ദേശീയപാതയിൽ കാറിടിച്ചു പരുക്കേറ്റ് ചോരവാർന്ന് റോഡിൽ കിടന്ന പതിനെട്ടുകാരന് ചികിത്സ ലഭിക്കാതെ ദാരുണാന്ത്യം. ചേമഞ്ചേരി കാപ്പാട് റെയിഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് ആണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഫർസീൻ ഇരുപത്തിയഞ്ച് മിനിറ്റോളമാണ് റോഡിൽ കിടന്നത്. ഈ സമയം ദേശീയപാതയിലൂടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോയെങ്കിലും ആരും വാഹനം നിർത്തുകയോ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകുകയോ ചെയ്തില്ല. ചോര വാർന്ന് ആ അവസ്ഥയിൽ കിടന്ന ആ കുട്ടിക്ക് ചുറ്റും കൂടിയവർ സഹായത്തിന് എത്തുന്നതിന് പകരം മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താനാണ് തിരക്കുകൂട്ടിയത്.
അത്തോളിയിലെ ദന്താശുപത്രിയിൽ ചികിത്സ കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഫർസീൻ സഞ്ചരിച്ച ബൈക്കിൽ അതേ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ഫർസീൻ എതിർദിശയിൽ വന്ന മറ്റൊരു കാറിനടിയിലേക്കാണ് വീണത്. അപകടം നടന്നിട്ടും റോഡിലൂടെ കടന്നുപോയവരാരും കുട്ടിയെ സഹായിക്കാൻ ഒട്ടും തയ്യാറായില്ല എന്നത് മനുഷ്യത്വത്തെ ചോദ്യം ചെയ്യുന്ന ഒന്നായി മാറി.
പിന്നീട് തൊഴിലാളികളും യാത്രക്കാരും ചേർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് ഏകദേശം അരമണിക്കൂർ കഴിഞ്ഞാണ് ആംബുലൻസെത്തിയത്. തുടർന്ന് ഫർസീനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. അപകടത്തിന് ഇടയാക്കിയ കാർ ഇതുവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.

