VAZHITHARAKAL

( അഭിമുഖം ) കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു: രമേശ് ചെന്നിത്തല

Blog Image

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പ് കാലത്തിലൂടെ മലയാളികൾ കടന്നു പോകുമ്പോൾ " രമേശ് ചെന്നിത്തല " എന്ന പേര് ഏറെ ചർച്ചയാകുന്നുണ്ട്. കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ ശബ്ദം. അരനൂറ്റാണ്ടിലധികമായി കോൺഗ്രസിൻ്റെ ശബ്ദമായി മാറിയ അദ്ദേഹം  വീണ്ടും ഹരിപ്പാട്ട് നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുമ്പോൾ മലയാളി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അടുത്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തല ആയിരിക്കുമോ ?

കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും മികച്ച  നേതാവാണ് രമേശ് ചെന്നിത്തല. ജനഹൃദയങ്ങളില്‍ അദ്ദേഹം സമാനതകള്‍ ഇല്ലാതെ തുടരുമ്പോള്‍ തൻ്റെ രാഷ്ട്രീയ ജീവിതം കേരളാ എക്സ്പ്രസ്സിനോട് പങ്കുവെയ്ക്കുന്നു അദ്ദേഹം.

ചോദ്യം: രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പ്പ്, എങ്ങനെയായിരുന്നു? കോണ്‍ഗ്രസ് ആശയം എങ്ങനെ സ്വാധീനിച്ചു?

ഉത്തരം: സത്യത്തില്‍ രാഷ്ട്രീയത്തില്‍ തീരെ താല്പര്യമില്ലാത്ത ഒരാളായിരുന്നു ഞാന്‍, എന്നാല്‍ വിധി മറ്റൊന്നായിരുന്നു. മനുഷ്യര്‍ക്കുവേണ്ടി അവര്‍ക്കൊപ്പം ജീവിക്കുക എന്നതായിരുന്നു ദൈവം എനിക്ക് നല്‍കിയ ദൗത്യം. അത് ഞാന്‍ വേണ്ടെന്നു വച്ചാലും എന്നെ തിരഞ്ഞു വരുമല്ലോ. രാഷ്ട്രീയത്തിന് എതിരായി നില്‍ക്കുന്ന അല്ലെങ്കില്‍ അതിനെ അനുകൂലിക്കാതെ നില്‍ക്കുന്ന എന്‍റെ തലവര മാറ്റിയ അല്ലെങ്കില്‍ എന്നെ മാറ്റി ചിന്തിപ്പിച്ച ഒരു സംഭവം ഉണ്ടായത് ഓണത്തിന് ഒരു പറ നെല്ലായിരുന്നു.
കെ.എസ്.യുവില്‍ ചേരണമെന്ന് എന്നോട് പലരും പലതവണ പറയുമായിരുന്നു. എന്നാല്‍ അന്നൊക്കെ ഞാന്‍ രാഷ്ട്രീയത്തോട് അധികം താല്പര്യം ഇല്ലാത്ത ഒരാളായിരുന്നു.പഠനമായിരുന്നു എന്‍റെ പ്രധാന ലക്ഷ്യം. അതുകൊണ്ട് തന്നെ വരുന്നവരോടൊക്കെ പഠിക്കാനുണ്ട് എന്ന ഒരു കാരണമാണ് ഞാന്‍ പറഞ്ഞു കൊണ്ടിരുന്നത്. അന്ന് ഉമ്മന്‍ചാണ്ടി കെ എസ് യു  പ്രസിഡന്‍റ് ആയിരുന്ന കാലമായിരുന്നു അത്. 'ഓണത്തിന് ഒരു പറ നെല്ല്' എന്ന ഒരു പദ്ധതി അന്ന് അദ്ദേഹം നമ്മുടെ സ്കൂളില്‍ കൊണ്ടുവന്നു. രാഷ്ട്രീയം ആ പദ്ധതിയില്‍ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ഞാനും ആ പദ്ധതിയുടെ ഭാഗമാവുകയും, തുടര്‍ന്ന് അതൊരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലേക്ക് വളരുകയും ചെയ്തു. അതായത് പാര്‍ട്ടി കണ്ടല്ല ഞാന്‍ രാഷ്ട്രീയക്കാരന്‍ ആയത്. മനുഷ്യരുടെ  ആശയങ്ങളോടുള്ള  സ്നേഹവും കരുതലും കണ്ടിട്ടാണ്. രാഷ്ട്രീയത്തില്‍ എനിക്ക് ഗോഡ് ഫാദര്‍ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ, കെ. കരുണാകരന്‍ എന്ന വലിയ മനുഷ്യന്‍ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഓരോ നിമിഷങ്ങളിലും അദ്ദേഹം തരുന്ന കരുത്ത് വളരെ വലുതായിരുന്നു. രാജീവ് ഗാന്ധിയും അത്തരത്തില്‍ എന്നെ വല്ലാതെ സ്വാധീനിച്ച വ്യക്തിയായിരുന്നു.

ചോദ്യം: കേരളം തെരഞ്ഞെടുപ്പ് ചൂടിലാണല്ലോ . ഈ പശ്ചാത്തലത്തിൽ കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ ഇന്നത്തെ സാഹചര്യത്തെ  എങ്ങനെ വിലയിരുത്തുന്നു?

ഉത്തരം: നിലവിലെ സാഹചര്യത്തില്‍ പുതുതായി കോണ്‍ഗ്രസ് ബഹു ദൂരം മുൻപോട്ട് സഞ്ചരിച്ചു കഴിഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയം വളരെ വേഗത്തിൽ പൂർത്തിയായി. ഏറ്റവും മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കി. കോൺഗ്രസ്  പ്രവർത്തകർ ഓരോ മണ്ഡലത്തിലും ഉഷാറായി പ്രവർത്തിക്കുന്നു. ജനമനസ്സിൻ്റെ വികാരം യു ഡി എഫ് ആണെന്ന് കേരളത്തിലെ ഓരോ സാധാരണ ജനവും ചിന്തിക്കുന്നു. അത്രത്തോളം എൽ ഡി എഫിനെ ജനം വെറുത്തു കഴിഞ്ഞിരിക്കുന്നു. വിജയം യു ഡി എഫിന് തന്നെ ആയിരിക്കും എന്നതിൽ സംശയമില്ല.

ചോദ്യം:  കേരളത്തിലെ മത നേതാക്കള്‍ കോണ്‍ഗ്രസിന് മൂക്കുകയറിടുന്നു എന്ന ഒരു വിമര്‍ശനം ഉണ്ട്. ഇതിനോട് യോജിക്കുന്നുണ്ടോ? സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോലും ചില മത നേതാക്കൾ അഭിപ്രായം പറഞ്ഞിരുന്നുവല്ലോ ?

ഉത്തരം: കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള ഒരേയൊരു വ്യത്യാസം തന്നെ ജോസ് ചോദിച്ച ചോദ്യത്തിലുണ്ട്. അതായത്, എല്‍.ഡി.എഫില്‍ പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങള്‍ തന്നെയാണ് അന്തിമമായത്. അതില്‍ മറ്റാര്‍ക്കും കൈകടത്താന്‍ കഴിയില്ല. മാറ്റങ്ങള്‍ വരുത്താനും സാധിക്കില്ല. എന്നാല്‍ യുഡിഎഫിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ നേരെ തിരിച്ചാണ്. അവിടെ എല്ലാവര്‍ക്കും പറയാനും ഇടപെടാനുമുള്ള സ്വാതന്ത്ര്യമുണ്ട്. പുരോഹിതന്മാര്‍ക്കും, മെത്രാന്മാര്‍ക്കും മറ്റു മത നേതാക്കള്‍ക്കും തുടങ്ങി ആര്‍ക്ക് വേണമെങ്കിലും ഇവിടെ അഭിപ്രായങ്ങള്‍ ഉന്നയിക്കാന്‍ കഴിയും. അത് കണക്കിലെടുക്കണോ വേണ്ടയോ എന്നത് പാര്‍ട്ടിയുടെ തീരുമാനമാണ്. പക്ഷേ ഒരാളുടെയും അഭിപ്രായ സ്വാതന്ത്ര്യത്തെ യു. ഡി. എഫ് ചോദ്യം ചെയ്യുന്നില്ല എന്നതാണ് ഞങ്ങളുടെ വിജയം.
കേരളത്തിലെ നിലവിലെ അവസ്ഥ ഒന്നു നോക്കുക. അത് ഞാനിപ്പോള്‍ പറയുന്നത് അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ച് ചോദിച്ചത് കൊണ്ട് മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ഇവിടെ ദുരിതമനുഭവിക്കുന്നത് കര്‍ഷകരാണ്. അല്ലെങ്കില്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരാണ്. എന്ത് സുരക്ഷയാണ് അവരുടെ ജീവന് ഇവിടെയുള്ളത്? പുലി കടിച്ചു കൊല്ലുന്നു, ആന ചവിട്ടി കൊല്ലുന്നു, പന്നി ആക്രമിക്കുന്നു എന്നിങ്ങനെ ഓരോ ദിവസവും എത്രയെത്ര കര്‍ഷകരുടെ ദുരിതമാണ് നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. കര്‍ഷകരുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിനൊപ്പം ഉണ്ടായിട്ടും മേല്‍പ്പറഞ്ഞ പ്രശ്നങ്ങളെക്കുറിച്ചൊന്നും ചോദിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് അവിടെയില്ല. അതാണ് യുഡിഎഫില്‍ ഉണ്ട് എന്ന് നിങ്ങളും ഞാനും അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ ഈ പറഞ്ഞ അഭിപ്രായസ്വാതന്ത്ര്യം നല്ലതാണെന്ന് തന്നെയല്ലേ വിശ്വസിക്കേണ്ടത്?

ചോദ്യം: കേരളത്തില്‍ മനുഷ്യനെക്കാള്‍ വില മൃഗങ്ങള്‍ക്കാണ് എന്ന് പലപ്പോഴും തോന്നാറുണ്ട്, ഉദാഹരണത്തിന് ഉപദ്രവിക്കാന്‍ വരുന്ന പന്നിയെ കൊല്ലേണ്ടി വന്നാല്‍ അത് പിന്നീട് വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന കേസിലേക്ക് വരെ പോകുന്ന ഒരു അവസ്ഥ.ഇത് പരിഹരിക്കാന്‍ എന്തെങ്കിലും മാര്‍ഗം കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടോ?

ഉത്തരം: അനധികൃതമായി വനങ്ങള്‍ കയ്യേറുകയും അതുവഴി, കാടുകളെ അവിടെയുള്ള വന്യജീവികളെ, മറ്റു വനവിഭവങ്ങളെ എല്ലാം വലിയ രീതിയില്‍ ചൂഷണം ചെയ്യുകയും, ഗുണ്ടാസംഘങ്ങളുടെ ഒരു താവളമായി അവിടെ മാറുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ദിരാഗാന്ധിയാണ് 1975-ലെ ഇന്ത്യന്‍ ഫോറസ്റ്റ്  ആക്റ്റ് കൊണ്ടുവരുന്നത്. ഇത് വളരെയധികം ഉപകാരപ്രദമായ ഒരു നിയമമാണ്. പക്ഷേ അതുപോലെ തന്നെ ഇരുതലയുള്ള  മൂര്‍ച്ചയേറിയ ഒരായുധം പോലെയാണ്.
ചില വിദേശ രാജ്യങ്ങളില്‍ മൃഗ വേട്ടയുണ്ട്. അതായത് മൃഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് മൃഗവേട്ട അതിനെ നിയന്ത്രിക്കുന്നു. ഇവിടെ അതിനുള്ള ഒരു അവസരം ഇല്ലാത്തതു കൊണ്ടുതന്നെ, വരള്‍ച്ചയും മറ്റു ഭക്ഷണം കിട്ടാത്ത അവസ്ഥയും ഉണ്ടാകുമ്പോള്‍ കാടുകളില്‍ നിന്ന് മൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലേക്ക് വരുന്നു. ഇവ പിന്നീട് മനുഷ്യരെ ആക്രമിക്കുന്നു അതുപോലെതന്നെ മനുഷ്യര്‍ വളര്‍ത്തുന്ന മറ്റു മൃഗങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നു എന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുന്നു.
കേന്ദ്രത്തിന്‍റെ നിയമമാണ് ഇവിടെ മാറ്റേണ്ടത്. കേന്ദ്രം തന്നെയാണ് കൃത്യമായ ഇടപെടല്‍ ഈ വിഷയത്തില്‍ നടത്തേണ്ടത്. അവരത് ചെയ്യുന്നില്ല. ഇത്തരത്തില്‍ ഒരു നിലപാട് ഉണ്ടാകുന്ന സമയത്ത് തന്നെ സംസ്ഥാനം അതിനെ മറികടക്കാന്‍ വേണ്ടി കാടുകളില്‍ മൃഗങ്ങള്‍ക്ക് വേണ്ട സംവിധാനങ്ങള്‍ ഒരുക്കണം.

ചോദ്യം: നെഗറ്റീവുകളെ പോസിറ്റീവ് ആക്കി മാറ്റുകയാണ് പിണറായി സര്‍ക്കാര്‍. മൂന്നാം തവണയും എല്‍ ഡി എഫ് വരുമോ? അതോ അതിനെ മറികടക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോ?

ഉത്തരം: വിജയം യു ഡി എഫിന് തന്നെയാകും എന്നതിൽ സംശയമില്ല .കോണ്‍ഗ്രസ് ഇനി അധികാരത്തില്‍ വരണം.അതിന് എല്ലാവരും ഒന്നിച്ചു നില്‍ക്കണം.കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് ഒരു ഭരണമാറ്റം. അതുകൊണ്ട് ഞങ്ങള്‍ ഒന്നിച്ചു നിന്ന് ജനങ്ങള്‍ക്ക് വേണ്ടി അത് നേടിക്കൊടുക്കാനാണ് ശ്രമിക്കുന്നത്.
ജനങ്ങള്‍ ആകെ പൊറുതിമുട്ടിയിരിക്കുകയാണ്. അവര്‍ക്ക് അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം എവിടെയുമില്ല. പിണറായി ഭരണത്തില്‍ കേരളം സ്റ്റാലിന്‍ ഭരണത്തിന് കീഴിലെന്ന പോലെ ശ്വാസം മുട്ടിക്കൊണ്ടിരിക്കുകയാണ്. ഇതിന് അറുതി വരുത്തണം. യുഡിഎഫിലെ തമ്മിലടികള്‍ എല്ലാം അവസാനിപ്പിക്കാന്‍ കോൺഗ്രസ് തീരുമാനമെടുത്തത് വിജയിച്ചു എന്നത് സ്ഥാനാർത്ഥി നിർണ്ണയം പരിശോധിച്ചാൽ മനസിലാകും.പരസ്പരം പോരടിക്കുകയല്ല ഒന്നിച്ചു നിന്ന് ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുക എന്നതാണ് ഇപ്പോള്‍ ഞങ്ങളുടെ മനസ്സിലുള്ള ഒരേ ഒരു ലക്ഷ്യം. കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും ഇത്തവണ  യുഡിഎഫ് അധികാരത്തില്‍ വരും. അതില്‍ സംശയം വേണ്ട.

ചോദ്യം: ശശി തരൂര്‍ എം.പിയുടെ സാന്നിദ്ധ്യം എങ്ങനെ കോണ്‍ഗ്രസ് പാര്‍ട്ടിയെ സ്വാധീനിക്കുന്നു? അദ്ദേഹത്തിന്‍റെ വ്യക്തിപ്രഭാവം പുതിയ ദിശകളിലേക്ക് നമ്മളെ കൊണ്ട് പോകുമോ? കഴിഞ്ഞ ദിവസവും മോദി അനുകൂല പ്രസ്താവന അദ്ദേഹം നടത്തിയല്ലോ ?

ഉത്തരം: നാല് തവണ കോണ്‍ഗ്രസിന്‍റെ എം.പിയായ വ്യക്തിയാണ് ശശി തരൂര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലായിരുന്നുവെങ്കില്‍  എപ്പോഴേ അദ്ദേഹത്തെ പുറത്താക്കിയിരുന്നേനെ. കോണ്‍ഗ്രസ് ഒരു ലിബറല്‍ ജനാധിപത്യ പാര്‍ട്ടി ആയതുകൊണ്ട് തന്നെ, അഭിപ്രായം പറയാം, തീരുമാനങ്ങള്‍ എടുക്കാം. എല്ലാ അംഗീകാരങ്ങളും പാര്‍ട്ടി അദ്ദേഹത്തിന് കൊടുക്കുന്നുണ്ട്. അദ്ദേഹത്തെ വേണ്ടവിധത്തില്‍ ഉപയോഗിക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ ഒതുങ്ങി പ്രവര്‍ത്തിക്കണമെന്നാണ് എന്‍റെ ആഗ്രഹം.

ചോദ്യം: കോണ്‍ഗ്രസിന്‍റെ സൈബര്‍ വിങ്ങ് വളരെ വീക്കാണെന്ന് പലപ്പോഴും തോന്നാറുണ്ട് അത് ശക്തിപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തില്‍ ആവശ്യമല്ലേ?

ഉത്തരം: നിലവിലെ സാഹചര്യത്തില്‍ നാട്ടില്‍ നടക്കുന്ന ചര്‍ച്ചകളെക്കാളും നാട്ടില്‍ നടക്കുന്ന വാഗ്വാദങ്ങളെക്കാളും കൂടുതല്‍ നടക്കുന്നത് സൈബര്‍ ഇടങ്ങളില്‍ ആണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന്‍റെ സൈബര്‍ വിങ്ങിനെ കുറേക്കൂടി ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്‍റെകൂടി ആവശ്യമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വലിയ രീതിയിലുള്ള ഒരു സൈബര്‍ വിങ്ങുണ്ട്. എന്ത് കാര്യം നടന്നാലും അതിനെ വളച്ചൊടിക്കാനും ക്യാപ്സൂളുകള്‍ ഇറക്കാനും അവര്‍ക്ക് ഒരു വലിയ ടീം തന്നെയുണ്ട്. നമ്മള്‍ അത്തരത്തില്‍ ഒരു സാധ്യത തിരിച്ചറിഞ്ഞ് ഒരു ടീമിനെ ഞങ്ങൾ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിൻ്റെ റിസൾട്ട് സോഷ്യൽ മീഡിയയിൽ കാണാനുണ്ട്. എല്ലാ രംഗവും സജീവമാക്കിയാണ് മുന്നോട്ട് പോകുന്നത്.

ചോദ്യം: യു ഡി എഫ് അധികാരത്തിലെത്തിയാൽ അടുത്ത മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടോ ?

ഉത്തരം: അതൊക്കെ പാർട്ടിയും യു ഡി എഫും തീരുമാനിക്കുന്ന കാര്യങ്ങളാണ് . കെ. എസ്. യു കാലം മുതൽ അധികാരത്തിൻ്റെ പിറകെ സഞ്ചരിച്ച വ്യക്തിയല്ല ഞാൻ. മരണം വരെ കോൺഗ്രസുകാരൻ ആയിരിക്കും. എൻ്റെ പ്രസ്ഥാനത്തിന് എതിരെ ഒരു വാക്ക് പോലും ഇതുവരെ സംസാരിച്ചിട്ടില്ല. സംസാരിക്കുകയും ഇല്ല. കാരണം പാർട്ടിയും ജനങ്ങളുമാണ് എൻ്റെ ശക്തി .എന്നും, എക്കാലവും.

കേരള രാഷ്ട്രീയത്തില്‍ പ്രവര്‍ത്തനം കൊണ്ടും ജനസമ്മതി കൊണ്ടും പകരക്കാരനില്ലാത്ത നേതാവാണ് രമേശ് ചെന്നിത്തല. തിരക്കിട്ട പരിപാടികള്‍ക്കിടയില്‍ ചില ചോദ്യങ്ങള്‍ക്ക് തന്ന മറുപടികള്‍ക്കും, വിശദീകരണങ്ങള്‍ക്കും പ്രിയപ്പെട്ട സുഹൃത്ത് കൂടിയായ നേതാവിന് നന്ദി. ഒപ്പം വരാനിരിക്കുന്ന എല്ലാ പദവികള്‍ക്കും ആശംസകള്‍.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.