പുസ്തകത്താളും
മഷിപ്പേനയും
മുന്നിൽ നിരത്തി-
ഞാൻ കാത്തിരുന്നു
വന്നതില്ല അവൾ
നിന്നതില്ല
ചിന്തയിൽ പോലും
കവിതയില്ല
എന്തിനീ വ്യഥപുണ്ടു
നിൽക്കുന്നു ഞാൻ
നിന്റെയീ
കള്ളക്കളികൾ കണ്ട്
പിന്നിൽ വന്നെന്നെ നീ
കണ്ണുപൊത്തും
ചിന്തയിൽ ഓടി-
കളിച്ചു നിൽക്കും
എത്തിപ്പിടിക്കുവാ-
നാവാത്ത നീ
എത്ര കുസൃതികൾ
കാട്ടിടുന്നു
നിശ്ചലമായി നീ
മുന്നിലെത്തും
നിശ്ചയമായും നീ
താളിലെത്തും
കുത്തിക്കുറിച്ചു ഞാൻ
കവിതയാക്കും
ചെത്തി മിനുക്കി
ഒരുക്കി വയ്ക്കും
കള്ളച്ചിരിയോടെ
മാറിനിൽക്കും നീ
നാണത്താലെന്നെ
തിരിഞ്ഞു നോക്കും
വെട്ടിയൊതുക്കി
പൂർത്തിയാക്കും
എന്നിട്ടൊരുക്കി
വിട്ടയക്കും
ചുറ്റിക്കറങ്ങി
തിരികെയെത്തും നീ
കുത്തിത്തിരിപ്പുകൾ
മാറ്റുവാനായ്
പിന്നെയും നിന്നെ
ഞാൻ വെട്ടിമാറ്റും
നീയൊരു
തൊട്ടാവാടിയാവും !

പ്രസന്ന ആനക്കര

