PRAVASI

(വഴിവിളക്കുകള്‍-8) ക്രിസ്റ്റീന

Blog Image

കര്‍മ്മോത്സുകത സടകുടഞ്ഞ് എഴുന്നേറ്റ     ഒരു ഉച്ചനേരം. കാലങ്ങളായി അവഗണിക്കപ്പെട്ട ഒരു അലമാര, അതിദയനീയമായി എന്നെ നോക്കുന്നതുപോലെ. അടുക്കിപ്പെറുക്കിന്‍റെ ആത്മാവ് യാത്രയാകുന്നതിന് മുമ്പ് അലമാരി വൃത്തിയാക്കണം. വല്ലപ്പോഴും മാത്രം അനുഭവപ്പെടുന്ന ഇത്തരം ഉള്‍വിളികളെ കേള്‍ക്കാതിരിക്കുന്നത് ശരിയല്ലല്ലോ. സ്വയം പ്രേരിത വ്യഗ്രതകള്‍ കൊണ്ട് മാത്രം ചെയ്യാന്‍ സാധിക്കുന്ന അനേകായിരം കാര്യങ്ങളില്‍ ഒന്ന് കുഞ്ഞ് ഉണരുന്നതിന് മുമ്പ് ചെയ്തു തീര്‍ക്കണം. വര്‍ധിതവീര്യത്തോടെ അലമാര തുറന്നപ്പോള്‍ ആദ്യം കൈയില്‍ തടഞ്ഞത് പഴയ കമ്മലുകളൊക്കെ സൂക്ഷിച്ചിരുന്ന ഒരു പാത്രമാണ്. പാത്രം തുറന്നപ്പോള്‍ കണ്ണുടക്കിയത് നീലക്കല്ല് പതിച്ച ഒരു വെള്ളി കമ്മലിലാണ്.
ആ നീലക്കല്ലുപോലെ തിളങ്ങുന്ന കണ്ണുകള്‍ ഉള്ള ക്രിസ്റ്റീന. അവരാണ് എനിക്ക് ആ കമ്മല്‍ സമ്മാനിച്ചത്. കമ്മലുകളും മാലകളും ഒന്നും അടിക്കടി മാറുന്ന ശീലം ഇല്ലാത്തതുകൊണ്ട് ആ കമ്മല്‍ കേടുപാടുകള്‍ ഒന്നും കൂടാതെ ഇപ്പോഴും എന്‍റെ കൈയില്‍ ഭദ്രമായി ഉണ്ട്. ഇരുപതിലേറെ വര്‍ഷമായി കാണണം, ആ കമ്മല്‍ എന്‍റെ കൈയില്‍ എത്തിയിട്ട്.
ബാല്യകാലം മനസ്സില്‍ കോറിയ ഏറ്റവും മിഴിവേറിയ ചിത്രങ്ങളില്‍ ഒന്നാണ് ക്രിസ്റ്റീനയുടേത്. എന്‍റെ അച്ചാച്ചന്‍റെ സഹോദരി, സിസ്റ്റര്‍ അനിജ കുറെ വര്‍ഷങ്ങള്‍ ജര്‍മ്മനിയില്‍ നേഴ്സ് ആയി  ജോലി ചെയ്തിരുന്നു. അനിജ ആന്‍റിയുടെ സഹപ്ര വര്‍ത്തകയും വളരെ അടുത്ത സുഹൃത്തും ആയിരുന്നു ജര്‍മ്മന്‍കാരിയായ ക്രിസ്റ്റീന. ജര്‍മ്മനിയിലെ സേവന കാലാവധി പൂര്‍ത്തിയാക്കി തിരിച്ചു നാട്ടില്‍ വന്ന അനിജ ആന്‍റിയെ കാണാനാണ് ക്രിസ്റ്റീന ആദ്യമായി ഇന്ത്യയില്‍ എത്തിയത്. അങ്ങനെയാണ് അവര്‍ ഞങ്ങളുടെ വീട്ടിലും എത്തിയത്. വിദേശികളായ മനുഷ്യരെ അതിനു മുമ്പ് ഇത്ര അടുത്ത് കണ്ടിട്ടുണ്ടെന്ന് തന്നെ എനിക്ക് തോന്നുന്നില്ല. മറ്റേതോ ലോകത്തെയും സംസ്കാരത്തെയും ഞങ്ങളിലേക്ക് എത്തിച്ച ക്രിസ്റ്റീന കൗതുകത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും മാലപ്പടക്കങ്ങള്‍ ആയിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്ക്  സമ്മാനിച്ചത്.
അവരുടെ ആ തിളങ്ങുന്ന നീല കണ്ണുകളാണ് ഞാന്‍ ആദ്യം ശ്രദ്ധിച്ചത്. കൊലുന്നനെയുള്ള ശരീരപ്രകൃതി. നീണ്ട മുഖം. ചുവപ്പ് കലര്‍ന്ന വെളുത്ത നിറം. മുന്നിലേക്ക് വെട്ടിയിട്ടിരിക്കുന്ന ചെമ്പന്‍ നിറമുള്ള കോലന്‍ തലമുടി. അവരുടെ വിശാല മയ നെറ്റിയെ മറച്ചിരുന്ന ആ മുടിയിഴകള്‍, അവര്‍ സംസാരിക്കുമ്പോള്‍ ഏതോ പാശ്ചാത്യ സംഗീതത്തിന്‍റെ താളങ്ങള്‍ സൃഷ്ടിച്ചു. ഞങ്ങള്‍ക്ക് ജര്‍മ്മനും ക്രിസ്റ്റീനയ്ക്ക് മലയാളവും അറിയില്ലാതിരുന്നതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ നേരിട്ട് കാര്യമായ സംഭാഷണങ്ങള്‍ ഉണ്ടായില്ല. അനിജ ആന്‍റി പരിഭാഷകയായി നിന്ന് അത്യാവശ്യം ചില കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചു. വാക്കുകള്‍ പതുങ്ങി മാറിനിന്നുവെങ്കിലും കണ്ണുകളും കൈകളും ഒക്കെ കാര്യമായി സംസാരിച്ചു. അവരുടെ ഒരു മൂളല്‍ പോലും ഞങ്ങളെ സംബന്ധിച്ചിടത്തോളം നവ്യാനുഭൂതിയായിരുന്നു. ഇന്ത്യയും കേരളവും ഒക്കെ നന്നായി ഇഷ്ടപ്പെട്ടു എന്നും, ഇനി എല്ലാ വര്‍ഷവും കേരളത്തില്‍ വരുമെന്നും ക്രിസ്റ്റീന പറഞ്ഞെങ്കിലും ഞങ്ങള്‍ ആരും അത് കാര്യമായി എടുത്തില്ല. പക്ഷേ, ക്രിസ്റ്റീന വാക്കു പാലിച്ചു. പിന്നീട് എല്ലാ വര്‍ഷവും അവര്‍ കൃത്യമായി കേരളത്തില്‍ എത്തി. പലപ്പോഴും ഞങ്ങളുടെ വീട്ടിലും. ആദ്യകാഴ്ചയില്‍ പാശ്ചാത്യ വേഷത്തില്‍ ആയിരുന്നു ക്രിസ്റ്റീന എങ്കിലും, പിന്നത്തെ ഒന്ന് രണ്ട് വരവുകളില്‍ സല്‍വാര്‍ കമ്മീസ് ആയി മാറി അവരുടെ വേഷം. പിന്നീട് ഒരു വര്‍ഷം ഒരു ഓണക്കാലത്താണ് ക്രിസ്റ്റീന നാട്ടിലെത്തിയത്. അന്ന് അവരെ കണ്ട് ഞാന്‍ ശരിക്കും അമ്പരന്നു. കേരള സാരി, തലയില്‍ മുല്ലപ്പൂമാല, ഇരു കൈകളിലും കുപ്പിവള, കൈവെള്ളയില്‍ മൈലാഞ്ചി, നെറ്റിയില്‍ ചുവന്ന വട്ടപ്പൊട്ട്- ഈ നാടിനെയും ഇതിന്‍റെ സംസ്കാരത്തെയും ആ യൂറോപ്യന്‍ വനിത മനസ്സില്‍ ഏറ്റുവാങ്ങുകയായിരുന്നു. ഇവിടുത്തെ കാറ്റിനെയും കടലിനെയും കായലോളങ്ങളെയും ആന സവാരിയെയും ഒക്കെ വല്ലാതെ ഇഷ്ടപ്പെട്ട ക്രിസ്റ്റീന, മനസ്സുകൊണ്ട് ഒരു പാതി മലയാളി ആയിക്കഴിഞ്ഞിരുന്നു. മലയാളത്തില്‍ ഏതാനും ചില വാക്കുകള്‍ ഒഴിച്ച് മറ്റൊന്നും അവരുടെ നാവിന് വഴങ്ങിയില്ലെങ്കിലും ആ നാലോ അഞ്ചോ വാക്കുകളെ ഒരു അമൂല്യനിധി പോലെ അവര്‍ കരുതി. അന്ന് ഞങ്ങളുടെ എല്ലാം ഒപ്പം ഇരുന്ന്- അവിയലും സാമ്പാറും തോരനും പപ്പടവും ഒക്കെ കൂട്ടി വാഴയിലയില്‍ ഓണസദ്യ ഉണ്ട്, പായസവും കുടിച്ചാണ് അവര്‍ മടങ്ങിയത്. ബാംഗ്ലൂര്‍ ഡേയ്സ് സിനിമയിലെ പാരിസ് ലക്ഷ്മിയെ കാണുമ്പോള്‍ എല്ലാം ഞാന്‍ ക്രിസ്റ്റീനയെയാണ് ഓര്‍മ്മിക്കുക. അവിവാഹിതയായിരുന്ന ക്രിസ്റ്റീനയുടെ യഥാര്‍ത്ഥ പ്രായം എത്രയായിരുന്നു എന്ന് എനിക്കറിയില്ല. എന്‍റെ മനസ്സില്‍ എപ്പോഴും അവര്‍ക്ക് 30-35 വയസ്സാണ് പ്രായം.
കേരളത്തെയും ഞങ്ങളെയും ഒക്കെ ഏറെ സ്നേഹിച്ച ക്രിസ്റ്റീന, ഓരോ പ്രാവശ്യം ജര്‍മ്മനിക്ക് മടങ്ങുമ്പോഴും അടുത്ത വര്‍ഷം കാണാം എന്ന ഉറപ്പ് ഞങ്ങള്‍ക്ക് തന്നിരുന്നു. ജര്‍മ്മനിയില്‍ വളരെ സാധാരണമായ നിലയില്‍ ജീവിച്ച അവര്‍, ഒരു വര്‍ഷത്തെ ജോലിയില്‍നിന്നും മിച്ചം പിടിക്കുന്ന പൈസ വെച്ചാണ് ഓരോ വര്‍ഷവും ഒരു മാസത്തെ അവധിക്ക് കേരളത്തില്‍ വന്നിരുന്നത് എന്ന് പിന്നീട് അനിജ ആന്‍റി പറഞ്ഞാണ് അറിഞ്ഞത്. ഞങ്ങളുടെയൊക്കെ മനസ്സില്‍ അന്നുണ്ടായിരുന്ന ധാരണ എല്ലാ സായിപ്പന്മാരും മദാമ്മമാരും അതിസമ്പരാണെന്നായിരുന്നു. ക്രിസ്റ്റീന കൊണ്ടുവന്നിരുന്ന ജര്‍മ്മന്‍ ചോക്ലേറ്റുകള്‍ ഞങ്ങളുടെ കുട്ടിക്കാലത്തിന് എന്തു മധുരമാണ് സമ്മാനിച്ചത്.
ക്രിസ്റ്റീന അവരുടെ ഏതോ ഒരു വരവില്‍ എനിക്ക് തന്ന കമ്മലുകളില്‍ ഒന്നായിരുന്നു ആ നീലക്കല്ല് പതിപ്പിച്ച വെള്ളിക്കമ്മല്‍. കമ്മലുകളോട് വലിയ കമ്പം ഒന്നുമില്ലായിരുന്നെങ്കിലും ക്രിസ്റ്റീനയോടുള്ള സ്നേഹത്തെ പ്രതി ഇക്കാലം അത്രയും ഞാന്‍ ആ കമ്മല്‍ സൂക്ഷിച്ചു. പതുക്കെ പതുക്കെ ക്രിസ്റ്റീനയുടെ വരവിന്‍റെ ഇടവേള കൂടി. രണ്ടു വര്‍ഷമോ മൂന്നു വര്‍ഷമോ കൂടുമ്പോള്‍ അവര്‍ വരും. ഒന്നോ രണ്ടോ ആഴ്ചകള്‍ക്കു ശേഷം മടങ്ങും. ഒന്ന് രണ്ട് തവണകൂടി അവര്‍ വീട്ടില്‍ വന്നിട്ടുണ്ടാവും. പിന്നീട് ക്രിസ്റ്റീന വരാതെയായി. അനിജ ആന്‍റിയോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് അസുഖമാണെന്നും യാത്ര ബുദ്ധിമുട്ടാണെന്നും അറിയിച്ചെന്നും, അസുഖം കുറയുന്ന മുറയ്ക്ക് അവര്‍ വീണ്ടും വരുമെന്നും, ഞങ്ങളെയൊക്കെ കാണുമെന്നും പറഞ്ഞു. പക്ഷേ, പിന്നീട് ഒരിക്കലും ക്രിസ്റ്റീന വന്നില്ല. അവര്‍ക്ക് ക്യാന്‍സര്‍ ആയിരുന്നുവെന്നും കുറെ നാളത്തെ ചികിത്സകള്‍ക്കു ശേഷം അവര്‍ മരിച്ചുവെന്നും അവരുടെ സഹോദരി അറിയിച്ച കാര്യം പിന്നീട് എപ്പോഴോ അനിജയാന്‍റി പറഞ്ഞു.
ഞങ്ങള്‍ക്ക് തീര്‍ത്തും അപരിചിതമായ ഒരു ലോകത്തിന്‍റെയും സംസ്കാരത്തിന്‍റെയും ആദ്യാനുഭവമായി മുന്നിലവതരിച്ച, നീലക്കണ്ണുകള്‍ ഉള്ള, ചെമ്പന്‍ മുടിക്കാരിയായ ആ സ്ത്രീയുടെ മരണവാര്‍ത്ത വല്ലാത്ത ഒരുതരം ശൂന്യതയും നിരാശാ ബോധവും ആണ് എന്നില്‍ സൃഷ്ടിച്ചത്. ലോകത്തിന്‍റെ മറ്റേതോ ഒരു കോണില്‍, ഏതോ ഗ്രാമത്തില്‍ അവര്‍ ഇപ്പോഴും ഉണ്ടാവുമെന്ന് മനസ്സ് വെറുതെ ആശ്വസിക്കാന്‍ ശ്രമിച്ചു. ഇനിയൊരു ഓണക്കാലത്ത് സെറ്റ് സാരിയുടുത്ത്, മുല്ലപ്പൂവും വെച്ച് ഓണസദ്യ ഉണ്ണാന്‍ അവര്‍ വന്നാലോ!!!

(ആന്‍സി സിറിയക് ഇലക്കാട്ട് (കോട്ടയം ബിസിഎം കോളജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക) രചിച്ച്, മഷിക്കൂട്ട് പബ്ലീഷേഴ്സ് പ്രസിദ്ധീകരിച്ച, നാട്ടുവഴിയിലെ വിളക്കുമരങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.