തിരുവനന്തപുരം: കോണ്‍ഗ്രസ് യുവ നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനായി. കാലടി മാണിക്യമംഗലം സ്വദേശിനി ലിപ്‌സിയാണ് വധു. അങ്കമാലി ബസിലിക്ക പള്ളിയില്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30നായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചെലവ് ചുരുക്കി പ്രസ്തുത തുക അങ്കമാലിയിലെ നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കാന്‍ ഉപയോഗിക്കുമെന്ന് റോജി എം ജോണ്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉമാ തോമസ് എംഎല്‍എ അടക്കമുള്ളവര്‍ ഇരുവര്‍ക്കും വിവാഹ ആശംസകള്‍ അറിയിച്ചു. ഉമാ തോമസ് എംഎല്‍എ വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.അങ്കമാലി കല്ലുപാലം റോഡ് മുള്ളന്‍മടക്കല്‍ എം വി ജോണിന്റെയും എല്‍സമ്മയുടെയും മകനാണ് റോജി എം ജോണ്‍. എം എ, എം ഫില്‍ ബിരുദധാരിയായ റോജി 2016 മുതല്‍ അങ്കമാലിയില്‍ നിന്നുള്ള നിയമസഭാംഗമാണ്. കെ എസ് യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം എന്‍ എസ് യു ഐ ദേശീയ പ്രസിഡന്റായിരുന്നു. നിലവില്‍ എ ഐ സി സി സെക്രട്ടറി കൂടിയാണ് റോജി.
അങ്കമാലി നിയോജക മണ്ഡലത്തിൽ നിന്ന് 2016 ലും 2021 ലും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട റോജി എം ജോൺ കെ എസ് യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തിയത്. എറണാകുളം തേവര എസ്എച്ച് കോളേജ് ചെയർമാനായിരുന്നു. ജെഎൻയുവിലെ ഉപരിപഠനത്തിനിടെ എൻ എസ് യു നേതൃത്വത്തിലേക്ക് ഉയർന്നു. എൻഎസ്‌യു അധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള റോജിയെ 2016 ലാണ് അങ്കമാലി മണ്ഡലം പിടിക്കാൻ കോൺഗ്രസ് ചുമതലപ്പെടുത്തിയത്.

