PRAVASI

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 699-ൽ 604ലും എസ്എഫ്ഐ തൂത്ത് വാരി

Blog Image

തിരുവനന്തപുരം : സംസ്ഥാനത്ത് നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച 699 സ്കൂളുകളിൽ 604 സ്കൂളുകളിലും എസ്എഫ്ഐയ്ക്ക് തകർപ്പൻ വിജയം.

“സോഷ്യലിസമാണ് ഭാവി, മതനിരപേക്ഷതയാണ് കരുത്ത് ” എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇക്കുറി മുഴുവൻ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും എസ്എഫ്ഐ മത്സരിച്ചത്. സംഘപരിവാർ ആശയങ്ങളോട് ഐക്യപ്പെടുന്ന രീതിയിൽ സംസ്ഥാന ഭരണത്തിൽ ഇരിക്കുന്ന കോൺഗ്രസ് ഗവൺമെന്റിന്റെ സമാനതകളില്ലാത്ത വിദ്യാർത്ഥി വിരുദ്ധ നിലപാടുകളെയും മറ്റ് വലതുപക്ഷ അരാജക വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെയും അക്രമങ്ങളെയും ചെറുത്ത് തോൽപ്പിച്ചു കൊണ്ടാണ് എസ്എഫ്ഐ ഈ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത് എന്നാണ് സംഘടനാ നേതൃത്വം പറയുന്നത്.

തിരഞ്ഞെടുപ്പ് കാലങ്ങളിൽ എസ്എഫ്ഐയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടെയുള്ള എസ്എഫ്ഐയുടെ നേതാക്കളെ തുറങ്കിൽ അടച്ചുകൊണ്ടും മർദ്ദിച്ചു കൊണ്ടും വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ എസ്എഫ്ഐ ഉയർത്തിയ സമരങ്ങളെയും മുദ്രാവാക്യങ്ങളെയും പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ നടന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിലെ ഈ വമ്പൻ വിജയം ഇടതുപക്ഷത്തിന് നൽകുന്നത് വലിയ ആവേശം തന്നെയാണ്.

സമാനതകളില്ലാത്ത അക്രമങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന വിദ്യാർത്ഥി സമൂഹത്തിന്റെ രാഷ്ട്രീയപരമായിട്ടുള്ള ചെറുത്തുനിൽപ്പും പ്രതിരോധവും കൂടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. നോമിനേഷൻ പ്രക്രിയ പൂർത്തീകരിച്ചപ്പോൾ തന്നെ 148 സ്കൂളുകളിൽ എതിരില്ലാതെ എസ്എഫ്ഐ തിരഞ്ഞെടുക്കപെടുകയാണ് ഉണ്ടായത്. കാസർകോട് ജില്ലയിൽ മത്സരിച്ച 48 സ്കൂളുകളിൽ 40 സ്കൂളുകളിലും എസ്എഫ്ഐ വിജയിച്ചു. കണ്ണൂർ ജില്ലയിൽ മത്സരിച്ച 109 സ്കൂളുകളിൽ 93 സ്കൂളുകളിലും വയനാട് ജില്ലയിൽ മത്സരിച്ച 15 സ്കൂളുകളിൽ 11 സ്കൂളുകളിലും കോഴിക്കോട് ജില്ലയിൽ മത്സരിച്ച 65 സ്കൂളുകളിൽ 40 സ്കൂളുകളിലും മലപ്പുറം ജില്ലയിൽ മത്സരിച്ച 9 സ്കൂളുകളിൽ 9 സ്കൂളുകളിലും പാലക്കാട് ജില്ലയിൽ മത്സരിച്ച 79 സ്കൂളുകളിൽ 69 സ്കൂളുകളിലും തൃശ്ശൂർ ജില്ലയിൽ മത്സരിച്ച 40 സ്കൂളുകളിൽ 38 സ്കൂളുകളിലും എറണാകുളം ജില്ലയിൽ മത്സരിച്ച നാല് സ്കൂളുകളിൽ നാല് സ്കൂളുകളിലും ഇടുക്കി ജില്ലയിൽ മത്സരിച്ച 25 സ്കൂളുകളിൽ 25 സ്കൂളുകളിലും പത്തനംതിട്ട ജില്ലയിൽ 35 മത്സരിച്ച 34 സ്കൂളുകളിലും കോട്ടയം ജില്ലയിൽ മത്സരിച്ച 11 സ്കൂളുകളിൽ 11 സ്കൂളുകളിലും ആലപ്പുഴ ജില്ലയിൽ മത്സരിച്ച 43 സ്കൂളുകളിൽ 40 സ്കൂളുകളിലും കൊല്ലം ജില്ലയിൽ മത്സരിച്ച 117 സ്കൂളുകളിൽ 104 സ്കൂളുകളിലും തിരുവനന്തപുരം ജില്ലയിൽ മത്സരിച്ച 91 സ്കൂളുകളിൽ 86 സ്കൂളുകളിലും എസ്എഫ്ഐക്ക് വിജയം കണ്ടെത്താൻ സാധിച്ചു. എറണാകുളം ജില്ലയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 12 സ്കൂളുകളിൽ ഇന്ന് തിരഞ്ഞെടുപ്പ് നടന്നത് ആകെ നാല് സ്കൂളുകളിലാണ്, 8 സ്കൂളുകളിലെ തിരഞ്ഞെടുപ്പ് മറ്റൊരു തീയതിയിലേക്ക് മാറ്റിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ വിജയത്തിനായി പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരെയും വിദ്യാർത്ഥികളെയും എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തിട്ടുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.