കോട്ടയം: ലോകസമാധാനം, മാനവികത, സാമൂഹിക ഐക്യം എന്നിവ മുൻനിർത്തി പ്രവർത്തിക്കുന്ന വേൾഡ് പീസ് മിഷൻ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം അടുത്ത ജനുവരി 9-ന് കോട്ടയം നാഗമ്പടത്തെ സീസർ പാലസ് കോൺഫറൻസ് ഹാളിൽ നടക്കും.
ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സമാധാന പ്രവർത്തകരും സാമൂഹിക നേതാക്കളും വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക, മാധ്യമ, മനുഷ്യാവകാശ മേഖലകളിലെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും. ഒരു ഹൃദയം, ഒരു ലോകം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ലോകത്ത് വർധിച്ചുവരുന്ന യുദ്ധങ്ങളും സംഘർഷങ്ങളും ദാരിദ്ര്യവും പരിസ്ഥിതി പ്രതിസന്ധികളും ലഹരിവ്യാപനവും സാമൂഹിക വിഭജനവും ഉൾപ്പെടെയുള്ള വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും. സമാധാന വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, യുവജന പങ്കാളിത്തം, ഭക്ഷ്യസുരക്ഷ, ആരോഗ്യസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, കുടുംബമൂല്യങ്ങൾ, ആഗോള സഹകരണം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക സെഷനുകളും സംവാദങ്ങളും നടക്കും.
സമ്മേളനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ ശ്രദ്ധേയമായ സേവനങ്ങൾ നടത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വേൾഡ് പീസ് അക്കാദമി അവാർഡുകൾ സമ്മാനിക്കും. കൂടാതെ, വേൾഡ് പീസ് മിഷന്റെ വിവിധ സാമൂഹ്യസേവന പദ്ധതികളുടെയും ആഗോള പ്രവർത്തനങ്ങളുടെയും അവതരണവും ഉണ്ടായിരിക്കും.
വേൾഡ് പീസ് മിഷന്റെ സ്ഥാപക ചെയർമാൻ ഡോ. സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ലോകസമാധാനത്തിനും മനുഷ്യസ്നേഹത്തിനും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയും ഒരുമിപ്പിക്കുന്ന വേദിയായി ഈ അന്താരാഷ്ട്ര സമ്മേളനം അടയാളപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു.
.png)

