PRAVASI

യുക്തിയും ഭക്തിയും ഒരിക്കലും ഒന്നിച്ചു പോകില്ല

Blog Image

നാലിൽ പഠിക്കുമ്പോൾ സന്ധ്യാനാമം മുഴുവൻ ഹൃദിസ്ഥമായി. അഞ്ചിലെത്തിയപ്പോൾ ഏറെക്കുറെ കീർത്തനങ്ങളും .സന്ധ്യകൾക്ക് ചന്ദനത്തിരിയുടെ ഗന്ധം,ഭക്തിയുടെ സംഗീതം, പ്രാർഥനകളുടെ താളം .വൃശ്ചികമായാൽ വ്രതം കടുക്കും. ദിവസേനെയുള്ള ക്ഷേത്ര ദർശനം നിർബന്ധമാകും. നാട്ടിലെങ്ങും ശരണം വിളികൾ ഉയരും.മഞ്ഞണിഞ്ഞ സന്ധ്യകളും പുലരികളും അയ്യപ്പൻ പാട്ടിൽ ലയിക്കും. അടുക്കളയിൽ മാംസം വേ കില്ല. അല്ലെങ്കിലും അത് പണ്ടേ ഇല്ല. വല്ലപ്പോഴുമെത്തുന്ന മീൻ മാത്രം. വൃശ്ചികം വന്നാൽ മീനും പടിക്ക് പുറത്ത്. മീനിൻ്റെ മടക്കം മകരവിളക്ക് കഴിയുമ്പോൾ.  ചൊവ്വയും  വെള്ളിയും മറ്റ് വിശേഷ ദിവസങ്ങളിലും മീൻ വീട്ടിൽ കയറ്റില്ല. മീൻ കൂട്ടിയാൽ നാരകത്തിൻ്റെ ഇല പറിച്ച് നന്നായി തേച്ചുരച്ച് കഴുകി ഉളുമ്പ് നാറ്റം കളയണം. സാമ്പാർ കൂട്ടി ഉണ്ണുന്നതുപോലെ ചോറിൽ ഒഴിച്ച് കഴിക്കാൻ പാടില്ല. ഉരുള ഉരുട്ടി ഒപ്പി കഴിക്കണം. മീൻ ഉണ്ടങ്കിൽ പാത്രത്തിൽ ഊണ് പാടില്ല. ഇലയിൽ മാത്രം .

സന്ധ്യയ്ക്ക് നാമം ജപിച്ചില്ലെങ്കിൽ തുടയിൽ മുത്തച്ഛൻ്റെ (കോട്ടയം കൈപ്പുഴ വെച്ചു വീട്ടിൽ പി.എൻ.നാരായണപിളള .ശ്രീകണ്ം മംഗലം മുട്ടത്തിൽ കുടുംബാംഗം. കൈപ്പുഴ മേക്കാവ് ഗവ.എസ്.കെ.വി.സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. കൈപ്പുഴ എൻ.എസ്.എസ്.കരയോഗം സെക്രട്ടറിയായിരുന്നു.) വക അടിപൊട്ടും.തടസം പിടിച്ചാൽ മുത്തശ്ശിക്കും (എൻ്റെ മാതാവ് പി.എൻ.വാസന്തിയമ്മയുടെ അമ്മ മാധവിയമ്മ കോട്ടയം കൈപ്പുഴ ആമന്തൂർ കുടുംബാംഗം)കിട്ടും അടി. കൈപ്പുഴ മേക്കാവ് സ്കൂളിലാണ് ഞാൻ ഒന്നു മുതൽ അഞ്ച് വരെ പഠിച്ചത്. (1971-76) വൈകുന്നേരം സ്കൂൾ വിട്ട് വരുമ്പോഴെ മുത്തച്ഛൻ പറയും: കാച്ചട്ടയും ഉടുപ്പും അഴിച്ചിട്ട് മേല് കഴുകി കയറെടാ .പുസ്തസഞ്ചി ഇളം തിണ്ണയിൽ വെച്ചിട്ട് പതയും മണവും ഇല്ലാത്ത ചുവന്ന ലൈഫ് ബോയ് സോപ്പിട്ട് മേല് കഴുകും.എന്നാലേ കടും കാപ്പിയും രാവിലത്തെ ബാക്കി അമ്മ കരുതി വെച്ച ദോശ യും തിന്നാൻ പറ്റൂ. എൻ്റെ നാലിലെ വലിയ പരീക്ഷക്കാലത്ത് മുത്തശ്ശി സ്വർഗവാതിൽ കടന്നു.ആറിലെത്തിയപ്പോൾ മുത്തച്ഛനും .ഞങ്ങൾ തറവാട്ട് വീടിന് സമീപം വീട് (ജയനിവാസ്) കെട്ടി മാറുന്നതും ഏതാണ്ട് ഇതേ കാലത്താണ്. വീട് മാറിയെങ്കിലും ഗൃഹാന്തരീക്ഷം ഭക്തിമയം. അച്ചൻ (എം.ആർ.കൃഷ്ണൻകുട്ടി നായർ തൊടുപുഴ ഉടുമ്പന്നൂർ) ഭക്തിയുടെ ലൈനിൽ അല്ലായിരുന്നു. ഇടതുപക്ഷത്തോടായിരുന്നു ആ ഭി മുഖ്യം.എന്നാൽ അമ്മയുടെ വിശ്വാസങ്ങൾക്ക് എതിരും അല്ലായിരുന്നു. ജീവിത സായാഹ്നങ്ങിൽ ഭൗതികം വിട്ട് അച്ചൻ മെല്ലെ ഈശ്വര ചിന്തയിലേക്ക് എത്തിയിരുന്നു.

വീട് ഭക്തിമയമായിരുന്നെങ്കിലും സ്കൂൾ കോളജ് നാളുകളിൽ എനിക്ക് ശബരിമല ദർശനത്തിനുള്ള ഭാഗ്യം ലഭിച്ചില്ല. അക്കാലങ്ങളിൽ എനിക്ക് അത് വലിയ ഒരു നൊമ്പരമായിരുന്നു.എൻ്റെ ചുറ്റുവട്ടങ്ങളിൽ പലരും അയ്യപ്പനെ കാണാൻ പോയിത്തുടങ്ങിയത് അവരുടെ അച്ഛന്മാരുടെ കൈയിൽ തൂങ്ങിയാണ്.ബന്ധുബലങ്ങളിൽ പലരും കെട്ടുമുറക്കി പോകുന്നത് ഞാൻ കൊതിയോടെ നോക്കി നിന്നു. ചേർത്തുനിർത്തേണ്ടവർ ആരും എന്നെ ചേർത്തുനിർത്തിയില്ല.'നീ മാലയിട്ടോ നിന്നെ ഞാൻ കൊണ്ടുപോകാമെന്ന് ആരും പറഞ്ഞില്ല''

അല്ല കുറ്റം എൻ്റെ ഭാഗത്താണ് ഞാൻ ആരോടും ചോദിച്ചുമില്ല.

ഉള്ളിൽ പൊട്ടിയ സങ്കടത്തിൻ്റെ കുമിള അങ്ങനെ തന്നെ നിൽക്കട്ടെയെന്നു കരുതി.ഭക്തിക്ക് കുറവ് വന്നില്ല വിശ്വാസത്തിനും .

കാലം മാറി കഥ മാറി. ബെൽബോട്ടം പാൻ്റ് വന്നു.തലയിൽ സ്റ്റെപ്പ്കട്ടായി .നാട്ടിൽ ഗൾഫ് പണം വന്നു തുടങ്ങി.

ഞാൻ കോളജിലായി (1981-87 കോട്ടയം മാന്നാനം കെ.ഇ.കോളജ് )

ഭക്തിക്ക് നിറം കെട്ടു .ചിന്തകളിൽ ഭൗതികത മാത്രമായി. വായന ഹരമായി.കാണുന്നതിന് അപ്പുറം ഒന്നുമില്ലെന്നുള്ള ധാരണയിലുള്ള യാത്ര തുടർന്നു. നിരീശ്വരവാദത്തിനും വിശ്വാസത്തിനുമിടയിലുള്ള നൂൽപ്പാലം പലവട്ടം കണ്ടു .ഒടുവിൽ രണ്ടിനുമിടയിൽ സന്ദേഹ വാദിയായി.എന്നാലും ശബരിമല യാത്രയ്ക്കുള്ള കൊതിക്ക് അറുതി വന്നില്ല.

ഡിഗ്രി കഴിഞ്ഞപ്പോൾ എം.എ മലയാളമായിരുന്നു സ്വപ്നം. ജോലി കണ്ടെത്തെങ്കില്ലെങ്കിൽ വണ്ടി ഓടിച്ചെന്ന് ഉറപ്പായി.മലയാളം മോഹം വിട്ട് ചരിത്രം പ്രൈവറ്റായി രജിസ്റ്റർ ചെയ്തു.ശ്രീ.അമ്പാട്ടു സുകുമാരൻ നായർ സാറിൻ്റെ സുനന്ദ ആഴ്ചപ്പതിപ്പിൽ സബ് എഡിറ്ററായി ജോലി കിട്ടി (1987-90) .എൻ്റെ ശബരിമല മോഹം പൂവണിയുന്നത് 'സുനന്ദ 'യിൽ വെച്ചാണ്. കൊതിയും മതിയും തീർന്ന് യാത്ര ചെയ്യുകയും എഴുതുകയും ചെയ്ത കാലം.

അമ്പാട്ട് സാർ ശബരിമല ചവിട്ടാൻ തീരുമാനിച്ചപ്പോൾ എന്നേയും കൂട്ടി. ഞാൻ മാത്രമല്ല ആർട്ടിസ്റ്റ് സുരേഷ് കുമാർ.ആർ ട്ടിസ്റ്റ് ഗോപി ദാസ് ,പിന്നെ ഞങ്ങളുടെ പ്രിയ മണിച്ചേട്ടൻ ( അസോ.എഡിറ്റർ മണി മാഞ്ഞൂക്കളം) അമ്പാട്ട് ജ്യോതിച്ചേട്ടനായിരുന്നു. സാരഥി. യാത്ര മധ്യേ രാജഗോപാൽ റാന്നിയും (മാതൃഭുമി) കൂടെ ചേർന്നു. തുലാം (1988) ഒന്നിനായിരുന്നു യാത്ര. മേൽശാന്തി നറുക്കെടുപ്പ് ദിനത്തിൻ്റെ തലേന്ന് .പിറ്റേന്ന് ദർശനം നടത്തി. പമ്പ മുതൽ സന്നിധാനം വരെ തുലാമഴയായിരുന്നു. കയറി നിൽക്കാൻ ഇപ്പോഴുള്ള സൗകര്യങ്ങൾ ഇല്ല. നനഞ്ഞ് നനഞ്ഞ് മല കയറി. പിറ്റേ വർഷം മകരവിളക്കിനും ദർശനം നടത്തി.

സുനന്ദ വിട്ടു.കോട്ടയത്ത് ശ്രീരാമചന്ദ്രൻ കുന്നപ്പള്ളിയുടെ (വീക്ഷണം ബ്യൂറോ ചീഫ് ആകാശവാണി പ്രതിനിധി) സഹായിയായി വീക്ഷണത്തിൽ പ്രവർത്തിച്ചു.(1992) .ഒരു ദിനപത്രത്തിൽ വാർത്ത എഴുതി ചുവട് വെച്ചത് അപ്പോഴാണ്.

മകരവിളക്ക് റിപ്പോർട്ട് ചെയ്യാൻ കോട്ടയം പ്രസ് ക്ലബിൽ നിന്ന് വണ്ടി പോയപ്പോൾ എന്നേയും വിട്ടു. റിപ്പോർട്ടിംഗ് മാത്രമല്ല മറ്റൊരു ദൗത്യം കൂടി ഉണ്ടായിരുന്നു. ഗാന ഗന്ധർവൻ കെ.ജെ.യേശുദാസ് സന്നിധാനത്തുണ്ട് അദ്ദേഹത്തിന് ഒരു കത്ത് കൊടുക്കണം. കോട്ടയത്തെ മുതിർന്ന പത്രപ്രവർത്തകരോടൊപ്പമായിരുന്നു ആ ശബരിമല യാത്ര, ദേവസ്വം ബോർഡിൻ്റെ അതിഥികളായി. ഞങ്ങൾ പത്രക്കാർ താമസിച്ച റൂമിനപ്പുറം യേശുദാസ്.മംഗളം ന്യൂസ് എഡിറ്റർ ജി.വേണുഗോപാലും എൻ്റെ ഒപ്പം വന്നു.

( വേണു സാർ പിന്നീട് മംഗളം കോട്ടയം ഡെസ്ക്കിൽ എൻ്റെ ഗുരുവായിരുന്നു.)

യേശുദാസിനെ നേരിട്ട് കാണാനും സംസാരിക്കാനും കഴിഞ്ഞത് ഒരു ഭാഗ്യമായി ഇന്നും കരുതുന്നു.അവിടെ വച്ചാണ് ആകാശവാണി ന്യൂസ് റീഡർ രാമചന്ദ്രനെ കാണുന്നതും പരിചയപ്പെടുന്നതും.( പിന്നീട് മംഗളം വാരിക പത്രാധിപ സമിതി അംഗമായപ്പോൾ അദ്ദേഹത്തെ ദീർഘമായി അഭിമുഖം നടത്താൻ ഭാഗ്യമുണ്ടായി.

ശബരിമല ദർശനത്തിന് മൂന്നുവട്ടം ഭാഗ്യം ലഭിച്ചെങ്കിലും ഒരു മുഖം മനസിൽ ബാക്കി നിന്നു. കെട്ടുനിറച്ചില്ല, പതിനെട്ടാം പടി ചവിട്ടിയില്ല. അമ്മയ്ക്കും അത് വല്ലാത്ത വിഷമായി .

ദീപിക കോട്ടയം ബൂറോയുടെ കീഴിൽ ലേഖകനായി പണിയെടുത്ത കാലത്ത് (1994-97) ആ വിഷമം മാറി.

മാലയിട്ട് നോയമ്പെടുത്ത് കെട്ടെടുത്ത് കറുപ്പുടുത്ത് ദർശനം നടത്തി.

ദീപികയിലെ പൈയായിരുന്നു പെരിയസ്വാമി.

ദീപിക ലേഖകൻ സി.സി.സോമനും ആർട്ടിസ്റ്റ് ആർട്ടിസ്റ്റ് സുരേഷ് കുമാറും (കർഷകശ്രീ, മനോരമ) സഹ സ്വാമിമാർ.

നാല് പേരും കെട്ട് നിറച്ചത് എൻ്റെ വീട്ടിൽ

അമ്മയ്ക്ക് ഇതിൽപ്പരം സന്തോഷമില്ലായിരുന്നു. സന്ധ്യാനേരത്ത് നാലു കെട്ടുകൾ നിറച്ച് പോകുന്നു.

പിന്നെ ശബരിമല യാത്രകൾ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി. ആർട്ടിസ്റ്റ് സുരേഷ് കുമാറിനൊപ്പമാണ് ഏറ്റവും കൂടൽ പോയത്.20 വർഷം തുടർച്ചയായി പോയെന്നാന്ന് ഓർമ.ഒരിക്കൽ തനിച്ചും ദർശനം തേടി യാത്ര നടത്തി. 'ആൾക്കൂട്ടത്തിൽ തനിയെ '

മനസ് ശരിക്കും ഏകാഗ്രമായി നിർത്താൻ

ആൾക്കൂട്ടത്തിൽ തനിയെ യാത്ര നല്ല ഒരു മരുന്നാണ്.

വിശ്വാസം മനസിന് ഒരു പിൻബലമേകുന്നുണ്ടെങ്കിൽ ആ വിശ്വാസം

ഒഴിച്ചുകൂടാനാവാത്തതാണ്.

വിശ്വാസത്തിൽ അഭയം തേടിയുള്ള യാത്രയ്ക്ക് അതിർവരമ്പ് നിശ്ചയിക്കേണ്ടത് അവനവൻ തന്നെയാണ്.

യുക്തിയും ഭക്തിയും ഒരിക്കലും ഒന്നിച്ചു പോകില്ല.ഏത് വേണമെന്ന് തീരുമാനിക്കാനും പിന്തുടരാനുമുള്ള സ്വാതന്ത്ര്യം നമുക്ക് ഈ മണ്ണിലുണ്ട്.

പരസ്പരം കൈ കടത്താതിരിക്കുന്നത് ബുദ്ധിപരമായ നീക്കമാകും .

സ്വാമി ശരണം......

കൈപ്പുഴ ജയകുമാർ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.