PRAVASI

സുവിശേഷവൽക്കരണത്തിലും സാഹിത്യത്തിലും സന്യാസിനികളുടെ പങ്ക്.

Blog Image

കത്തോലിക്കാ സഭയുടെ സുവിശേഷവൽക്കരണത്തിലും ദൗത്യത്തിലും സന്യസ്തർ   എപ്പോഴും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സുവിശേഷത്തിന്റെ വ്യാപനത്തിനും ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ സമൂഹങ്ങളുടെ രൂപീകരണത്തിലും അവരുടെ സമർപ്പണവും സേവനവും  വളരെ വലുതാണ്. 
      ഇന്ന്  ഭാരത കത്തോലിക്കാസഭയിൽ ലക്ഷക്കണക്കിന് സന്യാസിനിമാരുണ്ട്. ക്രൈസ്തവ മൂല്യങ്ങളിലൂന്നി ജനങ്ങൾക്ക് വിശ്വാസ പരിശീലനം നൽകുക മാത്രമല്ല, ആതുരസേവനം, സമൂഹ്യസേവനം,അധ്യാപനം തുടങ്ങി ഇന്ന് നിരവധി മേഖലകളിൽ സന്യാസിനിമാർ തങ്ങളുടെ മികവുറ്റ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്.

  എന്നാൽ കലാ-സാഹിത്യരംഗത്തേയ്ക്ക് നമ്മുടെ സന്യാസിനിമാര്‍ കടന്നുവരാത്ത തെന്താണ്?

 കലാ-സാഹിത്യവാസനകളുള്ള നിരവധി സന്യാസിനിമാർ നമ്മുടെ ക്രൈസ്തവ സമൂഹങ്ങളിലുണ്ട്. ഈ അടുത്തകാലത്ത് നന്നായി പാടുകയും പ്രഭാഷണം നടത്തുകയും ചെയ്യുന്ന ചില സന്യാസിനിമാർ  അവരുടെ കഴിവുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ അവതരിപ്പിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട് എന്ന കാര്യം  വിസ്മരിക്കുന്നില്ല. എങ്കിലും പ്രതിഭാധനരായ നിരവധി സന്യാസിനിമാർ നമ്മുടെ കോൺവെൻറു കൾക്കുള്ളിലുണ്ട്.അവരാരും തങ്ങളുടെ കഴിവുകൾ ഫുറംലോകത്ത് എത്തിക്കുന്നില്ല, അല്ലെങ്കിൽ എത്തിക്കാനുള്ള അവസരം ലഭിക്കുന്നില്ല.

സന്യാസിനിമാർ എന്നാൽ ദൈവീക ശുശ്രൂഷ ചെയ്ത് കോൺവെൻറു കൾക്കുള്ളിൽ ഒതുങ്ങിക്കൂടേണ്ടവരാണെന്ന ഒരു ധാരണ നമ്മൾ ഉണ്ടാക്കിക്കഴിഞ്ഞു. ഈ ധാരണയിൽ മാറ്റം വന്നെങ്കിൽ മാത്രമേ ഇവർക്കും തങ്ങളുടെ സാഹിത്യപ്രവർത്തനത്തിലൂടെ സമൂഹത്തെ സേവിക്കാനുള്ള അവസരം ലഭിക്കുകയുള്ളൂ. 
അവരുടെ സേവനം അവരായിരിക്കുന്ന മേഖലകളിൽ മാത്രം ഒതുങ്ങിയാൽ  മതിയോ?,; 


 ജനങ്ങളിലേക്ക്എത്തിച്ചേരാൻ കഴിയുന്ന സുവിശേഷവൽക്കരണത്തിനുള്ള ശക്തമായ ഉപകരണമാണ് സാഹിത്യം. വിശ്വാസാനുഭവം പങ്കിടാനും ക്രിസ്തീയ മൂല്യങ്ങൾ കൈമാറാനും വൈദികരെ പോലെ തന്നെ  സന്യാസിനികൾക്കും സാഹിത്യം ഉപയോഗിക്കാം.
എഴുത്തിലൂടെ, സന്യാസിനികൾക്കും  അവരുടെ ആത്മീയതയും ദൈവത്തോടുള്ള ഭക്തിയും പ്രകടിപ്പിക്കാനും മറ്റുള്ളവരെ അതേ പാതപിന്തുടരാൻ പ്രചോദിപ്പിക്കാനും കഴിയും.

 കത്തോലിക്കാ സഭയിൽ എഴുത്തുകാരായ ധാരാളം സന്യാസിനികൾ ഉണ്ടായിട്ടുണ്ട്. അവരിൽ പലരും വിശുദ്ധ പദവിയിലും എത്തിയിട്ടുണ്ട്.
 

കർമലീത്ത സന്യാസ സമൂഹത്തിന്റെ നവീകരണത്തിന്  വേണ്ടി പ്രയത്നിച്ച ആവിലയിലെ വിശുദ്ധ തെരേസ ഒരു സ്പാനിഷ്  മിസ്റ്റിക്കും, എഴുത്തുകാരിയുമായിരുന്നു. നിരവധി ഗ്രന്ഥങ്ങൾ എഴുതിയ അമ്മ തെരേസയെ കത്തോലിക്കാ സഭ  വേദപാരംഗത എന്ന് വിശേഷിപ്പിക്കുന്നു. 
ക്രിസ്തീയ ആത്മീയ സാഹിത്യത്തിലെ ഒരു ക്ലാസിക്കായി മാറിയ "സ്റ്റോറി ഓഫ് എ സോൾ" എന്ന ആത്മകഥ എഴുതിയ ഫ്രഞ്ച് കാർമെലൈറ്റ് സന്യാസിനിയാണ്  വിശുദ്ധ കൊച്ചുത്രേസ്യ.വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധം പര്യവേക്ഷണം ചെയ്യുന്ന നിരവധി ഉപന്യാസങ്ങളും ദാർശനിക കൃതികളും എഴുതിയ ജർമ്മൻ കർമ്മലീത്ത സന്യാസിനിയാണ് വിശുദ്ധ എഡിത്ത് സ്റ്റെയിൻ


 സ്പാനിഷ് സന്യാസിനിയും  മഠസ്ഥാപകയുമായ  മരിയ ഹോസേ അലാമ വാലേറ ( മദർ സ്‌പേരാൻസാ)
കത്തുകൾ, ഡയറിക്കുറിപ്പുകൾ, ആത്മീയ ചിന്തകൾ  എന്നിവയുൾപ്പെടെയുള്ള തന്റെ രചനകളിലൂടെ യേശുവിന്റെ  കാരുണ്യവും ആർദ്രതയും വെളിപ്പെടുത്തി.  ആത്മീയ പരമായ  വിശ്വാസവും ദൈവത്തോടും മറ്റുള്ളവരോടുമുള്ള വലിയ സ്നേഹവുമാണ് അവരുടെ രചനകളുടെ സവിശേഷത. 

 ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ട വർക്കും വേണ്ടിയുള്ള തന്റെ സമർപ്പണത്തിന് സാക്ഷ്യം വഹിക്കുന്ന നിരവധി പുസ്തകങ്ങളും കത്തുകളും എഴുതിയ ഒരു മിഷണറി സന്യാസിനിയായിരുന്നു കൊൽക്കത്തയിലെ മദർ തെരേസ.

  
 ഭാരത കത്തോലിക്കാ സഭയുടെ പ്രഥമ വിശുദ്ധയായ വിശുദ്ധ അൽഫോൻസാമ്മ നല്ലൊരു കവയിത്രിയായിരുന്നു. അധ്യാപികയായി സേവനമനുഷ്ഠിച്ച കാലയളവിൽ അൽഫോൻസാമ്മ ധാരാളം കവിതകൾ എഴുതിയിരുന്നു. കൂടാതെ സ്വർഗീയ മാതാവിനെ കുറിച്ചുള്ള സ്തുതിപ്പുകൾ  രചിച്ച് കുട്ടികളെ പഠിപ്പിക്കുമായിരുന്നു.

മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭയായിരുന്നു കവയിത്രി സിസ്റ്റർ മേരി ബെനീഞ്ജ.

 സന്യാസിമാർക്കും പലവിധത്തിൽ സാഹിത്യ രംഗത്ത് സംഭാവന നൽകാൻ സാധിക്കും എന്നതിന് ഉത്തമ മാതൃകയാണ് ഇതെല്ലാം. 

 തങ്ങളുടെ വിശ്വാസാനുഭവത്തെയും ദൈവഭക്തിയെയും പ്രതിഫലിപ്പിക്കുന്ന ആത്മീയ പുസ്തകങ്ങൾ, ആത്മകഥകൾ, ഉപന്യാസങ്ങൾ, കവിതകൾ എന്നിവ  സന്യാസിനിമക്ക് എഴുതാൻ കഴിയും. ദൈവശാസ്ത്രപരമായ വിഷയങ്ങൾ പര്യവേക്ഷണം ചെയ്യാനും സഭയിലെ അവരുടെ വിളിയും പങ്കും പ്രതിഫലിപ്പിക്കാനും സന്യാസിനികൾക്ക്   സാഹിത്യം ഉപയോഗിക്കാം.

 സന്യാസനകൾക്ക്  എഴുത്ത് ഒരു വെല്ലുവിളിയാകാം, പ്രത്യേകിച്ച് അവർക്ക് സൃഷ്ടിപരമായ എഴുത്തിൽ പരിചയമില്ലെങ്കിൽ. എന്നിരുന്നാലും, പരിശീലനവും സമർപ്പണവും ഉപയോഗിച്ച്,  സന്യാസിനികൾക്കും അവരുടെ സാഹിത്യ വാസനകൾ വികസിപ്പിക്കാൻ കഴിയും.  അവരുടെ വായനക്കാരുടെ വിശ്വാസത്തെ പ്രചോദിപ്പിക്കുകയും സമ്പന്നമാക്കുകയും ചെയ്യുന്ന സാഹിത്യകൃതികൾ സൃഷ്ടിക്കാനും അവർക്ക് കഴിയും.

അവർക്ക് തങ്ങളുടെ എഴുത്തിലൂടെ  പ്രേക്ഷകരിലേക്ക് എത്തിച്ചേരാനും അവരുടെ വിശ്വാസാനുഭവം മറ്റുള്ളവരുമായി പങ്കിടാനും സാഹിത്യത്തെ ഒരു അപ്പസ്തലീകരണ രീതിയായി സ്വീകരിക്കാം.   അതുവഴി സുവിശേഷവൽക്കരണത്തിനുള്ള ശക്തമായ ഒരു ഉപകരണമാകാനും കൂടുതൽ ശക്തവും ഏകീകൃതവുമായ ക്രിസ്തീയ സമൂഹങ്ങൾ കെട്ടിപ്പടുക്കാനും  കഴിയും.

 സന്യാസിനികൾക്കും എല്ലാ ക്രിസ്ത്യാനികൾക്കും ആത്മീയ വായന പ്രധാനമാണ്. ആത്മീയ സാഹിത്യകൃതികൾ വായിക്കുന്നത് അവരെ വിശ്വാസത്തിൽ വളരാനും അവരുടെ ക്രിസ്തീയ വിളിയെ നന്നായി മനസ്സിലാക്കാനും സഹായിക്കും. ദൈവത്തെക്കുറിച്ചുള്ള അവരുടെ ഗ്രാഹ്യം ആഴത്തിലാക്കാനും വിശ്വാസാനുഭവത്തെക്കുറിച്ച് ചിന്തിക്കാനും സന്യാസിനികൾക്ക് ആത്മീയ വായന ഉപകരിക്കും
  
എഴുത്തിനെ    ഒരു പ്രാർത്ഥനാരീതിയായി കണക്കാക്കാം. എഴുത്തിലൂടെ  ദൈവത്തോടുള്ള ഭക്തി പ്രകടിപ്പിക്കാനും അവരുടെ വിശ്വാസാനുഭവത്തെക്കുറിച്ച് ചിന്തിക്കാനും കഴിയും. എഴുത്ത് പ്രാർത്ഥനയ്ക്കുള്ള ശക്തമായ ഒരു ഉപകരണമാക്കാം. കൂടാതെ ദൈവവുമായുള്ള ബന്ധത്തിൽ വളരാൻ സന്യാസിനികളെ  സഹായിക്കുകയും ചെയ്യും. എഴുത്തിനെ സ്നേഹിക്കുന്ന എഴുതാൻ താല്പര്യമുള്ള സന്യാസിനിമാരെയും നമുക്ക്  പ്രോത്സാഹിപ്പിക്കാം.

സിസ്റ്റർ ഉഷാ ജോർജ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.