മലയാളത്തിലെ പ്രമുഖ ആധുനിക സാഹിത്യകാരന്മാരില്‍ ഒരാളാണ് എം. മുകുന്ദന്‍. സാധാരണ മനുഷ്യരുടെ ജീവിതത്തിലെ സംഘര്‍ഷങ്ങളും ഏകാന്തതയും പ്രണയവും സാമൂഹിക മാറ്റങ്ങളും സൂക്ഷ്മമായും വ്യത്യസ്ത ആഖ്യാന ശൈലിയിലും അവതരിപ്പിക്കുന്നതാണു മുകുന്ദന്‍റെ രചനകളുടെ പ്രത്യേകത. അദ്ദേഹത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ കഥകളിലൊന്നാണ് 'രാധ, രാധ മാത്രം'. 1964-ല്‍ പ്രക്ഷേപണം ചെയ്ത ചാള്‍സ് ബ്യൂമോണ്ടിന്‍റെ ‘Persons Unknown’ എന്ന കഥയും 1970-ല്‍ പ്രസിദ്ധീകരിച്ച മുകുന്ദന്‍റെ 'രാധ, രാധ മാത്രം' എന്ന കഥയും തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോ?
1. രാധ രാധ മാത്രം
രാധ പതിവുപോലെ കോളജ് കഴിഞ്ഞ് വീട്ടിലേക്കു വരുന്ന വഴി, ബസ്സ്റ്റോപ്പില്‍ വെച്ച് അപ്രതീക്ഷിതമായി തന്‍റെ സുഹൃത്ത് സുരേഷിനെ കാണുന്നു. ആഹ്ലാദത്തോടെ അവള്‍ അവന്‍റെ അരികിലേക്ക് ഓടിയെത്തി, വിശേഷങ്ങള്‍ തിരക്കുന്നു. പക്ഷേ, സുരേഷിന് അവളെ മനസ്സിലാവുന്നില്ല.
"നീ ഏതാണു കുട്ടീ?" എന്നയാള്‍ ചോദിച്ചപ്പോള്‍ തന്നെ കളിയാക്കുകയാണെന്നാണ് രാധ ആദ്യം കരുതിയത്. എന്നാല്‍ അവളെ ഒരിക്കലും കണ്ടിട്ടില്ലെന്നും തനിക്ക് അവളെ അറിയില്ലെന്നും തറപ്പിച്ചു പറഞ്ഞു.
കഴിഞ്ഞ ദിവസം വരെ കോളജിലും കടല്‍ക്കരയിലും ഒരുമിച്ചു നടന്ന തന്നെ, സുരേഷ് വഞ്ചിക്കുകയാണെന്നു കരുതിയ രാധ അമര്‍ഷത്തോടെ അവിടെനിന്നും പോകുന്നു.
ബസ്സിറങ്ങി വീട്ടിലേക്കു നടക്കുന്ന രാധയെ, വഴിവക്കിലുള്ളവരൊക്കെ അപരിചിതയേപ്പോലെയാണു നോക്കുന്നത്. രാധ അതൊന്നും ശ്രദ്ധിക്കാതെ വീട്ടിലേക്കു നടന്നു.
വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ പതിവുപോലെ, പത്രം വായിച്ചുകൊണ്ട് വരാന്തയിലിരിപ്പുണ്ട്. അവള്‍ വീട്ടിലേക്കു കയറുവാന്‍ തുടങ്ങുമ്പോള്‍, അയാള്‍ ചോദിക്കുന്നു:
"ഏതാ കുട്ടീ നീ? എവിടുന്നാ വരുന്നേ?"
ഈ ചോദ്യം കേട്ടപ്പോള്‍ ഒന്നും പറയാനാവാതെ രാധ തരിച്ചുനിന്നു. അച്ഛന്‍ അമ്മയെ വിളിച്ചു.
"ഏതോ ഒരു കുട്ടി, ചോദിച്ചിട്ട് ഒന്നും മിണ്ടുന്നില്ല."
അമ്മ രാധയുടെ തോളില്‍ കൈവെച്ചുകൊണ്ടു ചോദിച്ചു:
"എന്താണ് കുട്ടീ നിന്‍റെ പേര്. എവിടുന്നാ വരുന്നത്?"
ഇതുകൂടി കേട്ടതോടെ, രാധയുടെ സര്‍വ നിയന്ത്രണവും വിട്ടു. അവളുടെ കൈയില്‍ നിന്നും പുസ്തകങ്ങള്‍ താഴെ വീണു ചിതറി. അവള്‍ക്ക് കരച്ചില്‍ നിയന്ത്രിക്കാനായില്ല -
"എന്താണ് നിങ്ങള്‍ക്കൊക്കെ പറ്റിയത് - സ്വന്തം മകളെ കണ്ടിട്ട് നിങ്ങള്‍ക്കു മനസ്സിലാവുന്നില്ലേ?"
മാനസികവിഭ്രാന്തി ബാധിച്ച ഒരു പെണ്‍കുട്ടിയോടെന്ന പോലെയാണ്, അച്ഛനും അമ്മയും രാധയോടു സംസാരിച്ചത്. അവര്‍ക്കു മാത്രം അറിയാവുന്ന പല സംഭവങ്ങളും അവള്‍ അവരെ ഓര്‍മിപ്പിച്ചെങ്കിലും, അത്തരം കാര്യങ്ങളൊന്നും അച്ഛനും അമ്മക്കും ഓര്‍മ്മയില്ല.
മറ്റൊരു നിവൃത്തിയുമില്ലാതായപ്പോള്‍ രാധ ആ വീട്ടില്‍ നിന്നുമിറങ്ങി.
പോകുന്ന വഴിവക്കില്‍, പക്ഷികളും സമുദ്രവും കാറ്റും ആകാശവും ഭൂമിയും ഒരേ സ്വരത്തില്‍ ഏറ്റുപാടി:
"നീ രാധയല്ല - നിന്നെ ഞങ്ങള്‍ക്കറിയില്ല."
വായനക്കാരുടെ മനസ്സിലും ഒരു വിഭ്രാന്തി പകര്‍ന്നുകൊണ്ട്, രാധ ഇരുട്ടിലേക്കു നടന്നു മറയുന്നു.
2. Person or Persons Unknown
ചാള്‍സ് ബ്യൂമോണ്ട് (Charles Beaumont) ഒരു അമേരിക്കന്‍ എഴുത്തുകാരനും തിരക്കഥാകൃത്തുമായിരുന്നു. ‘The Twilight Zone’എന്ന ടെലിവിഷന്‍ പരമ്പരയ്ക്കായി നിരവധി ശ്രദ്ധേയമായ കഥകളും തിരക്കഥകളും രചിച്ചിട്ടുണ്ട്. മനുഷ്യന്‍റെ ഭയം, ഏകാന്തത, യാഥാര്‍ത്ഥ്യബോധം എന്നിവ അദ്ദേഹത്തിന്‍റെ രചനകളിലെ പ്രധാന പ്രമേയങ്ങളായിരുന്നു. 1962-ലാണു ഈ എപ്പിസോഡ് പ്രക്ഷേപണം ചെയ്യുന്നത്.
കഥയുടെ സംക്ഷിപ്ത വിവരണം:
സുഹൃത്തുക്കളോടൊപ്പം ആഘോഷത്തില്‍ പങ്കെടുത്ത ശേഷം ഡേവിഡ് ഗര്‍ണി എന്ന ഒരു സാധാരണ മനുഷ്യന്‍ സ്വന്തം വീട്ടിലെത്തി ഉറങ്ങുന്നു.
അയാള്‍ രാവിലെ ഉറക്കമുണര്‍ന്നു എഴുന്നേല്‍ക്കുമ്പോള്‍, സംഭവിക്കുന്നതെല്ലാം തികച്ചും അസാധാരണമായ കാര്യങ്ങളാണ്. അയാളുടെ ഭാര്യ വില്‍മ അയാളെ തറപ്പിച്ചു നോക്കിയിട്ടു ചോദിക്കുന്നു: "ആരാണ് നിങ്ങള്‍? എനിക്കു നിങ്ങളെ അറിയില്ല.". ഭാര്യ തമാശ പറയുകയാണെന്നാണു ഡേവിഡ് ആദ്യം കരുതിയത്. എന്നാല്‍ അവര്‍ വളരെ ഗൗരവത്തിലാണ്.
പതിവുപോലെ ഡേവിഡ് ജോലി സ്ഥലത്തേക്കു പോകുന്നു. എന്നാല്‍ വിചിത്രമെന്നു പറയട്ടെ, സഹപ്രവര്‍ത്തകരും ഡേവിഡിനെ തിരിച്ചറിയുന്നില്ല.
"എനിക്ക് ഡേവിഡ് ഗര്‍ണി എന്നൊരു മകനില്ല." അയാളുടെ അമ്മ തീര്‍ത്തു പറയുന്നു.
"ഞാന്‍ ഭ്രാന്തനാണോ?' - ഒരു നിമിഷത്തേക്ക് ഡേവിഡ് സ്വയം സംശയിക്കുന്നു. എന്നാല്‍ തന്‍റെ ജീവിതത്തെക്കുറിച്ച് വ്യക്തമായ ഓര്‍മ്മകളുള്ളതിനാല്‍ താന്‍ ഭ്രാന്തനല്ലെന്നു ഡേവിഡ് വിശ്വസിക്കുന്നു.
സംശയനിവൃത്തിക്കായി അയാള്‍ ഒരു മനോരോഗ വിദഗ്ധനെ സമീപിക്കുന്നു. "യഥാര്‍ത്ഥത്തില്‍ ഡേവിഡ് ഗര്‍ണി എന്നൊരു വ്യക്തി ഇല്ലെന്നും അത് അയാളുടെ മനസ് സൃഷ്ടിച്ച ഒരു സാങ്കല്‍പ്പിക വ്യക്തിത്വമായിരിക്കുമെന്നാണ്" ഡോക്ടര്‍ അഭിപ്രായപ്പെട്ടത്.
എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുന്ന അയാള്‍ക്ക് ആശ്വാസമായി താനും ഭാര്യയും ഒരുമിച്ചു നില്‍ക്കുന്ന വിവാഹഫോട്ടോ കണ്ടെത്തുന്നു. പോലീസ് ഉദ്യോഗസ്ഥരേയും, ഡോക്ടറേയും ഒരു തെളിവായി ഈ ഫോട്ടോ കാണിക്കുന്നു. അവരുടെ മുഖത്തു യാതൊരു ഭാവഭേദവുമില്ല. ഫോട്ടോ തിര്യെ ഡേവിഡിനു കൊടുക്കുന്നു. ഡേവിഡ് വീണ്ടും ഫോട്ടോയിലേക്കു നോക്കുമ്പോള്‍, അതില്‍ അയാള്‍ മാത്രം. ഭാര്യ ഇപ്പോള്‍ ചിത്രത്തിലില്ല. തന്‍റെ അസ്തിത്വം തെളിയിക്കുവാന്‍ ഉണ്ടായിരുന്ന അവസാന തെളിവും ഇല്ലാതായി.
ഒരു ചെറിയ ട്വിസ്റ്റ്:
ഉറക്കത്തില്‍ ഡേവിഡ് കിടക്കയില്‍ നിന്നും താഴെ വീഴുന്നു. ഞെട്ടിയുണരുമ്പോള്‍ ഭാര്യ വില്‍മ സമീപത്തുണ്ട്. അവള്‍ പതിവുപോലെ സംസാരിക്കുന്നു. ഡേവിഡ് ആശ്വാസത്തോടെ അവളെ നോക്കുന്നു. അപ്പോള്‍ ഇതെല്ലാം ഒരു ദുഃസ്വപ്നമായിരുന്നോ?
വില്‍മ ബാത്ത്റൂമില്‍നിന്നും പുറത്തു വരുമ്പോള്‍ ഡേവിഡ് ഞെട്ടിപ്പോകുന്നു. അവള്‍ സംസാരിക്കുന്നതും പെരുമാറുന്നതും തന്‍റെ ഭാര്യയെപ്പോലെയാണ്. പക്ഷേ, അവളുടെ മുഖം ഡേവിഡ് അറിയുന്ന ഭാര്യയുടേതല്ല.
അയാള്‍ വീണ്ടും ആശയക്കുഴപ്പത്തിലാകുന്നു. അപ്പോള്‍ പ്രേക്ഷകനും ആ ചോദ്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്നു.
അത് സ്വപ്നമായിരുന്നോ? അതോ ഡേവിഡ് മറ്റൊരു മാനസിക വിഭ്രാന്തിക്ക് അടിമപ്പെട്ടതാണോ? അതിനുള്ള വ്യക്തമായ ഉത്തരം കഥാകൃത്ത് നല്‍കുന്നില്ല. അതാണ് ഈ കഥയുടെ ഭീതിയും ശക്തിയും.
* * * *
'രാധ, രാധ മാത്രം', ‘Persons Unknown’ ̨-ഉം തമ്മില്‍ കഥയുടെ അടിസ്ഥാന ആശയത്തില്‍ സാമ്യമുണ്ട്. ഒരു വ്യക്തിയെ ചുറ്റുമുള്ളവര്‍, സ്വന്തം കുടുംബം ഉള്‍പ്പെടെ തിരിച്ചറിയാതാകുകയും അതിലൂടെ അയാള്‍ അനുഭവിക്കുന്ന അസ്തിത്വ പ്രതിസന്ധിയും ഏകാന്തതയും പ്രമേയമാകുകയും ചെയ്യുന്നു. എന്നാല്‍ കഥാപാത്രങ്ങളും സംഭവവികാസവും അവതരണ രീതിയും വ്യത്യസ്തമാണ്.
പ്രതീക്ഷിക്കാതെ, പെട്ടെന്നു ഒരു നിമിഷത്തില്‍ തങ്ങളെ ആരും മനസ്സിലാക്കുന്നില്ല എന്നു വന്നാല്‍ നമ്മള്‍ എന്തു ചെയ്യും? ഈ ലോകത്ത് നമ്മള്‍ ആരുമല്ലാതായിത്തീരും. നമ്മളെ ഈ ലോകത്ത് നിലനിര്‍ത്തുന്നത് നമ്മെ തിരിച്ചറിയുന്നവര്‍ ഇവിടെ ഉണ്ടാകുമ്പോഴാണ്. നമ്മുടെ അസ്തിത്വം അവര്‍ നിഷേധിച്ചാല്‍ പിന്നെ നമുക്ക് ഈ ലോകത്ത് നിലനില്‍പ്പില്ല.
ഇരുകഥകളുടേയും നായക/നായികമാര്‍ ആവര്‍ത്തിച്ചു പറയുന്നത് ഒരു അടിസ്ഥാന വാക്യമാണ്.
Gurney : “I am David Gurney”
രാധ: "ഞാന്‍ രാധയാണ്"
ഇരുവരും സ്വന്തം identity സ്വയം പ്രഖ്യാപിക്കുന്നു. അതില്‍ ഉറച്ചു നില്‍ക്കുന്നു.
പക്ഷേ, ലോകം ഒരുമിച്ചു പറയുന്നു: "നീ പറയുന്ന വ്യക്തിയല്ല നീ. നിന്നെ ഞങ്ങള്‍ അറിയുന്നില്ല."
ഇവിടെയാണ് രണ്ടു കൃതികളും പരസ്പരം അത്ഭുതകരമായി ബന്ധിക്കപ്പെട്ടിരിക്കുന്നത്.
വലിയ സാഹിത്യ പ്രതിഭകളുടെ ഭാവന പലപ്പോഴും ഒരേ ചിറകിലേറിയാണല്ലോ പറക്കുന്നത്. അതും ഒരു അത്ഭുത പ്രതിഭാസമാണ്.
.jpeg)
RAJU MYLAPRA 


