PRAVASI

നിൽക്കൂ! ചിന്തിക്കൂ! ഒരു നിമിഷം!

Blog Image

ജീവിതത്തിൽ അഭിനയിക്കാൻ പഠിച്ചില്ലെങ്കിലും അഭിനയിക്കുന്നവരെ തിരിച്ചറിയാൻ പഠിക്കണം ഇല്ലെങ്കിൽ നാം തോറ്റുപോകും.  നമ്മുടെ ഈ വഴിത്താരയിൽ പല സത്യങ്ങളും ബന്ധത്തിൻ്റെ ആഴങ്ങളും സ്നേഹത്തിൻ്റെ പ്രതിഫലനവും തിരിച്ചറിയുവാൻ നമുക്ക് കഴിയാതെ പോയിട്ടുണ്ട്.  കാലത്തിൻ്റെ കുത്തൊഴുക്കിൽ കൈപ്പിൻ്റെ അനുഭവം പേറി നാം നടന്നിട്ടുണ്ട്.  പ്രതീക്ഷകൾ പലതും കൊഴിഞ്ഞുപോയി സ്വപ്നങ്ങൾ ചിലത് മരിച്ചു.  ഇതൊക്കെ ജീവിതത്തിൽ വേദനയുടെയും നിരാശയുടെയും തലപ്പാവുകൾ നമ്മെ അണിയിക്കുന്നു.  നമ്മുടെ ജീവിതത്തെ തളർത്തുവാനും പരാജയപ്പെടുത്തുവാനും ശ്രമിച്ചവർ വീണ്ടും അരികിൽ വന്ന് ഒന്നുമറിഞ്ഞിട്ടില്ലാത്തവരെ പോലെ ചിരിച്ചുകൊണ്ട് ഞാൻ ശരിയാക്കാം, ഞാൻ കൂടെ ഉണ്ട് എന്ന് പറയുമ്പോൾ കപടതയുടെ മറ്റൊരു അദ്ധ്യായം അവിടെ തുറക്കുകയാണ്.  ഈ മുഖംമൂടി  ധാരികളെ മനസ്സിലാക്കികൊണ്ട് കുടുക്കിലും ചതിയിലും വീഴാതിരിപ്പാൻ നമ്മെ തന്നെ അധികം സൂക്ഷിക്കേണ്ടത് ആവശ്യമാണ്.  എല്ലാ ചിരിയും ഹൃദയത്തിൽ നിന്നല്ല വെറും അധരത്തിൽ നിന്നുള്ളത് എന്നും, എല്ലാ ആലിംഗനവും സ്നേഹത്തിൻ്റെ തുടിപ്പല്ലന്നും നാം അറിയാതിരിക്കരുത്.  

മനുഷ്യർ പരസ്പരം അകലുവാനും ബന്ധങ്ങൾ തകരുവാനും കാരണങ്ങൾ ചില തെറ്റിദ്ധാരണകളാണ്.  എനിക്ക് എല്ലാമുണ്ട് എന്നുള്ള മനോഭാവവും എനിക്ക് എല്ലാം അറിയാം എന്നുള്ള ചിന്തകളും മനസ്സിൽ തല പൊക്കുമ്പോൾ ഓർത്ത് കൊള്ളണം നാശത്തിനു മുമ്പേ ഗർവ്വം വീഴ്ചയ്ക്ക് മുമ്പേ ഉന്നത മനോഭാവം (സദൃശ്യ 16.18).  സഹ ജീവികളെ ഓർക്കുവാനും കരുതുവാനും വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ സ്നേഹിക്കുവാനും ഹൃദയം ഉണ്ടെങ്കിൽ മനുഷ്യൻ യഥാർത്ഥ മനുഷ്യനായി മാറുകയാണ്.  ദൈവ സ്നേഹത്തിൻ്റെ പ്രതിഫലനമായി ഇരുട്ടിൻ്റെ വഴിത്താരയിൽ അവൻ ഒരു ചെറിയ വെളിച്ചമായി തീരുകയാണ്.  കലുഷിതമായ ലോകത്തിൽ ഇന്ന് നമുക്ക് ആവശ്യം സൗധങ്ങളെക്കാൾ സമാധാനവും, സമ്പത്തിനേക്കാൾ സന്തോഷവും, സൗന്ദര്യത്തേക്കാൾ സഹതാപവും അത്രേ എന്ന സത്യം തിരിച്ചറിയുമ്പോൾ അത് നമ്മളിൽ ചലനങ്ങൾ സൃഷ്ടിക്കും.  വിദ്യ അമൂല്യമായ ധനമാണ് എന്നാൽ വിവരം ഉണ്ടായിരിക്കേണ്ടത് അതിലും അത്യന്താപേക്ഷിതമാണ്.  ജ്ഞാനം സമ്പാദിക്കുന്നത് നല്ലത് എന്നാൽ ജന്മം തന്ന മാതാപിതാക്കളെ മറന്നു കൊണ്ട് ഓടുന്നത് ദുഃഖം അല്ലയോ? വെള്ളിത്തിരയിലെ തിളക്കത്തേക്കാളും വേദിയിലെ പുകഴ്ച്ചയേക്കാളും നമുക്കു വേണ്ടത് വേദന അറിയുന്ന ഒരു ഹൃദയം ഉണ്ടെങ്കിൽ നാം ധന്യരാണ്.  ദുഃഖം എന്ന് പറയട്ടെ എല്ലാം വെട്ടിപ്പിടിക്കുവാനും കീഴ്പ്പെടുത്തുവാനും വേണാട് എക്സ്പ്രസിനെക്കാൾ വേഗത്തിൽ  ഓടുന്ന മനുഷ്യർ അറിയുന്നില്ല ബന്ധങ്ങൾ ഇവിടെ മുറിയുന്നു ബഹുമാനം നഷ്ടപ്പെടുന്നു എന്നുള്ള യാഥാർത്ഥ്യം. 

കരകൗശല വസ്തുക്കൾ തിളക്കവും ഭംഗിയും ഉള്ളതാണ്.  അലമാരകളിലും  ഷോ റൂമുകളിലും തിളങ്ങും എന്നാൽ  പലതും തൊട്ടാൽ പൊട്ടുന്നതും  ഉടയുന്നതും ആണ്. കാഴ്ചയ്ക്ക് വമ്പൻ അടുക്കുമ്പോൾ അപകടം.  ഇന്നുള്ള പല ബന്ധങ്ങളും പ്രവർത്തികളും കേവലം ഷോ ആയി മാറിക്കൊണ്ടിരിക്കുന്നു.  ആഴം ഇല്ലാത്ത ഭംഗി വാക്കുകളും പൊള്ളയായ സ്നേഹ പ്രകടനങ്ങളും ഒരു ദുരന്ത ഭൂമി സൃഷ്ടിച്ചിരിക്കുകയാണ്.  ഒരു കൂട്ടർ സമൂഹത്തിൽ എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്തവനെ പോലെയും എല്ലാമുള്ളവർ ഒന്നുമില്ലാത്തവനെ പോലെയും അഭിനയിക്കുന്ന കപടതയുടെ ലോകം അരങ്ങ് തകർക്കുകയാണ്.  ജീവിതം വെറും ഒരു അഭിനയം അല്ല വെറും അംഗീകാരത്തിനും  അധികാരത്തിനും വേണ്ടിയുള്ള പദ യാത്രയുമല്ല.  ജീവിതം പവിത്രമാണ് മൂല്യമുള്ളതും ദൈവത്തിന് ഏറ്റവും വിലയേറിയതുമാണ്.  സഹ മനുഷ്യരെ വെറും ഉപഭോഗ വസ്തുവാക്കി മാറ്റി കൊണ്ട് സ്വന്തം സാമ്രാജ്യം പടുത്തുയർത്തി ആവശ്യം കഴിയുമ്പോൾ  വലിച്ചെറിയുന്നത് തികഞ്ഞ  തിന്മയത്രേ.  ഇവരുടെ ബന്ധങ്ങളും സ്നേഹപ്രകടനങ്ങളും മഴയത്ത് കുടയന്വേഷിക്കുന്നതുപോലെ കാര്യം കഴിയുമ്പോൾ എവിടെങ്കിലും ഇവരെ പുറകിൽ വെച്ച് മറന്നു പോകും.  

 സന്തുഷ്ട  ഹൃദയം നല്ലൊരു ഔഷധം എന്ന് തിരുവചനം പറയുമ്പോൾ  സംതൃപ്തിയും സന്തോഷവും  ഇല്ലാത്തവരുടെ എണ്ണം അടിക്കടി വർദ്ധിക്കുന്നു.  ഹൃദയം തുറന്ന് ചിരിക്കുവാനും ഉള്ളതിൽ സന്തോഷിക്കുവാനും കഴിയാതെ വീർപ്പ് മുട്ടുന്ന ഒത്തിരി ജീവിതങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. നിരാശയും ആത്‌മഹത്യാ പ്രവണതകളും ഇത് നിമിത്തം വർദ്ധിക്കുകയാണ്.   എന്തുകൊണ്ട് എന്ന് ചിന്തിച്ചാൽ മനസ്സിലാക്കുവാൻ കഴിയും മനുഷ്യർ ഒന്നിലും സംതൃപ്തരല്ല. പുതിയ ബന്ധങ്ങൾ, പുതിയ വീട്,  പുതിയ കാർ, പുതിയ ജോലി  പുതിയ ഫോൺ ഇങ്ങനെ നീളുന്ന ഒരു പുതുമയ്ക്ക് വേണ്ടി കൊതിച്ചുകൊണ്ട് കുതിക്കുന്ന മനുഷ്യരിൽ സംതൃപ്തിയുടെ ഉറവ് അടയുന്നു അസംതൃപ്തിയുടെ ഒഴുക്കിൽപെട്ട അവർ മുങ്ങിതാഴുന്നു.

മത്സര മനോഭാവവും നിഗളവും ദൈനംദിന ജീവിതത്തെ അസന്തുഷ്ടമാക്കുന്നു.  ഇത് പിശാചിൻ്റെ കെണിയാണ്.  അധികാരത്തോടും നേതൃത്വത്തോടും മത്സരിക്കുക കയർക്കുക, എതിർക്കുക.  വിട്ടുകൊടുക്കുവാനും മറന്നു കളയുവാനും മനസ്സില്ലാതെ സ്വന്തം ജീവിതത്തെ കൈപ്പാക്കി മാറ്റുക.  ഇതെല്ലാം നമ്മുടെ പ്രയാണത്തെ ദുരിതപൂർണ്ണമാക്കി മാറ്റുന്നു.  കലർപ്പില്ലാത്തതും മായമില്ലാത്തതും ശുദ്ധമായതും  മനുഷ്യൻ ഭക്ഷിക്കുവാനും വാങ്ങുവാനും ശ്രമിക്കുമ്പോൾ ജീവിതത്തിൽ നമ്മെ ദൈവത്തോട് അടുപ്പിക്കുന്ന വചനം എന്ന മായമില്ലാത്ത പാല് കണ്ടെത്തി കുടിക്കുവാൻ കഴിയാതെ നാം ദാഹിച്ചു അഴലുകയാണ്.  

ലോകം വിരൽത്തുമ്പിലെങ്കിലും വികിലമായ ചിന്തകളും വിഘടന വാദങ്ങളും വിദ്വേഷങ്ങളും കൂണുപോലെ നമുക്ക് ചുറ്റും മുളയ്ക്കുകയാണ്.  ഇത് തിരിച്ചറിഞ്ഞ് മനസ്സാക്ഷി നഷ്ടപ്പെട്ടവരെപോലെയല്ല മറിച്ച് നമ്മുടെ നല്ല പ്രവർത്തികൾ മറ്റുള്ളവർ കണ്ട് സൃഷ്ടാവിങ്കലേക്ക്  തിരിയട്ടേ.  മനുഷ്യരാലുള്ള മാനത്തെക്കാൾ  അതികമായി ദൈവത്തിൽ നിന്നും മാനം ലഭിക്കുവാനും പുകഴ്ച പ്രാപിക്കുവാനും തുനിയുന്നത് നമ്മുടെ ജീവിതത്തെ ധന്യമാക്കി മാറ്റും. ഏദൻ തുടങ്ങി മനുഷ്യനെ ദൈവത്തിൽ നിന്നും അകറ്റുവാൻ പിശാച് സകല തന്ത്രങ്ങളും ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ് സാത്താൻ്റെ തന്ത്രങ്ങളെ കുറിച്ച് നാം അറിവില്ലാത്തവരായിരിക്കരുത്.  
(2 കൊരിന്ത്യർ 2:11).  നമ്മുടെ തിരക്ക് പിടിച്ച ജീവിതത്തിൻ്റെ ഏടുകളിൽ ഒരു നിമിഷം നിൽക്കൂ! ചിന്തിക്കൂ!  ജീവിതത്തെ ധന്യമാക്കുക! സർവ്വേശ്വരൻ്റെ പാദപീഠത്തിൽ കുമ്പിടാം

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.