PRAVASI

ഒരു സത്യം പറയട്ടെ, ഈ സിനിമക്കും അപ്പുറം പോകാൻ കഴിയുന്ന നിങ്ങളാണ് ശരിക്കുമുള്ള നിങ്ങൾ

Blog Image

പ്രിയപ്പെട്ട ചിദംബരവും ജിത്തു മാധവനും വായിച്ചറിയുവാൻ നിങ്ങളെ രണ്ടുപേരെയും ഇഷ്ടപ്പെടുന്ന ഒരാൾ എഴുതുന്നത്. 
മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമക്ക് സാധ്യമാകുന്ന മികവിന്റെ പരിധിക്കു പുതിയ ഉയരം നിർമിച്ച സിനിമയാണ്. ആവേശം കഥാപാത്ര സൃഷ്ടി എത്രമേൽ ഉജ്ജ്വലമാകാം, അതിന്റെ അവതരണം എങ്ങനെ അതിലും ഉജ്ജ്വലമാകാം എന്നതിനു പുതിയ മാനദണ്ഡം സൃഷ്ടിച്ച സിനിമയാണ്. അതിന്റെ പേരിൽ നിങ്ങളെ ഇഷ്ടപ്പെടുകയും നിങ്ങളുടെ സിനിമക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യുന്ന ഒരാളാണ്. 
എനിക്കു ചുറ്റും ബാലനെ കുറിച്ചുള്ള വാഴ്ത്തുപാട്ടുകളാണ്, അതിനെ ഡീകോഡ് ചെയ്യുകയും, മനസ്സിലാക്കുകയും, മനസ്സിലാക്കാൻ പാടുപെടുകയും ചെയ്യുന്ന മനുഷ്യരാണ്. അവർക്കിടയിൽ ഞാൻ പറയുന്നത് ഒരു അൺപോപ്പുലർ അഭിപ്രായമാണ്, എങ്കിലും നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറയുകയാണ്.
ഈ വാഴ്ത്തുപാട്ടുകളിൽ നിങ്ങൾ അഭിരമിക്കരുത്. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിൽ കണ്ട ഏറ്റവും മികച്ച സിനിമയാണ് എന്ന് പ്രിയദർശൻ പറഞ്ഞത് പുളുവാണ്. അദ്ദേഹം പുളുക്കഥകൾ അതിമനോഹരമായി പറയുന്ന ആളാണ്‌, അങ്ങനെ പറഞ്ഞ ഒരു പുളു ആയിട്ട് മാത്രമേ നിങ്ങൾ അതിനെ കാണാവൂ. 
ഓരോ സീനുകളായി എടുത്താൽ, ഓരോ കഥാപാത്രങ്ങളായി മുറിച്ചെടുത്താൽ, ബാലൻ ഒരു ബ്രില്യന്റ് സിനിമയാണ്.
ഒരു ഗംഭീര സിനിമക്ക് എന്തൊക്കെ ചേരുവകൾ വേണമെന്നുള്ള ധാരണയിൽ നിങ്ങൾ അഗ്രഗണ്യരാണ്. അതിനൊത്ത ഫ്രയിമുകളും, വള്ളിക്കെട്ട് കഥാപാത്രങ്ങളും, അവരുടെ ഭാവപരിസരങ്ങളും, ശബ്ദവിന്യാസവും, കൊതിപ്പിക്കുന്ന അനുപാതത്തിൽ നിങ്ങൾ ചേർത്തുവച്ചിട്ടുണ്ട്. ആകാംക്ഷ ഉണർത്തുന്ന കഥാപാത്രങ്ങൾ, അപരിചിതമായ അവരുടെ സവിശേഷതകൾ, അവർ അവശേഷിപ്പിക്കുന്ന ദുരൂഹതകൾ, ദുർഗ്രാഹ്യതകൾ, വിചിത്രമായ അവരുടെ തീരുമാനങ്ങൾ, വിസ്മയിപ്പിക്കുന്ന അവരുടെ ബലങ്ങൾ, ബലഹീനതകൾ. 
എങ്കിലും കഥാപാത്രങ്ങളെ, അവരുടെ വൈകാരിക ലോകത്തെ, കൃത്യതയോടെ പ്രേക്ഷകരുമായി കണക്ട് ചെയ്തു ഈ ചേരുവകളെയെല്ലാം ചേരുംപടി ചേർത്ത് കാണുന്നവർക്ക് അനുഭവത്തിന്റെ അത്ഭുതം നൽകുന്നതിൽ സിനിമ പരാജയപ്പെടുന്നു, മറിച്ച് സിനിമ അവശേഷിപ്പിക്കുന്നത് ഇതിൽ മാരകമായ എന്തോ ഉണ്ടെന്ന പ്രതീതിയാണ്. ബാലൻ എന്തൊക്കെയോ ആവാൻ ശ്രമിക്കുകയും അതൊന്നും ആയിത്തീരാതെ പോവുകയും ചെയ്യുന്നു. 
ബാലൻ ഒരുപാട് പരിശ്രമങ്ങളുടെ ഒരു സമാഹാരം ആവുന്നു.
ബാലൻ ഒരു അവസ്ഥയാണ്. എത്ര വളർന്നാലും വലുതായാലും രക്ഷപ്പെടാൻ ആവാതെ ഒരിടത്ത് കെട്ടിക്കിടക്കുന്ന അവസ്ഥ. എവിടേക്ക് പോയാലും പറഞ്ഞേൽപ്പിച്ചിടത്തേക്ക് മടങ്ങിയെന്ന അവസ്ഥ. ഒരു കഥയിൽ നിന്നും മറ്റൊരു കഥയിലേക്ക്, മറ്റൊരു കഥാപാത്രത്തിലേക്ക്, മറ്റൊരു ഊരിലേക്ക്, മറ്റൊരു പേരിലേക്ക്, പകർന്നാടുന്ന അവസ്ഥ. അമ്മക്ക് വേണ്ടി മകനും മകന് വേണ്ടി അമ്മയും ഏത് കന്നംതിരിവും കാണിക്കുന്ന അവസ്ഥ. 
ഇതുപോലെ, പ്രധാനപ്പെട്ട കഥാപാത്രങ്ങൾക്കൊന്നും ഏതെങ്കിലും ഒരു പ്രതലത്തിൽ ചവിട്ടി നിൽക്കാൻ കഴിയുന്നില്ല. അതിപ്പോൾ അമ്മയാണെങ്കിലും ബാലനാണെങ്കിലും അമ്മാമ്മയാണെങ്കിലും അബ്ബാസാണെങ്കിലും, അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന ദുർഗ്രഹ്യത ബ്രില്യൻസ് അല്ല, ബ്രില്യൻസ് എന്ന പ്രതീതിയാണ്. പവിത്രൻ ഉൾപ്പടെയുള്ള പോലീസ് കഥാപാത്രങ്ങളാണ് ഇതിൽ ഏറ്റവും സത്യസന്ധരായ കഥാപാത്രങ്ങൾ.
ഉടഞ്ഞ ഒരു കണ്ണാടി ആയിട്ടാണ് സിനിമ അനുഭവപ്പെട്ടത്. അതിന്റെ ഓരോ കഷണങ്ങളെ എടുത്തു മികച്ചതെന്ന് പറയുന്നു, എന്നാൽ കണ്ണാടി ഉടഞ്ഞു തന്നെ കിടക്കുന്നു. 
ഒരു സത്യം പറയട്ടെ, ഈ സിനിമക്കും അപ്പുറം പോകാൻ കഴിയുന്ന നിങ്ങളാണ് ശരിക്കുമുള്ള നിങ്ങൾ.



ഷിബു ഗോപാലകൃഷ്ണൻ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.