വിവിധ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള പ്രസിദ്ധ അമേരിക്കൻ മലയാളി സാഹിത്യകാരനായ ശ്രീ കുര്യൻ മ്യാലിൽ രചിച്ച അദ്ദേഹത്തിൻറെ ഏറ്റവും പുതിയ ക്രൈം നോവൽ ' ഡെയ്ഞ്ചർ ബോബി' പരിചയ പ്പെടുത്താൻ ശ്രമിക്കുകയാണ് ഇവിടെ. അമേരിക്കൻ മലയാളി രചയിതാക്കളുടെ ഇടയിൽ ക്രൈം നോവലുകളോ, കുറ്റാന്വേഷണ നോവലുകളോ, അപസർപ്പക നോവലുകളോ വളരെ കുറച്ചു മാത്രമേ കാണുന്നുള്ളൂ. ഇത്തരം സ്വഭാവമുള്ള കഥകളോ നോവലുകളോ രചിക്കുക എന്നതും, അത് വായനക്കാരായ സഹൃദയ സമക്ഷം അവതരിപ്പിക്കുകയോ പരിചയപ്പെടുത്തുകയോ എന്നതും വളരെ ശ്രമകരമായ ഒരു ദൗത്യം ആണെന്ന് അറിയാം. 89 വയസ്സോളം പ്രായമുള്ള അമേരിക്കൻ മലയാളികളുടെ ഇടയിൽ വളരെ സീനിയറായ ഒരു മലയാളി രചയിതാവ് ശ്രീ കുര്യൻ മ്യാലിൽ ഇത്തരമൊരു ഡിറ്റക്റ്റീവ് സ്വഭാവമുള്ള ക്രൈം നോവൽ വളരെ അടുക്കും ചിട്ടയോടും കൂടി ആദ്യവസാനം വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി രചന നിർവഹിച്ചിരിക്കുന്നു.
കേരളത്തിലെയും ഇന്ത്യയിലെയും വിവിധ രീതിയിലുള്ള, ക്രൈം, അതിലെ കുറ്റക്കാരെ കണ്ടുപിടിക്കാനുള്ള വളരെ ശ്രമകരമായ, പഴുതടച്ചുള്ള ശ്രമങ്ങളെയും ഒരു കുറ്റാന്വേഷകന്റെ വൈദഗ്ധ്യത്തിൽ തന്നെ, ഈ നോവലിലെ സംഭവവികാസങ്ങൾ, വിവരണങ്ങൾ മുന്നോട്ടുപോകുന്നു. നിരവധി ദുരൂഹമായ, കൊല്ലും കൊലയും, കള്ള വാറ്റും, കള്ളക്കടത്തും, സ്വർണക്കടത്തും, ഡ്രഗ് മാഫിയകളുടെ, അണ്ടർവേൾഡ് ഗുണ്ടകളുടെ അഴിഞ്ഞാട്ടവും നിറഞ്ഞ അനവധി കഥ മുഹൂർത്തങ്ങൾ ഈ നോവലിൽ ഉടനീളം ദർശിക്കാവുന്നതാണ്. സിനിമ പിടിത്തവും, അതിലെ കാണികളെ ത്രസിപ്പിക്കുന്ന സെക്സും, സ്റ്റണ്ടും നികുതി വെട്ടിപ്പും, കള്ളനോട്ട് വ്യാപാരങ്ങളും, വിവിധ മതങ്ങളിലെ കള്ളപൂജാരികളും, അവരുടെ ഒക്കെ വഴിവിട്ട പ്രവർത്തനങ്ങളും, വിശ്വാസികളെ പറ്റിച്ച് പണം തട്ടിയെടുക്കുന്നതും , നമ്മുടെ മുമ്പിൽ, നമ്മുടെ വാർത്തകളിൽ തന്നെ നിറയുന്ന സംഭവവികാസങ്ങളും മുഹൂർത്തങ്ങളും ശ്രീ കുര്യൻ മ്യാലിൽ യാഥാർത്ഥ്യബോധത്തോടെ തന്നെ നിർഭയം തുറന്നു കാട്ടുന്നു. എന്ന് കരുതി ജനക്ഷേപത്തിന് മാത്രം ഊന്നൽ നൽകി പ്രവർത്തിക്കുന്ന ഒരു ആത്മീയ, ഭൗതിക വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ മൊത്തമായി ഒരിക്കലും ഈ നോവലിസ്റ്റ് താറടിക്കുന്നില്ല. യാതൊരു മുൻവിധിയും കൂടാതെ, സംഭവിച്ചത്, അല്ലെങ്കിൽ സംഭവിക്കാവുന്നതോ ആയ ജീവിത മുഹൂർത്തങ്ങളെ കോർത്തിണക്കിയ ഒരു സാങ്കൽപ്പിക കഥയും വർണ്ണനകളും ആയി മാത്രം ഈ നോവലിനെ കണ്ടാൽ മതി.
കഥാപാത്രങ്ങളും കഥാ ബിംബങ്ങളും അധികപക്ഷവും വിവിധ കുറ്റങ്ങളുടെ അഴുക്കുചാലിലൂടെ സഞ്ചരിക്കുന്നവരാണ്. കഥയും കഥാപാത്രങ്ങളും കേരളത്തിൽനിന്ന് തുടങ്ങി, ബോംബെ വഴി, സൗദി അറേബ്യയിൽ എത്തുന്നു. അവിടെനിന്ന് അമേരിക്കയിലെ ന്യൂയോർക്ക് വഴി, ചിക്കാഗോ, ഹ്യൂസ്റ്റൻ നഗരങ്ങളിൽ തമ്പടിക്കുകയാണ്. കേരളത്തിൽ നിന്നാണ് കഥയുടെ ആരംഭം. അവിടെ നിന്നു തന്നെ ഈ ക്രൈം സ്റ്റോറിയുടെ ചുരുൾ ഓരോന്ന് ആയി അഴിഞ്ഞ് തുടങ്ങുകയാണ്.
അമേരിക്കയിലെ മലയാള പള്ളി രാഷ്ട്രീയത്തിലും, വിവിധ മലയാളി മെഗാ സംഘടനകളുടെ പ്രവർത്തനങ്ങളിലും ഇതിലെ കഥയിലെ കഥാപാത്രങ്ങൾ പ്രവർത്തിക്കുന്നതും ഇടപെടുന്നതുമായ മുഹൂർത്തങ്ങൾ ഉൾപ്പെടുത്തി, ഒരു തരത്തിൽ പറഞ്ഞാൽ ഇവിടുത്തെ മലയാളികളുടെ ഒരുതരം ജീവിതഗന്ധിയാക്കി ഉൾപ്പെടുത്താനും നോവലിസ്റ്റ് ഒരു ശ്രമം നടത്തിയിട്ടുണ്ട്. പുസ്തകത്തിലെ വരികൾ ഒന്നും വിടാതെ ആദ്യന്തം വായിച്ചാൽ അതു മനസ്സിലാകും.
കൂലി വേലക്കാരും പട്ടിണിപ്പാവങ്ങളുമായ ഒരു പരമ ദരിദ്ര കുടുംബത്തിലെ 11 മക്കളിൽ ഒരുവൻ ആയിട്ടാണ് ഡേയിഞ്ചർ ബോബിയുടെ ജനനം. പലയിടത്തും പോയി പകലന്തിയോളം അധ്വാനിച്ചിട്ടും പട്ടിണി മാറ്റുവാൻ പോലും ഉള്ള വരുമാനം ആ കുടുംബത്തിന് ഉണ്ടായിരുന്നില്ല. ദിനവും യജമാനമാരുടെ ആട്ടും തുപ്പും പരിഹാസവും മാത്രം. ബാലനായ ബോബി തീരുമാനിച്ചു തനിക്കും ഒരു പണക്കാരൻ ആകണം. എങ്ങനെയെങ്കിലും പണം നേടി ഒരു യജമാനമാരുടെ നിലയിലേക്ക് ഉയരണം. വീണുകിട്ടിയ ഒരു ഭാഗ്യം എന്ന് പറയട്ടെ. അവിടുത്തെ പള്ളിക്കാരുടെ അനുഗ്രഹങ്ങൾ കൊണ്ട്, പണ സഹായം കൊണ്ട് ബോബി പഠിച്ച് ഒരു എൻജിനീയറായി. സൗദി അറേബ്യയിൽ എണ്ണ കുഴിച്ചെടുക്കുന്ന കമ്പനിയിൽ ആദ്യമായി ഒരു കൂലി തൊഴിലാളിയായി ജോലി കിട്ടി. രാപകൽ ഇല്ലാതെ ഓവർടൈം ചെയ്ത് കുറച്ച് പണം സമ്പാദിച്ചു. ആ ഓയിൽ കമ്പനിയിലെ സിഇഒ നെൽസൺ എന്ന ഒരു അമേരിക്കക്കാരൻ ആയിരുന്നു. നെൽസന്റെ പകുതി മാത്രം പ്രായമുള്ള ഹില്ലരി എന്ന ഒരു അമേരിക്കൻ സുന്ദരിയായിരുന്നു നെൽസന്റെ ഭാര്യ. ഹില്ലരിക്കു നേരത്തെ തന്നെ ടെഡ് എന്ന പേരുള്ള ഒരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. അതീവ സുന്ദരിയും മദാലസയുമായ ഹില്ലരിക്കു ആ കമ്പനിയിൽ തന്നെ മറ്റൊരു എൻജിനീയർ സ്പെൻസറും ആയി രഹസ്യമായ ബന്ധങ്ങളും ഉണ്ടായിരുന്നു. ന്യൂയോർക്ക് നിവാസിയായിരുന്ന ഹില്ലരി എല്ലാ തുറയിലും മിടുക്കി ആയിരുന്നു. അവൾ ടീനേജ് കാലത്ത് മാതാപിതാക്കളെ വെട്ടിച്ച് സർക്കസ് കമ്പനിയിൽ ചേർന്ന് എല്ലാ സർക്കസ് അഭ്യാസങ്ങളും പഠിച്ചിരുന്നു. അവിടെ നിന്ന് തിരിച്ചെത്തി, എൻജിനീയറിങ് പഠിച്ചു. വിമാനം പറപ്പിക്കാൻ പഠിച്ചു. . കുറച്ച് അമേരിക്കൻ സീരിയൽ എപ്പിസോഡിലും തല കാണിച്ചു. പണക്കാരനും സൂപ്പർ എൻജിനീയറുമായ നെൽസൺനോടൊപ്പം ചേർന്ന് അവർ സൗദി അറേബ്യയിലെ ആ ഓയിൽ കമ്പനിയിലെത്തി.
തങ്ങളുടെ കീഴെ മാത്രം പണിയെടുക്കുന്ന താഴെക്കിടയിലുള്ള എൻജിനീയറിങ് തൊഴിലാളി ബോബിയുടെ ബുദ്ധിയും മിടുക്കും ചുറു ചുറുക്കും, ജോലിയിലെ ശുഷ്കാന്തിയും കണ്ടപ്പോൾ ഹില്ലരിയുടെ നിർദ്ദേശം അനുസരിച്ച് ബോബിയുടെ ശമ്പളം ഇരട്ടിയാക്കി. താമസിയാതെ ബോബി ഹില്ലരിയുടെ എൻജിനീയറിങ് പ്രൈവറ്റ് സെക്രട്ടറിയായി മാറി. തുടർന്ന് വികാര ജീവിയും മദാലസയുമായ ഹില്ലരിയുമായി ബോബി കിടക്ക പങ്കിട്ട് അനേകം സെക്സ് മുറകൾ അഭ്യസിച്ചു, ആനന്ദ സ്വർഗ്ഗത്തിൽ എത്തി. പിന്നീട് നെൽസനെ കളഞ്ഞ് അവർ ബോബനും ഹില്ലരിയും ഇരുവരും ചേർന്ന് ആ എണ്ണ കമ്പനി തന്നെ സ്വന്തമാക്കി എന്ന് പറയാം. അവരുടെ ഓയിൽ വ്യവസായങ്ങളും അനുബന്ധ കമ്പനികളും ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് കുതിക്കുകയായിരുന്നു. ബിസിനസ്സിൽ പല തന്ത്രങ്ങളും കുതന്ത്രങ്ങളും വെട്ടിപ്പും തട്ടിപ്പും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അഴിമതിയും അക്രമവും എല്ലാം അവലംബിക്കാൻ ബോബിയും ഹില്ലരിയും മറന്നില്ല.
രാഷ്ട്രീയക്കാരെയും ഭരണാധികാരികളെയും കൈവെള്ളയിൽ ആക്കി. കുറ്റ അന്വേഷകരായി എത്തിയവരെ സ്വാധിനിക്കുകയോ, അതിനു പറ്റാത്തവരെ തരം മാതിരി വെടിവെച്ചു കൊല്ലുകയോ, ട്രക്ക് കയറ്റി കൊല്ലുകയോ, ചെയ്തിരുന്നു. അക്രമങ്ങൾക്ക് കൂട്ടുനിന്ന, സ്വന്തം സ്റ്റാഫ് അംഗങ്ങളെയും, സ്വന്തം ഗുണ്ടകളെയും തെളിവുകൾ നശിപ്പിക്കാൻ വേണ്ടി മറ്റു ഗുണ്ടകളെ ഉപയോഗിച്ച് വകവരുത്തി. യാതൊരു ദാക്ഷിണ്യവും മോറാലിറ്റിയും ഇല്ലാതെ പണം സമ്പാദിക്കുക, വമ്പൻ പണക്കാരൻ ആകുക എന്ന ലക്ഷ്യവും പ്രതിജ്ഞയും മാത്രമായിരുന്നു ബോബിയുടെ മുഖമുദ്ര. അമേരിക്കയിലെ മലയാളി, ഇന്ത്യൻ മെഗാ സംഘടനകളുടെയും ആരാധനാലയങ്ങളുടെയും വിവിധ കൺവെൻഷനുകളുടെ മെഗാ സ്പോൺസേർസ് ആയി ജനമധ്യത്തിൽ ദാനശീലനും സൽപ്രവർത്തകരും ആയി പ്രത്യക്ഷപ്പെടാൻ ബോബിയും ഹില്ലരിയും മടി കാണിച്ചില്ല. അനേകം ഗ്യാസ് സ്റ്റേഷനുകളും, ലിക്കർ സ്റ്റോറുകളും വാങ്ങിക്കൂട്ടി. സമ്പത്തും പണവും പ്രതാപവും സൽപേരും, സ്വാധീനശക്തിയും വർധിച്ചപ്പോൾ കോടികൾ മുടക്കി ഒരു വമ്പൻ സിനിമ പിടിക്കാൻ ബോബി പ്ലാൻ ഇട്ടു. സിനിമ ഷൂട്ടിംഗ് ആരംഭിച്ചു. ശ്രീലമ്പടനുംകൂടെ ആയിരുന്ന ബോബി ചെറുപ്പക്കാരികളും സുന്ദരിമാരുമായ അനേകം നടിമാരെ നോട്ടമിട്ടു. പലരുമായും കിടപ്പറ പങ്കിട്ടു. എന്നാൽ അല്പം എതിർപ്പു ഉണ്ടായിരുന്നിട്ടും പകരത്തിനു പകരം എന്ന രീതിയിൽ ഹില്ലരിയും അനേകം നടന്മാർ, ആരാധകർ എപ്പോഴും പൊക്കിക്കൊണ്ട് നടക്കുന്ന സൂപ്പർ നടന്മാർ വരെയുള്ളവരെ യഥേഷ്ടം ഭോഗിച്ചു.
ബോബി തന്നെയായിരുന്നു സിനിമയിലെ നായകൻ. അനേകം സുന്ദരി നടിമാരുമായി, ഇഴുകി ചേർന്നുള്ള നൃത്ത രംഗങ്ങൾ, കിടപ്പറ രംഗങ്ങൾ, അൽപ വസ്ത്രധാരണികളുമായുള്ള കോരിത്തരിപ്പിക്കുന്ന കുളിസീനുകൾ എല്ലാ കുത്തി നിറച്ച രംഗങ്ങൾ സിനിമയിൽ കൂടുതലായി ചേർത്തു. ഇപ്രകാരം സിനിമയിൽ ശ്രദ്ധ മുഴുവൻ കേന്ദ്രീകരിച്ചപ്പോൾ, മറ്റ് വ്യവസായങ്ങളിൽ ശരിയായി ശ്രദ്ധ ചെലുത്താൻ ബോബിക്ക് കഴിഞ്ഞില്ല. തരം പോലെ ബോബിയുടെ മൾട്ടി നാഷണൽ കമ്പനികളിൽ എല്ലാം, ബോബി തന്നെ നിയമിച്ചിരുന്ന, എൻജിനീയർമാരും, മാനേജർമാരും, ഗുണ്ടകളും, തരം മാതിരി കയ്യിട്ടുവാരാൻ തുടങ്ങി. ഗവൺമെൻറ് തലത്തിൽ ബോബിക്കെതിരെ വന്ന, ആരോപണങ്ങളെയും കുറ്റകൃത്യങ്ങളെയും കൊലകളെയും ബോബിക്ക് പഴയതുമാതിരി തടയാനോ പ്രതിരോധിക്കാനോ നിഷേധിക്കാനോ സാധിച്ചില്ല. അതുവരെ കൂടെ നിന്ന ഹില്ലരിയും പിണങ്ങി പിരിഞ്ഞു. വളരെ പെട്ടെന്ന് തന്നെ ബോബി സാമ്പത്തികമായി തകരുകയായിരുന്നു. ചില സിനിമാ നടികൾ ബോബി തന്നെ ബലാൽസംഗം ചെയ്തു എന്നും പറഞ്ഞ്, പത്രസമ്മേളനങ്ങൾ നടത്തി കോടതിയിൽ കേസുകൾ ഫയൽ ചെയ്തു. ഇതിനകം ഹില്ലരി അനേകം കുറ്റകൃത്യത്തിൽ പിടിക്കപ്പെടുകയും കോടതികൾ കയറിയിറങ്ങികൊണ്ടുമിരുന്നു. ബോബി താനും അകത്താകുന്ന ലക്ഷണം കണ്ടപ്പോൾ, ഹില്ലരി തന്നെ ഒറ്റുകൊടുക്കാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞപ്പോൾ ബോബി ഹില്ലരിയെയും തട്ടി കളയാൻ തീരുമാനിച്ചു.
എന്തിനേറെ, ചുരുക്കിപ്പറഞ്ഞാൽ ഡെയ്ഞ്ചർ ബോബി നിറ തോക്കുമായി ഹില്ലരിയെ വെടിവെക്കാനായി പിന്തുടരുമ്പോൾ, ഹില്ലരി തിരിച്ചും വെടി ഉതിർത്തു. അതിനിടെ എഫ്. ബി. ഐ.യും അമേരിക്കൻ കുറ്റാന്വേഷണ വിഭാഗവും ഇരുവരെയും പിന്തുടർന്ന് വെടിയുതിർത്തു. പരസ്പരം വെടിയേറ്റ ഇരുവരും ഒരു കെട്ടിടത്തിൻ മുകളിൽ നിന്ന് വീണ് ആത്മഹത്യ ചെയ്തു. പണം ഉണ്ടാക്കുവാനും, മറ്റുള്ളവരെ ചതിച്ചും വഞ്ചിച്ചും ഭൗതിക സുഖം ഒരു മുന്തിരിച്ചാറുമാതിരി ആസ്വദിക്കാനും മറ്റും ശ്രമിച്ച ഡെയിഞ്ചർ ബോബിയേയും മറ്റും ചുറ്റിപ്പറ്റിയുള്ള ഒരു ദുഃഖ പര്യവസാന കഥയായി ഈ നോവൽ സമാപിക്കുന്നു. അങ്ങിങ്ങായ് പല വീഴ്ചകൾ ഉണ്ടെങ്കിൽ തന്നെയും, കൂടുതലായി നോവലിനെ വിലയിരുത്തേണ്ടത് വായനക്കാരാണ്. കോഴിക്കോട്, പുസ്തകശാലയിൽ നിന്ന് ഈ പുസ്തകം ലഭ്യമാണ്. pusthakasalakkd@gmail.com Pusthakasala Kozhikode 673004



എ.സി.ജോർജ്

