PRAVASI

നവകേരള സ്വപ്നം കയ്യൊഴിഞ്ഞു, ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല'; ബജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Blog Image

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളം എന്തോ സാമ്പത്തിക അപകടാവസ്ഥയിൽ എന്ന സന്ദേശമാണ് ആമുഖത്തിലും മുഖ്യമന്ത്രി പറഞ്ഞത്. ബജറ്റ് വിഹിതം പരിശോധിച്ചാൽ അതല്ല ചിത്രം. 2000 കോടിയുടെ അധിക വിഹിതം നൽകാൻ കഴിഞ്ഞു. സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രമാണെന്നും 6000 കോടി ട്രഷറിയിൽ ബാക്കി വച്ചാണ് എൽഡിഎഫ് സർക്കാർ ഇറങ്ങിയതെന്നും പിണറായി വിജയൻ പറഞ്ഞു.
സാമ്പത്തിക സ്ഥിതി മോശമ്മല്ലാതിരുന്നിട്ടും ബജറ്റിൽ പിൻവാങ്ങലാണ് കണ്ടത്. ജനക്ഷേമ കാര്യത്തിൽ നേരത്തെയുള്ള ബജറ്റ് വിഹിതം പല കാര്യങ്ങളിലും വെട്ടി കുറച്ചു. കാർഷിക മേഖലയിൽ ആശ്വാസ നടപടിയില്ല. കേന്ദ്രനയ നിലപാടുകൾ കാരണം സംസ്ഥാനത്തിന് ഉണ്ടാകുന്ന ധന നഷ്ടം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിൽ രാഷ്ട്രീയം ഉണ്ട്. മുൻകൂർ ജാമ്യം എടുക്കലായിരുന്നു ധവളപത്രം. നവകേരള സ്വപ്നം കയ്യൊഴിഞ്ഞു. ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല. എൽഡിഎഫ് ബജറ്റിലെ പലതും ആവർത്തിച്ചു. മുൻ പ്രഖ്യാപനങ്ങൾ പേര് മാറ്റി പുതിയതായി പ്രഖ്യാപിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു.

അതിദാരിദ്ര്യ നിർമാജനത്തെ കുറിച്ച് പരാമർശമില്ല. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങളിൽ മൗനം. പഴങ്ങളിൽ നിന്നുള്ള മദ്യ ഉത്പാദനത്തെ കുറിച്ച് പറയുന്നില്ല. വൻകിട കമ്പനികൾക്ക് മദ്യം നിർമ്മിക്കാനുള്ള അവസരം ഒരുക്കാനോ ശ്രമം എന്ന് സംശയം. വൻ കിട കോർപ്പറേറ്റ് താത്പര്യങ്ങൾ ആണ് കാണുന്നത്. സ്വകാര്യ മേഖലയ്ക്ക് അവസരം നൽകുന്നതാണ് ബജറ്റും. ധാതുക്കളുടെ ഖനനം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുകയാണ്. എൽഡിഎഫ് സർക്കാർ ആശയം അട്ടിമറിക്കുന്നു. കേരളത്തിന്റെ തീരത്തെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനാണോ മാരിടൈം പോളിസി എന്ന് ആശങ്കയുണ്ട്. ഭൂപരിഷ്കരണ നയം അട്ടിമറിക്കുന്നത് ഗൗരവതരമാണ്. ഭൂരിഷ്കരണ നിയമം പൊളിച്ചെഴുതുന്നതിലെ രാഷ്ട്രീയം വ്യക്തമാണെന്നും പിണറായി പറഞ്ഞു.
സ്വകാര്യ കുത്തകകൾക്ക് പച്ചക്കൊടി കാണിക്കുകയാണ്. പ്ലാനിങ് ബോർഡ് പുനഃസംഘടന കേന്ദ്ര നയമാണ്. ഒരു മറയുമില്ലാതെ കേന്ദ്ര നയം നടപ്പാക്കുന്നു. കിഫ്ബിയുടെ ചിറക് അരിയുന്നു. കിഫ്ബിയെന്ന ആശയത്തെ തന്നെ അവസാനിപ്പിക്കാൻ നീക്കം നടക്കുകയാണ്. ലൈഫ് മിഷൻ പദ്ധതിയെ തർക്കാനുള്ള നീക്കമാണ്. കൃത്യമായ രൂപരേഖ പോലുമില്ലായാണ് പ്രഖ്യാപനങ്ങൾ. ലൈഫ് പദ്ധതി ഉപേക്ഷിക്കുന്നു. മത്സ്യത്തൊഴിലാളിക്കുള്ള ഭവന പദ്ധതി നേരത്തെ തന്നെ ഉണ്ട്. അതൊരു പുതിയ പദ്ധതി അല്ല. ആരോഗ്യ ഇൻഷുറൻസിന് നീക്കി വച്ചത് 10 കോടി മാത്രമാണ്. തുടക്കം കാണുമ്പോൾ പ്രഹസനമാണ്. ജീവനക്കാർക്ക് വിസ്മയം ഉണ്ടാകുമെന്നായിരുന്നു പറഞ്ഞത്, എന്നാൽ ഒരു വിസ്മയവും കണ്ടില്ലെന്നും പിണറായി കൂട്ടിച്ചേർത്തു. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.