ചില കൂടിക്കാഴ്ചകൾക്ക് വലിയ വേദികളോ ഔപചാരികതകളോ ആവശ്യമില്ല. ഒരു കൊച്ചുചായക്കടയും ആവി പറക്കുന്ന ഒരു ചായയും പഴയകാല ഓർമ്മകൾ പങ്കുവെക്കാൻ മനസ്സുള്ള കുറച്ച് മനുഷ്യരും മതി. അത്തരമൊരു സൗഹൃദനിമിഷത്തിനാണ് പഴശ്ശി പദ്ധതി പ്രദേശത്തെ ഒരു ചെറിയ ചായക്കട സാക്ഷ്യം വഹിച്ചത്. പ്രളയകാലത്തിന്റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ചും പഴയ അനുഭവങ്ങൾ അയവിറക്കിയും വൈദ്യുതിമന്ത്രി സണ്ണി ജോസഫും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫും നടത്തിയ ചായക്കടയിലെ സംഭാഷണം കൗതുകകരമായ കാഴ്ചയായി.
പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി എത്തിയതായിരുന്നു ഇരുവരും. ആദ്യം സ്ഥലത്തെത്തിയ മന്ത്രി മോൻസ് ജോസഫ് വെയിലിൽനിന്ന് അൽപ്പം ആശ്വാസം തേടി പദ്ധതി പ്രദേശത്തെ സുരേഷ് ബാബുവിന്റെ ചായക്കടയിലേക്ക് കയറി. കടയിലെ അപ്പപ്പാത്രത്തിൽ നിരന്നിരുന്ന ഇലയട കണ്ടതോടെ ഉച്ചയ്ക്ക് ഒരു മണിയുടെ വിശപ്പും മന്ത്രിയെ കീഴടക്കി. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റോജാസ് സെബാസ്റ്റ്യൻ എടുത്തുനൽകിയ ഇലയട കസേരയിലിരുന്ന് മന്ത്രി ആസ്വദിച്ചു കഴിച്ചു.
അപ്പോഴേക്കും വൈദ്യുതിമന്ത്രി സണ്ണി ജോസഫും ചായക്കടയിലെത്തി. 'എന്റെ നാട്ടിൽ വന്നിട്ട് ഇലയടയിൽ ഒതുങ്ങിയോ?' എന്ന സണ്ണി ജോസഫിന്റെ നർമം കലർന്ന ചോദ്യം ചായക്കടയിലെ അന്തരീക്ഷത്തെ കൂടുതൽ സജീവമാക്കി. പിന്നാലെ മധുരമില്ലാത്ത ഒരു ചായയ്ക്കും അദ്ദേഹം ഓർഡർ നൽകി.
ചായ കുടിക്കുന്നതിനിടെയാണ് 2012 ഓഗസ്റ്റ് ആറിന് പഴശ്ശി അണക്കെട്ടിലുണ്ടായ പ്രളയത്തിന്റെ ഭീതിജനകമായ ഓർമ്മകളിലേക്ക് സംഭാഷണം വഴിമാറിയത്. ഓഗസ്റ്റ് അഞ്ചിന് അർധരാത്രിയോടെ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതും അണക്കെട്ടിന് മുകളിലൂടെ വെള്ളം കുത്തിയൊഴുകിയതും സണ്ണി ജോസഫ് ഓർത്തെടുത്തു. നേരം പുലരുന്നതുവരെ മുട്ടോളം വെള്ളത്തിൽ അണക്കെട്ടിന് മുകളിൽനിന്ന് ഷട്ടറുകൾ തുറക്കാനുള്ള ശ്രമങ്ങളിൽ പങ്കാളിയാകേണ്ടിവന്ന അനുഭവവും അദ്ദേഹം പങ്കുവെച്ചു.
മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ മരത്തടികളും ഇലച്ചെന്തുകളും കാലിൽ വന്നുതട്ടിയ ആ ഭീതിജനകമായ നിമിഷങ്ങൾ ഇന്നും മറക്കാനാവില്ലെന്ന് അദ്ദേഹം ഓർത്തു. ടെലിവിഷനിലൂടെ ഈ ദൃശ്യങ്ങൾ കണ്ടതോടെ സ്ഥലത്തുനിന്ന് സുരക്ഷിതമായി മടങ്ങണമെന്ന് ആവശ്യപ്പെട്ട് ഭാര്യയും സഹോദരനും നിരന്തരം ഫോണിൽ വിളിച്ച കാര്യവും അദ്ദേഹം വിവരിച്ചു. അന്ന് ജനങ്ങൾ നേരിട്ട ദുരിതങ്ങളും നാശനഷ്ടങ്ങളും പ്രളയകാലത്തെ മറക്കാനാവാത്ത അനുഭവങ്ങളും മന്ത്രി മോൻസ് ജോസഫുമായി പങ്കുവെച്ചു.
വെള്ളം കവിഞ്ഞൊഴുകിയ ഒരു അണക്കെട്ടും പിന്നീട് പഴയ നിലയിൽ നിലനിന്നിട്ടില്ലെന്നും എന്നാൽ പഴശ്ശി പദ്ധതിയുടെ നിർമാണത്തിലെ മികവാണ് ഇത്രയും വലിയ പ്രളയത്തെയും അതിജീവിച്ച് പദ്ധതിയെ ഇന്നും നിലനിർത്തുന്നതെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.
മന്ത്രിമാരുടെ സംഭാഷണം കേൾക്കാൻ ഉദ്യോഗസ്ഥരും നാട്ടുകാരും പ്രാദേശിക നേതാക്കളുമെല്ലാം ചുറ്റും കൂടി. ചായക്കടയിലെ സൗഹൃദസംഭാഷണത്തിനുശേഷം ഇരുവരും പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താനായി പുറപ്പെട്ടു.
സന്ദർശനം പൂർത്തിയാക്കി മന്ത്രി സണ്ണി ജോസഫ് മടങ്ങിയെങ്കിലും മോൻസ് ജോസഫ് വീണ്ടും ചായക്കടയിലെത്തി. ചായയുടെ പണം നൽകിയശേഷം കടയുടമ സുരേഷ് ബാബുവിനും ഭാര്യയ്ക്കുമൊപ്പം ഫോട്ടോയും എടുത്താണ് അദ്ദേഹം മടങ്ങിയത്.വലിയ വികസനപദ്ധതികളുടെ തിരക്കുകൾക്കിടയിലും ഒരു കൊച്ചുചായക്കടയിൽ പഴയകാല ഓർമ്മകൾ പങ്കുവെക്കാൻ സമയം കണ്ടെത്തിയ മന്ത്രിമാരുടെ ഈ കൂടിക്കാഴ്ച, പ്രളയത്തിന്റെ നടുക്കുന്ന ഓർമ്മകൾക്കൊപ്പം സൗഹൃദത്തിന്റെയും നാട്ടിൻപുറത്തെ ലാളിത്യത്തിന്റെയും മനോഹരമായൊരു ചിത്രമായി മാറി.
.jpeg)

