PRAVASI

സ്വപ്നങ്ങൾ ആരുടെയും അനുവാദം ചോദിക്കുന്നില്ല

Blog Image

ലോകകപ്പിൽ ഇതുവരെ ഒരു മത്സരവും ജയിക്കാത്ത ഒരു രാജ്യം, ഇന്ന് ലോകത്തെ ജയിച്ചു — കാബെ വെർദെ! അവർ ആരെയും തോൽപ്പിച്ചില്ല, അവരെ തോൽപ്പിക്കാൻ ആരെയും അനുവദിച്ചതുമില്ല!
തോൽപ്പിച്ചില്ലെങ്കിലും അവർ നൽകിയ സമനിലകൾക്ക് തോൽവിയേക്കാൾ ഭാരമുണ്ടായിരുന്നു. ഗോളൊന്നുമടിക്കാതെ സ്‌പെയിൻ, രണ്ടു ഗോളടിച്ചിട്ടും ഉറുഗ്വേ, പൂജ്യത്തിൽ തന്നെ കെട്ടിയിട്ട് സൗദി. രണ്ടു ലോകചാമ്പ്യന്മാരുള്ള മരണഗ്രൂപ്പിൽ ചത്തു മണ്ണടിയേണ്ടിയിരുന്ന ഒരു ടീം, ആദ്യ ലോകകപ്പിൽ ആദ്യ റൗണ്ട് എന്ന അപരാജിത മുന്നേറ്റം പൂർത്തിയാക്കി, നോക്ക്ഔട്ടിൽ കൊടികുത്തുന്നു!


2022-ൽ ലോകകപ്പിന്റെ വാതിൽക്കൽവരെ എത്തിയിട്ട് അവസാന നിമിഷം പുറത്തായ അവർ, അന്ന് തോൽവി മാത്രം വീട്ടിലേക്ക് കൊണ്ടുപോയില്ല; ഈ നിമിഷത്തിനു വേണ്ട ക്ഷമ കൊണ്ടുപോയി.
മൂന്നു മത്സരങ്ങളിൽ വെറും രണ്ടു ഗോളുകൾ മാത്രം വഴങ്ങി, പതിനഞ്ചോളം ഗോളുകളെ പെനാൽറ്റി ബോക്സിൽ കൂട്ടക്കുരുതി ചെയ്ത വസിഞ്ഞോയുടെ ചോരാത്ത കൈകളോട് കാബെ വെർദെ കടപ്പെട്ടിരിക്കുന്നു — അവരുടെ സ്വപ്നങ്ങൾക്ക് കാവൽ നിന്നതിന്!
സിരകളിൽ ഫുട്ബോളിന്റെ രക്തം ഒഴുകുന്ന ലോകമെമ്പാടുമുള്ള മനുഷ്യർ ഇന്ന് കാബെ വെർദെയുടെ പതാകയേന്തി അവരുടെ ആഹ്ലാദത്തിൽ അണപൊട്ടുന്നു. ഭൂപടത്തിലെ ഒരു പൊട്ടുമാത്രമായ ദ്വീപുരാഷ്ട്രം, പന്ത് തട്ടി, പന്ത് തടുത്തിട്ട്, ഭൂഗോളത്തോളം വളർന്ന് വലുതായിരിക്കുന്നു!
സ്വപ്നങ്ങൾ ആരുടെയും അനുവാദം ചോദിക്കുന്നില്ല. ജനസംഖ്യയുടെ കണക്ക് എടുക്കുന്നില്ല. ആരുടേയും അനുമതിക്ക് കാത്തുനിൽക്കുന്നില്ല

 ഷിബു ഗോപാലകൃഷ്ണൻ 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.