PRAVASI

(വഴിവിളക്കുകള്‍-17) പപ്പലുമാമന്‍

Blog Image

നാടിനെ വിറപ്പിച്ച 'പത്മനാഭനില്‍' നിന്ന് എന്‍റെ മൂന്നു വയസ്സുകാരിയുടെ 'പപ്പലുമാമനി'ലേക്കുള്ള ഒരു മനുഷ്യന്‍റെ പരിണാമത്തിന്‍റെ കഥയാണിത്. ഒരു മനുഷ്യന്‍ പലര്‍ക്കും പലതാണല്ലോ. പലരുടെ കാഴ്ചകളില്‍ പലതാണല്ലോ.
കല്യാണം  കഴിഞ്ഞ് കൈപ്പുഴയിലെത്തിയ ആദ്യ നാളുകളില്‍ തന്നെ ഞാന്‍ പത്മനാഭന്‍ ചേട്ടനെ പരിചയപ്പെട്ടു. ഞങ്ങളുടെ അയല്‍വാസി. പിന്നീട് പലപ്പോഴായി പലരില്‍ നിന്നും ഞാന്‍ പത്മനാഭന്‍ ചേട്ടനെക്കുറിച്ച് കേട്ടു. ആ കഥകളെല്ലാം ചേര്‍ത്ത് എന്‍റെ മനസ്സില്‍ ഞാന്‍ സൃഷ്ടിച്ച പത്മനാഭന്‍ ചേട്ടന്‍റെ  ഗൗരവപൂര്‍ണ്ണമായ രൂപത്തെയാണ് 'പപ്പലുമാമനപ്പച്ചാ' എന്ന വിളികള്‍ കൊണ്ട് എന്‍റെ മകള്‍ മാറ്റിവരച്ചത്.


ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ആദ്യമായി കണ്ട പത്മനാഭന്‍ ചേട്ടന്‍; ആറടി അടുത്ത് ഉയരം, ബലിഷ്ടമായ ശരീരം, ഗാംഭീര്യമുള്ള മുഖം. 75 വയസ്സ് പ്രായം ഷര്‍ട്ടിന്‍റെ മുകളിലത്തെ രണ്ട് ബട്ടണുകള്‍ അഴിച്ചിട്ട് അലസമായി നടന്നുകൊണ്ട് മനോഹരമായി പുഞ്ചിരിക്കുന്ന പത്മനാഭന്‍ ചേട്ടന്‍. തികഞ്ഞ അനുസരണയോടെപുറകിലേക്ക് ചീകിവെച്ച അതേ മട്ടില്‍ ഇരിക്കുന്ന നീളന്‍ തലമുടി. അവിടിവിടെ കറുപ്പ് ഉണ്ടെങ്കിലും ഭൂരിഭാഗവും വെളുത്ത മുടികളാണ്. ഒരുപാട് കഥകള്‍ പേറുന്ന ഒരു മനുഷ്യനെയാണ് ഞാന്‍ കാണുന്നത് എന്ന തോന്നല്‍ എന്തുകൊണ്ടോ ആദ്യ കാഴ്ചയില്‍ തന്നെ എനിക്കുണ്ടായി.
ആ കഥകള്‍ ശേഖരിക്കാനുള്ള എന്‍റെ കൗതുകത്തില്‍ ഞാന്‍ പത്മനാഭന്‍ ചേട്ടനെക്കുറിച്ച് സാധിക്കുന്ന അവസരങ്ങളില്‍ ഒക്കെ പലരോടും അന്വേഷിച്ചു.
ഒന്നാന്തരം മരംവെട്ടുകാരന്‍ ആയിരുന്നു പത്മനാഭന്‍ ചേട്ടന്‍. പത്മനാഭന്‍ ചേട്ടന്‍ മനസ്സില്‍ കാണുന്നിടത്ത് മരം നില്‍ക്കും. ഏതു പടുകൂറ്റന്‍ മരത്തെയും വരുതിയില്‍ ആക്കാനുള്ള ചെപ്പടിവിദ്യകളൊക്കെ പത്മനാഭന്‍ ചേട്ടന് വശമായിരുന്നു. മരങ്ങളോടുള്ള അതേ മനോഭാവം തന്നെയായിരുന്നു പത്മനാഭന്‍ ചേട്ടന് മനുഷ്യരോടും. ഒന്നിനെയും ഭയക്കാത്ത, ആരെയും കൂസാത്ത പ്രകൃതം. തേക്ക്, ഈട്ടി, മഹാഗണി, പ്ലാവ്, മാവ്, തെങ്ങ്, കവുങ്ങ്, കശുമാവ്, വട്ടമരം ഏതായാലും, മാനം മുട്ടെ വളര്‍ന്നതായാലും മണ്ട പോയതായാലും- പത്മനാഭന്‍ ചേട്ടന്‍ അതിവിദഗ്ദ്ധമായി, തികഞ്ഞ കയ്യടക്കത്തോടെ വെട്ടി മാറ്റി. ചില മരങ്ങള്‍ അപ്പാടെ മുറിക്കേണ്ടിയിരുന്നില്ല- ചില്ലകള്‍ വെട്ടിയൊതുക്കി നിര്‍ത്തിയാല്‍ മതി. അതും അസാമാന്യ പാടവത്തോടെ പത്മനാഭന്‍ ചേട്ടന്‍ ചെയ്തു. മരങ്ങളിലും മനുഷ്യരിലും പത്മനാഭന്‍ ചേട്ടന്‍ സമാനതകള്‍ കണ്ടിട്ടുണ്ടാവണം. മരത്തിന്‍റെ ചില്ലകള്‍ ആയി മനുഷ്യരുടെ കാലുകളെയും കൈകളെയും അയാള്‍ കരുതിയിട്ടുണ്ടാവണം. പത്മനാഭന്‍ ചേട്ടനെ ഒരു നാടു മുഴുവന്‍ ഭയത്തോടെയാണ് കണ്ടിരുന്നത്. അടി, ഇടി, അസഭ്യം പറച്ചില്‍, കത്തിക്കുത്ത്- പത്മനാഭന്‍ ചേട്ടനെക്കുറിച്ച് ഞാന്‍ കേട്ട കഥകള്‍ക്ക് സുരേഷ് ഗോപി പടങ്ങളെക്കാളും സസ്പെന്‍സ് ഉണ്ടായിരുന്നു.
വാര്‍ദ്ധക്യ അസ്വസ്ഥതകള്‍ അലട്ടിത്തുടങ്ങിയിരുന്നെങ്കിലും ഗാംഭീര്യത്തിന്‍റെ അലകള്‍ പത്മനാഭന്‍ ചേട്ടനില്‍ അവശേഷിച്ചിരുന്നു. പലപ്പോഴും പല ആവശ്യങ്ങള്‍ക്കായി  ഞങ്ങളുടെ വീട്ടില്‍ എത്തിയിരുന്ന പത്മനാഭന്‍ ചേട്ടനെ കാണുമ്പോഴൊക്കെ കേട്ട കഥകള്‍ എന്‍റെ മനസ്സില്‍ പൊന്തിവന്നിരുന്നു. സജീവ മരംവെട്ടല്‍ ഒക്കെ അവസാനിപ്പിച്ച് മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റിയുടെ ജോലിയിലേക്ക് മാറിയിരുന്നു അപ്പോഴേക്കും പത്മനാഭന്‍ ചേട്ടന്‍. തീര്‍ത്തും സൗമ്യമായും സൗഹാര്‍ദ്ദപരമായുമാണ് ഓരോ പ്രാവശ്യവും പത്മനാഭന്‍ ചേട്ടന്‍ എന്നോട് സംസാരിച്ചത്. കേട്ട കഥകളിലെ പത്മനാഭന്‍ ചേട്ടനും ഞാന്‍ കണ്ട പത്മനാഭന്‍ ചേട്ടനും തമ്മിലുള്ള അന്തരം എന്നെ അത്ഭുതപ്പെടുത്താന്‍ തുടങ്ങി.
പത്മനാഭന്‍ ചേട്ടന്‍റെ ഇപ്പോഴത്തെ പ്രിയ സുഹൃത്ത് എന്‍റെ മൂന്നു വയസ്സുകാരി മകളാണ്. കലപില വര്‍ത്തമാനം പറയുന്ന അവള്‍ എത്ര ആയാസരഹിതമായാണ് പത്മനാഭന്‍ ചേട്ടനുമായി സൗഹൃദം സ്ഥാപിച്ചത്. മുന്‍വിധികളുടെയും കഥകളുടെയും ഭാരം അവളെ തെല്ലും അലട്ടുന്നില്ലല്ലോ! അവളുടെ ഭാഷയില്‍ 'പപ്പലുമാമന്‍ അപ്പച്ചന്‍'.
82 വയസ്സുകാരന്‍ പപ്പലുമാമന്‍ അപ്പച്ചന്‍ അവളുടെ മൂന്നു വയസ്സിന്‍റെ നിഷ്കളങ്കതയില്‍ കാര്‍ക്കശ്യത്തിന്‍റെയും കൂസലില്ലായ്മയുടെയും രണ്ട് ബട്ടണുകള്‍ എന്നെന്നേക്കുമായി അഴിച്ചിട്ടതുപോലെ!
പപ്പലുമാമന്‍ അപ്പച്ചന്‍ വഴിയേ പോകുമ്പോഴൊക്കെ എന്‍റെ മകളെ അന്വേഷിക്കും. ദൂരെ വെച്ച് അദ്ദേഹത്തെ കാണുമ്പോഴേ എന്‍റെ മകള്‍ ആഹ്ലാദത്തോടെ ഉറക്കെ വിളിക്കും - 'പപ്പലുമാമന്‍ അപ്പച്ചാ....' ആ വിളിയെയും സ്നേഹത്തെയും അറുത്തു മാറ്റാനുള്ള കോടാലികളും പിച്ചാത്തിയും അയാളുടെ കൈയില്‍ ഉണ്ടായിരുന്നില്ല.
വീടിന്‍റെ മുന്‍വശത്ത് നില്‍ക്കുന്ന ചെന്തെങ്ങിന്‍റെ കരിക്കുകള്‍ എന്‍റെ മകള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അത് അവള്‍ക്ക് ഇട്ടുകൊടുക്കുന്നത് ആവട്ടെ അവളുടെ പപ്പലുമാമന്‍ അപ്പച്ചനും. ഒരുദിവസം വൈകുന്നേരം. എന്‍റെ മൂന്നു വയസ്സുകാരിക്ക് കരിക്ക് വേണമെന്ന ആഗ്രഹം കലശലായി. പപ്പലുമാമന്‍ അപ്പച്ചന്‍ എങ്ങാനും വഴിയേ പോകുന്നുണ്ടോ എന്ന് കുറച്ചുനേരം അവള്‍ നോക്കിനിന്നു. നോക്കിനിന്നു ക്ഷമ നശിച്ചപ്പോള്‍ അവള്‍ അമ്മച്ചിയെയും കൂട്ടി പപ്പലുമാമന്‍ അപ്പച്ചന്‍റെ വീട്ടില്‍ പോയി. "എനിക്ക് കരിക്ക് വേണം"- അവള്‍ ശാഠ്യം പിടിച്ചു. പനിപിടിച്ച് കട്ടിലിന്‍റെ മൂലയില്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു പപ്പലുമാമന്‍ അപ്പച്ചന്‍. ആരും കാണാതെ ഉള്ളില്‍ സൂക്ഷിച്ചിരുന്ന കുറെയധികം മൃദുലവികാരങ്ങളുടെ കുത്തൊഴുക്കില്‍ പനിക്കിടക്കയില്‍ നിന്ന് അയാള്‍ എണീറ്റു. എന്‍റെ മൂന്ന് വയസ്സുകാരിയെ അനുസരണയുള്ള ഒരു കുഞ്ഞാടിനെ എന്നപോലെ അയാള്‍ പിന്തുടര്‍ന്ന് തെങ്ങിന്‍ചുവട്ടിലെത്തി. അവള്‍ക്കുവേണ്ടി ഒരു കരിക്കിട്ടു. ബാക്കി കരിക്ക് പനി കുറഞ്ഞുകഴിയുമ്പോള്‍ നാളെ ഇട്ടുതരാം എന്നു പറഞ്ഞ് പനിക്കിടക്കയിലേക്ക് അയാള്‍ വേച്ചുവേച്ച് നടന്നു മടങ്ങുന്നത് കണ്ടപ്പോള്‍, എന്‍റെ മനസ്സിലെ കഥകളുടെ ഭാരം അപ്പൂപ്പന്‍താടി കണക്കേ പറന്നു പറന്നുപോയി!

(ആന്‍സി സിറിയക് ഇലക്കാട്ട് (കോട്ടയം ബിസിഎം കോളജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക) രചിച്ച്, മഷിക്കൂട്ട് പബ്ലീഷേഴ്സ് പ്രസിദ്ധീകരിച്ച, നാട്ടുവഴിയിലെ വിളക്കുമരങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.