രിയായി വനം വകുപ്പ് ഭരിച്ചു. ലോക്സഭയിലേക്ക് നാല് പ്രാവശ്യം മത്സരിച്ചു മൂന്നു തവണ ജയിച്ചു. കെ കെ രാജേഷ്, പി കെ. ശ്രീമതി, എം വി ജയരാജൻ എന്നിവരെ തോൽപ്പിച്ചാണ് സുധാകരൻ ലോക്സഭയിൽ എത്തിയത്. 1980ൽ ജനത പാർട്ടി സ്ഥാനാർത്ഥിയായി സുധാകരൻ എടക്കാട് നിയമസഭയിൽ മത്സരിച്ചിരുന്നു. പക്ഷേ തോറ്റുപോയി.
സുധാകരൻ കോൺഗ്രസ്സ് കുടുംബത്തിലാണ് ജനിച്ചത്.
1969ലെ കോൺഗ്രസ്സ് പിളർപ്പിൽ സുധാകരൻ സംഘടനാ
പക്ഷത്ത് നിലനിന്നു. ശക്തനായ സംഘടനാ കോൺഗ്രസ്സുകാരനായി അറിയപ്പെടുകയും ചെയ്തു. അടിയന്തിരാവസ്ഥ കാലത്ത് അതിനെതിരെ പൊരുതിയവരിൽ ഒരാളാണ് സുധാകരൻ. സംഘടന കോൺഗ്രസ് ജനതാ പാർട്ടിയിൽ ലയിച്ചപ്പോൾ ജനതാ പാർട്ടിക്കാരനായി. കെ കരുണാകരനാണ് സുധാകരനെ
കോൺഗ്രസ്സ് (ഐ)യിൽ എത്തിച്ചത്. കരുണാകരൻ്റെ വിശ്വസ്തനായ അനുയായിയായി അറിയപ്പെടുകയും ചെയ്തു. 2021 മുതൽ 2025 വരെ കെ പി സി സി പ്രസിഡൻ്റ് ആയിരുന്നു. ക്രൈസ്തവ സഭകളുടെ അഭ്യർത്ഥന മാനിച്ച് സോണിയാഗാന്ധി, സണ്ണി ജോസഫിനെ കെ പി സി സി പ്രസിഡൻ്റ് ആക്കിയപ്പോൾ
തന്നെ സുധാകരൻ നേതൃത്വത്തോട് ഇടഞ്ഞിരുന്നു. ഇപ്പോൾ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കണമെന്ന് ശഠിക്കുന്നു.
പിണറായി വിജയൻ മൂന്നാം ഊഴം പറയുമ്പോൾ ജി സുധാകരന് മത്സരിക്കാതിരിക്കാൻ ആകില്ല. തന്നെക്കാൾ ജൂണിയറായ സജി ചെറിയാൻ മന്ത്രിയായതിലുള്ള രസക്കേട് സുധാകരൻ മറച്ചു വെച്ചിട്ടില്ല. അമ്പലപ്പുഴയിൽ പാർട്ടിക്കാരനായി മത്സരിച്ചാൽ ജയിക്കും. ജയിച്ചാൽ സീനിയർ നേത താവ് എന്ന നിലയിൽ മന്ത്രിയുമാകാം. ഇതാണ് ജി സുധാകരൻ്റെ കണക്ക് കൂട്ടൽ. പിണറായിക്ക് അത് സമ്മതമല്ല. കെ സുധാകരനും കണക്ക് കൂട്ടലുണ്ട്. താൻ സീനിയർ നേതാവാണ്. കെ പി സി സി പ്രസിഡൻ്റുമായിരുന്നു. യുഡിഎഫ് ജയിച്ചാൽ മന്ത്രിസ്ഥാനമല്ല മുഖ്യമന്ത്രി തന്നെ ആകാവുന്നതാണ്. ആർ ശങ്കറിനു ശേഷം കോൺഗ്രസ് ഇതുവരെ ഒരു ഈഴവനെ മുഖ്യമന്ത്രിയാക്കിയിട്ടില്ല. അതുകൊണ്ട് മുഖ്യമന്ത്രിയാകാൻ താൻ അർഹനാണെന്ന് സ്ഥാപിക്കാൻ കഴിയും. മാത്രമല്ല എംപിയായി ഡൽഹിയിൽ ഇരുന്നതു കൊണ്ട് ഒരു കാര്യവും ഇല്ല. എം എ, എൽ എൽ ബിക്കാരനാണെങ്കിലും ലോക്സഭയിൽ ഇടപ്പെട്ടു സംസാരിക്കാനുള്ള ഭാഷാപ്രാവീണ്യം വേണ്ടത്ര ഇല്ല. പ്രതിപക്ഷത്തെ ലോക്സഭ പ്രവർത്തനം പ്രധാനമായി കൂക്കുവിളിയും വെല്ലിൽ ഇറങ്ങി നിന്ന് സ്പീക്കറെ പ്രതിരോധിക്കലും അതിനുശേഷം പാർലിമെൻ്റിൻ്റെ മുന്നിൽ പ്ലക്കാർഡ് പിടിച്ചിട്ടുള്ള പ്രതിഷേധവുമാണ്. അതുകൊണ്ട് വലിയ കാര്യമില്ല എന്നും സുധാകരനറിയാം. ഈ സാഹചര്യത്തിൽ നിയമസഭയിലെത്തുന്നതാണ് ഉചിതം എന്നും അദ്ദേഹം കരുതുന്നു.
രണ്ടു സുധാകരന്മാരും അവരവരുടെ പാർട്ടിയെ ഭയപ്പെടുത്തുകയാണ്. അമ്പലപ്പുഴ നോമിനേഷൻ നൽകിയാൽ തൻ്റെ സ്വാധീനം ഉപയോഗിച്ച്
ആലപ്പുഴ ജില്ലയിലെ ഇടത് മുന്നണി ജയം ഇല്ലാതാക്കാൻ കഴിയുമെന്ന് ജി സുധാകരൻ കരുതുന്നു. അതോടെ പിണറായിയുടെ മൂന്നാം വരവ് കലക്കാമെന്നും അദ്ദേഹം കണക്ക് കൂട്ടുന്നു. താൻ സ്വതന്ത്രനായി മത്സരിച്ച് ജയിക്കുകയും ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം വരുകയും ചെയ്താൽ തൻ്റെ ശുക്രദശ
തുടങ്ങുമെന്നും അദ്ദേഹം സ്വപ്നം കാണുന്നു. കെ സുധാകരനാകട്ടെ തന്നെ മത്സരാപ്പിച്ചില്ലെങ്കിൽ കണ്ണൂരിലെ ഒരു നിയമസഭാമണ്ഡലത്തിലും ഒരു കോൺഗ്രസുകാരനും ജയിക്കില്ല എന്നു പറയാതെ പറയുന്നു.
ഈ ഭീഷണിയെ ഭയത്തോടെ നേരിടുന്നത് സണ്ണി ജോസഫാണ്. കാരണം പേരാവൂരിൽ നിന്നും ജയിക്കാൻ സണ്ണിക്ക് സുധാകരൻ്റെ സഹായം കൂടിയേ തീരൂ. അതുകൊണ്ട് തൻ്റെ ഇംഗിതത്തിന് പാർട്ടി വഴങ്ങും എന്നും കെ സുധാകർജി കരുതുന്നു.
കെ സുധാകരന് മാത്രമല്ല എം കെ രാഘവനും ശ്രീകണ്ഠനും അടൂർ പ്രകാശിനുമെല്ലാം നിയമസഭയിലെത്തണം എന്ന് ആഗ്രഹമുണ്ട്. അവരുടെ
നിശബ്ദമായ പ്രാർത്ഥന സുധാകരന് ഒപ്പമുണ്ട്, സുധാകരൻ വിജയിച്ചാൽ കൂടുതൽ എം പിമാർ കൂട് മാറും എന്ന കാര്യത്തിലും സംശയമില്ല. ഭരണം കിട്ടിയാൽ മന്ത്രിമാരാകാൻ താല്പര്യുള്ളവരാണ് കോൺഗ്രസ്സ് എംപിമാരിൽ മഹാഭൂരിപക്ഷവും.
രണ്ടു സുധാകരന്മാരുടേയും വെല്ലുവിളി ഇരുമുന്നണികളുടേയും ശക്തിക്ഷയത്തെയാണ് സൂചിപ്പിക്കുന്നത്. ശരീരത്തിന് ബലക്ഷയം വരുമ്പോൾ
കോച്ചുവാതം പിടിക്കും എന്ന പഴചൊല്ല് കേൾക്കുന്നത് നല്ലതാണ്.

ഡോ. കെ. എസ്. രാധാകൃഷ്ണൻ

