PRAVASI

പ്രസംഗവേദിയിൽ നിന്ന് ആഗോള കൂട്ടായ്മയിലേക്ക്; ഓർമ്മ സീസൺ 4ന് ഫിലാഡൽഫിയായിൽ പ്രൗഢഗംഭീര തുടക്കം

Blog Image

ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികളുടെ പ്രസംഗശേഷിയും ഭാഷാപാടവവും ചിന്താശേഷിയും നേതൃത്വഗുണങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ നാലാം സീസണിന് ഫിലാഡൽഫിയായിൽ പ്രൗഢഗംഭീരമായ തുടക്കം. ഓഗസ്റ്റ് 19-ന് ഫിലാഡൽഫിയ സെയിന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ കത്തോലിക്കാ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തിൽ നടന്ന “An Evening of Celebration, Partnership & Community” എന്ന പ്രത്യേക പരിപാടിയിലാണ് സീസൺ 4 ഔദ്യോഗികമായി കിക്കോഫ് ചെയ്തത്.

ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4ൻറ്റെ ഔദ്യോഗിക ലോഞ്ച്, ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം, 24 ന്യൂസിൻറ്റെ നേതൃത്വത്തിലുള്ള Million Malayalee Club (MMC) സംരംഭത്തിൻറ്റെ സൈനിംഗ്-ഇൻ എന്നീ മൂന്ന് പ്രധാന പരിപാടികളുടെ സംഗമവേദിയായാണ് ചടങ്ങ് മാറിയത്.

നിശ്ശബ്ദ പ്രാർഥനയോടെയും അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനങ്ങളോടെയും ആരംഭിച്ച ചടങ്ങിൽ, ഓർമ്മയുടെ ഒന്നാം സീസൺ മുതൽ നാലാം സീസണിലേക്കുള്ള വളർച്ചയും പ്രധാന നേട്ടങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക ഹ്രസ്വ വീഡിയോയും സീസണുകളുടെ ടൈംലൈനും പ്രദർശിപ്പിച്ചു. ഓർമ്മയുടെ വിജയയാത്ര പരിചയപ്പെടുത്തിയ ഈ അവതരണം പബ്ലിക് റിലേഷൻസ് ഓഫീസർ മെർളിൻ മേരി അഗസ്റ്റിൻ നിർവഹിച്ചു.

ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ് സീസൺ 4ൻറ്റെ ആമുഖം അവതരിപ്പിച്ചു. മുൻ മൂന്ന് സീസണുകളുടെ വിജയവും, മത്സരത്തോടൊപ്പം കൃത്യമായ പരിശീലനം നൽകുന്ന ഓർമ്മയുടെ പ്രത്യേക മാതൃകയും അദ്ദേഹം ചുരുക്കി വിശദീകരിച്ചു. സീസൺ 4ൽ വേൾഡ് മലയാളി ഫെഡറേഷനുമായുള്ള (WMF) കൂടുതൽ ആഴത്തിലുള്ള ആഗോള സഹകരണം പ്രധാന പ്രത്യേകതയാണെന്നും, സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്റെയും WMF ടീമിന്റെയും പിന്തുണയോടെ മത്സരത്തിൻറ്റെ സന്ദേശം ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

24 ന്യൂസിൻറ്റെ നേതൃത്വത്തിലുള്ള Million Malayalee Club സംരംഭവുമായി ഓർമ്മ കൈകോർക്കുന്നതിൻറ്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഈ സഹകരണം യാഥാർഥ്യമാക്കുന്നതിനും സീസൺ 4ന് പിന്തുണ നൽകുന്നതിനും സഹായിച്ച 24 ന്യൂസ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ശ്രീകണ്ഠൻ നായർക്കും, V അരവിന്ദിനും 24 ന്യൂസ് ടീമിനും പ്രത്യേകമായി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് സീസണുകളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സ്പോൺസർമാർ, അഭ്യുദയകാംക്ഷികൾ, പരിശീലകർ, മുൻ മത്സരാർത്ഥികൾ, സ്കൂൾ-കോളേജ് പ്രിൻസിപ്പൽമാർ, അധ്യാപകർ, മാധ്യമ സംഘടനകളുടെ പ്രതിനിധികൾ, മീഡിയ പ്രവർത്തകർ, മത്സരത്തിൻറ്റെ ജഡ്ജുമാർ, മാർക്കറ്റിംഗ് ടീം അംഗങ്ങൾ, വിവിധ സംഘടനാ നേതാക്കൾ, ഓർമ്മയുടെ ടീം അംഗങ്ങൾ എന്നിവർക്കും അദ്ദേഹം ഹൃദ്യമായ നന്ദി അറിയിച്ചു.

തുടർന്ന് വിശിഷ്ടാതിഥികളുടെയും ഓർമ്മ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ഭദ്രദീപം തെളിയിച്ച് സീസൺ 4 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. MMC സംരംഭത്തിൻറ്റെ സൈനിംഗ്-ഇൻ ചടങ്ങും ഇതോടനുബന്ധിച്ച് നടന്നു.

പരിപാടിയിൽ അധ്യക്ഷത വഹിച്ച ഓർമ്മ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ സംഘടനയുടെ പ്രവർത്തനങ്ങളെയും പുതിയ സീസണിൻറ്റെ ലക്ഷ്യങ്ങളെയും കുറിച്ച് സംസാരിച്ചു. ഓർമ്മയുടെ മുൻ സീസണുകൾക്ക് ലഭിച്ച ജനപിന്തുണയും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണവും നാലാം സീസണിൻറ്റെ വിജയത്തിനും കരുത്താകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

24 ന്യൂസ് എഡിറ്റർ-ഇൻ-ചാർജ് പി. പി. ജെയിംസ് മുഖ്യാതിഥിയായി പങ്കെടുത്തു. C News Live & CN Global Movies CEO ഡോ. ലിസി കെ. ഫെർണാണ്ടസ്, പെൻസിൽവാനിയ കോമൺവെൽത്തിൻറ്റെ മുൻ സ്പീക്കർ ഹോൺ. ജോൺ എം. പെർസൽ, ഫിലാഡൽഫിയ പോലീസ് സെർജന്റ് ബ്ലെസ്സൺ മാത്യു, ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സന്ദേശങ്ങൾ നൽകി.

തന്റെ പ്രസംഗത്തിൽ പി. പി. ജെയിംസ് Million Malayalee Club സംരംഭത്തിൻറ്റെ ലക്ഷ്യവും ദൗത്യവും വിശദീകരിച്ചു. ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മലയാളികളെ ഒരു വലിയ ആഗോള ശൃംഖലയിലൂടെ ബന്ധിപ്പിക്കുകയും മലയാളി സമൂഹത്തിൻറ്റെ ഐക്യവും ശക്തിയും വർധിപ്പിക്കുകയുമാണ് MMCയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഈ മഹത്തായ സംരംഭത്തിന് 24 ന്യൂസ് നേതൃത്വം നൽകുന്നുണ്ടെന്നും, വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പങ്കാളിത്തമാണ് ഇത്തരം വലിയ സാമൂഹിക സംരംഭങ്ങളുടെ വിജയത്തിന് കരുത്താകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

MMCയുമായി അമേരിക്കയിൽനിന്ന് കൈകോർക്കുന്ന ആദ്യ സംഘടനയായി ഓർമ്മ ഇന്റർനാഷണൽ മാറിയതിൽ അദ്ദേഹം ഓർമ്മ നേതൃത്വത്തെ അഭിനന്ദിച്ചു. ഓർമ്മയും 24 ന്യൂസും തമ്മിലുള്ള ഈ പങ്കാളിത്തം മാതൃകാപരമാണെന്നും, സമൂഹത്തിന് ഗുണകരമായ വലിയ സംരംഭങ്ങൾ വിജയിപ്പിക്കാൻ ഇത്തരം സഹകരണങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോ. ലിസി കെ. ഫെർണാണ്ടസ് യുവജനങ്ങളുടെ കഴിവുകൾ കണ്ടെത്തി വളർത്തുന്നതിൽ ഓർമ്മയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. സീസൺ 3ൻറ്റെ ഗ്രാൻഡ് ഫിനാലെയിൽ നേരിട്ട് പങ്കെടുത്ത അനുഭവവും അവർ അനുസ്മരിച്ചു. ഓർമ്മയുടെ പ്രവർത്തനങ്ങളോടുള്ള തന്റെ സ്നേഹവും അടുപ്പവും പ്രകടിപ്പിച്ചുകൊണ്ട്, ഓർമ്മയുടെ തീം സോങ്ങിന് സംഗീതം നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷവും അവർ പങ്കുവച്ചു. ഹോൺ. ജോൺ എം. പെർസൽ പൊതുരംഗത്തും നേതൃത്വമേഖലയിലും  ആശയവിനിമയശേഷിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തിൻറ്റെ ആശംസകൾ നേർന്ന അദ്ദേഹം, ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4ന് എല്ലാ വിജയാശംസകളും അറിയിക്കുകയും മത്സരത്തിൻറ്റെ വിജയത്തിനായി ആശംസകൾ അർപ്പിക്കുകയും ചെയ്തു.

ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, യുവതലമുറയ്ക്ക് മികച്ച അവസരങ്ങൾ ഒരുക്കുന്നതിൽ ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യം വിശദീകരിച്ചു. ഫൊക്കാനയുടെ വിപുലമായ ശൃംഖലയും പിന്തുണയും ഓർമ്മ സീസൺ 4ൻറ്റെ പ്രവർത്തനങ്ങൾക്കും വിജയത്തിനും ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. WMF ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു, ഓർമ്മ സീസൺ 4ന് വേൾഡ് മലയാളി ഫെഡറേഷൻ നൽകുന്ന പിന്തുണയും സഹകരണവും പ്രഖ്യാപിച്ചു. WMFന്റെ വിപുലമായ ആഗോള ശൃംഖല പ്രയോജനപ്പെടുത്തി ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി വിദ്യാർത്ഥികളിലേക്കും കുടുംബങ്ങളിലേക്കും മത്സരത്തിൻറ്റെ സന്ദേശം എത്തിക്കുന്നതിനും, സീസൺ 4ൻറ്റെ വിജയത്തിനായി ആവശ്യമായ പിന്തുണയും സഹകരണവും നൽകുന്നതിനും WMF ഒപ്പമുണ്ടാകുമെന്ന് അവർ ഉറപ്പുനൽകി 

ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്റിലെ ആദ്യ മലയാളി, ദക്ഷിണേന്ത്യൻ സെർജന്റായ ബ്ലെസ്സൺ മാത്യുവിനെ, ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്റിലെ ആദ്യ മലയാളി ലെഫ്റ്റനന്റാകാനുള്ള അദ്ദേഹത്തിൻറ്റെ വരാനിരിക്കുന്ന നേട്ടത്തിൻറ്റെ പശ്ചാത്തലത്തിൽ ഓർമ്മ ഇന്റർനാഷണൽ പ്രത്യേകമായി അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ രണ്ടാം സീസൺ ഔദ്യോഗികമായി ലോഞ്ച് ചെയ്തതും ബ്ലെസ്സൺ മാത്യുവായിരുന്നുവെന്ന് ചടങ്ങിൽ അനുസ്മരിച്ചു.

വിശിഷ്ടാതിഥികളുടെ സന്ദേശങ്ങൾക്ക് ശേഷം നടന്ന അനുമോദന പ്രസംഗങ്ങളിൽ ഓർമ്മ ഇന്റർനാഷണൽ ലീഗൽ ചെയർ അറ്റോർണി ജോസഫ് കുന്നേൽ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേൽ എന്നിവർ സംസാരിച്ചു. ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ തുടക്കം മുതൽ എല്ലാ സീസണുകളിലും പിന്തുണയും സ്പോൺസർഷിപ്പും നൽകി വരുന്ന പ്രധാന വ്യക്തികളിലൊരാളായ ജോസഫ് കുന്നേൽ മത്സരത്തിൻറ്റെ ജഡ്ജായും സജീവമായി പ്രവർത്തിച്ചുവരുന്നു. ഓർമ്മയുടെ വളർച്ചയിലും വിജയത്തിലും അദ്ദേഹത്തിൻറ്റെ തുടർച്ചയായ പിന്തുണ പ്രത്യേകം അനുസ്മരിക്കപ്പെട്ടു.

തുടർന്ന് ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡന്റും സീസൺ 3ലെ മുഖ്യാതിഥിയുമായ ഡോ. ബിന്ദു ആലപ്പാട്ട്, ഫോമയുടെ മുൻ പ്രസിഡന്റും കലയുടെ പ്രതിനിധിയുമായ ജോർജ് മാത്യു സി.പി.എ., പമ്പ പ്രസിഡന്റ് അലക്സ് തോമസ്, ഐ.ഒ.സി. ചെയർമാൻ സാബു സ്കറിയ, ഇമലയാളി ഉടമ ജോർജ് ജോസഫ്, ഓർമ്മ ഇന്റർനാഷണലിൻറ്റെ മുൻ പ്രസിഡന്റ് ജോർജ് നടവയൽ എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി. ഓർമ്മയുടെ മുൻകാല പ്രവർത്തനങ്ങളെയും അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ വളർച്ചയെയും അഭിനന്ദിച്ച അവർ, നാലാം സീസണിൻറ്റെ വിജയത്തിനായി വിവിധ മലയാളി സംഘടനകളുടെയും സമൂഹത്തിൻറ്റെയും കൂട്ടായ പിന്തുണയും സഹകരണവും ഉറപ്പുതന്നു .

ചടങ്ങിൽ വിവിധ മലയാളി സാമൂഹിക, സാംസ്കാരിക, മാധ്യമ സംഘടനകളുടെ പ്രതിനിധികളും പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു. മലയാള മനോരമ മുൻ എഡിറ്റർ ജോൺ മുണ്ടക്കയം, ഓർമ്മ ടാലന്റ് പ്രമോഷൻ ഫോറം ഡയറക്ടർ ജയരാജ് ആലപ്പാട്ട്, ഫിലാഡൽഫിയ നഗരസഭയിലെ Compliance and Monitoring വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ മാത്യു തരകൻ, WMC സെക്രട്ടറി ലൂക്കോസ് മാത്യു, പിയാനോ പ്രതിനിധി ലൈല മാത്യു, കോട്ടയം അസോസിയേഷൻ പ്രതിനിധി ജിമോൻ ജോർജ്, പ്രസ് ക്ലബ് പ്രസിഡന്റ് ലിജോ ജോർജ്, IACA സെക്രട്ടറി ചാർളി ചിറയത്ത്, വിവിധ സംഘടനാ നേതാക്കളായ  മില്ലി ഫിലിപ്പ്, ജോൺ പണിക്കർ, സുധ കാർത്ത, റെനി ജോസഫ്, സിബിച്ചൻ മുക്കാടൻ, തങ്കച്ചൻ സാമുവൽ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഓർമ്മയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സ്പോൺസർമാരായ ഡോ. ഷെറി ജോസ്, ബിനു മാനുവൽ, രാജേഷ് തോമസ്, പോളച്ചൻ വറീദ്, ജോജി ചെറുവേലിൽ, മാനുവൽ തോമസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ നാല് ഘട്ടങ്ങളിലായാണ് സീസൺ 4 സംഘടിപ്പിക്കുന്നത്. സീസൺ 4ൻറ്റെ, പ്രത്യേകതയായി സബ് ജൂനിയർ വിഭാഗത്തിനായി പ്രത്യേക ഓൺലൈൻ മത്സരവും ഉണ്ടായിരിക്കും. മത്സരത്തോടൊപ്പം കൃത്യമായ പരിശീലനം നൽകി ഭാഷാപാടവം, ആശയവിനിമയശേഷി, അവതരണ മികവ്, ആത്മവിശ്വാസം, ചിന്താശേഷി, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിനാണ് ഓർമ്മ പ്രാധാന്യം നൽകുന്നത്.

സീസൺ 4, ഗ്രാൻഡ് ഫിനാലെ 2027 ഓഗസ്റ്റിൽ പാ ലാ യി ൽ നടക്കും . 2026 സെപ്റ്റെംബർ 15ന് ആരംഭിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന മത്സരപരമ്പരയ്ക്ക് 10 ലക്ഷം രൂപയുടെ സമ്മാനത്തുകയാണുള്ളത്. മത്സരത്തി ൻറ്റെ രജിസ്ട്രേഷനും മറ്റ് വിശദവി വരങ്ങളും www.ormaspeech.org എന്ന വെ ബ്സൈറ്റിൽ ഉടൻതന്നെ ലഭ്യമാകും .

സീസൺ 4ൻറ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് കേരളത്തിൽ “വാഗ്മിത്വത്തിലേക്ക് ഒരു ചുവട്” എന്ന പേരിൽ തുടക്കം കുറിച്ചിരുന്നു. ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിൻറ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.  വി. ഡി. സതീശൻ നിർവഹിച്ചു.

തുടർന്ന് വിവിധ ഘട്ടങ്ങളിലായി നടന്ന പോസ്റ്റർ ലോഞ്ചിംഗ് പരിപാടികളിൽ വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്, 24 ന്യൂസ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ശ്രീകണ്ഠൻ നായർ, വിസാറ്റ് ഗ്രൂപ്പ് ചെയർമാൻ രാജു കുര്യൻ എന്നിവർ വിവിധ അവസരങ്ങളിൽ പങ്കെടുത്തിരുന്നു.

കേരളത്തിൽ ആരംഭിച്ച പ്രചാരണത്തിൻറ്റെ തുടർച്ചയായാണ് ഫിലാഡൽഫിയയിൽ സീസൺ 4ൻറ്റെ ഔദ്യോഗിക യു.എസ്. കിക്കോഫ് വിജയകരമായി നടന്നത്.

ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ഓർമ്മ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, മീഡിയ ചെയർ അരുണ്‍ കോവാട്ട്, പബ്ലിക് റിലേഷൻസ് ഓഫീസർ മെർളിൻ മേരി അഗസ്റ്റിൻ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈല രാജൻ, ജോയിന്റ് സെക്രട്ടറി സെബിൻ സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിലും ഏകോപനത്തിലുമാണ് പരിപാടി സംഘടിപ്പിച്ചത്.

എയ്‌മിലിൻ റോസ് തോമസും, മെർളിൻ മേരി അഗസ്റ്റിനും പരിപാടിയുടെ അവതാരകരായി പ്രവർത്തിച്ചു. ചടങ്ങിൻറ്റെ അവസാനം ഓർമ്മ ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ സദസ്സിന് നന്ദി രേഖപ്പെടുത്തി. സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

വിവിധ സാമൂഹിക, സാംസ്കാരിക, മാധ്യമ സംഘടനകളുടെയും നേതാക്കളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ഫിലാഡൽഫിയ കിക്കോഫ്, വ്യത്യസ്ത സംഘടനകളെയും സമൂഹത്തിൻറ്റെ വിവിധ മേഖലകളിലെ പ്രമുഖരെയും ഒരേ വേദിയിൽ ഒരുമിപ്പിച്ച ശ്രദ്ധേയമായ സംഗമവേദിയായി മാറി. ഓർമ്മ സീസൺ 4ൻറ്റെ ഔദ്യോഗിക തുടക്കത്തോടൊപ്പം, സംഘടനകൾ തമ്മിലുള്ള സഹകരണവും കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യവും വിളിച്ചോതിയ ഈ സായാഹ്നം, ലോകമെമ്പാടുമുള്ള മലയാളി യുവതലമുറയിലേക്ക് പ്രസംഗകലയുടെ സന്ദേശം കൂടുതൽ വിപുലമായി എത്തിക്കാനുള്ള പുതിയൊരു കൂട്ടായ യാത്രയുടെ തുടക്കമായി. 

കൂടുതൽ വിവരങ്ങൾ: www.ormaspeech.org

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.