മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടായ പ്രിയദർശനും ലിസിയും നീണ്ട 38 വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിൽ വീണ്ടും ഒന്നിക്കുന്നു. കല്ല്യാൺ ജ്വല്ലേഴ്സിന്റെ പുതിയ പരസ്യ ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചതെന്ന വാർത്ത സിനിമാപ്രേമികൾക്ക് വലിയ ആവേശമാണ് നൽകിയിരിക്കുന്നത്. പരസ്യത്തിൽ ഇരുവരുടെയും മകളും പ്രശസ്ത നടിയുമായ കല്യാണി പ്രിയദർശനും അണിനിരക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന സെറ്റിലേക്ക് തിരിച്ചെത്തിയപ്പോഴുള്ള വികാരനിർഭരമായ അനുഭവങ്ങൾ ലിസി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
വർഷങ്ങൾക്ക് ശേഷം സെറ്റിലെത്തിയപ്പോൾ ഒട്ടും പരിഭ്രമം തോന്നിയില്ലെന്ന് ലിസി പറയുന്നു. കാരണം, തന്റെ ഏറ്റവും മികച്ചതും മോശവുമായ മുഖഭാവങ്ങൾ പോലും പ്രിയദർശന് അറിയാമെന്നും, തന്നെ ഏറ്റവും ഭംഗിയായി ക്യാമറയിൽ പകർത്താൻ അദ്ദേഹത്തിന് സാധിക്കുമെന്നും ലിസി കുറിച്ചു. ഇത് കേട്ടപ്പോൾ ‘അവളുടെ നല്ലതും ചീത്തതുമായ സ്വഭാവങ്ങളും എനിക്കറിയാം’ എന്ന് പ്രിയദർശൻ തമാശയായി പറഞ്ഞതും താരം ഓർത്തെടുത്തു. ചിത്രീകരണം നടന്ന സെറ്റിൽ വെച്ച് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞത് അടക്കിപ്പിടിക്കാൻ താൻ പാടുപെട്ടുവെന്നും, തന്റെ ജീവിതം ഒരു പൂർണ്ണ വൃത്തം പൂർത്തിയാക്കിയത് പോലെയാണ് അനുഭവപ്പെടുന്നതെന്നും ലിസി കൂട്ടിച്ചേർത്തു. 1988-ൽ പുറത്തിറങ്ങിയ ‘ചിത്രം’ സിനിമയ്ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരു സെറ്റിൽ ഒത്തുചേരുന്നത്.
Also Read: ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; അൻസിബയുടെ പരാതിയിൽ അന്വേഷണം നടത്തും!
1990-ൽ വിവാഹിതരായ പ്രിയദർശനും ലിസിയും 2016-ൽ വേർപിരിഞ്ഞിരുന്നെങ്കിലും ഈ വർഷം ജനുവരിയിൽ ഒരു വിവാഹ ചടങ്ങിൽ ഒരുമിച്ച് പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. തങ്ങൾക്കിടയിലുണ്ടായ ചെറിയ ഈഗോയും വിരസതയുമാണ് അന്ന് വേർപിരിയലിലേക്ക് നയിച്ചതെന്നും, എന്നാൽ വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്യാൻ തുടങ്ങിയതോടെയാണ് തങ്ങൾ വീണ്ടും ഒന്നിച്ചതെന്നും പ്രിയദർശൻ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഈ പരസ്യചിത്രത്തിൽ മകൾ കല്യാണിയുടെ ‘റീൽ’ അമ്മയായി തന്നെയാണ് ലിസി വേഷമിടുന്നത് എന്നതും ഈ പുനസ്സമാഗമത്തെ കൂടുതൽ മനോഹരമാക്കുന്നു.

