നാല് പതിറ്റാണ്ടുകൾക്കു മുമ്പ് മലയാളക്കരയെ പിടിച്ചു കുലുക്കിയ ഒരു ദാരുണ സംഭവമായിരുന്നു ആലപ്പുഴ ഫിലിം റെപ്രസെന്ററ്റീവ് ചാക്കോ വധം. ഇതിലെ മുഖ്യപ്രതിയായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് വീണ്ടും മാധ്യമങ്ങളിൽ തലപൊക്കിയിരിക്കുന്നു. കേരള പോലീസിനും അന്തർദേശീയ കുറ്റാന്വേഷണ സംഘത്തിനും ഇതുവരെ ഒരു എത്തും പിടിയും കൊടുക്കാതെ കുറുപ്പ് എവിടെയോ പോയി ഒളിച്ചു. ഇപ്പോൾ ഈ കാതികനെ എവിടെയൊക്കെയോ ചിലർ കണ്ടു എന്ന് അടുത്തകാലത്തായി കേൾക്കുന്നു. ഭ്രൂനയിലുണ്ട്, ബോംബെയിലുണ്ട്, മലേഷ്യയിൽ കണ്ടു എന്നാൽ ആർക്കും ഇതുവരെയും അത് സ്ഥിരീകരിക്കുവാൻ കഴിഞ്ഞിട്ടില്ല നമ്മുടെ ബഹുമാനപ്പെട്ട കേരള പോലീസ് വകുപ്പ് പറയുന്നു സുകുമാരക്കുറുപ്പ് മരിച്ചിരിക്കുന്നു അതുകൊണ്ട് ഫയൽ ക്ലോസ് ചെയ്യുകയാണ്. ആർക്കറിയാം യാഥാർത്ഥ്യം?
1984 ജനുവരി മാസം ഇരുപത്തിയൊന്നാം തീയതി 31 വയസ്സ് പ്രായമുള്ള ഫിലിം റെപ്രസെന്ററ്റീവ് ചാക്കോ ആറുമാസം ഗർഭിണിയായ ഭാര്യയെയും അമ്മയെയും വീട്ടിലാക്കി തൻ്റെ ജോലിക്കായി പടികൾ ഇറങ്ങി. അത് തൻ്റെ അവസാന ദിവസമാണെന്നോ അവസാനത്തെ യാത്രയാണന്നോ താൻ ഒരിക്കലും ചിന്തിച്ചില്ല. ആ സ്നേഹ നിധിയായ നവ വധുവും അമ്മയും ഒരിക്കൽപോലും കരുതിയില്ല അത് അവരുടെ ഒരുമിച്ചുള്ള അവസാന കൂടിക്കാഴ്ചയാണ്ന്ന ദുരന്ത സത്യം. ഇനിയുള്ള ദിവസങ്ങൾ കണ്ണുനീരിൻ്റെയും വിലാപത്തിൻ്റെയും നാളുകൾ എന്നവർ ഒരിക്കൽ പോലും സ്വപ്നം കണ്ടിരുന്നില്ല. ആലപ്പുഴയിൽ നിന്ന് വീട്ടിലേക്ക് പോകുവാൻ അന്ന് ചാക്കോ കയറിയ വാഹനം തൻ്റെ മരണ വണ്ടിയായി മാറിയപ്പോൾ കേരളം ദുഃഖിച്ച് തലകുനിച്ചു. മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത കാട്ടാളന്മാർ, പണ കൊതിയൻമാർ ദുർ മോഹികളും ചതിയന്മാരുമായ സുകുമാരക്കുറുപ്പ് സംഘം ആ യുവാവിൻ്റെ മരണ വേദന ഹരമാക്കി മാറ്റി ആ ജീവിതത്തെ തല്ലികെടുത്തി കത്തിക്കരിച്ചു. അങ്ങനെ അവർ ഒരു കൊടും ക്രൂരതയുടെയും തട്ടിപ്പിൻ്റെയും ചുരുളുകൾ നിവർത്തി.
സുകുമാരക്കുറുപ്പും സുഗതനും സജിത്തും എല്ലാം ആൾ മാറാട്ട വീരന്മാരും അഭിനയ കിങ്കരന്മാരും ഉടായിപ്പിൻ്റെയും തട്ടിപ്പിൻ്റെയും തലസ്ഥാന നഗരികളും അത്രേ. സുകുമാരക്കുറുപ്പ് ലോകോത്തര പിടികിട്ടാപ്പുള്ളി. എന്നാൽ സുഗതനും സജിത്തും പോലുള്ള കഥാപാത്രങ്ങൾ ആത്മിക ലോകത്തിലെ ആൾ മാറാട്ട വീരപ്പന്മാർ. അഭിനയത്തിൽ ഇവർ ഓസ്കർ ജേതാക്കളും. മാധ്യമങ്ങളിൽ ചില നാളുകൾ വൈറലായ ഒരു വീഡിയോ കണ്ടിരുന്നു സുഗതൻ്റെ കെട്ട് പൊട്ടിച്ച സജിത്ത് സിദ്ധൻ. ഈ സുഗതൻ ആരാണെന്നോ? ഏത് കെട്ട് പൊട്ടിയെന്നോ? എവിടെ പൊട്ടിയെന്നോ? എങ്ങനെ പൊട്ടിയെന്നും ആർക്കും അറിയില്ല. കാശിനും പ്രസിദ്ധിക്കും പ്രചാരത്തിനും വേണ്ടി ദൈവത്തിൻ്റെ പേരിൽ ഒരു കൊച്ച് നാടകം ഇവർ അവതരിപ്പിക്കുകയാണ്. ഇവർ മനസ്സാക്ഷി നഷ്ടപ്പെട്ടവരും സ്വാർത്ഥ താല്പര്യങ്ങൾ സാധിച്ചെടുക്കുവാൻ എന്തും ചെയ്തു കൂട്ടുവാൻ മടി കാണിക്കാത്തവരുമാണ്. സർപ്പം ഉപായത്താൽ ഹവ്വായെ ചതിച്ചത് പോലെ ആരെയും ചതിക്കുവാനും വഹിക്കുവാനും ഇവർ മടിക്കില്ല. ഇവരുടെയൊക്കെ പ്രവർത്തികൾ നിമിത്തം എത്രയെത്ര കുടുംബങ്ങൾ വേദനിക്കുന്നു നഷ്ടങ്ങളുടെ ഇരകളായി മാറുന്നു. അൽപ്പം എങ്കിലും സാമാന്യബോധമുള്ളവർ ദൈവത്തിൻ്റെയും മതത്തിൻ്റെയും പേരിൽ നടത്തുന്ന ഉടായിപ്പ് രോഗശാന്തിയും ചവിട്ട് നാടകവും കാണുമ്പോൾ മുക്കത്ത് വിരൽ വച്ചു പോകും.
ഒന്ന് ചിന്തിക്കുക! ഇവരുടെയൊക്കെ പുറകിൽ പ്രവർത്തിക്കുന്ന ഇരുട്ടിൻ്റെ ശക്തി മനസ്സുകൾ കീഴടക്കി കഴിയുമ്പോൾ എന്തു ചെയ്യുവാനും പ്രവർത്തിക്കുവാനും ഒട്ടുമേ ഇവർ മടി കാണിക്കുകയില്ല. തിരുവചനം പറയുന്നു ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും കാരണമാകുന്നു. പെട്ടെന്ന് ധനികനാകണം പ്രശസ്തിയുടെ കൊടു മുടികളിൽ കയറണം ആഡംബര ജീവിതം നയിക്കണം. എന്നാൽ അധ്വാനിക്കുവാൻ ഇവർക്ക് മനസ്സില്ല പിന്നെ ഇത് എങ്ങനെ സാധിക്കും? അതിനുള്ള കുറുക്ക് വഴികൾ ഈ കുറുപ്പന്മാർ ആത്മിക ഭൗതിക ലോകത്തിൽ കണ്ടു പിടിച്ചു കൊണ്ടിരിക്കുകയാണ്. ഈ അത്യാഗ്രഹം എന്ന വാൾ കൈകളിൽ ഏന്തി കഴിയുമ്പോൾ പിന്നീടുള്ള ചിന്തകൾ തികച്ചും വികിലം ആണ്. സ്വന്തം കാര്യ സാധ്യത്തിനായി മറ്റുള്ളവരുടെ കണ്ണുനീർ ഇവർ കാണാതെ പോകുന്നു വേദന ഇവർ മനസ്സിലാക്കുന്നില്ല. സുകുമാരക്കുറുപ്പ് വൻ ഇൻഷുറൻസ് തുക അടിച്ചു മാറ്റുവാൻ നിഷ്ക്കരുണം ഒരു വ്യക്തിയെ മരണത്തിലേക്ക് തള്ളിയിട്ടപ്പോൾ സജിത്ത് ഗ്രൂപ്പ് ദ്രവ്യാഗ്രഹത്തിൻ്റെ കൗശല വാക്ക് പറഞ്ഞുകൊണ്ട് സാധുക്കളെ വഞ്ചിച്ച് അവരുടെ പോക്കറ്റുകൾ കാലിയാക്കുന്നു സ്വന്തം പള്ള നിറക്കുന്നു. ഇന്നിവിടെ നാളെ അവിടെ ഇങ്ങനെ കളം മാറി ചവിട്ടി മതത്തിൻ്റെയും ദൈവത്തിൻ്റെയും പേരിൽ ശതകോടികൾ ചരതിച്ച് പാവപ്പെട്ടവരുടെ മേൽ ഇവർ കുട്ടി ദൈവങ്ങളായി വാഴുന്നു. ഈ വെള്ളമില്ലാത്ത മേഘങ്ങളെയും അഭിനയ സിദ്ധന്മാരെയും ഒഴിഞ്ഞിരിക്കുക അവരെ വിട്ട് ഓടി പോകുക.
തിരുവചനം പറയുന്നു സർവ്വലോകവും ദുഷ്ടന്‍റെ അധീനതയിൽ കിടക്കുന്നു പിശാച് മോഷ്ടിക്കുവാനും കൊല്ലുവാനും മുടിക്കുവാനും അത്രേ കടന്നുവരുന്നത്. തോക്കു കൊണ്ടും കത്തികൊണ്ടും ഭീഷണിപ്പെടുത്തി ചിലർ മോഷ്ടിക്കുന്നു പിടിച്ചുപറിക്കുന്നു. മറ്റു ചിലർ മധുരമായി സംസാരിച്ചുകൊണ്ട് മോഹങ്ങൾ ജനിപ്പിച്ച് ഇല്ലാ കഥകൾ മെനഞ്ഞ് ജനങ്ങളെ കൊള്ളയടിക്കുന്നു. മതത്തിൻ്റെയും ദൈവത്തിൻ്റെയും ലേബലിൽ വെച്ചു നീട്ടുന്നതെല്ലാം വാങ്ങി കഴിക്കരുത് ചതിക്കുഴിയിൽ വീഴരുത്. ഇല്ലാത്ത മോഹന വാഗ്ദാനങ്ങൾ ഊതി വീർപ്പിച്ച് മറ്റുള്ളവരുടെ വിയർപ്പിൻ്റെ ഫലം അടിച്ചുമാറ്റി പൂഴ്ത്തി വെക്കുന്ന ഈ ഇത്തികണ്ണികളെ നാം തിരിച്ചറിയണം. നിങ്ങളുടെ നടപ്പ് ദ്രവ്യാഗ്രഹമില്ലാതായിരിക്കട്ടെ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുവിൻ ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല ഉപേക്ഷിക്കുകയുമില്ല (എബ്രായർ 13 :5) ന്യായ രഹിതമായ വലിയ വരവിനെക്കാൾ നീതിയോടെയുള്ള അല്പം നല്ലത് (സദൃശ്യവാക്യം 16: 8)
പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

