8 കൊല്ലം മുമ്പ് തസ്റാക്കിലെ ഓ വി വിജയൻ സ്മാരകത്തി ലെ യോഗത്തിൽ ഞാൻ പറഞ്ഞ ചില കാര്യങ്ങളെ പറ്റി വേദിയിൽ നടന്ന തർക്കത്തെ എഡിറ്റ് ചെയ്തുണ്ടാക്കിയ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വിജയനെയും എന്നെയും പറ്റി ചില കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ.
വിജയൻ എൻ്റെ അടുത്ത
സുഹൃത്തായിരുന്നു. ഡൽഹിയിലെ എൻ്റെ ആദ്യകാലങ്ങളിൽ എന്നെ ഏറ്റവും സഹായിച്ചവരിൽ ഒരാളായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തെ മനസ്സിലാക്കാൻ വഴി കാണിച്ചവരിൽ ഒരാളായിരുന്നു. ഞങ്ങളുടെ കൂട്ടുകെട്ട് പല തരത്തിലുള്ള ഇഴയടുപ്പങ്ങളിൽ വേരൂന്നിയ തായിരുന്നു. എൻ്റെ വിഷമങ്ങളിൽ വിജയനും വിജയൻ്റെ വിഷമങ്ങ ളിൽ ഞാനും കൂട്ടിനെത്തിയിട്ടുണ്ട്. എല്ലാ കൂട്ടുകാരെയും പോലെ പരസ്പരം രഹസ്യങ്ങൾ പങ്കിട്ടിട്ടുണ്ട്.
എൻ്റെ സുഹൃത്തായ വിജയനെ ഞാൻ ആരാധനാ മനോഭാവത്തോടെയല്ല കാണുന്നത്. എഴുത്തുകാരനായ വിജയനെയും അല്ല. ആരെയും ആരാധിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. ആരും വിമർശനത്തിന് അതീതരാണെന്ന് വിശ്വസിക്കുന്നില്ല. അതിശയോക്തിയും വിഗ്രഹാരാധനയും സ്തുതിവചനങ്ങളും എനിക്ക് വഴങ്ങാത്ത രീതികളാണ്. വിജയൻ എനിക്ക് മുകുന്ദനെയോ കുഞ്ഞബ്ദുള്ളയേയോ കാക്കനാടനെയോപോലെ സുഹൃത്തും സഹഎഴുത്തുകാരനുമാണ്. വിജയൻ്റെ ചില രചനകൾ എനിക്കിഷ്ടമാണ്. ചിലത് അല്ല. വിജയൻ മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ തകഴി, ബഷീർ, പൊറ്റെക്കാട്ട്, എംടി, മാധവിക്കുട്ടി തുടങ്ങിയവരുടെ പോലെ തന്നെ വിലയേറിയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
വിജയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പിരിയുകയും അതിൻ്റെ വിമർശകനാകുകയും ചെയ്തു. വിജയൻ്റെ സ്വതന്ത്ര നിലപാടുകൾക്ക് പാർട്ടിയോടൊത്ത് പോകാൻ കഴിയുമായിരുന്നില്ല. മലയാളത്തിൽ ആദ്യമായി വിജയനാണ് കമ്മ്യൂണിസ്റ്റ് ഗൃഹാതുരത്വത്തിന് ഒരു കാല്പനിക ഭാഷ നൽകിയത്. വിജയൻ ഹിന്ദു വലതുപക്ഷ വിശ്വാസങ്ങളോട് സഹിഷ്ണുത പ്രദർശിപ്പിച്ചിരുന്നു. ആ പ്രസ്ഥാനത്തിൻ്റെ ഭാഗമായി നില കൊണ്ടില്ല. കമ്മ്യൂണിസത്തെ പറ്റി പ്രദർശിപ്പിച്ച വിമർശനാന്മകത അതിനെ പറ്റി പ്രദർശിപ്പിച്ചതുമില്ല. വിജയൻ ഒരു വലതുപക്ഷ ഹിന്ദു സംഘടനയുടെ പുരസ്കാരം സ്വീകരിച്ചപ്പോൾ ഞാൻ അതിനെ വിമർശിച്ചു. ചർച്ചയിൽ തർക്കമുണ്ടാക്കിയ വിഷയം അതായിരുന്നു.
വിജയൻ്റെ പുസ്തകങ്ങളിൽ പ്രത്യക്ഷപ്പെടുന്ന " ആത്മീയത " യെ എൻ്റേതായ - വിജയന് മനസ്സിലാകുന്ന - കാരണങ്ങളാൽ ഞാൻ തിരസ്കരിച്ചിട്ടുണ്ട്. ഗുരുസാഗരത്തിൻ്റെ കയ്യെഴുത്ത് പ്രതി വായിച്ചപ്പോൾ തന്നെ ഞാനത് വിജയനോട് പറഞ്ഞു. ആന്തരിക സംഘർഷങ്ങളിലൂടെ വിജയൻ ചെന്നു പെട്ട ഒരു കെണി യായിരുന്നു അത് എന്ന് ഞാൻ കരുതുന്നു. യഥാർത്ഥ ആത്മീയത എന്തെന്ന് അറിയാത്ത ആളല്ല വിജയൻ.
പിന്നീട് വിജയൻ എടുത്ത തീരുമാനങ്ങളുടെ കാരണങ്ങൾ വിജയനെ അറിയൂ. വിജയൻ ജീവിച്ചിരുന്നുവെങ്കിൽ ഇന്ന് എന്തു നിലപാടുകൾ സ്വീകരിക്കുമായിരുന്നു എന്ന് ഞാൻ അദ്ഭുത പെട്ടിട്ടുണ്ട്. നിർഭാഗ്യവശാൽ മലയാളികൾ വിജയനെ ഒറ്റ പുസ്തകത്തിൽ ഒതുക്കി.


