തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗണ്‍സിലിൽ യുഡിഎഫ്-ബിജെപി കൗൺസിലർമാർ തമ്മിൽ കയ്യാങ്കളിയും സംഘർഷവും. ഹാജർ രജിസ്റ്ററിനെ ചൊല്ലിയുള്ള പിടിവലിക്കിടെ കെ എസ് ശബരിനാഥാനും ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടി. കാപ്പാ കേസിൽ ജയിലിലുള്ള ആർ സുഗതനെ രക്ഷിക്കാൻ ഉദയൻ രജിസ്റ്റർ പിടിച്ചുവാങ്ങിയെന്നും വനിതാ കൗൺസിലർമാരെ കയ്യേറ്റം ചെയ്തെന്നുമാണ് യുഡിഎഫ് പരാതി. എന്നാൽ രജിസ്റ്ററിൽ വെള്ളമൊഴിക്കാനായിരുന്നു യുഡിഎഫ് ശ്രമമെന്ന് മേയർ ആരോപിച്ചു.ഏറെ വിവാദങ്ങൾക്കൊടുവിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് അടിപൊട്ടിയത്. സുഗതന്‍റെ രാജിക്കായുള്ള യുഡിഎഫ്-എൽഡിഎഫ് പ്രതിഷേധത്തിനിടെ അതിവേഗം അജണ്ടകൾ പാസായെന്ന് മേയർ പ്രഖ്യാപിച്ച് കസേര വിട്ടതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. ഇടത് കൗണ്‍സിലർമാർ കൗണ്‍സിൽ ഹാള്‍ വിട്ടുവെങ്കിലും മുദ്രാവാക്യം വിളിയുമായി ബിജെപി യുഡിഎഫ് കൗണ്‍സിലർമാർ തുടർന്നു. ഇതിനിടെ കൈയ്യിൽ കിട്ടിയ ഹാജർ ബുക്ക് ശബരിനാഥ് കൈവശം വെച്ചു. ശബരിയും യുഡിഎഫ് അംഗങ്ങളും ഒപ്പിടുന്നതിനിടെ ചെമ്പഴന്തി ഉദയനെത്തി. ശബരിയും ഉദയനും നേർക്കുനേർ പോരാടി. ശബരിയെ ഉദയൻ അടിച്ചെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഉദയൻ്റെ ഷർട്ട് ശബരി കീറിയെന്ന് ബിജെപിയും ആരോപിച്ചു. മറ്റാർക്കും നൽകാതെ ശബരിനാഥൻ രജിസ്റ്റർ കൈവശം വച്ചതാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന് വാർത്താസമ്മേളനം വിളിച്ച് മേയർ വിശദീകരിച്ചു. വാദം ഉറപ്പിക്കാൻ രജിസ്റ്റർ കൊണ്ടു കൊടുത്ത ജീവനക്കാരൻ യൂസഫിനെ കൊണ്ടും വിശദീകരിപ്പിച്ചു.
അതേസമയം, ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി. ജയിലിലുള്ള സുഗതൻ ഇന്നും യോഗത്തിനെത്തിയില്ല. തുടർച്ചയായ രണ്ടാം യോഗത്തിലാണ് പങ്കെടുക്കാത്തത്. മൂന്ന് യോഗത്തിന് എത്തിയില്ലെങ്കിൽ അയോഗ്യനാകും. ഇന്ന് പങ്കെടുത്തവർക്കെല്ലാം കെ സ്മാർട്ട് പരിശോധനയിൽ ഹാജർ ഉറപ്പാക്കുമെന്നാണ് മേയറുടെ വാഗ്ദാനം. എൽഡിഎഫ് പിന്തുണ ഇല്ലാത്തതിനാൽ അവിശ്വാസ പ്രമേയ നീക്കത്തിൽ നിന്ന് യുഡിഎഫ് പിന്മാറിയിരുന്നു.

