PRAVASI

നടുറോഡിലൊരു സർജറി;ഞെട്ടിച്ച് ഡോക്ടർമാർ

Blog Image


റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചോര വാർന്നു കിടന്ന യുവാവിന് രക്ഷകരായി ഡോക്ടർമാർ. കൊച്ചി നഗരത്തിൽ നടന്ന അപകടത്തിലാണ് അതുവഴി പോയ മൂന്ന് ഡോക്ടർമാരുടെ ഇടപെടൽ ഒരു ജീവൻ രക്ഷിക്കാൻ സഹായിച്ചത്. എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലിലെ ഡോ തോമസ് പീറ്റർ, ഭാര്യ ഡോ ദിദിയ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്‌കുലർ തൊറാസിക് സർജൻ ഡോ. മനൂപ് എന്നിവരാണ് യുവാവിന്റെ ജീവൻ രക്ഷിക്കാൻ കാരണക്കാരായത്.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ എറണാകുളം ഉദയംപേരൂർ വലിയംകുളത്താണ് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റത്. ഇതിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ലിനീഷിനാണ് ഡോക്ടർമാർ അടിയന്തര ചികിത്സ നൽകിയത്. സാധാരണയായി ആശുപത്രികളിലെ എമർജൻസി റൂമുകളിൽ ചെയ്യുന്ന സർജറി ആണ് ഈ ഡോക്ടർമാർ റോഡരികിൽ ചെയ്തത്.


അപകടത്തിൽ യുവാവിന്റെ മൂക്കും പല്ലും തകർന്നിരുന്നു. രക്തം കട്ടപിടിച്ച് ശ്വാസനാളം അടഞ്ഞ നിലയിലായിരുന്നു. ശ്വാസം എടുക്കാനും വളരെ ബുദ്ധിമുട്ടായിരുന്നു. ആശുപത്രിയിൽ എത്തിക്കാനുള്ള സമയവും ഉണ്ടായിരുന്നില്ല. ഈ അവസ്ഥയിലാണ് കൈയിൽ കിട്ടിയ സ്‌ട്രോയും റേസർ ബ്ലേഡും ഉപയോഗിച്ച് ശ്വാസനാളം തുറന്ന് ഡോക്ടർമാർ സർജറി ചെയ്തത്. തുടർന്ന് യുവാവിനെ വൈറ്റില വെൽകെയർ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയോടെ ഭാര്യ ഡോ ദിദിയയോടൊപ്പം അമ്മയുടെ വീട്ടിൽ പോയി തിരികെ വന്നപ്പോഴാണ് അപകടം കണ്ടെതെന്നാണ് ഡോ തോമസ് പീറ്റർ മാധ്യമ സിൻഡിക്കേറ്റിനോട് പറഞ്ഞത്. മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഒരാളുടെ നില ഗുരുതരമായിരുന്നില്ല. മറ്റൊരാൾക്ക് തലയിലായിരുന്നു പരിക്ക്. പക്ഷെ അയാൾ സംസാരിക്കുന്നുണ്ടായിരുന്നു. എന്നാൽ മൂന്നാമത്തെ ആളുടെ നില അതീവ ഗുരുതരമായിരുന്നു. അയാളുടെ കഴുത്തു മറ്റൊരാൾ പിടിച്ചിരുന്നു. പിടിച്ചിരുന്ന രീതി കണ്ടപ്പോൾ തന്നെ അത് മെഡിക്കൽ പ്രൊഫഷണൽ ആണെന്ന് മനസ്സിലായി.

കൂടുതൽ സംസാരിച്ചപ്പോഴാണ് അദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്‌കുലർ തൊറാസിക് സർജൻ ഡോ. മനൂപ് എന്ന് മനസിലായത്. രോഗിയുടെ ഗുരുതര അവസ്ഥ കണ്ടാണ് സർജറി ചെയ്യാൻ തീരുമാനിച്ചത്. മൂന്നു ഡോക്ടർമാർ മാത്രമല്ല അവിടെ കൂടിയിരുന്ന ആളുകളും പോലീസും ഉൾപ്പടെ എല്ലാവരും ഒത്തൊരുമിച്ചു കൈകോർത്തത് കൊണ്ടാണ് ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.