ഏപ്രിൽ 26-ന് നടക്കാനിരിക്കുന്ന തൃശ്ശൂർ പൂരത്തിന്റെ ആവേശത്തിലാണ് നഗരം. പത്രത്താളുകളിൽ ചമയങ്ങളുടെ മിന്നലാട്ടവും, വർണ്ണക്കുടകളുടെ വൈവിധ്യവും, സാമ്പിൾ വെടിക്കെട്ടിനായുള്ള കാത്തിരിപ്പും വാർത്തകളായി നിറയുന്ന ദിനങ്ങൾ. എന്നാൽ, ആ ആവേശം പാരമ്യത്തിൽ നിൽക്കെയാണ് ഇന്ന് മുണ്ടത്തിക്കോടുള്ള തിരുവമ്പാടിയുടെ വെടിക്കെട്ട് നിർമ്മാണശാലയിൽ നിന്ന് ആ ഭീകരവാർത്തയെത്തിയത്. ആഘോഷത്തിന്റെ നിറക്കൂട്ടുകൾക്ക് പകരം വെടിമരുന്നിന്റെ കറുപ്പും ചോരയുടെ ചുവപ്പും പടർന്ന മറ്റൊരു കറുത്ത ദിനം കൂടി തൃശ്ശൂരിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
സാമ്പിൾ വെടിക്കെട്ടിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ നിൽക്കെയാണ് ഇന്ന് ഈ സ്ഫോടനം നടന്നത്. വിവരമറിഞ്ഞ് മുണ്ടത്തിക്കോട്ടെത്തുമ്പോൾ പ്രദേശം മുഴുവൻ സ്തംഭിച്ചു നിൽക്കുകയായിരുന്നു. അന്തരീക്ഷത്തിലാകെ വെടിമരുന്നിന്റെ രൂക്ഷഗന്ധം. പോലീസ് തീർത്ത അതിർത്തികൾ കടന്ന്, പാടശേഖരത്തിന്റെ നടുവിലെ ആ നിർമ്മാണശാലയ്ക്ക് അടുത്തേക്ക് ചെല്ലുമ്പോൾ കണ്ട കാഴ്ചകൾ വർണ്ണനാതീതമാണ്.
അൽപ്പസമയം മുൻപ് വരെ ആവേശത്തോടെ പണിയെടുത്ത മനുഷ്യരും നിർമ്മിച്ചു വെച്ച അമിട്ടുകളും ഉണ്ടായിരുന്ന ഇടം ഇപ്പോൾ തകർന്നു തരിപ്പണമായ അവശിഷ്ടങ്ങൾ മാത്രം.

അഗ്നിശമനസേന വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിക്കുമ്പോഴും പലയിടങ്ങളിലും കനലുകൾ പുകഞ്ഞുകൊണ്ടിരുന്നു. പൊട്ടാത്ത അമിട്ടുകൾക്കും ഗുണ്ടുകൾക്കുമിടയിൽ ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങൾ. സഞ്ചിയിലേക്ക് ആ മാംസക്കഷണങ്ങൾ ശേഖരിക്കുന്ന രക്ഷാപ്രവർത്തകരും പോലീസും. മരച്ചില്ലകളിൽ പോലും തൂങ്ങിക്കിടക്കുന്ന മാംസഭാഗങ്ങൾ ഏത് കരിമ്പാറയെയും അലിയിക്കുന്ന കാഴ്ചയായിരുന്നു.
മുണ്ടത്തിക്കോടേക്കുള്ള ഈ യാത്രയിൽ പാടുകാട് എന്ന പ്രദേശം പിന്നിടുമ്പോൾ മനസ്സ് 2006-ലെ ആ കറുത്ത ദിനത്തിലേക്ക് തിരിച്ചുപോയി. അന്ന് പാറമേക്കാവിന്റെ വെടിക്കെട്ട് ശാലയിൽ ഉണ്ടായ ആ സ്ഫോടനം നേരിൽ കണ്ട ഒരാളെന്ന നിലയിൽ ആ ഓർമ്മകൾ ഒരു നടുക്കമായി ഇന്നും ഉള്ളിലുണ്ട്.
"അന്ന് എ.സി.വിയിലെ ക്യാമറാമാനായിരുന്ന ഞാൻ വെടിക്കെട്ട് വിശേഷങ്ങൾ പകർത്തി അവിടെ നിന്ന് 300 മീറ്റർ മാറിയപ്പോഴാണ് ആ ഭീകരമായ സ്ഫോടനം നടന്നത്. അല്പം മുൻപ് ചിരിച്ചും വർത്തമാനം പറഞ്ഞും കണ്ട ആ ചെറുപ്പക്കാരെല്ലാം നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതായി. അന്ന് ഞാൻ പകർത്തിയ ദൃശ്യങ്ങളായിരുന്നു അവിടെ എത്രപേർ ഉണ്ടായിരുന്നുവെന്ന് കണ്ടെത്താൻ അധികൃതരെ സഹായിച്ചത്."
ഇന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിന്റെ വരാന്തകളിൽ തിങ്ങിക്കൂടിയ ജനക്കൂട്ടം ഒരു വൻ ദുരന്തത്തിന്റെ ആഴം വിളിച്ചുപറയുന്നുണ്ടായിരുന്നു. മോർച്ചറിക്ക് ഉള്ളിലെ കാഴ്ചകൾ വാക്കുകൾക്ക് അതീതമാണ്. ഔദ്യോഗിക കണക്കുകൾക്കും അപ്പുറം ആ മരവിച്ച മുറിക്കുള്ളിൽ നിശബ്ദമായ ശവമഞ്ചങ്ങൾ കാത്തിരിക്കുകയാണ്.
ഓരോ വെടിക്കെട്ട് ദുരന്തത്തിന് ശേഷവും നമ്മൾ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കും. എന്നാൽ ആ ചർച്ചകൾ വീണ്ടും അടുത്ത ദുരന്തം വരെ നീളുന്നു എന്നതാണ് സത്യം. പൂരങ്ങളും ആഘോഷങ്ങളും ആചാരങ്ങളും വേണം, പക്ഷേ അവ മനുഷ്യജീവനെ ബലികൊടുത്തുകൊണ്ടാകരുത്.
ഇനിയൊരു പാടുകാടോ മുണ്ടത്തിക്കോടോ ആവർത്തിക്കാതിരിക്കട്ടെ. കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രം ഇത്തരം വെടിക്കെട്ടുകൾ നടത്താൻ അധികൃതർ തയ്യാറാകണം. കാരണം, ഓരോ പൂരവും കഴിഞ്ഞ് ആവേശം അടങ്ങുമ്പോൾ വീടുകളിൽ തിരികെ എത്താൻ കാത്തിരിക്കുന്ന കുറേ മനുഷ്യരുണ്ട്. അവരെ കരിമരുന്നിന് വിട്ടുകൊടുക്കാൻ നമുക്കാവില്ല.

