PRAVASI

സമയമാം രഥത്തിൽ ഡാഡി സ്വർഗ്ഗയാത്ര ചെയ്യുന്നു

Blog Image

ഗോഗുൽത്ത മലമോളിലാറടി മണ്ണിൽ
ഡാഡിയുറങ്ങട്ടെയിനി ഏകനായി .
 
 ഇരമ്പുന്ന സ്മരണകൾ തെറുത്തുകൂട്ടിയരികിൽ ചാരി
സ്വപ്നങ്ങളാശകളടച്ചു കാവലാളാക്കി
ബന്ധങ്ങളെല്ലാമഴിച്ചഴയിലിട്ട്    
 ഏകാന്തമായൊരു കാഞ്ചന കൊട്ടാരത്തിൽ 
 ഓർമ്മകൾ തൻ സിംഹാസനത്തിലിരുന്ന്   
 ഡാഡിയൊരു ചക്രവർത്തിയായി വാണരുളുന്നു. 

ആരവമൊഴിഞ്ഞു, ദേവാലയ നടയടച്ചു 
 സിംഹാസനാരൂഢനാമീ ചക്രവർത്തിതൻ
 അന്ത്യയാത്ര, രാജവീഥിയിൽ കൊട്ടും
കുരവയുമായ് പരിവാരങ്ങളും, നീതിപാലകർ
പ്രജകളെ തടയുന്ന നാല്ക്കവലകൾ.
   
 രണ്ടുനാൾ നിങ്ങൾതൻ അഭിനയചാരുത കണ്ടു    
 ചിരിച്ചുപോയിയൊപ്പം തലകുനിപ്പിച്ചു ദു:ഖഭാരം. 

ChatGPTt-യിൽ  പടച്ച സ്ക്രിപ്റ്റുകളുരുവിട്ടുരുവിട്ട്
ഹാ, നാട്യാചാര്യ ഗുരുക്കളേം വിസ്മയിപ്പിക്കും 
 തകർപ്പൻ പ്രകടനം, എ പ്ലസ്,  നൂറിൽ നൂറു മാർക്ക്!

ഗദ്ഗദങ്ങൾ, കണ്ണീരിനാൽ മാജിക്കുകൾ,
മോഡുലേറ്റഡ് യാന്ത്രിക ശബ്ദ
ഡെസിബെൽ വ്യതിയാനങ്ങൾ,     
 നവരസ വിസ്മയ പ്രകടനങ്ങൾ ,
 മാറിമാറി വന്നരങ്ങിൽ ശോഭിക്കുന്ന
ഭാവാഭിനയ തന്ത്രങ്ങൾ, പോൾ മുനി ട്രിക്കുകൾ.          

ഹാ, ‘സ്കൂൾ ഓഫ് ഡ്രാമ’യിലോ നിങ്ങളെ പഠിപ്പിച്ചതെന്നത്
ഓർമ്മയിൽ പരതിനോക്കി, ഒരു തരിപോലും കണ്ടെത്തിയില്ല.   

ആറടി മണ്ണിലൊതുക്കി, പൂക്കളും വാരിവിതറി
 തലയ്ക്കലൊരു മരക്കുരിശും നാട്ടീ,
 പൊന്മക്കളെ നിങ്ങൾ മധുശാലയിലേക്ക്,
 സെവൻകോഴ്സ് മീലും ഓപ്പൺ ബാറും.

ചടുല കണ്ണീരുകൾ, പ്ലാസ്റ്റിക്ക് പൂക്കളങ്ങൾ
 മുന്തിയ മധുശാലയിൽ സെവൻകോഴ്സ് മീൽ
തേഞ്ഞതാം പൗഡർ മുഖത്ത് വീണ്ടും പൂശി,
 ചുണ്ടു ചുമപ്പിച്ച്, പുതുമണവാട്ടിയെപോലൊരുങ്ങി, 
സുസ്മേരവദനരായി, അതിഥി സൽക്കാരാഘോഷങ്ങൾ

രണ്ടു മൂന്നു ലാർജ്ജ് - ഓൺ ദ റോക്ക് 
ഗ്ലെൻഫിഡിച്ച് സിംഗിൾ മാൾട്ട് 

‘മ്മടെച്ചായൻ്റെ’ വേർപാട് വേദന മറക്കണ്ടേ 
ദു:ഖങ്ങൾക്കിന്നു ഞങ്ങളവധി കൊടുക്കട്ടെ 
ഓപ്പൺ ബാറല്ലേ, ഒരു ലാർജജ് കൂടി തട്ടാം 

Uncle, thanks for coming to dad’s funeral

യാത്ര പറച്ചിലുകൾ, ദീർഘഗാഡമാം ആലിംഗനങ്ങൾ. 
നിറവയറുമായി പിരിയുന്ന ബന്ധുക്കൾ, അടുപ്പക്കാർ.

‘മട്ടൻ ബിരിയാണിയത്ര നന്നായില്ല, 
ബീഫ് കട്ട്ലറ്റും വേണായിരുന്നു, ടച്ചിങ്ങ്സ് പോരാ’
ടൈ നേരെയാക്കി, കറുത്ത ജാക്കറ്റ് തഴുകിയൊതുക്കി
അടക്കം പറഞ്ഞവർ പാർക്കിങ്ങ്-ലോട്ടിലെ കാറിന്നരികിൽ
 
പറന്നകലേക്ക് പോയി ഡാഡി, കാണാനശക്തനായി 
കാതിലാർത്തലക്കും നിലവിളികളടക്കാനാവാതെ,
ഉള്ളിലെരിയും നെരിപ്പോടൂതിക്കെടുത്താനാകാതെ,
നിറഞ്ഞൊഴുകിയ ഗദ്ഗദം തടഞ്ഞു നിർത്താനാകാതെ,
അഗ്നിപർവതമായ്  തിളച്ച നൊമ്പരം, ഇടനെഞ്ചിലൊതുക്കാനാകാതെ.
 ഡാഡിയുറങ്ങീല, ഉറങ്ങാനാകുന്നില്ല മക്കളെ.

 പറന്നെത്തി, ഡാഡിതൻ ആത്മാവ്,
 കഴിഞ്ഞ ഞായർ ദിനത്തിലെ ദിവ്യാരാധനയിൽ,
കണ്ടില്ല പൊന്നോമന മുത്തുകളെ, നിങ്ങളൊരാളേം!

തിരിച്ചു പറന്നു നിരാശനായി, എങ്കിലും മലമോളിൽ
 ഡാഡിയെ കാണാൻ പോയിക്കാണുമെന്നാശയിൽ
കൊട്ടാര വാതിൽക്കൽ കാത്തിരുന്നു,
കണ്ടില്ല, കണ്ടില്ല മക്കളെ നിങ്ങളെ ഒരാളേയും 
 വാടിക്കരിഞ്ഞ കുറെ പൂക്കൾ മാത്രം ചുറ്റിലും.  

വേദപാഠ ക്ലാസ്സിൽ പഠിച്ച സുറിയാനി
വിശ്വാസാചാരങ്ങൾ മറന്നതെന്തേയെൻ  പൊന്മക്കളെ,
‘വിശ്വാസിതൻ വിശുദ്ധ ദിനങ്ങൾ വേർപാടിനുശേഷമെന്ന'ത്

ക്ലാസ്സുതീരാനായി വിശന്നുവലഞ്ഞു തളർന്ന്,
നിങ്ങൾക്ക് റൈഡിനായിയെന്നും കാത്തിരുന്നു ഡാഡി.     
ഹാ, സ്കൂൾ കഴിഞ്ഞഞ്ചു മിനിട്ടു വൈകിയാൽ,
കാറുമായി ടാഡി പാഞ്ഞെത്തുമായിരുന്ന-
യെത്രയെത്ര ദിനങ്ങൾ, ഓർമ്മതൻ അടിത്തട്ടിൽ. 

 സന്ധ്യാ നമസ്കാരത്തിൽ ചൊല്ലിത്തരാറുള്ള കീർത്തനം, 
 ആർദ്ര മധുരമായി വീണ്ടും ഓർമ്മയിലെത്തി നോവിക്കുന്നു.
 ‘ഞങ്ങള്‍ക്കുള്ള കര്‍ത്താവേ ഞാനിഹ നിദ്ര ഒഴിഞ്ഞിട്ട്
 ഉണര്‍വോടെ നിന്‍ തിരുമുന്‍പില്‍ നില്പാന്‍ കരുണ നീ ചെയ്യണമേ.’  

 സൂര്യനുദിക്കുന്നു, പണിതുയരുന്ന പുതിയ ദേവാലയ
 താഴികക്കുടത്തിൽ  കവിത പൂക്കുന്നു,
 രാവിൻ നിലാവെളിച്ചത്തിൽ
മഴവില്ലുകൾ പൂത്തുവിരിയുന്നു, 

 ഗെത് സമനയിലെ കൊട്ടാരവാതിൽപ്പടിയിൽ
 വെളിച്ചം നിറചില്ലകളിലൂടെ വീഴുന്നതും
 കാത്തുകാത്തിരിക്കുന്നു ഡാഡി.

 കൊട്ടാരവാതിലടയ്ക്കട്ടെ, പുഴുക്കളെ ക്ഷണിക്കട്ടെ 

 ഗുഡ്ബൈ പൊന്നോമന മക്കളെ, ഗുഡ്ബൈ.   

 പുഴുക്കളെത്തിയില്ല, ചിതലുവന്നാശ്ലേഷിച്ചില്ല
പരശ്ശതം ജീവാണുക്കളെന്തേ മടിക്കുന്നേ,
 വരിക പ്രിയകൂട്ടുകാരെ, വരിക വരിക
കാത്തിരിക്കുന്നു പൂമാലയുമായി,
 മ്രുഷ്ടാന്ന ഭോജനമൊരുക്കി, രുചിയേറും സദ്യവട്ടവുമായി.
    
 ഹാ… നിറയെ ഓണസന്ധ്യ
നൂറുകൂട്ടം കറികൾ, പപ്പടം, പാൽപ്പായസം, അടപ്രഥമൻ  
 ആറ്റുനോറ്റു പരിപാലിച്ച്, ജിമ്മിലും മണിക്കൂർ വിയർത്ത്
പുഷ്ടിപ്പെടുത്തിയെടുത്ത നല്ല ഒന്നാന്തരം ഗ്രേഡ്-എ മാംസാഹാരം.

 അഴുകാനിനിയും നീണ്ട ദിനങ്ങളേറെയുണ്ട്
*ശോശപ്പ വലിച്ചിട്ട് മുഖം മൂടും  മുമ്പ്
ഉമ്മക്കണ്ണീരുകൾ വീണുണങ്ങിയ കവിളിണകൾ
പുഴുക്കൾക്ക് സെവൻകോഴ്സ് മീൽ!

ഒഴിയാതെ നിൽക്കുമെന്നുമീ നാടകമരങ്ങ്,
ഓരോരോ വേഷങ്ങൾ മാറിവന്നിവിടെ
നിറങ്ങൾ ചാർത്തി രംഗമൊരുക്കാൻ
 വേദിയിലെ വെളിച്ചം കെടില്ലൊരിക്കലും
തിരശ്ശീല വീഴാത്തൊരനന്ത നാടകം...

കവിയുടെ അന്ത:രാത്മാവിൽ ദു:ഖസ്മൃതിതൻ തരംഗങ്ങൾ,
അഗ്നിയായി പതിച്ചു ചാരമാക്കും ജീവിത നേർക്കാഴ്ച്ചകൾ
കാലം  പതുക്കെയൂതിക്കെടുത്തട്ടെ നോവുകൾ
അരനാഴിക നേരം മാത്രം,
ആയുസ്സിനു വെറും അരനാഴിക ദൂരം മാത്രം.

*ശോശപ്പ - വി, കുര്‍ബ്ബാനയില്‍ അപ്പവീഞ്ഞുകളെ മൂടാന്‍ ഉപയോഗിക്കുന്ന വെള്ള വസ്ത്രം. മരിച്ചവരുടെ കബറടക്കിത്തിനു മുമ്പ് മുഖം മൂടുന്ന പാരമ്പര്യത്തിനും ഇത് ഉപയോഗിക്കുന്നു.

ബെന്നി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.