ക്രിസ്മസ് കാലത്ത് പാലായിലെ 'കാരുണ്യ ട്രസ്റ്റ്' യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായി കരുതുന്നു. വിശക്കുന്നവന് ഭക്ഷണവും രോഗികൾക്ക് ആശ്വാസവും വീടില്ലാത്തവർക്ക് വീടും കൊടുക്കുക എന്നതാണ് ഏറ്റവും വലിയ പുണ്യം എന്ന് യേശുക്രിസ്തു പഠിപ്പിച്ചിട്ടുണ്ട്. ഇത് മൂന്നും ഒരുപോലെ പ്രാവർത്തികമാക്കുന്ന കാരുണ്യ ട്രസ്റ്റിന്റെ സാരഥികൾക്ക് നമോവാകം. തന്നെപ്പോലെ തന്നെ തന്റെ സഹോദരനെയും സ്നേഹിക്കുകയെന്ന ഈശോയുടെ വാക്കുകൾ അന്വർത്ഥമാക്കുന്നതാണ് കാരുണ്യയുടെ സൽപ്രവർത്തികൾ.
പാലായിലെ പുതിയ ഗ്രാൻഡ് കോർട്ട് യാർഡ് ഹോട്ടലിൽ കഴിഞ്ഞദിവസം നടന്ന കാരുണ്യ യുടെ ട്രസ്റ്റ് ബോർഡ് യോഗത്തിൽ പങ്കെടുത്തപ്പോഴാണ് കാരുണ്യയുടെ നല്ല പ്രവർത്തനങ്ങൾ കൂടുതൽ മനസിലാക്കാനായത്. എൻറെ അമ്മയുടെ ബന്ധുവും ജ്യേഷ്ഠ സഹോദരനുമായ പൂവത്തിങ്കൽ കുര്യൻ ജോസഫ് എന്ന ലിസി കുഞ്ഞേട്ടൻ ചെയർമാനും ബന്ധുവും പ്രിയ സുഹൃത്തും ആയ കയ്യാലക്കകം പാപ്പച്ചൻ എന്ന ജേക്കബ് സേവ്യർ കയ്യാലക്കകം രക്ഷാധികാരിയും നാട്ടുകാരൻ കൂടിയായ ബേബിച്ചൻ പുരയിടം മാനേജിംഗ് ട്രസ്റ്റിയുമായുള്ള കാരുണ്യയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഹൃദയത്തിൽ തൊട്ടു. ചെറുപ്പകാലം മുതലുള്ള ആത്മ സുഹൃത്തായ അമേരിക്കൻ മലയാളി ജോർജ് കോളച്ചേരിൽ സ്നേഹപൂർവ്വം നിർബന്ധിച്ചതു കൊണ്ടാണ് ഡൽഹിയിൽ നിന്ന് വന്ന അന്നുതന്നെ കാരുണ്യയുടെ യോഗത്തിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചത്. ട്രസ്റ്റിന്റെ പേട്രൺ പാപ്പച്ചനും സ്നേഹത്തോടെ ക്ഷണിച്ചു. അമേരിക്കയിലുള്ള മറ്റൊരു പാലാക്കാരൻ സുഹൃത്തായ മോഡേൺ സണ്ണി എന്ന സണ്ണി കാരിക്കൽ കൂടി പറഞ്ഞതോടെ ഉറപ്പായും പങ്കെടുക്കാൻ തീരുമാനിച്ചു. അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ മഹാനഗരമായ ഹൂസ്റ്റണിൽ താമസിക്കുന്ന ജോർജ് കോളച്ചേരിയും സണ്ണി കാരിക്കലും കഴിഞ്ഞ കുറേ വർഷങ്ങളായി അമേരിക്കയിലെ എൻറെ പ്രിയ സുഹൃത്തുക്കളാണ്. ഇരുവരുടെയും വീടുകളിൽ പോകാനും താമസിക്കാനും അവസരം ഉണ്ടായിട്ടുണ്ട്.
ചെറുപ്പകാലം മുതലുള്ള പാലായിലെ മറ്റൊരു സുഹൃത്ത് തങ്കച്ചൻ കാപ്പൻ അടക്കമുള്ള ട്രസ്റ്റിലെ അംഗങ്ങൾ മിക്കവരും വർഷങ്ങളായി നല്ല പരിചയമുള്ളവരാണ്. പാലാ ളാലം സെൻ്റ് ജോർജ് പുത്തൻപള്ളിയിലെ യുവജന സംഘടന ആയിരുന്ന 'യുവപ്രതിഭ'യിൽ 1980കൾ മുതലുള്ള എൻ്റെ കൂട്ടുകാരാണ് കാപ്പനും കൊളച്ചേരിയും. പ്രധാന ഭാരവാഹികൾക്ക് പുറമെ ട്രസ്റ്റ് അംഗങ്ങളായ കുട്ടിച്ചൻ കീപ്പുറം, അഡ്വ. ജോസ് ചന്ദ്രത്തിൽ, സജിമോൻ ജോസഫ്, ടോജി തയ്യിൽ, ജോണി തോമസ് എന്നിവരും സുഹൃത്തുക്കളായ ആന്റോ പുഴക്കരയും ഷാജിയും അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. ട്രസ്റ്റ് വൈസ് ചെയർമാൻ ആയ സണ്ണി കാരിക്കലിനു പുറമേ ജോർജ് കോളച്ചേരിയിലിനെയും കൂടി കാരുണ്യ ട്രസ്റ്റ് ബോർഡ് അംഗമായി തിരഞ്ഞെടുക്കുകയും ചെയ്തതിൽ വലിയ സന്തോഷമുണ്ട്. അമേരിക്കയിലുള്ള ഇരുവരും പാലായിലെ എല്ലാ നല്ല കാര്യങ്ങൾക്കും പതിവായി സംഭാവന നൽകുന്നവരാണ്.
1992 ൽ ലിസി കുഞ്ഞേട്ടൻ തുടക്കം കുറിച്ച 'കാരുണ്യ', ഓരോ വർഷവും കൂടുതൽ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു എന്നതാണ് സന്തോഷം. കെഎം മാണി മെമ്മോറിയൽ പാലാ ഗവൺമെൻറ് ആശുപത്രിയിലെ കിടപ്പു രോഗികൾ അടക്കമുള്ളവർക്ക് ദിവസവും ഭക്ഷണം നൽകുന്നതായിരുന്നു തുടക്കം. അതിപ്പോഴും മുടക്കുന്നില്ല. അനേകം രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകുന്നതിൽ ട്രസ്റ്റ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അതിനിടയിൽ തീരെ അശരണർ ആയിട്ടുള്ളവർക്കു സൗജന്യമായി വീടുകൾ വെച്ച് നൽകുന്നു. കഴിഞ്ഞ ദിവസമാണ് കോട്ടയത്ത് ഒരു പാവപ്പെട്ടവന് വീടും വീട്ടുപകരണങ്ങളും അടക്കം നൽകിയത്. കാരുണ്യയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ടിന്റെ കുറവ് മാത്രമാണ് പ്രശ്നം. ട്രസ്റ്റ് ഭാരവാഹികളും അംഗങ്ങളും പലപ്പോഴും സ്വന്തം പോക്കറ്റിൽ നിന്നാണ് പണം ചെലവഴിക്കുന്നത്. നല്ല സമറിയാക്കാരായ കൂടുതൽ ആളുകളുടെ സഹായം ലഭിച്ചാൽ കാരുണ്യ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. നിലവിൽ നാലു ലക്ഷത്തിലധികം രൂപയുടെ കടത്തിലാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നത്. കഴിയുന്നവർ എല്ലാം കാരുണ്യ ട്രസ്റ്റിലേക്ക് സംഭാവന ചെയ്യുക. കാരുണ്യ ലഭിക്കുന്ന ഓരോ രൂപയ്ക്കും ചെലവാക്കുന്ന ഒരു രൂപയ്ക്കും കൃത്യമായ കണക്കുകൾ ഉണ്ട്. ഇടപാടുകളെല്ലാം ബാങ്കിലൂടെ മാത്രം.
പാലാ കാരുണ്യ ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങൾക്ക് എല്ലാ വിജയാശംസകളും നേരുന്നു.

