തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണന നൽകി യു.ഡി.എഫ് സർക്കാരിന്റെ വൻ പ്രഖ്യാപനങ്ങൾ. ആരോഗ്യമേഖലയുടെ സമഗ്ര വികസനത്തിനായി ആകെ 2074 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. സംസ്ഥാനത്ത് പുതിയതായി രണ്ട് മെഡിക്കൽ കോളേജുകൾ കൂടി സ്ഥാപിക്കുമെന്നതാണ് ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം. ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുമെന്നും കൂടാതെ തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കൽ കോളേജ് കൂടി നിർമ്മിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 100 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത പ്രധാന മെഡിക്കൽ കോളേജുകളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി അവയ്ക്ക് സ്വയംഭരണ പദവി നൽകും. 40 വയസ്സ് കഴിഞ്ഞ എല്ലാ പൗരന്മാർക്കും വർഷത്തിൽ ഒരിക്കൽ നിർബന്ധിത ആരോഗ്യ പരിശോധന ഉറപ്പാക്കും. വലിയ ജനവിഭാഗത്തിന് ആശ്വാസമായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ നിലവിലെ കുടിശ്ശിക തുകകൾ ഘട്ടം ഘട്ടമായി പൂർണ്ണമായും കൊടുത്തുതീർക്കും. കെ.എം.എസ്.സി.എൽ വഴിയുള്ള മരുന്ന് സംഭരണ രീതി കൂടുതൽ സുതാര്യവും വേഗതയേറിയതുമാക്കാൻ പരിഷ്കരിക്കും. വിപണിയിൽ ലഭ്യതക്കുറവുള്ള അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്നുകൾ സർക്കാർ ആശുപത്രികളിൽ ഉറപ്പാക്കും. സംസ്ഥാനവ്യാപകമായി പുതിയ ക്യാൻസർ പ്രതിരോധ പദ്ധതിക്ക് തുടക്കമിടും. ‘കോസ്റ്റൽ കെയർ യൂണിറ്റുകൾ’ സ്ഥാപിക്കും. ഉയർന്ന ചികിത്സാ ചെലവുകൾ കാരണം സാധാരണക്കാർ ബുദ്ധിമുട്ടുന്ന അവസ്ഥ ഒഴിവാക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

