PRAVASI

പടിയിറങ്ങാത്ത പൊൻകണി

Blog Image

കണി കാണാനും കാണിക്കാനും അമ്മ കൂടെയില്ലാത്ത വിഷുക്കാലത്തിലേക്ക് നടന്നടുക്കുമ്പോൾ ഉള്ളിൽ എവിടൊക്കെയോ കണ്ണുനീരിൻ്റെ നനവ് .ഇനി അങ്ങനെ ഒരു കണി കാണൽ ഈ ജന്മത്തിൽ ഉണ്ടാകില്ലല്ലോ എന്നോർക്കുമ്പോൾ ..ശൂന്യതയിൽ അകപ്പെട്ട പോലെ

ഇനി ഒരിക്കലും നികത്താനാവാത്ത വലിയ ശൂന്യത..

ഓർമ്മയുടെ അങ്ങേ തലക്കൽ അതിരാവിലെ എന്നെ വിളിച്ചുണർത്തുന്ന അമ്മയുണ്ട്

“കണി കാണാൻ സമയമായി..എണീക്ക്”..ചെവിയിൽ അമ്മയുടെ സ്വരം ഒരു ഉണർത്തു പാട്ടായി വന്ന് തലോടുമ്പോൾ ഉറക്ക ചടവോടെ എണീറ്റ് പിന്നെ 

കണ്ണടച്ച് കൈ കൂപ്പി ഉമ്മറക്കോലായിലേക്ക് നടന്നടുക്കുന്ന എൻ്റെ രൂപവും മായാതെ മനസ്സിലുണ്ട്

ഉമ്മറത്ത് ഏഴ്തിരിയിട്ട് തെളിഞ്ഞു കത്തുന്ന നിലവിളക്ക്

മുൻപിലത്തെ തളികയിൽ വൃത്തിയായി മടക്കി വെച്ച അമ്മയുടെ സെറ്റും മുണ്ടും.പൊൻനിറത്തിൽ തിളങ്ങുന്ന കണിവെള്ളരിക്ക..ഒരു പിടി കൊന്നപ്പൂ..അമ്മയുടെ സ്വർണമാല 

ആർഭാടങ്ങൾ അധികമില്ലാത്ത വിധത്തിലായിരുടെ അമ്മ കണിവെക്കാനുള്ള തളിക തയ്യാറാക്കുക. കണികാണാൻ വിളിച്ചുണർത്തുന്ന അമ്മ തന്നെ ഒരു പൊൻകണിയാകുമ്പോൾ വേറെ കണിയെന്തിന് ..?

കൈനീട്ടം തരുന്നത് അച്ചനായിരുന്നു .അച്ചൻ തന്നിരുന്ന ഇരുപത്തി അഞ്ച് പൈസയുടെയും അമ്പത് പൈസയുടെയും കിലുക്കവും തിളക്കവും ഇടക്കൊക്കെ ഓർമ്മയുടെ പടിവാതിൽക്കൽ വന്ന് പോകാറുണ്ട്

അമ്മമ്മയും തരാറുണ്ടായിരുന്നു കൈനീട്ടം.മുണ്ടിൻ്റെ കോന്തലക്കെട്ട് അഴിച്ച് കൈ നീട്ടം എല്ലാർക്കുമായി വീതിക്കുമ്പോൾ അമ്മമ്മ പറയും

“ അമ്മമ്മേടെ കയ്യിൽ ഇത്രയേ ഉള്ളൂ “

വിഷുക്കാലത്തിന് മഞ്ഞ നിറമാണ് 

കൊന്നപ്പൂക്കളുടെ..സ്വർണ്ണ വർണ്ണം നിറഞ്ഞ കണി വെള്ളരിക്കയുടെ..തളികയിലിരിക്കുന്ന സെറ്റ് മുണ്ടിൻ്റെ സ്വർണ്ണക്കരയുടെ ..സ്വർണ്ണമാലയുടെ

വീടിന് ചുറ്റും പറമ്പിൽ പലയിടത്തായി കൂട്ടിയിട്ടിരിക്കുന്ന കരിയിലകൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന തീ നാളങ്ങളുടെ

വിഷുക്കാല വിനോദങ്ങളിൽ പ്രധാനിയായിരുന്നു കരിയിലക്കൂട്ടങ്ങൾ കത്തിക്കൽ

കോഴിക്കോട്ടുകാർക്ക് അല്ലാതെ മറ്റേതെങ്കിലും

നാട്ടുകാർക്ക് ഈ ഒരു വിനോദം ഉണ്ടായിരുന്നോ എന്ന് സംശയമാണ്.വിഷുമിന് ഏതാനും ആഴ്ചകൾക്ക് മുൻപെ പറമ്പെല്ലാം അടിച്ചു വാരി കരിയിലകൾ ഉള്ളതെല്ലാം കൂനയാക്കി വെക്കും.വിഷുവിൻ്റെ തലേ ദിവസം അതായത് ചെറിയ വിഷുവിൻ്റെ അന്നും വിഷുദിനവും പിറ്റേന്നും കൂനകൾ ഓരോന്നായി കത്തിക്കും.പൊട്ടാത്ത മാല പടക്കങ്ങളും ഓല പടക്കങ്ങളും പകുതി കത്തി പിന്നെ കത്താതായ കമ്പിത്തിരിയും മേശപ്പൂവും കത്തുന്ന തീക്കൂനയിലേക്ക് വലിച്ചെറിയും

തീയാളി കത്തുമ്പോൾ കൂട്ടത്തിൽ ഇടക്കും തലക്കുമായി പൊട്ടാൻ മടി കാണിച്ച പടക്കങ്ങൾ പൊട്ടും.കത്താൻ മടിച്ചവ കത്തും

അത് കണ്ട് നിൽക്കുന്ന എൻ്റെ മനം കുളിർക്കും

ആകാശത്ത് നിന്ന് ആരെങ്കിലും ഞങ്ങളുടെ നാടിനെ അപ്പോൾ നോക്കി കണ്ടിരുന്നു എങ്കിൽ അവരുടെ കണ്ണിലും മനസ്സിലും പൂത്തിരി കത്തും വിധം എൻ്റെ നാട് ജ്വലിച്ചു നിൽക്കുന്നത് കാണാൻ പറ്റുമായിരുന്നേനെ

തറവാട്ട് വീട്ടിലായിരുന്നപ്പോഴാണ് വിഷു സദ്യ ഒരുക്കാൻ പുലർച്ചെ മൂന്നിനും നാലിനുമൊക്കെ ഉണർന്നിട്ടുള്ളത് .അടുക്കളവശത്തുള്ള കിണറിന് ചുറ്റുമുള്ള സിമൻ്റ് പടവിൽ ഞങ്ങൾ പെൺകുട്ടികൾ വട്ടത്തിൽ ഇരുന്ന് പച്ചക്കറി അരിയുന്നതൊക്കെ ഓർമ്മയിലുണ്ട് ..കണി കാണാൻ ഉണർന്നാൽ പിന്നെ ഉറങ്ങില്ലായിരുന്നു ..അടുക്കളപ്പണിയിൽ അമ്മയെ സഹായിക്കുക എന്നതായിരുന്നു പിന്നീടുള്ള സമയത്ത് ചെയ്തിരുന്നത്

അന്നും ഇന്നും അമ്മ വെക്കുന്ന അവിയലിനോടായിരുന്നു പ്രിയം.കൽചട്ടിയിൽ കിടന്ന് വേവുന്ന അവിയൽ സ്റ്റീൽ പാത്രത്തിൽ കോരിയിട്ട് അതിൽ പപ്പടം കൂട്ടിയിളക്കി കഴിച്ചത് ഓർക്കുമ്പോൾ ഇപ്പോഴും വായിൽ കൊതിയൂറും

ഇനി ഒരിക്കലും അങ്ങനെ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടവും

ഇനിയും വരും വിഷുക്കാലങ്ങൾ ..

കണികൊന്നകൾ ഇനിയും പൂക്കും

കണിവെള്ളരികൾ സ്വർണ്ണ നിറത്തിൽ വിളയും

പല വീടുകളിലും നിലവിളക്ക് തെളിഞ്ഞു കത്തും

അമ്മയും അച്ചനും ഇറങ്ങിപോയ എൻ്റെ നാട്ടിലെ വീട് ഇരുണ്ടിരിക്കും

ആ ഓർമ്മകളിൽ ഞാൻ എരിഞ്ഞ് തീരും

അതിൽ പൊൻകണിയായ് അമ്മയുടെയും അച്ഛൻ്റെയും മുഖം ഉദിച്ചു നിൽക്കും

ബിന്ദു കാന 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.