ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിൽ യുവതിയെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ പ്രണയബന്ധത്തിലുണ്ടായ സംശയമാണെന്ന് പോലീസ്. മാലിനി, ബന്ധുവായ രഞ്ജിത് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാലിനിയുടെ സഹപാഠിയും സുഹൃത്തുമായ സഞ്ജയ് ഗാന്ധിയെ (സഞ്ജീവ്) പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് (നവംബർ 21) സംഭവം നടന്നത്.
തിരുവണ്ണാമലൈ ജില്ലയിലെ ഒരേ സ്കൂളിൽ പഠിച്ചവരാണ് മാലിനിയും സഞ്ജയ് ഗാന്ധിയും. കഴിഞ്ഞ വർഷം നടന്ന പൂർവ്വവിദ്യാർത്ഥി സംഗമത്തിലാണ് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നത്. തുടർന്ന് ഇവർ തമ്മിലുള്ള പരിചയം പ്രണയബന്ധത്തിലേക്ക് എത്തുകയായിരുന്നു. എന്നാൽ, അടുത്തിടെയായി മാലിനി തന്നിൽ നിന്ന് അകന്നുതുടങ്ങിയതായി പ്രതി പോലീസിനോട് പറഞ്ഞു.
ഇതിനിടെ ബന്ധുവായ രഞ്ജിത് കുമാറുമായി മാലിനി അടുപ്പത്തിലായെന്ന സംശയം ഇയാൾക്കുണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഒരു ഹൗസിങ് പ്ലോട്ട് സന്ദർശിക്കാനായി മാലിനിയും രഞ്ജിത് കുമാറും കാറിലെത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.
വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ സഞ്ജയ് ഗാന്ധി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

