PRAVASI

അരണ്ട സർക്കാർ കേരളത്തിന് ബാധ്യത;പവർകട്ടിനെതിരെ എകെജി സെന്ററിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം

Blog Image

തിരുവനന്തപുരം: പവര്‍കട്ടിനെതിരെ എകെജി സെന്ററില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. വൈദ്യുതി മന്ത്രി വിഡ്ഢിത്തം പറയുകയാണെന്നും വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിക്കാനാണ് നീക്കമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം എവിടെയെങ്കിലും ആക്ഷേപം ഉണ്ടായിരുന്നോ എന്ന് ചോദിച്ച ഇ പി, ഭരിക്കാന്‍ അറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണമെന്നും മുഖ്യമന്ത്രിക്ക് പരിചയക്കുറവ് ഉണ്ടെങ്കില്‍ പരിശീലനം നേടണമെന്നും പറഞ്ഞു. അരണ്ട സര്‍ക്കാര്‍ കേരളത്തിന് ബാധ്യതയായിരിക്കുന്നുവെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് നിലവിലുളള വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വൈദ്യുതി കരാറുകള്‍ ഉണ്ടാക്കുന്നതില്‍ മുന്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതാണ് സ്ഥിതി വഷളാക്കിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.'യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ഒപ്പുവെച്ച ദീര്‍ഘകാല കരാറുകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കുകയാണുണ്ടായത്. യൂണിറ്റിന് 4.29 രൂപയ്ക്ക് ലഭ്യമായിരുന്ന വൈദ്യുതി ഇന്ന് ഉയര്‍ന്ന തുക നല്‍കിയാല്‍ പോലും കിട്ടാത്ത അവസ്ഥയാണുളളത്. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ രൂക്ഷമായ വൈദ്യുതി ക്ഷാമം നേരിട്ടപ്പോള്‍ തുക നല്‍കി വൈദ്യുതി വാങ്ങുന്നതിന് പകരം കടം വാങ്ങുകയാണ് സര്‍ക്കാര്‍ ചെയ്തത്. അങ്ങെ 530 മെഗാവാട്ട് വൈദ്യുതിയാണ് കേരളം കടമെടുത്തത്' എന്നാണ് സണ്ണി ജോസഫ് പറഞ്ഞത്.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഡിമാന്റ് ആണ് ഈ സീസണില്‍ വൈദ്യുതിക്ക് ഉണ്ടായിരിക്കുന്നതെന്നും മുപ്പത് ദിവസം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രതിഭാസമല്ല പവര്‍കട്ട് എന്നും മുഖ്യമന്ത്രി വി ഡി സതീശനും പറഞ്ഞിരുന്നു. കനത്ത മഴക്കുറവ്, അണക്കെട്ടുകളിലെ ജലശേഖരണത്തിലെ ഇടിവ്, ഹൈഡല്‍ പവര്‍ ഉല്‍പ്പാദനത്തിലുണ്ടായ 80 ശതമാനത്തിന്റെ കുറവ്, ദേശീയ വൈദ്യുതി വിപണിയില്‍ ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാതിരുന്ന പ്രശ്‌നം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതി ഉപയോഗത്തില്‍ ഉണ്ടായ ആയിരം മെഗാവാട്ടിന്റെ വര്‍ധനവ് എന്നിവയെല്ലാം വൈദ്യുതി ഉല്‍പ്പാദനക്കുറവിന് വഴിവയ്ക്കുകയും അത് പവര്‍ക്കട്ടിലേക്കും നയിക്കുകയുമായിരുന്നു എന്നാണ് വി ഡി സതീശന്‍ പറഞ്ഞത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.