സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ‘വർഗവഞ്ചകൻ’ എന്ന പരാമർശത്തിനെതിരെ രൂക്ഷമായ മറുപടിയുമായി തളിപ്പറമ്പ് മുൻ എം.എൽ.എ ടി.കെ. ഗോവിന്ദൻ രംഗത്ത്. പാർട്ടിയിൽ അധികാരമോഹവും പാർലമെന്ററി വ്യാമോഹവും കൊടികുത്തിവാഴുകയാണെന്നും, അത് തിരിച്ചറിയാൻ എം.വി. ഗോവിന്ദൻ ഇനിയെങ്കിലും തയ്യാറാവണമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
‘വർഗവഞ്ചകൻ’, ‘അധികാരമോഹി’ എന്നീ വിശേഷണങ്ങൾ തനിക്ക് നേരെ ഉന്നയിക്കുമ്പോൾ, യഥാർത്ഥത്തിൽ ആർക്കാണ് അധികാരമോഹമെന്ന് ജനങ്ങൾ വിലയിരുത്തിക്കഴിഞ്ഞുവെന്ന് ടി.കെ. ഗോവിന്ദൻ തുറന്നടിച്ചു. “മൂന്ന് തവണ എം.എൽ.എ ആയ ആൾ, നാലാമത്തെ തവണ തന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിക്കുന്നതാണോ അധികാരമോഹം, അതോ അതിനെ എതിർത്ത ഞാനാണോ അധികാരമോഹി?” എന്ന് അദ്ദേഹം ചോദിച്ചു. നിരവധി തവണ എം.എൽ.എയും മന്ത്രിയുമായവർ വിട്ടുകൊടുക്കാതെ മത്സരിക്കാൻ ശ്രമിക്കുന്നതാണ് യഥാർത്ഥ പാർലമെന്ററി വ്യാമോഹമെന്നും അദ്ദേഹം ആരോപിച്ചു.
പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണനെതിരെ 22 വയസ്സുള്ള ഒരു കുട്ടി വിജയിച്ചത് അവിടത്തെ ജനങ്ങൾ മാറ്റം ആഗ്രഹിച്ചതുകൊണ്ടാണെന്നും, ആ യാഥാർത്ഥ്യം സി.പി.എം നേതൃത്വം ഇനിയും മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. പാർട്ടി ഘടകങ്ങൾ അംഗീകരിക്കാത്ത സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതാണ് പാർട്ടിയിലുണ്ടായ പ്രതിസന്ധികൾക്ക് കാരണമെന്നും, തെറ്റായ രീതിയിൽ പാർട്ടിയെ നയിക്കുന്ന എം.വി. ഗോവിന്ദനാണ് യഥാർത്ഥ വർഗവഞ്ചകനെന്നും ടി.കെ. ഗോവിന്ദൻ ആഞ്ഞടിച്ചു.
സി.പി.എം വിട്ട വിമതരെ വർഗവഞ്ചകരെന്ന് നേരത്തെ എം.വി. ഗോവിന്ദൻ വിശേഷിപ്പിച്ചിരുന്നു. സുധാകരൻ, വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ എന്നിവർ സ്വീകരിച്ചത് പാർട്ടിയെ വഞ്ചിക്കുന്ന നിലപാടാണെന്നും, തെറ്റ് തിരുത്തിയാൽ തിരിച്ചെടുക്കാമെന്നുമാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്.

