വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാനിലെ ഡിക്യാസ്റ്ററി ഫോർ ദി ഡോക്ട്രിൻ ഓഫ് ദി ഫെയ്ത്ത് ഇന്നലെ പുറത്തിറക്കിയ "മാത്തെർ പോപ്പുളി ഫിദെലിസ്" എന്ന പേപ്പൽ പ്രബോധന രേഖ യുടെ പശ്ചാത്തലത്തിൽ ഒരു ചെറു പഠനമാണ് ഈ കുറിപ്പിൽ.
വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാനിലെ ഡിക്യാസ്റ്ററി ഫോർ ദി ഡോക്ട്രിൻ ഓഫ് ദി ഫെയ്ത്ത് പുറത്തിറക്കിയ പരിശുദ്ധ മറിയത്തിന്റെ ശീർഷകങ്ങളെ സംബന്ധിച്ചുള്ള "മാത്തെർ പോപ്പുളി ഫിദെലിസ്" എന്ന പ്രബോധന രേഖയിലൂടെ ദൈവമാതാവായ പരിശുദ്ധ മറിയത്തിനു 'സഹ-രക്ഷക' (Co-redemptrix), 'എല്ലാ കൃപകളുടെയും മധ്യസ്ഥ' (Mediatrix of all Graces) എന്നീ സ്ഥാനപ്പേരുകൾ ഉപയോഗിക്കരുത് എന്ന് വത്തിക്കാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതോടെ ക്രിതുവിന്റെ അമ്മയായ മേരിയുടെ പേരിൽ സഭയിൽ ഉയർന്നു വന്ന അനഭിലഷണീയവും സുവിശേഷവിരുദ്ധവും പാരമ്പര്യ വിരുദ്ധവുമായ എല്ലാ പഠിപ്പിക്കലുകളെയും സഭ കൃത്യമായും പൂർണ്ണമായും തള്ളിപറഞ്ഞിരിക്കുന്നു. ഇത്തിരി കുഴപ്പം പിടിച്ച വലിയൊരു വിശ്വാസ വിപ്ലവമാണിത്.
ഇക്കാര്യത്തിൽ സഭയുടെ ഔദ്യോഗിക നിലപാടും സമീപനവും എന്തായിരിക്കണം എന്നത് സംബന്ധിച്ചു സുചിന്തിതമായ പഠിച്ചു ശുപാർശ ചെയ്യാൻ വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാനിലെ ഡിക്യാസ്റ്ററി ഫോർ ദി ഡോക്ട്രിൻ ഓഫ് ദി ഫെയ്ത്ത്നെ സഭ ചുമതലപ്പെടുത്തിയിരുന്നു.
ദീർഘനാൾ പഠനവും ഗവേഷണവും നടത്തിയതിനുശേഷം അവർ തയ്യാറാക്കിയ റിപ്പോർട്ട് മാർപാപ്പ അംഗീകരിക്കുകയായിരുന്നു. ഇതോടെ മാതാവിന്റെ പേരിൽ നടത്തപ്പെടുന്ന ഒരുപാടു കുടിൽ വ്യവസായങ്ങൾ പ്രതിസന്ധിയിലാകും. ഈ പ്രഖ്യാപനത്തിന്റെ പേരിൽ അത്തരം അന്ധവിശ്വാസ സ്ഥാപനങ്ങൾ എന്തെല്ലാം തിരുത്തലുകൾക്കും മാറ്റങ്ങൾക്കും തയ്യാറാവും എന്നത് പക്ഷെ കണ്ടുതന്നെ അറിയണം.
ഇതിനിടയിൽ "കത്തോലിക്കാ സഭ തെറ്റുതിരുത്തി, എന്ന നിലയിൽ വസ്തുതകൾ വളച്ചൊടിച്ച് ചിലർ വ്യാഖ്യാനിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇക്കാര്യത്തിൽ ചരിത്രപരമായ ഒരു അവലോകനം നടത്തി സഭാ നിലപാട് പരിശോധിക്കേണ്ടത് ആളുകളുടെ ചിന്താക്കുഴപ്പം മാറ്റാൻ അത്യാവശ്യമാണെന്നു തോന്നുന്നു.
കത്തോലിക്കാ സഭയുടെ
പണ്ടുമുതലേയുള്ള നിലപാട്
=======================
ചരിത്രം പരിശോധിച്ചാൽ, പരിശുദ്ധ മറിയത്തിന് സഹ-രക്ഷക' (Co-redemptrix) എന്ന സ്ഥാനപ്പേര് നൽകണമെന്ന വാദം നൂറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ കോണുകളിൽനിന്നും, എന്തിനേറെ, റോമിൽത്തന്നെയുള്ള ദൈവശാസ്ത്ര പണ്ഡിതന്മാർക്കിടയിൽ നിന്നും ഉയരുന്നിരുന്നു.
സഭയിൽ നടന്ന നിരവധിയായ തിയളോജിക്കൽ ഡിബേറ്റുകളുടെ രേഖകളും ഭക്തർക്കിടയിൽ ബോധപൂർവ്വം പ്രചരിക്കപ്പെട്ട ചില പ്രാർത്ഥനകളും പരിശോധിച്ചാൽ ഇപ്രകാരമൊരു രക്ഷകയായ ദൈവമാതാ സങ്കൽപ്പം നമുക്ക് ധാരാളമായി കാണാൻ കഴിയും.
ചില പ്രാദേശിക സഭാ ഘടകങ്ങളും അവരുടെ ഉപഘടകങ്ങളും ചില സംരംഭങ്ങൾ വഴി ഇത്തരം "കൃപാസനം മോഡലുകൾ" സ്ഥാപിക്കുകയും വളർത്തുകയും പ്രോസാഹിപ്പിക്കുകയും പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു എന്നത് ഒരു വസ്തുതയാണ്.
അനൗദ്യോഗികമാണെങ്കിൽ പോലും ഉത്തരവാദപ്പെട്ട ചില സഭാ കേന്ദ്രങ്ങൾ നേരിട്ടും അവരുടെ അറിവോടെയും അല്ലാതെയും ഇക്കാര്യത്തിൽ വീഴ്ച വരുത്തിയിട്ടുണ്ട് .
ഇത് തിരിച്ചറിഞ്ഞ പശ്ചാത്തലത്തിലാണ് ലിയോ പതിനാലാമൻ മാർപ്പാപ്പ ഇന്നലെ "മാത്തെർ പോപ്പുളി ഫിദെലിസ്" എന്ന പ്രബോധന രേഖക്ക് അംഗീകാരം നൽകിയതും പ്രസിദ്ധീകരിച്ചതും.
കത്തോലിക്കാ സഭയുടെ
പ്രബോധനകളിലെ മറിയം
====================
സത്യത്തിൽ കത്തോലിക്കാ സഭ ഒരുകാലത്തും അതിന്റെ പ്രബോധനകളിൽ ദൈവ മാതാവായ പരിശുദ്ധ മറിയം 'സഹ-രക്ഷക'യാണെന്നു (Co-redemptrix), പഠിപ്പിച്ചിട്ടില്ല. 'എല്ലാ കൃപകളുടെയും മധ്യസ്ഥ'യാണെന്നും (Mediatrix of all Graces) സഭ പഠിപ്പിച്ചിട്ടില്ല. ഇതാണ് അക്കാദമിക് തലത്തിലെ യാഥാർഥ്യം.
എന്നുമാത്രമല്ല, ദിവ്യരക്ഷകൻ ക്രിസ്തു മാത്രമാണെന്നും ആദിമ സഭക്ക് വെളിവാക്കി നൽകപ്പെട്ട ഈ സത്യത്തെ ദുർബലപ്പെടുത്താൻ മുകളിൽ പറഞ്ഞതുപോലെയുള്ള വിശ്വാസ പ്രചാരണങ്ങളും ആരാധനാ സമ്പ്രദായങ്ങളും കാരണമാകുമെന്നും സഭ ഉറച്ചു വിശ്വസിക്കുകയും അത് നമ്മോട് കാലാകാലങ്ങളിൽ പറഞ്ഞുതരികയും ചെയ്തിട്ടുണ്ട്.
പക്ഷെ നമ്മുടെ പ്രാദേശിക സഭാ നേതാക്കളും പ്രഭാഷകരും അതത്ര കാര്യമായി ഗൗനിച്ചില്ല, എന്നതാണ് സത്യം.
മറിയം സഹരക്ഷകയാണെന്ന
സിദ്ധാന്തം
=====================
നിത്യരക്ഷയുടെ കാര്യത്തിൽ മറിയം സഹരക്ഷകയാണെന്ന സിദ്ധാന്തം ഒരു വിശ്വാസ സത്യമായി (Dogma) പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇൻ്റർനാഷണൽ മാരിയൻ അസോസിയേഷൻ ഉൾപ്പടെയുള്ള നിരവധി സംഘടനകളും പല മധ്യകാല സന്യാസ സമൂഹങ്ങളും ചില മരിയോളജിസ്റ്റുകളും വത്തിക്കാനിൽ നിരന്തരം സമ്മർദ്ധം ചെലുത്തുന്നുണ്ടായിരുന്നു.
എന്നാൽ ഈ ആവശ്യം ഇന്നലത്തെ പ്രഖ്യാപനത്തോടെ സഭ അന്തിമമമായി തള്ളിയിരിക്കുന്നു എന്നുവേണം നാം മനസ്സിലാക്കാൻ.
ഈ വിഷയത്തിൽ കത്തോലിക്കാ സഭ തെറ്റു തിരുത്തുകയല്ല ചെയ്തിരിക്കുന്നത്. മറിച്ച്, വിശ്വാസികളുടെ ചിന്താക്കുഴപ്പം മാറ്റുകയും സുവിശേഷവിരുദ്ധവും പാരമ്പര്യ വിരുദ്ധവുമായ പഠിപ്പിക്കലുകളെ ധീരമായി തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നത്.
ഏറെ വിപ്ലവകരമായ ഈ പ്രഖ്യാപനത്തെ താഴെത്തട്ടിലുള്ള "കൃപാസനം മോഡലുകാർ" എത്രമാത്രം ഉൾക്കൊള്ളും എന്നുമാത്രമേ ഇനി കണ്ടറിയാനുള്ളു.

ഡോ. ബിജു കൈപ്പാറേടൻ

