കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ നിർണായക നടപടി. കേസുമായി ബന്ധപ്പെട്ട് വീണ വിജയൻ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകും. സിഎംആർഎല്ലുമായി വീണയുടെ കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ചും ഇഡി സംഘം വിശദമായ മൊഴിയെടുക്കും.
നേരത്തെ വെള്ളിയാഴ്ച ഹാജരാകാൻ ഇഡി നിർദ്ദേശം നൽകിയിരുന്നെങ്കിലും, അനാരോഗ്യത്തെ തുടർന്ന് വീണ വിജയൻ കൂടുതൽ സാവകാശം തേടുകയായിരുന്നു. ഇതിനുശേഷം ലഭിച്ച പുതിയ തീയതി പ്രകാരമാണ് ഇന്ന് ഹാജരാകുന്നത്. കേസിൽ സിഎംആർഎൽ അധികൃതർ ഉൾപ്പെടെയുള്ളവരുടെ മൊഴികൾ നേരത്തെ തന്നെ ഇഡി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണയുടെ ചോദ്യം ചെയ്യൽ.
കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിന്റെ ഭാഗമായി, ഇന്നലെ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്ത, മകൻ ശരൺ എസ് കർത്ത എന്നിവർ ഇഡി ഓഫീസിൽ ഹാജരായി മൊഴി നൽകിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും വീണ വിജയനോടുള്ള ചോദ്യങ്ങൾ.

