PRAVASI

ഈ കൈകൾ ശുദ്ധമാണ്, കുടുംബത്തെ ഇഡി വേട്ടയാടുന്നു;പിണറായി വിജയൻ

Blog Image

മകൾ വീണയ്ക്കെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താനോ മകളോ മറ്റ് കുടുംബാംഗങ്ങളോ യാതൊരുവിധ ഹവാല ഇടപാടുകളും നടത്തിയിട്ടില്ലെന്നും തന്റെ കൈകൾ പൂർണ്ണമായും ശുദ്ധമാണെന്നും അദ്ദേഹം തുറന്നടിച്ചു. അന്വേഷണ ഏജൻസികളോട് ഒളിക്കാൻ തങ്ങൾക്ക് ഒന്നുമില്ല. ഇതുവരെയുള്ള ഇ.ഡി അന്വേഷണങ്ങളുമായി വീണ പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും വിവരങ്ങൾ കൈമാറാൻ ഇനിയും യാതൊരു മടിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ മകളായതുകൊണ്ട് മാത്രമാണ് വീണയ്ക്കെതിരെ ഇത്തരമൊരു അനാവശ്യ വേട്ടയാടൽ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സാധാരണയായി വിവരങ്ങൾ വെബ്സൈറ്റിൽ മാത്രം പ്രസിദ്ധീകരിക്കുന്ന ഇ.ഡി ഈ വിഷയത്തിൽ അസാധാരണമായി വാർത്താക്കുറിപ്പ് ഇറക്കിയതിനെയും അതിൽ ‘പി. വിജയൻ’, ‘മുൻ മുഖ്യമന്ത്രി’ എന്നീ പരാമർശങ്ങൾ ഉൾപ്പെടുത്തിയതിനെയും അദ്ദേഹം ശക്തമായി ചോദ്യം ചെയ്തു. ഇതിനുപുറമെ മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ അക്കൗണ്ടിലേക്ക് വീണ പണം മാറ്റിയെന്ന ചില മാധ്യമങ്ങളുടെ വാദം അടിസ്ഥാനരഹിതമാണെന്നും യാതൊരു തെളിവുകളുമില്ലാതെ തനിക്കെതിരെ എന്തും പറയാമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വിമർശിച്ചു.

തന്നെ വ്യക്തിപരമായി കുടുക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ പുതിയതല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം 1996-ൽ തനിക്കെതിരെ നടന്ന സി.ബി.ഐ അന്വേഷണത്തെക്കുറിച്ചും ഓർമ്മിപ്പിച്ചു. അന്ന് തിരഞ്ഞെടുപ്പ് സമയത്ത് കോടികൾ ലഭിച്ചുവെന്നായിരുന്നു ആരോപണം ഉയർന്നത്. എന്നാൽ തന്റെ നിരപരാധിത്വം അന്ന് സി.ബി.ഐക്ക് മുൻപിൽ തെളിയിക്കാൻ കഴിഞ്ഞിരുന്നു. തന്നെയും കുടുംബത്തെയും ലക്ഷ്യമിട്ട് കാലങ്ങളായി പലരും പിന്നാലെയുണ്ടെങ്കിലും അന്നും ഇന്നും തന്റെ കൈകൾ ശുദ്ധമാണെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.