യാക്കോബ് 1:2-4
യേശുക്രിസ്തുവിന്‍റെ ദാസനും യെറുശലേം സഭയുടെ മൂപ്പനും യേശുക്രിസ്തുവിന്‍റെ അര്‍ദ്ധസഹോദരനുമായിരുന്നു യാക്കോബ്. യേശുക്രിസ്തുവിന്‍റെ മരണം വരെ യേശുവിനെയും യേശുവിന്‍റെ ശുശ്രൂഷകളെയും അംഗീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല. യേശുക്രിസ്തുവിന്‍റെ ഉയിര്‍പ്പിനുശേഷം യേശു പ്രത്യക്ഷപ്പെട്ട ചുരുക്കം പേരുകളില്‍ ഒരുവനായിരുന്നു ഈ യാക്കോബ്. പൌലോസ് അപ്പൊസ്ഥലന്‍ യാക്കോബിനെ വിശേഷിപ്പിച്ചിരിക്കുന്നത് സഭയുടെ തൂണ്‍ എന്നാണ്. ഈ ലേഖനം എഴുതപ്പെട്ടതിന്‍റെ മുഖ്യ ഉദ്ദേശം ഒന്നാം അദ്ധ്യായം 2 മുതല്‍ 4 വരെയുള്ള വേദവാക്യങ്ങളില്‍ കൂടെ വ്യക്തമാകുന്നു. "സഹോദരന്മാരെ നിങ്ങള്‍ വിവിധ പരീക്ഷകളാല്‍ അകപ്പെടുമ്പോള്‍ നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നറിഞ്ഞ് അത് സന്തോഷമെന്ന് എണ്ണികൊള്ളണം. ഈ വാക്യങ്ങളില്‍ കൂടെ മനസിലാക്കുന്നത് കഷ്ടതയിലിരിക്കുന്ന ജനത്തിനുവേണ്ടി എഴുതപ്പെട്ടതാണ് ഈ ലേഖനം. ദൈവത്തില്‍ നിന്നും ജ്ഞാനം പ്രാപിപ്പാന്‍ യാക്കോബ് വായനക്കാരെ ആഹ്വാനം ചെയ്യുകയാണ്. നിര്‍വ്യാജവിശ്വാസം എന്ന പ്രമേയമാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ശരിയായ വിശ്വാസം എന്നത് നല്ല പ്രവൃത്തികളാല്‍ തെളിയിക്കപ്പെട്ടതായിരിക്കണം. ദൈവത്തില്‍ നിന്നും ലഭിച്ചതായിരിക്കണം ജ്ഞാനം. വിശ്വാസത്തിന്‍റെ പരിശോധനയില്‍ കൂടെ സഹിഷ്ണത ഉളവായിവരണം. മാത്രമല്ല സഹിഷ്ണതയില്‍ കൂടെ അതിന്‍റെ പൂര്‍ണ്ണ പ്രവൃത്തി തികച്ചെടുക്കുവാന്‍ സാധിക്കണം. ഒരാള്‍ക്ക് ജ്ഞാനം കുറവ് എന്ന് തോന്നുമ്പോള്‍ അവരെ ശകാരിക്കാതെ ജ്ഞാനം ഔദാര്യമായി കൊടുക്കുന്ന ദൈവത്തോട് യാചിക്കണം. അത് ചെയ്യേണ്ടത് എങ്ങനെയെന്നാല്‍ ഒന്നും സംശയിക്കാതെ വിശ്വാസത്തോടുകൂടെ യാചിക്കണം. നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കുമ്പോള്‍ യാചനകള്‍ക്കാണ് ദൈവം മറുപടി നല്‍കുന്നത്. സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കണം. സംശയിക്കുന്നവന്‍ കാറ്റടിച്ച് അലയുന്ന കടല്‍തിരയ്ക്ക് തുല്യനാകുന്നു എന്നാണ് യാക്കോബ് അപ്പൊസ്ഥലന്‍ പറയുന്നത്. ദൈവത്തില്‍ ഏകാഗ്രതയോടു വേണം ഏതു കാര്യവും യാചിക്കേണ്ടത്. അതല്ലെങ്കില്‍ ഇരുമനസുള്ള മനുഷ്യന്‍ തന്‍റെ വഴികളില്‍ ഒക്കെയും അസ്ഥിരന്‍ ആകുന്നു എന്നാണ് പറയുന്നത്. ധനവാന്മാരെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ചൂട് കൊണ്ട് പുല്ലു ഉണങ്ങിപോകുന്നതുപോലെ ധനവാന്മാര്‍ തങ്ങളുടെ പ്രയത്നങ്ങളില്‍ വാടിപോകും. പരീക്ഷ സഹിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ അവന്‍ അതിനെ അതിജീവിച്ച് കര്‍ത്താവ് തന്നെ സ്നേഹിക്കുന്നവര്‍ക്ക് വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും. എങ്കിലും പരീക്ഷിക്കപ്പെടുമ്പോള്‍ ദൈവത്താലാണ് ഈ പരീക്ഷകള്‍ ഒക്കെ ജീവിതത്തെ വേട്ടയാടുന്നത് എന്ന് ആരും പറയരുത്. കാരണം ദൈവം പരീക്ഷിക്കും എന്നുള്ളതിന്‍റെ ഉത്തമ ഉദാഹരണങ്ങളായ വ്യക്തികളാണ് അബ്രഹാമും ഇയ്യോബും എങ്കിലും ദോഷങ്ങളാല്‍ ആരെയും ദൈവം പരീക്ഷിക്കയില്ല. എന്നാല്‍ സ്വന്ത മോഹങ്ങളില്‍ കുടുങ്ങി വശീകരിക്കപ്പെടുന്നതിനാല്‍ ഒരോരുത്തരും പരീക്ഷിക്കപ്പെടുന്നു. അങ്ങനെ മോഹം ഗര്‍ഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. പാപം അതിന്‍റെ പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ച് മരണത്തെ പ്രസവിക്കുന്നു.
എന്നാല്‍ നാം ദൈവത്തിന്‍റെ സൃഷ്ടികളില്‍ ആദ്യഫലം ആകേണ്ടതിന് ദൈവേഷ്ടത്താല്‍ സത്യത്തിന്‍റെ വചനം കൊണ്ട് നമ്മെ ജനിപ്പിച്ചിരിക്കയാണ്. അതിനാല്‍ ഏത് മനുഷ്യനും ദൈവത്തിന്‍റെ ആലോചനകളെ വേഗത്തില്‍ കേള്‍ക്കുവാനും മറുപടി പറയുവാന്‍ താമസം ഉള്ളവരായും കോപത്തിന് താമസം ഉള്ളവരായി തീരുവാന്‍ സംഗതി ആകട്ടെ. അതിന് കാരണം മനുഷ്യന്‍റെ കോപം മൂലം ദൈവനീതി നിര്‍വ്വഹിക്കപ്പെടുന്നില്ല. അതിനാല്‍ മനുഷ്യനില്‍ മുറുകെ പറ്റിയിരിക്കുന്ന എല്ലാ അഴുക്കും ദുഷ്ടതയും വിട്ടു ആത്മാക്കളെ രക്ഷിക്കാന്‍ ശക്തിയുള്ളതും ഉള്‍നട്ടതുമായ വചനത്തെ സൗമ്യതയോട് കൈക്കൊള്ളേണ്ടത് ആവശ്യമാണ്. വചനം കേള്‍ക്കുക മാത്രമല്ല അതിനെ പ്രവൃത്തിക്കുന്നവരും ആയിരിപ്പാന്‍ ഉത്സാഹിക്കണം. ഒരുവന്‍ വചനം കേള്‍ക്കുന്നുണ്ടെങ്കിലും അതിനെ പ്രവൃത്തിക്കാതെ ഇരുന്നാല്‍ അവന്‍ തന്‍റെ മുഖം കണ്ണാടിയില്‍ നോക്കുന്ന ആളിനോട് തുല്യനാകുന്നു എന്നാണ് യാക്കോബ് അപ്പൊസ്ഥലന്‍ പറയുന്നത്. ഒരു ഭക്തന്‍ തന്‍റെ നാവിനെ കടിഞ്ഞാണ്‍ ഇടും. അവന്‍ തന്‍റെ നിര്‍മ്മലതയോടെ അനാഥരേയും വിധവമാരേയും സംരക്ഷിക്കും. ഒരു ഭക്തനെ സംബന്ധിച്ചു മുഖപക്ഷം ഇല്ല. അങ്ങനെ ചെയ്യുന്നുവെങ്കില്‍ അത് പാപമാണ്. ദൈവം നമ്മെ തിരഞ്ഞെടുത്തതിന്‍റെ ഉദ്ദേശത്തെക്കുറിച്ചു വചനം പറയുന്നത് ദരിദ്രരായവരെ വിശ്വാസത്തില്‍ സമ്പരാക്കുവാനും ദൈവം സ്നേഹിക്കുന്നവര്‍ക്ക് വാഗ്ദത്തം ചെയ്ത രാജ്യത്തിന്‍റെ അവകാശികളുമാകേണ്ടതിന് അല്ലയോ തിരഞ്ഞെടുത്തിരിക്കുന്നത്. എങ്കിലും പലരും ദരിദ്രരെ അപമാനിച്ചും ന്യായാധിപന്മാരുടെ മുമ്പിലും എത്തിക്കുന്നു.
നമ്മുടെ വിശ്വാസത്തിന്‍റെ അളവുകോല്‍ എന്ന് പറയുന്നത് പ്രവൃത്തികളാണ്. പിതാവായ അബ്രഹാം യിസ്ഹാക്കിനെ യാഗത്തിനായി യാഗപീഠത്തില്‍ അര്‍പ്പിച്ചപ്പോഴാണ് പ്രവൃത്തികളാല്‍ അബ്രഹാം നീതികരിക്കപ്പെട്ടത്. അബ്രഹാം ദൈവത്തെ വിശ്വസിച്ചതിനാല്‍ നീതികരിക്കപ്പെടുക മാത്രമല്ല. ദൈവത്തിന്‍റെ സ്നേഹിതന്‍ എന്ന് വിളിക്കപ്പെടുവാനും ഇടയായി. അങ്ങനെ മനുഷ്യന്‍ വിശ്വാസത്താല്‍ മാത്രമല്ല പ്രവൃത്തികളാലും നീതിക്കരിക്കപ്പെടുന്നു. യാക്കോബിന്‍റെ ലേഖനം നാലാം അദ്ധ്യായത്തില്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട വസ്തുതയാണ് ദൈവത്തിന് കീഴ്പ്പെടുക എന്നുള്ളത്. ദൈവത്തിന് കീഴ്പ്പെടാത്ത ഒരു വ്യക്തി ദൈവത്തോടു എത്രതന്നെ യാചിച്ചാലും ഒന്നും ലഭിക്കയില്ല. ദൈവത്തോട് അവനവന്‍റെ താല്പര്യങ്ങള്‍ക്കുവേണ്ടി ചെലവിടേണ്ടതിന് തെറ്റായി യാചിക്കുന്നതിനാല്‍ ഒന്നും പ്രാപിക്കുന്നില്ല. അതിന് ദൈവം അല്ല ഉത്തരവാദി. ദൈവത്തോട് അടുത്തു ചെല്ലുന്ന ഒരുവനില്‍ ഉള്ള ലോകത്തിന്‍റെ ചരക്കുകള്‍ ഒക്കെ ദഹിച്ചു പോകും. ദൈവം ദഹിപ്പിക്കുന്ന അഗ്നി അല്ലയോ. എബ്രായ യൗവനക്കാരെ രാജാവിന്‍റെ കല്പനപ്രകാരം ഏഴുമടങ്ങ് ശക്തിയുള്ള തീച്ചൂളയിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ ബാബിലോണിലെ ചരക്കുകള്‍ മാത്രമേ അഗ്നിക്ക് ഇരയായുള്ളു. അവര്‍ക്ക് ഒരു കേടും സംഭവിച്ചില്ല. അതിന് കാരണം അവര്‍ ദൈവത്തോട് അടുത്ത് ചെന്നിരുന്നു. നാം ഓരോരുത്തരും ലോകസ്നേഹം ഉള്ളില്‍ ഉള്ളവരായി സാത്താന്‍റെ ആലോചനകള്‍ക്ക് വശംവദരായി നിലനില്ക്കുന്നതിനാല്‍ ദൈവവുമായിട്ടുള്ള ബന്ധം പത്രോസ് കര്‍ത്താവില്‍ നിന്നും അകലം പ്രാപിച്ച് നടന്നത് പോലുള്ള അനുഭവം ആയതിനാല്‍ ദൈവത്തിന് ഒന്നും പ്രവൃത്തിപ്പാന്‍ സാധിക്കുകയില്ല. അതിനാല്‍ ദൈവത്തിന് കീഴടങ്ങുകയും ദൈവത്തോട് പറ്റിനില്ക്കുകയും വേണം. അപ്പോള്‍ സാത്താന്‍ വിട്ട് ഓടിപോകും. ദൈവത്തോടു അടുത്തു ചെല്ലുമ്പോള്‍ ദൈവവും നമ്മിലേക്ക് അടുത്തു വരും. കര്‍ത്താവിന്‍റെ സന്നിധിയില്‍ താഴാം. അപ്പോള്‍ ദൈവം നമ്മെ ഉയര്‍ത്തും. അപ്പൊസ്തലനായ പത്രോസ് പറയുന്നത് ദൈവത്തിന്‍റെ ബലമുള്ള കരങ്ങളില്‍ താണിരിപ്പിന്‍ എന്നാല്‍ തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തും. ഒരു വിഷയംകൂടെ ഓര്‍പ്പിച്ച് ഈ ചിന്ത അവസാനിപ്പിക്കട്ടെ. നാം ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നവരാണ്. അത് സ്വന്ത വിഷയങ്ങള്‍ക്ക് മാത്രമോ? നാം മറ്റുള്ളവര്‍ക്ക് പ്രാര്‍ത്ഥിക്കുമ്പോഴാണ് നമ്മുടെ അവസ്ഥകള്‍ക്ക് മാറ്റം സംഭവിക്കുന്നത്. ഇയ്യോബ് തന്‍റെ സ്നേഹിതന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ ഇയ്യോബിന്‍റെ അവസ്ഥക്കു മാറ്റം സംഭവിച്ചു. അവിടെയാണ് ദൈവം നമ്മെക്കുറിച്ച് പറയുന്നത് നീതിമാന്‍റെ ശ്രദ്ധയോടുകൂടെയുള്ള പ്രാര്‍ത്ഥന വളരെ ഫലപ്രദമാകും എന്ന്. മാത്രമല്ല സത്യം വിട്ടു തെറ്റിപോകുന്ന ഒരുവനെ തിരിച്ച് ദൈവകൃപയിലേക്ക് നയിക്കുവാനും സര്‍വ്വശക്തനായ ദൈവം ദൈവനീതികരിച്ച വ്യക്തികള്‍ക്ക് സംഗതി ആക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. സര്‍വ്വശക്തന്‍ ഏവര്‍ക്കും കൃപ ചെയ്യട്ടെ.
.jpg)
പാസ്റ്റര്‍ പി.പി.കുര്യന്‍

