ഓവീഡോ, ഫ്ലോറിഡ: ലോകമെമ്പാടുമുള്ള ഹ്രസ്വചലച്ചിത്ര സ്രഷ്ടാക്കളെയും സിനിമാപ്രേമികളെയും ഒരേ വേദിയിൽ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ഗ്ലോബൽ ഫ്രെയിംസ് ഫെസ്റ്റ്, യു.എസ്.എ. (Global Frames Fest, USA) യുടെ ഉദ്ഘാടന ലോഞ്ചും കിക്ക്-ഓഫ് ചടങ്ങും ഇന്ന് (ജൂലൈ 5, ഞായറാഴ്ച) നടക്കും.
സെമിനോൾ കൗണ്ടി പബ്ലിക് ലൈബ്രറി – ഈസ്റ്റ് ബ്രാഞ്ച്, ഓവീഡോ (310 N Division St., Oviedo, FL 32765) യിൽ ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ നടക്കുന്ന ചടങ്ങിൽ ഫെസ്റ്റിവലിന്റെ ഔദ്യോഗിക ലോഞ്ച്, ബോർഡ് അംഗങ്ങളുടെ പരിചയപ്പെടുത്തൽ, വെബ്സൈറ്റ് പ്രകാശനം, വരാനിരിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രവർത്തനങ്ങളുടെ അവതരണം എന്നിവ നടക്കും.
പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ഫ്രാങ്കോ ഫെസ്റ്റിവലിന്റെ ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്യും. വിതരണ, മാർക്കറ്റിംഗ്, മീഡിയ, കമ്മ്യൂണിറ്റി ലീഡർഷിപ്പ് മേഖലകളിലെ പങ്കാളികളുമായി ആശയവിനിമയം നടത്തുന്നതിനുള്ള പ്രത്യേക വേദിയായും ഈ ചടങ്ങ് മാറും.
സിനിമയിലൂടെ സാംസ്കാരിക വൈവിധ്യവും സൃഷ്ടിപരമായ കഴിവുകളും ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ ലാഭേച്ഛയില്ലാത്ത സംരംഭത്തിലേക്ക് സിനിമാപ്രേമികളെയും മാധ്യമപ്രവർത്തകരെയും സംഘാടകർ ഹാർദ്ദവമായി സ്വാഗതം ചെയ്തു.


