PRAVASI

സ്റ്റാര്‍ ഓഫ് ബെത്ലഹം ;ഫിലാഡല്‍ഫിയ സീറോമലബാര്‍ മതബോധനസ്കൂളിന്‍റെ ക്രിസ്മസ് ഷോ അവിസ്മരണീയം

Blog Image

ഫിലാഡല്‍ഫിയ: അപ്പത്തിന്‍റെ ഭവനം എന്നര്‍ത്ഥം വരുന്ന ദാവീദിന്‍റെ പട്ടണമായ ബെത്ലഹമില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം സംഭവിച്ച ഉണ്ണിയേശുവിന്‍റെ തിരുജനനം ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ വിശ്വാസപരിശീലനസ്കൂള്‍ ഡിസംബര്‍ 21 ഞായറാഴ്ച്ച ദൃശ്യവല്‍ക്കരണത്തിലൂടെ പുനരാവിഷ്കരിച്ചു. ഇടവകവികാരി റവ. ഡോ. ജോര്‍ജ് ദാനവേലിലിന്‍റെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയെ തുടര്‍ന്നാണു സാന്തോം പാരീഷ്ഹാളില്‍ ആഘോഷപരിപാടികള്‍ നടന്നത്. ലൈവ് നേറ്റിവിറ്റി ഷോ, സാന്താക്ലോസിന്‍റെ ആഗമനം, ക്രിസ്മസ് സന്ദേശം, കരോള്‍ഗാനമല്‍സരം, ജീസസ് ബര്‍ത്ത്ഡേ കേക്ക് പങ്കുവക്കല്‍ എന്നിവയായിരുന്നു ചടങ്ങുകള്‍. 
മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ എല്ലാവരെയും സ്വാഗതം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി സണ്‍ഡേസ്കൂള്‍ കുട്ടികള്‍ കാഴ്ച്ചവച്ച ലൈവ് നേറ്റിവിറ്റി ഷോ കാണികളുടെ പ്രശംസക്കര്‍ഹമായി. ഗബ്രിയേല്‍ മാലാഖ മറിയത്തെ മംഗളവാര്‍ത്ത അറിയിക്കുന്നതുമുതല്‍,  കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍ ഉണ്ണിയെ ആരാധിച്ചു കാഴ്ച്ചകള്‍ സമര്‍പ്പിച്ചു മടങ്ങുന്നതുവരെയുള്ള പിറവിത്തിരുനാളിന്‍റെ എല്ലാസീനുകളും കുട്ടികള്‍ നന്നായി അവതരിപ്പിച്ചു. 
മാലാഖയില്‍ നിന്നും മേരിക്കു ലഭിച്ച സദ്വാര്‍ത്തയെ തുടര്‍ന്ന് പരിഭ്രാന്തനായ ജോസഫിനു നിദ്രയില്‍ ലഭിക്കുന്ന ദൈവീകദര്‍ശനം, പ്രസവസമയമടുത്ത മേരി കുട്ടിക്കുജന്മം നല്‍കുന്നതിനായി ജോസഫിനൊപ്പം സത്രങ്ങളില്‍ മുട്ടുന്നതും, എല്ലാവരാലും തിരസ്കരിക്കപ്പെട്ട് അവസാനം കാലിത്തൊഴുത്തില്‍ ഉണ്ണിയേശുവിനു ജന്മം നല്‍കുന്നതും, തത്സമയം വിണ്ണിലെ മാലാഖമാര്‍ മന്നിലിറങ്ങി ആനന്ദനൃത്തമാടുന്നതും, നിദ്രയില്‍ മാലാഖയുടെ നിര്‍ദ്ദേശം ലഭിച്ച ആട്ടിടയന്മാര്‍ പിള്ളക്കച്ചയില്‍ പൊതിഞ്ഞു കിടത്തിയിരുന്ന ഉണ്ണിയെ ആരാധിച്ച് ആനന്ദനൃത്തം ചെയ്യുന്നതും, ആകാശത്തിലെ നക്ഷത്രം വഴികാട്ടിയതനുസരിച്ച് മൂന്നുരാജാക്കന്മാര്‍ വന്നു പുല്‍ക്കൂട്ടില്‍ ജാതനായ ഉണ്ണിയെ ആരാധിച്ചു കാഴ്ച്ചകള്‍ സമര്‍പ്പിച്ചു സന്തോഷം പങ്കിടുന്നതും വളരെ നാടകീയമായി കുട്ടികള്‍ അവതരിപ്പിച്ചു. പുല്‍ക്കൂടും, ദീപാലങ്കാരങ്ങളും ശ്രദ്ധേയമായിരുന്നു. റവ. ഫാ. രാജീവ് ക്രിസ്മസ് സന്ദേശം നല്‍കി. ട്രസ്റ്റിമാരായ ജോസ് തോമസ്, ജറി കുരുവിള എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
ഹൈസ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ കരോള്‍ഗാനമല്‍സരത്തില്‍ വിജയിച്ച ടീമിനുള്ള പാരിതോഷികം സാന്താക്ലോസ് നല്‍കി. ഇടവകയിലെ ഗായകസംഘം ലീഡര്‍മാരായ ഷൈന്‍ തോമസ്, കാരളിന്‍ ജോര്‍ജ്, സിസ്റ്റര്‍ ജിസ്ന ജോണ്‍ എന്നിവര്‍ മല്‍സരത്തിന്‍റെ വിധികര്‍ത്താക്കളായി. 
മതാദ്ധ്യാപികയായ ജയിന്‍ സന്തോഷ് ആയിരുന്നു പ്രോഗ്രാം കോര്‍ഡിനേറ്ററായി കമനീയമായ ഷോ ചിട്ടപ്പെടുത്തിയത്. കൈക്കാരന്മാരായ  ജോസ് തോമസ്, സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ വറീദ്, ജറി കുരുവിള, ജോജി ചെറുവേലില്‍, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, റവ. സി. എം. സി. സിസ്റ്റേഴ്സ്, പി. ടി. എ. പ്രസിഡന്‍റ് ജോബി കൊച്ചുമുട്ടം, ജയിന്‍ സന്തോഷ്, മതാധ്യാപകര്‍, ഇടവകസമൂഹം, ഹോളി ഫാമിലി, സാന്താക്ലോസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വികാരി റവ. ഡോ. ജോര്‍ജ് ദാനവേലിലും, റവ. ഫാ. രാജീവും ജീസസിന്‍റെ ജന്മദിനകേക്കു മുറിച്ച് കുട്ടികള്‍ക്കു വിതരണം ചെയ്തു.
ക്രിസ്മസ് സ്റ്റേജ്ഷോയില്‍ പ്രീകെ മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ പങ്കെടുത്തു. തിരുക്കുടുംബത്തിലെ മേരിയുടെയും, ജോസഫിന്‍റെയും, ബേബി ജീസസിന്‍റെയും റോള്‍ ഭംഗിയായി അഭിനയിച്ച ടോം തോമസ് / അന്‍സാ / ബേബി ഏബ്രാം എന്നിവര്‍ക്ക് തിരുക്കുടൂംബത്തിന്‍റെ രൂപം പാരിതോഷികമായി നല്‍കി ആദരിച്ചു. അറ്റാലിയാ ക്ലാര തോമസ് മാലാഖയായും, ജോര്‍ജിയോ കൊച്ചുമുട്ടം സാന്താക്ലോസായും വേഷമിട്ടു. എമിലിന്‍ ആന്‍ ജയിംസ് എം. സി. റോളും, എബിന്‍ സെബാസ്റ്റ്യന്‍ ശബ്ദവെളിച്ച നിയന്ത്രണവും, ആല്‍വിന്‍ ജോണ്‍ ഫോട്ടോഗ്രഫിയും, ആല്‍ബിന്‍ ബാബു, അനിക്സ് പൊരിയത്ത് എന്നിവര്‍ വീഡിയോചിത്രീകരണവും നിര്‍വഹിച്ചു. പി. ടി. എ. വോളന്‍റിയേഴ്സും, മാതാപിതാക്കളും സ്റ്റേജ് ക്രമീകരണങ്ങളിലും, ഭക്ഷണവിതരണത്തിലും സഹായികളായി.
ഫോട്ടോ ക്രെഡിറ്റ്: എബിന്‍ സെബാസ്റ്റ്യന്‍ & ജോസ് തോമസ്


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.